Current Date

Search
Close this search box.
Search
Close this search box.

മദ്യം വിതക്കുന്ന വിപത്തുകള്‍

കാര്‍ഷിക മേഖലക്കും സാമൂഹ്യ ക്ഷേമത്തിനും ഊന്നല്‍ നല്‍കുന്നുവെന്ന ധ്വനിയോടെ കേരള ധനകാര്യമന്ത്രി കെ.എം മാണി ഇന്ന് നിയമസഭയിലവതരിപ്പിച്ച സംസ്ഥാന ബജറ്റ് ഒരുപാട് പ്രഖ്യാപനങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ്. ലോകസഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള ബജറ്റാകുമ്പോള്‍ പ്രഖ്യാപനങ്ങള്‍ സ്വാഭാവികം. സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന മദ്യ ഉപഭോഗം കുറക്കുന്നതിനായി മദ്യത്തിന് നികുതി ഉയര്‍ത്തുമെന്ന് മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നു. 400 രൂപക്ക് മുകളില്‍ വാങ്ങല്‍ ശേഷിയുള്ള മുന്തിയ ഇനം മദ്യത്തിന് 10 ശതമാനം നികുതി വര്‍ധിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മദ്യത്തിന്റെ ഉപയോഗം അനുദിനം വര്‍ധിച്ചു വരുന്ന നമ്മുടെ നാട്ടില്‍ തീര്‍ച്ചയായും അതിന് കുറവ് വരുത്തേണ്ടതുണ്ട്. പ്രത്യേകിച്ച് അതുമൂലമുള്ള അപകടങ്ങള്‍ ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍. കൊല്ലം ജില്ലയിലെ തലവൂര്‍ മഞ്ഞക്കാലയില്‍ വീട്ടില്‍ സുക്ഷിച്ചു വെച്ച മദ്യം കഴിച്ച് എട്ടുവയസുകാരന്‍ മരിച്ച സംഭവം നടന്നത് കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ്. മലയാളി മനസാക്ഷിയെ തെല്ലൊന്നുമല്ല ഈ സംഭവം ഞെട്ടിച്ചത്. അച്ഛന്‍ ഉപയോഗിച്ച് ബാക്കി വെച്ച മദ്യം വീട്ടിലാരുമില്ലാത്ത സമയത്ത് കുട്ടി എടുത്ത് കുടിക്കുകയും ഛര്‍ദ്ദിച്ച് അവശനായി മരിക്കുകയുമായിരുന്നു. എല്ലാ വിപത്തുകളുടെയും നാരായ വേരെന്ന് പ്രവാചകന്‍ വിശേഷിപ്പിച്ച മദ്യം ദൈവത്തിന്റെ സ്വന്തം നാടിനെ കുടിയന്‍മാരുടെ സ്വന്തം നാടായി തീര്‍ക്കുന്ന കാഴ്ച്ചയാണ് കുറച്ചു നാളുകളായി നാം കണ്ടു കൊണ്ടിരിക്കുന്നത്. അതുമൂലം സമൂഹത്തിലുണ്ടാകുന്ന വിപത്തുകള്‍ ചെറുതല്ലതാനും. അതില്‍ നാമറിഞ്ഞതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ് തലവൂരിലെ എട്ടുവയസ്സുകാരന്‍ ലിജിന്‍. രാജ്യത്ത് അപകടങ്ങള്‍ പെരുകാനും കുടുംബ ബന്ധങ്ങള്‍ അതിവേഗം ശിഥിലമാകാനും ആത്മഹത്യയുടെ എണ്ണം വര്‍ധിക്കാനും പ്രധാന കാരണം മദ്യമാണെന്ന് പറഞ്ഞാന്‍ നിഷേധിക്കാന്‍ നമുക്ക് സാധ്യമല്ല. മദ്യ ഉപഭോഗത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തുള്ള കേരളം തന്നെയാണ് ആത്മഹത്യയിലും ഒന്നാമതുള്ളതെന്ന് നാം ഓര്‍ക്കണം. ഏറ്റവും ഒടുവിലത്തെ കണക്കു പ്രകാരം 2012 ല്‍ കേരളത്തില്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണം 8490 ആണ്. ഇതില്‍ 85 ശതമാനം പേരുടെയും ആത്മഹത്യക്ക് പിന്നില്‍ മദ്യമായിരുന്നു കാരണമെന്നത് മദ്യമെന്ന മഹാമാരി നമ്മുടെ നാട്ടിലും സമൂഹത്തിലും വരുത്തി വെക്കുന്ന വിപത്ത് എത്രമാത്രം വലുതാണെന്ന വ്യക്തമായ സൂചന നമുക്ക് നല്‍കുന്നുണ്ട്.

