Current Date

Search
Close this search box.
Search
Close this search box.

മതം മാറുക അല്ലെങ്കില്‍ മരിക്കുക: മധ്യാഫ്രിക്കയിലെ മുസ്‌ലിം വംശഹത്യ

തോക്കിന് പിന്നില്‍ നില്‍ക്കുമ്പോള്‍ മാത്രമാണ് മുസ്‌ലിംകള്‍ക്ക് വാര്‍ത്താമൂല്യം ലഭിക്കുന്നത്, തോക്കിന് മുന്നിലാണെങ്കില്‍ ആരും അവരെ തിരിഞ്ഞു നോക്കില്ല. ആഭ്യന്തര പ്രതിസന്ധി, അന്താരാഷ്ട്ര മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ആധുനിക മാധ്യമ പ്രവര്‍ത്തനം ഈ വസ്തുതയെ തുടര്‍ച്ചയായി ആവര്‍ത്തിച്ചുറപ്പിച്ചു കൊണ്ടിരിക്കുകയാണ്.

2013 മാര്‍ച്ച് മുതല്‍ ആരംഭിച്ച ആഭ്യന്തര സംഘട്ടനങ്ങളാല്‍ തകര്‍ക്കപ്പെട്ടു കൊണ്ടിരിക്കുന്ന മധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കില്‍, വളരെ വ്യവസ്ഥാപിതമായി മുസ്‌ലിംകളെ ലക്ഷ്യവെച്ച് നടത്തിരുന്ന ആക്രമണങ്ങള്‍ ഒരു വലിയ വംശീയ ഉന്മൂലനത്തിലേക്ക് വളര്‍ന്നു കഴിഞ്ഞു. എന്നാല്‍ ആഫ്രിക്കന്‍ നാഷണ് പുറത്തുള്ളവരും, മനുഷ്യാവകാശ സമൂഹത്തിന് അപ്പുറമുള്ളവരും ഈ മാനുഷിക പ്രതിസന്ധിയെ കുറിച്ച് തീരെ ബോധവാന്മാരല്ല. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളിലായി, മുസ്‌ലിംകളെ അതിക്രൂരമായി പീഢിപ്പിച്ചും, അപമാനിച്ചും സായുധ ഭീകര സംഘങ്ങള്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് റോന്ത് ചുറ്റിയിരുന്നു.

ക്രിസ്ത്യാനികളും, അനിമിസ്റ്റുകളുമടങ്ങുന്ന ആന്റി-ബലാക്ക എന്ന തീവ്രവാദ സംഘം മുസ്‌ലിംകളെ ആരാധനാനുഷ്ഠാനങ്ങള്‍ സ്വകാര്യമായി നിര്‍വഹിക്കാനും, മതചിഹ്നങ്ങള്‍ ഉപേക്ഷിക്കാനും നിര്‍ബന്ധം ചെലുത്തുകയാണ്. കൂടാതെ തോക്ക് ചൂണ്ടിയുള്ള നിര്‍ബന്ധ മതപരിവര്‍ത്തനവും നടക്കുന്നുണ്ട്.

മതമൗലികവാദം എന്ന സംജ്ഞ മുസ്‌ലിംകള്‍ക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കെ, മധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കിലെ ക്രിസ്ത്യന്‍-അനിമിസ്റ്റ് സായുധ ഭീകരസംഘങ്ങള്‍ ഒരു വശത്ത് അമിതമതാസക്തി കാണിക്കുകയും, രാജ്യത്തെ 750000 വരുന്ന മുസ്‌ലിംകളെ ഭയചകിതരായി നിര്‍ത്താനുള്ള ആയുധങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. ആന്റി-ബലാക്കയുടെ ലക്ഷ്യം വളരെ ഭയാനകവും അതുപോലെ വളരെ വ്യക്തവുമാണ്: എന്തു വില കൊടുത്തും രാജ്യത്തെ മുസ്‌ലിംകളെ ഉന്മൂലനം ചെയ്യുക.

