Current Date

Search
Close this search box.
Search
Close this search box.

മദ്യനയം തീരുമാനിക്കേണ്ടത് അബ്കാരികളോ..?

ബാറുകള്‍ അടച്ചുപൂട്ടിയതിലൂടെ കൈവന്ന നേട്ടങ്ങള്‍ ശരാശരി സാധാരണക്കാരന് അനുഭവ വേദ്യമാകുന്നു എന്നതത്രെ വസ്തുത. ഒരു ക്ഷേമ രാഷ്ട്രം വിഭാവനയിലുള്ളവരും ജനസേവനമായിരിക്കണം രാഷ്ട്രീയ പ്രവര്‍ത്തനം എന്നു തിരിച്ചറിവുള്ളവരും ബാറുകള്‍ക്ക് ബാര്‍ വീണതില്‍ അസന്തുഷ്ടി രേഖപ്പെടുത്തിയിട്ടില്ല. ബാറുകള്‍ അടച്ചു പൂട്ടിയതിലൂടെ കൈവന്ന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു കൊണ്ടും, മദ്യ നയത്തില്‍ ജനപക്ഷത്ത് നിന്നുകൊണ്ട് സുധീരമായ നിലപാടെടുത്ത സുധീരന് അഭിവാദ്യങ്ങള്‍ നേര്‍ന്നു കൊണ്ടും എഴുതുകയാണ്(Santhosh Sarma) സന്തോഷ് ശര്‍മ.

418 ബാറുകള്‍ പൂട്ടി. ഇതുവരെ ആരും ആത്മഹത്യ ചെയ്തിട്ടില്ല. ഒരു വീട്ടിലും സമാധാനക്കേടും ഉണ്ടായിട്ടില്ല. സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും സന്തോഷം. ക്രിമിനല്‍  കുറ്റങ്ങളും കുറഞ്ഞു. ജനങ്ങളുടെ പണം വാറ്റുകാരുടെയും നേതാക്കളുടെയും കൈകളില്‍ എത്തിയില്ല. വീടുകളില്‍ സമാധാനം. പക്ഷെ, മന്ത്രിയുടെ സമാധാനം പോയി. നേതാക്കന്മാരുടെ ഉറക്കവും പോയി. 418 ബാറുകളുടെയും അവരുടെ സില്‍ബന്ധികളുടെയും കണ്ണുനീരല്ല  ലക്ഷക്കണക്കിന് അമ്മമാരുടേയും കുഞ്ഞുങ്ങളുടെയും സന്തോഷവും സമാധാനവുമാണ് നിങ്ങള്‍ കാണേണ്ടത്. ചാരായകടക്കാരുടെ കള്ളപ്പണമല്ല ജനകോടികളുടെ വോട്ടാണ് നിങ്ങളെ നിലനിര്‍ത്തുന്നത്. ലീഡര്‍ വി.എം സുധീരന് നന്ദി. ഞങ്ങള്‍ അങ്ങയോടൊപ്പം.
……………………………..

ഭൗതിക സൌകര്യങ്ങളും സാഹചര്യങ്ങളുമാണത്രെ അത്യന്താധുനികമായ ഒട്ടേറെ രോഗങ്ങള്‍ക്കും കാരണം. ഓര്‍മ്മകളില്‍ മണ്ണിട്ടു കളഞ്ഞ പല ശീലങ്ങളും തിരികെപിടിക്കാനുള്ള എളിയശ്രമങ്ങള്‍  ഒറ്റപ്പെട്ടാണെങ്കിലും നടക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. ടൂത്ത് പേസ്റ്റിലെ മാരക വിഷത്തെ പേടിച്ച് ഉമിക്കരി തേടിയിറങ്ങിയ ഒരു സാധാരണക്കാരന്റെ അനുഭവം പങ്കുവയ്ക്കുകയാണ് (Jaimon Anthikkad) ജയ്‌മോന്‍ അന്തിക്കാട്.

