Current Date

Search
Close this search box.
Search
Close this search box.

മദ്യനയം ; ന്യായവും അന്യായവും

ശക്തമായ ശാസ്ത്രീയാടിത്തറിയില്‍ ഊന്നി നിന്ന് നടപ്പാക്കേണ്ടത് തന്നെയാണ് സര്‍ക്കാറിന്റെ മദ്യനയം. അതിന് സമയവും സാവകാശവും വേണ്ടിവരുമെന്നത് ഒരു യാഥാര്‍ത്യമാണ്. മതവും ശാസ്ത്രവും ഒരുമിച്ച് നിന്ന് ബോധപൂര്‍വ്വം ബോധവല്‍കരണ പ്രക്രിയയില്‍ ഏര്‍പ്പെടേണ്ട ഒരു പരിതസ്ഥിതിയാണ് ഇപ്പോള്‍ കേരളത്തില്‍ സംജാതമായിട്ടുള്ളത്. കേരള സര്‍ക്കാര്‍ മുന്നോട്ട്‌വെച്ചിട്ടുള്ള ഘട്ടം ഘട്ടമായി മദ്യം നിരോധിക്കാനുള്ള മദ്യനയത്തിന് നേര്‍ക്ക് കേരളത്തിലെ രാഷ്ട്രീയ സാംസ്‌കാരിക ലോകം പ്രതികരിച്ച രീതി ആശയും ആശങ്കയും ഒരു പോലെ പങ്കുവെക്കുന്നുണ്ട്.

സര്‍ക്കാര്‍ മുന്നോട്ട് വെച്ചിട്ടുള്ള പുതിയ മദ്യനയത്തെ സംബന്ധിച്ച് ഈമാസം പതിനാറിന് സുപ്രിംകോടതിയുടെ നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ ഹൈകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പോകുകയാണ്. ഘട്ടംഘട്ടമായി മദ്യത്തിന്റെ ഉപഭോഗം കുറച്ചു കൊണ്ടുവരിക എന്ന നയത്തിന്റെ ഭാഗമായാണ് ബാറുകള്‍ പൂട്ടുന്നതെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകളുടെ എണ്ണവും കുറക്കുമെന്നത് സ്വാഗതാര്‍ഹമാണ്. വിവേചനമുക്തമായാണ് സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുന്നതെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. മദ്യവില്‍പ്പനയെന്നത് ആരുടെയും മൗലികാവകാശമല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

റവന്യു വരുമാനത്തിലും ടൂറിസം മേഖലയിലും ഉണ്ടാകുന്ന ലാഭ നഷ്ടങ്ങളെ പരിഗണിച്ചാണ് മദ്യനയം രൂപീകരിക്കേണ്ടത് എന്ന അഭിപ്രായക്കാര്‍ക്കും സാക്ഷര കേരളം ഇടംനല്‍കുന്നുണ്ട്. സര്‍ക്കാറിന്റെ ഇപ്പോഴത്തെ മദ്യനയം നടപ്പാക്കിയാല്‍ റവന്യുവിലൂടെയും ടൂറിസത്തിലൂടെയും ഖജനാവിലേക്ക് ഒഴുകുന്ന പണത്തില്‍ വന്‍ ഇടിവ് സംഭവിക്കുമെന്നും ഇത് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്നുമാണ് ഒരു വാദം. മുഖ്യമന്ത്രിക്കസേര നഷ്ടപ്പെടാതിരിക്കാനാണ് ഉമ്മന്‍ചാണ്ടി മദ്യനയവും തോളിലേറ്റി നടക്കുന്നതെന്നാണ് ജസ്റ്റിസ് രാമചന്ദ്രനെ പോലെയുളള വിവരമുള്ളവര്‍ പറയുന്നത്. ബാറുകള്‍ അടപ്പിച്ചാലും ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുറക്കണമെന്നാണ് നമ്മുടെ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജിന്റെ അഭിപ്രായം. കെ.പി.സി.സി പ്രസിഡന്റ് സുധീരന്റെ പക്വതയില്ലായ്മയായും മദ്യനയത്തെ വിലയിരുത്തുന്നവരുണ്ട്.

