Current Date

Search
Close this search box.
Search
Close this search box.

മണല്‍ക്കാറ്റ് വീശുന്ന ഓര്‍മകളിലെ പെരുന്നാളുകള്‍

പലര്‍ക്കും പലതാണ് പെരുന്നാള്‍ ….
ചിലര്‍ക്ക് ആഹ്ലാദത്തിന്റേയും ആവേശത്തിന്റെയും
മൈലാഞ്ചിക്കാലമാണതെങ്കില്‍ ചിലര്‍ക്കത്
ആലസ്യത്തിന്റെ പ്രവാസപ്പെരുന്നാളാണ്…….

വ്യത്യസ്ത വികാരങ്ങള്‍ മിശ്രണം ചെയ്ത എത്രായിരം അനുഭവങ്ങളാണ്
പോസ്റ്റുകളായി ഓണ്‍ലൈന്‍ ലോകത്ത്..
ചില ബ്ലോഗുകളെ മാത്രം പരിചയപ്പെടുത്തുന്നു…

സുന്ദരമായ എഴുത്തുകള്‍ കൊണ്ട് ഓര്‍മ്മകളെ വരയാന്‍ കഴിവുള്ള എഴുത്തുകാരനാണ് മുഖ്താര്‍….
ഉള്ളില്‍ തട്ടുന്ന ഒരു പ്രവാസപ്പെരുന്നാള്‍ പറയുന്നു മുഖ്താറിയനിസം (http://muktharuda.blogspot.in) ബ്ലോഗില്‍ അദ്ദേഹം….

‘പത്താമത്തെ നോമ്പിനാണ് സൗദിയിലേക്ക് വിമാനം കേറുന്നത്.
പെരുന്നാള്‍ കഴിഞ്ഞിട്ട് പോയാല്‍ മതിയെന്നായിരുന്നു ആഗ്രഹം.
പറ്റില്ല, പെട്ടെന്ന് എത്തണമെന്ന്അറബി പറഞ്ഞിട്ടുണ്ടത്രെ.
സ്‌കൂളിലാണ് പണി.
അവിടെ വെക്കേഷനാണ്.
സ്‌കൂള്‍ തുറക്കും മുന്‍പ് കുറെ പണി തീരാനുണ്ട് പോലും.

നല്ല പണിയാണെന്നാണ് വിസ ശരിയാക്കിത്തന്ന റിയാസ്‌ക്ക പറഞ്ഞത്.
വിസക്ക് പണമൊന്നും വേണ്ട, ടിക്കറ്റിന്റെ കായി മാത്രം ഉണ്ടാക്കിയാല്‍ മതിയെന്നു പറഞ്ഞപ്പോഴാണ് പോകാന്‍ കെട്ടുമുറുക്കിയത്.

റിയാദിലാണ് സ്‌കൂളുകള്‍.
ചെന്നു രണ്ടു ദിവസം കഴിഞ്ഞാണ് പണി തുടങ്ങിയത്.
ആദ്യം കയറ്റിറക്കായിരുന്നു. ഒരു സ്‌കൂളില്‍ നിന്നും മേശകളും കസേരകളും ലോറിയില്‍ കേറ്റി മറ്റൊരു സ്‌കൂളില്‍ കൊണ്ടുപോയി ഇറക്കുക.
നോമ്പ് തലയില്‍ കേറി. കൊടൂര ചൂടും.
നാല്‍പത് ഡിഗ്രി കടന്നിരിക്കുന്നു ചൂട്.
നോമ്പ് കല്ലത്തായെന്നു പറഞ്ഞാല്‍ മതി. അസറിന് പളളിയില്‍ പോയത് നമസ്‌കരിക്കാനായിരുന്നില്ല. പുറത്തെ, തണുത്ത വെള്ളം കിട്ടുന്ന പൈപ്പില്‍ മുഖം കഴുകി. ആരും കാണാതെ സൂത്രത്തില്‍ ചങ്ക് നനച്ചു. പടച്ചോനേ പൊറുക്കണേ..!