കോള്‍ഗേറ്റ് ക്യാന്‍സറിന് കാരണമാകുമെന്നറിഞ്ഞ് മലയാളി ഉമിക്കരിക്ക് ഉമി തിരഞ്ഞു മില്ലിലേക്കോടി. മില്ലില്‍ ഉമിക്കു നെല്ലില്ല. നെല്ലിനു പാടം തിരഞ്ഞോടി.  പാടവുമില്ല നെല്ലുമില്ല കറ്റയുമില്ല. ചേറില്ല ചെറുമിയില്ല ചേറ്റില്‍ ചാടുന്ന തവളയില്ല ഞെണ്ടില്ല. പാടവരമ്പിലാ പഴയ കൊക്കില്ല കിളികളൊന്നുമില്ല. എന്തിനു പാടം നിറഞ്ഞു നിന്നിരുന്ന തുമ്പയില്ല. പാടം കണ്ടിരുന്നിടത്തു കണ്ടു ഒരു കോള്‍ഗേറ്റു ഫാക്ടറി. പിന്നെ മൊബൈല്‍ ടവറും പണി നടക്കുന്ന പുതിയ ക്യാന്‍സര്‍ രോഗാശുപത്രിയും.  
…………………………………
പ്രവാസികളുടെ പ്രിയതമമാര്‍ കുത്തിക്കുറിച്ചിരുന്ന കരളുലയ്ക്കുന്ന വര്‍ത്തമാനങ്ങളുടെ കത്തിടപാടുകളുടെ കാലം കഴിഞ്ഞുപോയി. വിരഹവും വേര്‍പാടും ആധുനിക യാത്രാ സൗകര്യങ്ങളാലും വിവരസാങ്കേതിക വിദ്യകളാലും മറമാടപ്പെട്ടു. പുതു തലമുറ പ്രവാസിയായി വന്നുപെട്ടാല്‍ തന്നെ ഉദ്യോഗത്തിന്റെ നിബന്ധനകളില്‍ അക്കമിട്ടെണ്ണുന്നതിലെ ആദ്യ വാചകം പോലും ഫാമിലി സ്റ്റാറ്റസ് ആയിരിക്കുന്നു. പഴയ തലമുറയിലെ ഒറ്റപ്പെട്ട സംഭവം പോലെയായിരിക്കുന്നു ഇപ്പോഴത്തെ പ്രവാസ കഥകള്‍. ഒരു പ്രവാസിയുടെ ശിഷ്ടകാലങ്ങളിലെ ജീവിതച്ചീന്തുകളിലെ നഗ്‌ന സത്യങ്ങളെ വളച്ച് കെട്ടില്ലാതെ (Faisal Abdul Kereem) ഫൈസല്‍ അബ്ദുല്‍ കരീം  പറഞ്ഞുവെച്ചതിലെ കൗതുകം വായനക്കാര്‍ക്കുവേണ്ടി പങ്കുവയ്ക്കുന്നു.

പ്രവാസ ജീവിതം അവസാനിപ്പിക്കാനുള്ള സമയമായെന്ന് അയാള്‍ക്ക് ഇപ്പോള്‍ തോന്നി തുടങ്ങിയിരിക്കുന്നു. ബാധ്യതകള്‍  കഴിഞ്ഞു. ഇവിടെ നിന്ന് സമ്പാദ്യമായി കിട്ടിയ കുറച്ചു രോഗങ്ങളുമായി ഇനി നാട്ടില്‍ സ്വസ്ഥമായ ജീവിതത്തിലേക്ക് പോകാന്‍ അയാള്‍  ഉറപ്പിച്ചു…. നാട്ടില്‍ അയാള്‍ക്കുമുണ്ടായിരുന്നു സ്വന്തമെന്നു പറയാന്‍ ഒരു കൂട്ട്. ചായ, കഞ്ഞി, ദോശ, തോര്‍ത്ത് മുണ്ട്, ഷര്‍ട്ട്, എന്നെല്ലാം അയാളലറുമ്പോള്‍ അകത്തേക്കും പുറത്തേക്കും ഓടിക്കൊണ്ടിരുന്നവള്‍. പിന്നെയും ഇരുപതു വേനലുകള്‍. അവളങ്ങനെ ഓടിത്തീര്‍ത്തു. എന്നും കാണുന്നവളായതിനാല്‍ അവളുടെ കാലിടറുന്നതും തൊലി ചുളുങ്ങുന്നതും കണ്ണു മങ്ങുന്നതും അയാളറിഞ്ഞതേയില്ല. വീട്ടിലെ കണ്ണാടി വായിച്ച അയാളുടെ മനസ്സ് സ്വന്തം ശരീരത്തെക്കുറിച്ചും അയാളോട് എന്നും കള്ളം പറഞ്ഞുകൊണ്ടിരുന്നു.

ഇരുപത്തിയൊന്നാമത്തെ വേനലില്‍ അവള്‍ ഓട്ടം നിര്‍ത്തി പാചകം നിര്‍ത്തി മിണ്ടാതെയങ്ങനെ കിടന്നുറങ്ങി. ഇപ്പോള്‍ അയാള്‍  ആ പൂമുഖത്തില്‍ തളര്‍ന്നിരിക്കുകയാണ്. തന്റെ ആജ്ഞകളെ ശിരസ്സാ വഹിക്കാന്‍ ആളില്ലാതെ.. ആര്‍ക്കൊക്കെയോ ബാധ്യതയായി …………………?

Related Articles