മലയാളി മക്കള്‍ ഒരുവര്‍ഷം കുടിച്ച് മൂത്രമൊഴിച്ച് കളയുന്ന മദ്യത്തിന്റെ അളവ് അറിഞ്ഞാല്‍ നാം മൂക്കത്ത് വിരല്‍ വെച്ചു പോകും. സമൂഹത്തിന്റെ പുരോഗതിക്കും തലമുറകളുടെ ബൗദ്ധിക വളര്‍ച്ചക്കും ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുന്ന പുസ്തകങ്ങള്‍ വാങ്ങിക്കുവാന്‍ വര്‍ഷം 30 കോടിയില്‍ താഴെ മാത്രം ചെലവാക്കുന്ന മലയാളികള്‍ ഒരു വര്‍ഷം കുടിച്ചു തീര്‍ക്കുന്ന മദ്യത്തിന്റെ ചെലവ് 8000 കോടിയില്‍ അധികമാണ്. ഇത് സര്‍ക്കാറിന്റെ കീഴിലുള്ള ബീവറേജ് കോര്‍പ്പറേഷന്‍ വഴി മാത്രം വിറ്റു പോകുന്ന മദ്യത്തിന്റെ കണക്കാണ്. എന്നാല്‍ ബീവറേജ് കോര്‍പ്പറേഷനിലേതിനേക്കാള്‍ വിലകുറഞ്ഞതും എന്നാല്‍ വീര്യം കൂടിയതുമായ കള്ള് ലഭിക്കുന്ന നാടന്‍ കള്ളുഷാപ്പുകളിലൂടെ വില്‍ക്കപ്പെടുന്ന അളവ് കൂടി പരിശോധിച്ചാല്‍ ഇത് ഇനിയും എത്രയോ അധികമായിരിക്കും. ആഘോഷങ്ങള്‍ക്കും സല്‍ക്കാരങ്ങള്‍ക്കും മാത്രമല്ല ഹര്‍ത്താലുകള്‍ക്കു പോലും മദ്യസേവ നടത്തുക, കുടിച്ചു തിമര്‍ക്കുക എന്നത് ഇന്നൊരു ഫാഷനായി തീര്‍ന്നിരിക്കുന്നു. സമൂഹം ഈ അര്‍ഥത്തില്‍ മദ്യത്തില്‍ മതിമറന്ന് ഉല്ലസിക്കുകയും നിര്‍ലജ്ജം മുന്നോട്ട് പോകുകയും ചെയ്യുമ്പോള്‍ അതിന് തടയിടേണ്ടവര്‍ തന്നെ ഇതിന് വളം വെച്ചു കൊടുക്കുന്ന കാഴ്ച്ചയും നമുക്ക് കാണേണ്ടി വരുന്നുണ്ട്. മദ്യം കുടിച്ച് എട്ടുവയസ്സുകാരന്‍ മരണപ്പെട്ട കൊല്ലത്ത് തന്നെ ഈയടുത്ത് മസ്ജിദിന് സമീപം പുതുതായി തുടങ്ങിയ ഹോട്ടലിന് നാട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ബാര്‍ ലൈസന്‍സ് കൊടുക്കാന്‍ തീരുമാനിച്ചത് മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അംഗമായ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗമാണ്. മദ്യം വിഷമാണ്, ചെത്തരുത് കുടിക്കരുത് വില്‍ക്കരുത് എന്ന് ഉദ്‌ബോധിപ്പിച്ച് തുടക്കം കുറിച്ച നവോഥാന സംഘടനയുടെ അമരത്തിരിക്കുന്നവര്‍ തന്നെ മദ്യ ബിസിനസ്സ് നടത്തുന്ന അത്യപൂര്‍വ വൈരുധ്യത്തിനും നാം സാക്ഷികളാകുന്നു. നമ്മുടെ രാജ്യത്തെ സര്‍ക്കാറുകളുടെ പ്രധാന വരുമാന സ്രോതസ്സും അഴിമതിക്കാരുടെ ഇഷ്ട വകുപ്പും അബ്കാരിയാണെന്നിരിക്കെ ഭരണകൂടങ്ങളും നാട്ടില്‍ മദ്യം സുലഭമാക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ബിസിനസാവശ്യാര്‍ഥം ഗുജറാത്തില്‍ നിന്നും വന്ന പ്രമുഖര്‍ക്ക് മദ്യസേവ നടത്തിയതിന് നമ്മുടെ മുന്‍ ആഭ്യന്തരമന്ത്രി വിവാദത്തില്‍പെട്ടത് ഈയടുത്താണല്ലോ. മദ്യം നാട്ടില്‍ നിന്നും ഘട്ടം ഘട്ടമായി തുടച്ചു നീക്കുമെന്ന് നമ്മുടെ ഭരണഘടനാ രൂപീകരണ സമയത്ത് തന്നെ പ്രഖ്യാപിച്ചതാണെങ്കിലും മാറിമാറി വരുന്ന സര്‍ക്കാറുകള്‍ ഒരിക്കലും അതില്‍ താല്‍പര്യം കാണിക്കാറില്ലെന്നതാണ് നേര്. ഭരഘടനാ പരാമര്‍ശത്തിന്റെ പേരില്‍ രാജ്യത്ത് ഏകസിവില്‍കോഡ് നടപ്പിലാക്കണമെന്ന് ഒച്ചവെക്കുന്നവര്‍ മദ്യത്തിന്റെ കാര്യത്തില്‍ മാത്രം മിണ്ടാതിരിക്കുന്നത് അവരുടെ കാപട്യവും വെളിപ്പെടുത്തുന്നുണ്ട്.