ഇതിനിടെ ശ്രീനാരായണധര്‍മ്മ പരിപാലന കമ്മറ്റിക്കാരുടെ പ്രസ്താവനയും പുറത്തുവന്നു. മദ്യം നിരോധിച്ചാല്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വിനോദസഞ്ചാരികള്‍ വരില്ലെന്നും അതുമൂലം സര്‍ക്കാറിന് സാമ്പത്തിക ബാധ്യതകള്‍ വരുമെന്നുമാണ് അവരുടെ വേവലാതി. കൂടാതെ ചെത്തുതൊഴിലാളികള്‍ എന്ന നമ്മുടെ സാമ്പത്തിക മേഖലയെ താങ്ങി നിര്‍ത്തുന്ന തൊഴില്‍ വിഭാഗത്തിന്റെ വംശനാശത്തിന് സര്‍ക്കാറിന്റെ തികച്ചും കീഴാള വിരുദ്ധമായ മദ്യനയം വഴിവെക്കുമെന്നും അക്കൂട്ടര്‍ക്ക് ആക്ഷേപമുണ്ട്.

നിംഹാന്‍സ് ദേശീയതലത്തില്‍ നടത്തിയ ഗവേഷണഫലങ്ങള്‍ ചൂണ്ടികാണിക്കുന്നത് മദ്യത്തിന്റെ ഉപയോഗം കുടംബത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും വമ്പിച്ച സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നാണ്. മദ്യത്തില്‍ നിന്നും സര്‍ക്കാറിനുണ്ടാകുന്ന ലാഭത്തേക്കാള്‍ കൂടുതലാണ് മദ്യമൂലം ഉണ്ടാകുന്ന ദുരിതങ്ങള്‍ പരിഹരിക്കുന്നതിനായി പൊതുജനങ്ങളും സര്‍ക്കാറും ചെലവിടുന്ന തുക. മദ്യത്തിന്റെ ഉത്പാദന മേഖലയിലെ വരവുചെലവുകളില്‍ മാത്രം കേന്ദ്രീകരിച്ച് നടത്തുന്ന ലാഭനഷ്ട കണക്കെടുപ്പ് അത് മൂലമുണ്ടാകുന്ന സാമൂഹ്യ ദുരന്തത്തിന്റെ ആഴവും പരപ്പും മൂടിവെക്കുകയാണ് ചെയ്യുന്നത്. അമ്പത് രൂപയുടെ മദ്യ കുപ്പി വാങ്ങുന്നവന്‍ അഞ്ഞൂറ് രൂപയുടെ മരുന്ന് വാങ്ങേണ്ടി വരുന്ന ഒരു സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്.

മദ്യവിതരണ സംവിധാനങ്ങള്‍ മൊത്തത്തില്‍ പൂട്ടിയാലും പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. മദ്യത്തിന്റെ ലഭ്യത കുറയുമ്പോള്‍ ജനം മറ്റു ലഹരികളില്‍ അഭയം തേടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മദ്യവുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പുനരധിവാസവും മദ്യപരുടെ ചികിത്സയും ലക്ഷ്യമിട്ട് കൊണ്ടുള്ള പദ്ധതികള്‍ കാര്യക്ഷമമായി നടക്കേണ്ടതുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. പക്ഷെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കേവലം അവകാശവാദങ്ങള്‍ക്കുപരിയായി കൂടുതല്‍ ഗൃഹപാഠങ്ങള്‍ ഒന്നും തന്നെ സര്‍ക്കാര്‍ ചെയ്തതായി അറിവില്ല. ഗ്രൂപ്പു കളിയില്‍ മേല്‍കോയ്മ നേടാനുള്ള കപടതന്ത്രമല്ല ഇതെന്ന് ജനങ്ങള്‍ വിശ്വസിക്കണമെങ്കില്‍ മദ്യനയത്തിന്റെ പ്രായോഗിക ഫലങ്ങള്‍ ജനങ്ങള്‍ക്ക് അനുഭവവേദ്യമാകേണ്ടതുണ്ട്.

Related Articles