Current Date

Search
Close this search box.
Search
Close this search box.

മഅ്ദനി വ്യാജ ആരോപണങ്ങളുടെ ഇര

നിരവധി കാരണങ്ങളാല്‍ ഞാന്‍ കല്യാണച്ചടങ്ങുകളില്‍ പൊതുവെ സംബന്ധിക്കാറില്ല. തിയറ്ററുകള്‍പോലും വാടകക്കെടുത്തും ആഭരണങ്ങളുടെ പ്രദര്‍ശനശാലയാക്കി മാറ്റിയും ഭോജനശാലകള്‍, സ്റ്റുഡിയോകള്‍, ചമയവിഭാഗങ്ങള്‍ തുടങ്ങിയവക്ക് ആവശ്യത്തില്‍ കവിഞ്ഞ പങ്കാളിത്തം നല്‍കിയും വന്‍ വ്യവസായമാണിന്ന് വിവാഹമാമാങ്കങ്ങള്‍. എന്നാല്‍, മഅ്ദനിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം, സോളിഡാരിറ്റി തുടങ്ങിയ വേദികളുടെ അഭ്യര്‍ഥനകളും എന്റെ ആ തീരുമാനത്തിന് പ്രേരകമായി.
ആ വിവാഹകര്‍മത്തിന് തൊട്ടുപിറകെ ഇന്ത്യാവിഷന്‍ ചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത അനുഭവവും ഇവിടെ പങ്കുവെക്കട്ടെ. മാധ്യമപ്രവര്‍ത്തകനായ എന്‍.പി. ചെക്കുട്ടി, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ എന്നിവരായിരുന്നു എന്നോടൊപ്പം സംവാദത്തിനെത്തിയ മറ്റു രണ്ട് വ്യക്തികള്‍. വിവാഹ ഖുതുബയില്‍ മഅ്ദനിയുടെ പ്രസ്താവന കോടതിയലക്ഷ്യമാണെന്ന രീതിയിലായിരുന്നു രാധാകൃഷ്ണന്റെ വാദം. സത്യത്തില്‍ മഅ്ദനി ആത്മസംയമനം വിട്ട് ഒരു വാക്കും സംസാരിച്ചതായി എനിക്കനുഭവപ്പെട്ടിട്ടില്ല. ഇത്തരമൊരു ദുരനുഭവത്തിനിരയായിരുന്നെങ്കില്‍ ഞാന്‍ അതിരൂക്ഷമായി പ്രതികരിക്കുമായിരുന്നു. ഒരുപക്ഷേ, രാധാകൃഷ്ണനും ഇതിനേക്കാള്‍ രൂക്ഷമായി സംസാരിക്കാതിരിക്കില്ല.
എന്നെപ്പോലുള്ള സിനിമാ സംവിധായകര്‍ മനുഷ്യാവകാശ പ്രശ്നങ്ങളില്‍ എന്തിനു കയറി ഇടപെടണമെന്ന രാധാകൃഷ്ണന്റെ ചോദ്യത്തെ ഞാന്‍ മൗനം കൊണ്ട് നേരിട്ടു. അനുഭവകഥനം അവസാനിപ്പിച്ച് വീണ്ടും മഅ്ദനിയിലേക്ക് വരാം. മഅ്ദനിയെ ആവര്‍ത്തിച്ചു ക്രൂശിക്കുന്നതിനു പിന്നില്‍ നമുക്ക് രണ്ടു തരം കാരണങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. യഥാര്‍ഥമായ കാരണങ്ങളും (ഇവ മറച്ചുവെക്കപ്പെടുന്നു) കള്ളക്കാരണങ്ങളും. ഇവയിലെ നെല്ലും പതിരും വേര്‍തിരിച്ച് ഗ്രഹിക്കേണ്ടത് മനുഷ്യാവകാശങ്ങളില്‍ തല്‍പരരായ ഏതൊരു വ്യക്തിയുടെയും കടമയാണ്.