സുബ്ഹി നമസ്‌കാരം കഴിഞ്ഞാല്‍ പിന്നെഅധിക സമയമില്ല, അവിടെ പെരുന്നാള്‍ നിസ്‌കാരത്തിന്.
ഞങ്ങള്‍ ജോലിക്ക് പോയപ്പോള്‍ അണിഞ്ഞിരുന്ന വസ്ത്രം പോലും മാറിയിട്ടില്ല. മുശിഞ്ഞ് വിയര്‍പ്പ് നാറുന്നുണ്ട്.
ഫഌറസെന്റ് പച്ച കളറുള്ള ഓരോ ബനിയന്‍ തന്നു അയാള്‍. ഇതണിഞ്ഞു വേണം നില്‍ക്കാന്‍. ബനിയനില്‍ സ്‌കൂളിന്റെ പേരും എംബ്ലവും വലുതായി പ്രിന്റ് ചെയ്തിട്ടുണ്ട്.
പള്ളിക്ക് പുറത്ത് സമ്മാനപ്പൊതികള്‍ നിരത്തിയ മേശക്കരികിലായി നിന്നാണ് പെരുന്നാള്‍ നമസ്‌കരിച്ചത്.
തിളങ്ങുന്ന തൂവെള്ള വസ്ത്രങ്ങള്‍ നിരന്നു. അത്തറ് വാരിയൊഴിച്ചാണ് അറബികള്‍ വന്നിരിക്കുന്നത്. അവര്‍ കെട്ടിപ്പിടിച്ച് പരസ്പരം ആശംസകള്‍ നേരുന്നു. ഉമ്മ നല്‍കുന്നു. സന്തോഷം പങ്കു വെക്കുന്നു.
എനിക്ക് വീട്ടിലേക്ക് ഓര്‍മ പോയി.
ഭാര്യക്കും മോള്‍ക്കും മോനും പുതിയ ഡ്രസ്സ് വാങ്ങിയിട്ടുണ്ട്. പെരുന്നാള്‍ നമസ്‌കാരത്തിന് പോകുമെന്ന് ഇന്നലെ വിളിച്ചപ്പോള്‍ അവള്‍ പറഞ്ഞിരുന്നു.
നിങ്ങള്‍ക്ക് പുതിയത് എടുത്തോ എന്ന് അവള്‍ ചോദിക്കുകയും ചെയ്തു.
പാവം.

നമസ്‌കാരവും സമ്മാന വിതരണവും കഴിഞ്ഞ് റൂമിലെത്തുമ്പോള്‍ കണ്ണില്‍ ഉറക്കം നിറഞ്ഞിരുന്നു.
വീട്ടിലേക്കു വിളിച്ചു.
നിസ്‌കാരം കഴിഞ്ഞോ.
അവള്‍ ചോദിച്ചു.
ഏത് ഡ്രസ്സാ ഇട്ടത്..
എനിക്ക് കരച്ചില്‍ വന്നു.
സംസാരിച്ച് പൂതി തീരും മുന്‍പേ പൈസ തീര്‍ന്നു.
എല്ലാവരും കിടന്നു. കണ്ണു നിറയുന്നു. വെറുതെ…
വേണ്ടിയിരുന്നില്ല, ഇങ്ങനെയൊരു യാത്ര.’

*******************************************************************************
ഉമ്മു അമ്മാര്‍ മൈലാഞ്ചിപ്പെരുന്നാളുകളെ പറ്റി പറയുന്നു
അക്ഷരചിന്തുകള്‍ (http://vanithavedi.blogspot.in) ബ്ലോഗില്‍ ….