വാര്‍ത്താ തലകെട്ടുകളിലും, ആളുകളുടെ നാവിന്‍ത്തുമ്പിലും ഇസ്‌ലാമിക് സ്റ്റേറ്റ് തന്നെയാണ് നിറഞ്ഞ് നില്‍ക്കുന്നത്. അതേസമയം, 6000 പേരുടെ ജീവനെടുത്ത, 30000 മുസ്‌ലിംകളെ യു.എന്‍ സംരക്ഷിത മേഖലകളിലെ ദുരിതജീവിതത്തിലേക്ക് എടുത്തെറിഞ്ഞ, നിരവധി മസ്ജിദുകള്‍ തകര്‍ക്കപ്പെട്ട മധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കിലെ മുസ്‌ലിം വിരുദ്ധ ഭീകരവാദത്തെ കുറിച്ച് ആര്‍ക്കും ഒന്നുമറിയില്ല.

മധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കിലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് കാരണക്കാര്‍ മുസ്‌ലിംകളെങ്ങാനുമായിരുന്നെങ്കില്‍ കാര്യങ്ങള്‍ ഒരിക്കലും ഇന്ന് കാണുന്നത് പോലെയാവുമായിരുന്നില്ല. ഇവിടെ മുസ്‌ലിംകളാണ് ഇരകള്‍. കറുത്ത വര്‍ഗക്കാരായ ഇരകളുടെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ വളരെ കാലമായി അവഗണിച്ചു തള്ളിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഇരകളുടെ പ്രശ്‌നങ്ങള്‍.

1990-കളില്‍ റുവാണ്ട, ബുറുണ്ടി എന്നിവിടങ്ങളില്‍ അരങ്ങേറിയ കൂട്ടക്കൊലകളില്‍ ഈ പ്രവണത വളരെ വ്യക്തമായി തെളിഞ്ഞ് കാണാം. ആ വംശഹത്യകളെ കുറിച്ചറിയാന്‍ ആളുകള്‍ വളരെ വൈകി. ഒരു ദശാബ്ദത്തിന് ശേഷം, ‘ഹോട്ടല്‍ റുവാണ്ട’ എന്ന ജനകീയ സിനിമ ഇറങ്ങിയതോടെയാണ് അന്താരാഷ്ട്രാസമൂഹത്തിന്റെ സഹതാപ തരംഗം ഇളകിതുടങ്ങിയത്.

മുസ്‌ലിം വില്ലന്‍മാരുടെ മേല്‍ക്ക് വളരെ പെട്ടെന്ന് ചാടിവീഴുന്ന മീഡിയ, പക്ഷെ ഇരകള്‍ മുസ്‌ലിംകളാവുമ്പോള്‍ എല്ലായ്‌പ്പോഴും വളരെ പതുക്കെ മാത്രമേ പ്രതികരിക്കുകയുള്ളു. പ്രതികരണം ഇല്ലായെന്ന് തന്നെ വേണമെങ്കില്‍ പറയാം. ആഗോള മാധ്യമതലകെട്ടുകളിലെ ഐസിസിന്റെ സജീവസാന്നിധ്യം ഈ വസ്തുതയെ വളരെ കൃത്യമായി വരച്ചിടുന്നുണ്ട്. ഐസിസിന്റെ ഇരകളില്‍ വലിയൊരു പങ്കും മുസ്‌ലിംകളാണെന്ന യാഥാര്‍ത്ഥ്യം തുറന്ന് കാണിക്കുന്നതിലും മാധ്യമങ്ങള്‍ പരാജയം തന്നെയാണ്.