മദ്യം കൊണ്ട് ഭരണകൂടത്തിനുണ്ടാകുന്ന സാമ്പത്തിക നേട്ടം അതുകൊണ്ട് സമൂഹത്തിനുണ്ടാകുന്ന ധാര്‍മിക നഷ്ടത്തേക്കാള്‍ നിസാരമാണെന്ന് രാഷ്ട്രപിതാവ് ഗാന്ധി പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുന്തിയ ഇനം മദ്യത്തിന് നികുതി വര്‍ധിപ്പിച്ചത് കൊണ്ട് മാത്രം മദ്യത്തിന്റെ ഉപയോഗം കുറയുമെന്ന് കരുതുന്നത് വളരെ ബാലിശമാണ്. പ്രത്യേകിച്ചും, മദ്യം കുടിക്കുന്നതും അതുമൂലം അപകടങ്ങള്‍ വരുത്തി വെക്കുന്നതും രോഗങ്ങള്‍ക്ക് അടിപ്പെടുന്നതും പകുതിയിലധികവും താഴേക്കിടയിലുള്ളവരോ സാധാരണക്കാരോ ആകുമ്പോള്‍. നികുതി വര്‍ധിപ്പിക്കുക മാത്രം ചെയ്യുന്നതിന് പകരം മദ്യം പൂര്‍ണമായും ഇല്ലായ്മ ചെയ്യാനുള്ള ആത്മാര്‍ഥമായ നടപടികള്‍ സര്‍ക്കാറുകള്‍ സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. അതിനു വേണ്ടി പരിശ്രമിക്കുകയും പണിയെടുക്കുകയും ചെയ്യുന്ന നിരവധി സന്നദ്ധ സംഘങ്ങള്‍ നമ്മുടെ നാട്ടിലുള്ളപ്പോള്‍ അവര്‍ക്ക് പ്രോത്സാഹനം നല്‍കുകയും അവരുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച് അവരോടൊപ്പം ചേര്‍ന്ന് നമ്മുടെ നാടിനെ ഈ മഹാമാരിയില്‍ നിന്നും സംരക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ധാര്‍മിക ബോധവും ആരോഗ്യവുമുള്ള തലമുറ വളര്‍ന്നു വരണമെന്ന് ആഗ്രഹിക്കുന്ന ഭൂരിപക്ഷം ജനങ്ങളും ഇത്തരം നടപടികള്‍ക്ക് കൂട്ടായി സര്‍ക്കാറിനൊപ്പം എന്നും ഉണ്ടാകും.

Related Articles