‘പെരുന്നാളിനെ പറ്റി ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സിലൊരു മൈലാഞ്ചി പാട്ടിന്റെ താളം വരുന്നു. കൂടെ കുസൃതി നിറഞ്ഞൊരു കുട്ടിക്കാലത്തിന്റെ ഓര്‍മ്മകളും. വീട് മുറ്റത്ത് നിന്നും മൈലാഞ്ചി ഒടിച്ച്, അമ്മിയില്‍ അരച്ച് മുതിര്‍ന്നവര്‍ ഇട്ട് തരും രണ്ട് കൈയ്യിലും നിറയെ. നന്നായി ചുവന്ന മൈലാഞ്ചി കൈകളുമായി പിന്നെ ഓട്ടമാണ് കൂട്ടുകാരികളുടെ അടുത്തേക്ക്.ഇവിടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന റെഡിമെയ്ഡ് ഹെന്ന കോണില്‍ നിന്നും നാട്ടു മൈലാഞ്ചിയിലെക്കുള്ള ദൂരമെത്രയാണ്..? ഉമ്മയുണ്ടാക്കുന്ന പായസത്തിന്റെ രുചി ഇന്ന് എന്റെ കാട്ടികൂട്ടല്‍ പായസത്തിനില്ല എന്നതും ആരോടും പറയാന്‍ മടിക്കുന്ന മറ്റൊരു സത്യം.

എന്തൊക്കെ പറഞ്ഞാലും പ്രവാസത്തിന്റെ നാല് കെട്ടില്‍ ഒതുങ്ങുന്ന എന്നെ പോലുള്ളവര്‍ക്ക്

കഴിഞ്ഞ കാലവുമായി താരതമ്യം ചെയ്യുമ്പോഴല്ലേ ഓര്‍മ്മകളിലൂടെ എങ്കിലും നമ്മുടെ നാടിന്റെ കൂടെ കൂട്ടുകാരുടെ കൂടെ കളിച്ചു വളര്‍ന്ന വീട്ടുവരാന്തയില്‍ ഇരുന്നു പെരുന്നാള്‍ ആഘോഷിക്കാന്‍ പറ്റൂ… അങ്ങിനെ ഞാനും ഒന്ന് തിരിഞ്ഞു നടക്കട്ടെ .. ആ ഓര്‍മ്മകളുടെ ഓരത്ത് കൂടെ.. ശവ്വാല്‍ മാസ അമ്പിളി മാനത്ത് തെളിഞ്ഞാല്‍ കൂട്ടുകാരികളുമൊത്ത് തക്ബീര്‍ ചൊല്ലി വീടുകളില്‍ ഓടിനടന്നിരുന്ന കാലമായിരുന്നു! അത്. ഉറങ്ങാത്ത രാവായിരുന്നു! പെരുന്നാ!ള്‍ രാവ്. പുലര്‍ച്ചെ രണ്ടു മണിക്ക് എല്ലാവരും കൂടി തക്ബീര്‍ ചൊല്ലി കൊണ്ട് അടുത്തുള്ള കുളിക്കടവിലേക്ക് നിരനിരയായി നീങ്ങുമ്പോള്‍ മനസ്സില്‍ സന്തോഷത്തിന്റെ തിരിനാളം പ്രകാശം പരത്തുന്നുണ്ടാകും. കുളി കഴിഞ്ഞു വന്നാല്‍ പുത്തനുടുപ്പും ധരിച്ചു ഉപ്പയുടെ അടുത്തേക്കോടും ഉപ്പയുടെ വകയായി അത്തര്‍ പുരട്ടി തരും ഞങ്ങള്‍ക്ക്.. ആ അത്തറിന്റെ പരിമളം ഇന്ന് ഓര്‍മ്മകളില്‍ മാത്രം ..

നേരം വെളുത്താല്‍ പിന്നെ ഞങ്ങള്‍ കുട്ടികള്‍ വീട്ടില്‍ ഉണ്ടാകില്ല കൂട്ടുകാരികളുടെ കൂടെ കറങ്ങാന്‍ പോകും. നോമ്പിന് ബന്ധുക്കളുടെ വീട്ടില്‍ നോമ്പ് തുറക്കാന്‍ പോയാല്‍ കിട്ടുന്ന സക്കാത്ത് അതും കയ്യിലെടുത്തു അടുത്തുള്ള കടയിലെക്കോടി അത് തീരും വരെ മിട്ടായികളും പടക്കങ്ങളും വാങ്ങി പെരുന്നാളിന് മോടി കൂട്ടും. രാവിലെ തന്നെ ഉമ്മ ഉണ്ടാക്കി വെക്കുന്ന ശര്‍ക്കര ചേര്‍ത്ത് വാഴയിലയില്‍ വേവിക്കുന്ന അടയുടെ ടേസ്റ്റ് ഇന്നും കൂട്ടിനുണ്ട്. എന്തുണ്ടെങ്കിലും ഉമ്മയുടെ സ്‌പെഷല്‍ ഇതൊക്കെ തന്നെ ..