ദൗര്‍ഭാഗ്യവശാല്‍, മുസ്‌ലിംകളും കറുത്ത വര്‍ഗക്കാരുമാണ് മധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കിലെ ഇരകള്‍. കറുത്ത മുസ്‌ലിംകള്‍ക്ക് ഒരിക്കലും ഇരകളാവാന്‍ കഴിയില്ലെന്നും, മറിച്ച് അവര്‍ വേട്ടക്കാര്‍ മാത്രമാണ് എന്ന വിശ്വാസമാണ് കറുത്തവര്‍ഗ വിരുദ്ധതക്കും, ഇസ്‌ലാമോഫോബിയക്കും ഇടയില്‍ കുരുങ്ങിപോയ മധ്യാഫ്രിക്കയിലെ മുസ്‌ലിംകളുടെ ദുരിതങ്ങള്‍ ആരും കാണാതെയും കേള്‍ക്കാതെയും പോകുന്നതിന്റെ പ്രധാനകാരണം.

ഒരു സംഭവം കേവലം ഉയര്‍ത്തികാണിക്കുന്നതും പങ്കുവെക്കുന്നതും മാത്രമല്ല മീഡിയാ കവറേജ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. മധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ നടക്കുന്ന സംഭവങ്ങള്‍ പോലെയുള്ള അന്താരാഷ്ട്ര പ്രശ്‌നങ്ങളെ സംബന്ധിച്ചിടത്തോളം, രാഷ്ട്രീയ ഇടപെടലിനും, സാമ്പത്തിക സഹായ ശേഖരണത്തിനും, നടപടികള്‍ കൈക്കൊള്ളാന്‍ ഗവണ്‍മെന്റുകളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനും വഴിവെക്കുന്ന രീതിയിലൂള്ള ആഗോള ബോധവല്‍ക്കരണം നടത്തുക എന്നതാണ് കവറേജ് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇവിടെയാണ് സാമൂഹിക മാധ്യമങ്ങളുടെ വിജയം. ഒടുവില്‍ പറഞ്ഞ കാര്യങ്ങള്‍ തലകെട്ടുകളാക്കിയത് കൊണ്ടാണ് സാമൂഹിക മാധ്യമങ്ങള്‍ ഇത്രകണ്ട് വ്യാപകത്വം നേടിയത്.

മാധ്യമങ്ങള്‍ ചിലപ്പോള്‍ കേവലം കാഴ്ച്ചക്കാരുടെ വേഷം എടുത്തണിഞ്ഞേക്കാം, പക്ഷെ പ്രായോഗ തലത്തില്‍ അവര്‍ തന്നെയാണ് പ്രശ്‌നങ്ങളുടെ ചുരുള്‍ നിവര്‍ത്തുന്നതിലെ മുഖ്യഘടകം. ശക്തവും സജീവവുമായ മാധ്യമ ഇടപെടലിന് കുറ്റവാളികളുടെ പ്രവര്‍ത്തനങ്ങള്‍ തടയാനും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ലഭ്യമാക്കാനും സാധിക്കും. അതേ സമയം മാധ്യമങ്ങള്‍ കുറ്റകൃത്യങ്ങളെ അവഗണിക്കുകയാണെങ്കില്‍ അത് ഭീകരവാദികള്‍ക്ക് അവരുടെ ലക്ഷ്യങ്ങള്‍ എളുപ്പം നിറവേറ്റാന്‍ സഹായകരമായി തീരും. ഇപ്പറഞ്ഞതിനെ മധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കിലെ സ്ഥിതിഗതികള്‍ വിശദമായി തന്നെ വരച്ചിടുന്നുണ്ട്.

മീഡിയാ കവറേജിന്റെ അഭാവത്തില്‍ നിന്നും ആന്റി-ബലാക്ക സംഘം ഒരുപാട് നേട്ടങ്ങള്‍ കൊയ്‌തെടുത്തു. അവരുടെ അംഗസംഖ്യ വളര്‍ന്നു, അതുപോലെ അവരുടെ ആക്രമണത്തിന്റെ കാഠിന്യവും, തീവ്രതയും മുമ്പെത്തേക്കാള്‍ പതിന്മടങ്ങ് വര്‍ദ്ധിച്ചു.