പെരുന്നാള്‍ വിഭവങ്ങളായി തേങ്ങാച്ചോറും ഇറച്ചിക്കറിയും പപ്പടവും ചെറുപയര്‍ പരിപ്പ് കൊണ്ടുണ്ടാക്കുന്ന കറിയും… ഇന്ന് പലതരം ഐറ്റംസ് ഉണ്ടാക്കിയാലും ആ രുചിയില്‍ ഉള്ള ഭക്ഷണം ഒരിക്കലുമാകില്ല. വീട്ടില്‍ എല്ലാരും ഒത്തു കൂടുമ്പോള്‍ അവരെ ഫോണില്‍ വിളിച്ച് സന്തോഷം പങ്കിടുമ്പോഴും പണ്ടത്തെ കുട്ടിക്കാലം മാത്രമാകും മനസ്സില്‍. ആ പെരുന്നാള്‍ അന്നത്തെ കുസൃതികള്‍ ആ വളകിലുക്കം ഇന്നും ഓര്‍മ്മകളില്‍ മുഴങ്ങി കേള്‍ക്കുന്നു.. ആ സന്തോഷത്തിന്‍ പൂത്തിരി ഇന്നത്തെ ഓര്‍മ്മകള്‍ക്ക് മനോഹാരിത കൂട്ടുന്നു…’

*************************************************************************

കല്യാണം കഴിഞ്ഞുള്ള ആദ്യ പെരുന്നാളിനെ തമാശയില്‍ പറയുന്നു അരീക്കോടന്‍ , തോന്ന്യാക്ഷരങ്ങള്‍ (http://abidiba.blogspot.in)ബ്ലോഗില്‍ . ….

‘വീണ്ടും മാനത്ത് ശവ്വാലമ്പിളിക്കീറ് പ്രത്യക്ഷമായി.
ഒരു മാസത്തെ വ്രതാനുഷ്ടാനത്തിന് വിരാമം കുറിച്ച് കൊണ്ട് മുസ്‌ലിംകള്‍ നാളെ ഈദുല്‍ ഫിത്വര്‍ ആഘോഷത്തിനായി ഒരുങ്ങുന്നു.
ഓര്‍മ്മയിലെ പെരുന്നാളുകളെക്കുറിച്ച് മുമ്പ് പല പോസ്റ്റിലും സൂചിപ്പിച്ചിരുന്നു, പറഞ്ഞിരുന്നു. ഇപ്പോള്‍ മനസ്സില്‍ ഓടി വരുന്നത് കല്യാണത്തിന് ശേഷമുള്ള ആദ്യ ചെറിയ പെരുന്നാളാണ്.
13 വര്‍ഷം മുമ്പത്തെ ഒരു റമളാന്‍ മാസം.എന്തോ കാരണത്താല്‍ ശമ്പളം കിട്ടാന്‍ വൈകി. കയ്യില്‍ കാശില്ലാതെ പെരുന്നാള്‍ അടുത്തടുത്ത് വന്നു. ഞാനും ഭാര്യയും മാത്രമടങ്ങുന്ന ‘നാം രണ്ട് നമുക്ക് പൂജ്യം’ എന്ന മുദ്രാവാക്യവുമായി മുന്നോട്ട് നീങ്ങുന്ന കാലം (അല്ലെങ്കിലും കല്യാണം കഴിച്ച് മിനിമം പത്ത്മാസത്തിന് ശേഷമാണല്ലോ ഈ മുദ്രാവാക്യത്തില്‍ മാറ്റം വരുത്തുന്നത്) പുതിയ ഡ്രെസ്സ് എടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ‘പൈസാചികം’ പിന്തിരിപ്പിച്ചു. എന്നാല്‍ ഭാര്യക്ക് ഉരുവിടാന്‍ ഒരേ ഒരു മന്ത്രം മാത്രം കല്യാണം കഴിഞ്ഞ് ആദ്യത്തെ ചെറിയ പെരുന്നാളാണ്. ഡ്രെസ്സ് എടുക്കാതെ അവളുടെ വീട്ടിലേക്ക് കയറിയാല്‍ ആര്‍ട്ടിക്കിള്‍ 12(1) പ്രകാരം മാനഭംഗശ്രമത്തിന് കേസെടുക്കും പോലും. കെട്ടിയോനെതിരെ മാനഭംഗശ്രമത്തിന് കേസെടുക്കാന്‍ അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 12(1)നെ ഞാന്‍ മനസാ ശപിച്ചു. (ആ ആര്‍ട്ടിക്കിളില്‍ പറയുന്നത് ഇതുമായി ബന്ധപെട്ട ഒരു കുന്തവുമല്ലെന്ന് പിന്നീട് മനസ്സിലായി)
ആര്‍ട്ടിക്കിളിനേയും വെന്‍ട്രിക്കിളിനേയും പറ്റി ഹൈസ്‌കൂള്‍ ക്ലാസ്സുകളില്‍ പഠിച്ചത് ഓര്‍മ്മയുടെ ഗുഹാന്തരങ്ങളീലേക്ക് ചേക്കേറിയതിനാല്‍ അവള്‍ പറഞ്ഞ ആര്‍ട്ടിക്കിളില്‍ ഞാന്‍ വിശ്വാസമര്‍പ്പിച്ചു. മൗനം പോയാലും മാനം പോകരുത് എന്നതിനാല്‍ ഞാന്‍ എന്റെ ബാങ്ക് മാനേജറെ വിളിച്ചു.

‘ഹലോ….ആ….ഒരു രണ്ടായിരം രൂപ ഉണ്ടാകോ?’

ബാങ്കില്‍ രണ്ടായിരം രൂപ ഉണ്ടാകോ എന്ന് ചോദിക്കുന്ന വിവരം കെട്ട കസ്റ്റമര്‍ ആണ് ഞാന്‍ എന്ന് ആര്‍ക്കെങ്കിലും തോന്നി എങ്കില്‍ സോറി, ഈ ബാങ്ക് മാനേജര്‍ എന്റെ സ്വന്തം ജ്യേഷ്ടത്തി ആണ്. അവള്‍ക്ക് പ്രത്യേകിച്ച് ഒരു ചെലവും അന്ന് ഇല്ലാത്തതിനാല്‍ കയ്യില്‍ കാശ് ഉണ്ടാകും എന്ന് ഉറപ്പായിരുന്നു. എങ്കിലും മാനം കളയാതെ കാര്യം സാധിക്കണമല്ലോ.

‘ഓ…അത് പ്രശ്‌നമില്ല…നീ എപ്പഴാ വര്വാ?’

എന്റെ മനസ്സിനെ കുളിര്‍പ്പിക്കുന്ന മറുപടി തന്നെ കിട്ടി. അങ്ങനെ അവള്‍ തന്ന രണ്ടായിരം രൂപ ഉപയോഗിച്ച് എന്റെ ആദ്യത്തെ പെരുന്നാള്‍ ഷോപ്പിംഗ് നടത്തി. നോമ്പ് നോറ്റ് മൂന്ന് മണിക്കൂറോളം നീണ്ട തിരച്ചിലിന് ശേഷം കടം വാങ്ങിയ കാശും കൊടുത്ത് വാങ്ങിയ ആ ചുരിദാര്‍ പുത്തന്‍ മണം മാറുന്നതിന് മുമ്പേ, വിശാലഹൃദയയായ എന്റെ ഭാര്യ അവളുടെ അനിയത്തിക്ക് ദാനം ചെയ്ത് എന്റെ മാനത്തിന് കുറിമാനം നല്‍കി.
ഇനി ഒരു ഭര്‍ത്താവിനും ഇങ്ങനെ ഒരു വിധി ഉണ്ടാകാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ എല്ലാവര്‍ക്കും ഈദാശംസകള്‍ നേരുന്നു.’

Related Articles