ബലപ്രയോഗത്തിലൂടെ മുസ്‌ലിംകളെ മതപരിവര്‍ത്തനത്തിന് വിധേയരാക്കുകയും, മസ്ജിദുകള്‍ തകര്‍ക്കുകയും ചെയ്യുന്നതോടൊപ്പം, ജീവന്‍ രക്ഷിക്കാന്‍ ആന്റി-ബലാക്ക ഭീകരവാദികള്‍ക്ക് മുസ്‌ലിംകള്‍ വലിയ അളവില്‍ പണം നല്‍കേണ്ടി വരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു കഴിഞ്ഞു.

ഇക്കഴിഞ്ഞ നോമ്പ് കാലത്ത് ആന്റി-ബലാക്ക ഭീകരവാദികള്‍ കൊലപാതകങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും, നിര്‍ബന്ധ മതപരിവര്‍ത്തനം ശക്തമാക്കുകയും ചെയ്തിരുന്നു. പരിശുദ്ധ മാസത്തില്‍ വളരെയേറെ ബുദ്ധിമുട്ടുകളും ദുരിതങ്ങളും സഹിച്ചാണ് മുസ്‌ലിംകള്‍ നോമ്പ് നോറ്റത്. പരസ്യമായി ആരാധനാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാന്‍ മുസ്‌ലിംകള്‍ക്ക് യാതൊരു നിര്‍വാഹവുമുണ്ടായിരുന്നില്ല.

കാമറകളും റിപ്പോര്‍ട്ടര്‍മാരും റുവാണ്ടയില്‍ എത്തിച്ചേര്‍ന്നപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. അവര്‍ എത്തുമ്പോള്‍, വംശഹത്യ അതിന്റെ എല്ലാ ലക്ഷ്യങ്ങളും പൂര്‍ത്തീകരിച്ചു കഴിഞ്ഞിരുന്നു. കൂടുതല്‍ കാര്യക്ഷമമായ മാനുഷിക ഇടപെടലിന് ആവശ്യമായ സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ കൃത്യസമയത്തുള്ള മാധ്യമ ജാഗ്രതക്ക് കഴിയുമെന്ന് പണ്ഡിതന്‍മാരും, മനുഷ്യാവകാശ പ്രവര്‍ത്തകരും, രാഷ്ട്രതന്ത്രജ്ഞരും അന്ന് വാദിച്ചിരുന്നു. പതിനായിരക്കണക്കിന് വരുന്ന മനുഷ്യരെ, തുത്സിലെ ഭാവി തലമുറകളെ അതിലൂടെ രക്ഷപ്പെടുത്താന്‍ സാധിച്ചേക്കും.

റുവാണ്ടയില്‍ നിന്നുള്ള പാഠങ്ങള്‍ ആരും കണക്കിലെടുത്തില്ലെന്നാണ് മധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കിന്റെ ഇന്നത്തെ അവസ്ഥയില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്. അപകടത്തിലകപ്പെട്ട, ക്ഷയിച്ചു കൊണ്ടിരിക്കുന്ന രാജ്യത്തെ മുസ്‌ലിംകളെ വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയാത്ത ക്രൂരതകള്‍ക്ക് മുന്നിലേക്ക് വലിച്ചെറിഞ്ഞ്, മുസ്‌ലിംകളെ കൊന്നൊടുക്കി ആനന്ദനൃത്തം ചവിട്ടാന്‍ മുസ്‌ലിം വിരുദ്ധ ഭീകരസംഘങ്ങള്‍ക്ക് അനുവാദവും ആയുധവും നല്‍കുന്നത് ഇന്നും തുടര്‍ന്ന് കൊണ്ടിരിക്കുന്നു.

മുസ്‌ലിംകള്‍ വെടിയുണ്ടകള്‍ക്ക് ഇരകളായി തുടരുന്ന കാലത്തോളം, മാധ്യമങ്ങളുടെ തലകെട്ടുകളില്‍ നിന്നും അവര്‍ ഒഴിച്ചുനിര്‍ത്തപ്പെടുന്നതും തുടര്‍ന്നു കൊണ്ടിരിക്കും.

മൊഴിമാറ്റം:  ഇര്‍ഷാദ് കാളാച്ചാല്‍

Related Articles