മഅ്ദനി പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തി എന്നതാണ് ഒന്നാമത്തെ കള്ളക്കാരണം. മഅ്ദനിയുടെ പ്രസംഗങ്ങള്‍ പരിശോധിക്കുന്നവര്‍ക്ക് ഈ പൊലീസ് ഭാഷ്യത്തിലെ പൊള്ളത്തരം ബോധ്യമാകാതിരിക്കില്ല. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ പരിശോധിച്ച ഇസ്ലാം വിശ്വാസിയല്ലാത്ത എനിക്ക് അത്തരം പ്രകോപന പരാമര്‍ശങ്ങള്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ബാബരി മസ്ജിദ് ധ്വംസനാനന്തരവും, ഗുജറാത്ത് വംശഹത്യക്കു ശേഷവും മഅ്ദനിയേക്കാള്‍ കടുത്ത പരാമര്‍ശങ്ങളാണ് ഞാന്‍പോലും പുറത്തുവിട്ടത്.
കൂടുതല്‍ വൈകാരികതയോടെയുള്ള തന്റെ പ്രസ്താവനകള്‍ ബാബരി മസ്ജിദ് ധ്വംസന സംഭവത്തില്‍ മാത്രമായിരുന്നുവെന്ന് ഞങ്ങള്‍ തയാറാക്കിയ ‘ഫാബ്രിക്കേറ്റഡ്’ എന്ന ഡോക്യുമെന്‍ററിയില്‍ മഅ്ദനി ഏറ്റുപറയുകയുണ്ടായി. എന്നാല്‍, ആ സങ്കീര്‍ണ സന്ദര്‍ഭത്തില്‍ പോലും ‘മക്കളേ, ആയിരം പള്ളി തകര്‍ക്കപ്പെട്ടാലും ഒറ്റ ക്ഷേത്രത്തിന്റെ മണല്‍ത്തരി പോലും നശിപ്പിക്കാന്‍ ശ്രമിക്കരുത് മക്കളേ’ എന്നാണ് അദ്ദേഹം അനുയായികളോട് അഭ്യര്‍ഥിക്കുന്നത്.
കര്‍ണാടക പൊലീസിന്റെ വ്യാജ അവകാശവാദമാണ് രണ്ടാമത്തെ മിഥ്യ. ജോസ് വര്‍ഗീസ്, മഅ്ദനിയുടെ സഹോദരന്‍ ജമാല്‍, മജീദ് എന്ന മറ്റൊരാള്‍ എന്നിവരെയാണ് കര്‍ണാടക പൊലീസ് മഅ്ദനിയുടെ അറസ്റ്റുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ച സാക്ഷികള്‍. മഅ്ദനി താമസിച്ച വീടിന്റെ ഉടമയായ ജോസ് വര്‍ഗീസ് കര്‍ണാടക പൊലീസിന്റെ പ്രസ്താവന വന്ന ഉടന്‍തന്നെ പൊലീസ് വാദം ശുദ്ധ കളവാണെന്ന് പ്രഖ്യാപിച്ച് രംഗത്തു വരുകയുണ്ടായി. സാക്ഷിയായി ഒപ്പിടാന്‍ കര്‍ണാടക പൊലീസ് തന്നെ ഒറ്റത്തവണ പോലും സമീപിക്കുകയുണ്ടായില്ലെന്ന് ജമാല്‍ വ്യക്തമാക്കുന്നു. മൂന്നാമനായ മജീദ് എറണാകുളത്തെ ജനറല്‍ ആശുപത്രിയില്‍ മരണശയ്യയിലായിരുന്നു. അദ്ദേഹം ഒരു നിലക്കും കര്‍ണാടക പൊലീസിന് സാക്ഷ്യം നല്‍കാന്‍ കോഴിക്കോട്ട് എത്തുന്ന പ്രശ്നം ഉദിക്കുന്നുമില്ല.
മൂന്നാമത്തെ മിഥ്യ: ബംഗളൂരു സ്ഫോടനം ആസൂത്രണം ചെയ്യാന്‍ മഅ്ദനി കുടകില്‍ എത്തിയിരുന്നു എന്ന കര്‍ണാടക പൊലീസിന്റെ അവകാശവാദം. കുടകില്‍ മഅ്ദനിയെ കണ്ടത് ഒരു ബി.ജെ.പി നേതാവാണെന്ന് പൊലീസ് അവകാശപ്പെട്ടിരുന്നു. എന്നാല്‍, താന്‍ മഅ്ദനിയെ കണ്ടിട്ടില്ലെന്ന ഈ നേതാവിന്റെ പ്രഖ്യാപനം ഇപ്പോഴും യൂട്യൂബില്‍ പരതിയാല്‍ ആര്‍ക്കും കണ്ടെത്താം. രണ്ടാമത്തെ സാക്ഷിയായി ഹാജരാക്കപ്പെട്ടയാള്‍ റഫീഖ് ബാപ്പുട്ടി എന്ന യുവാവാണ്. പൊലീസ് മൂന്നാംമുറ പ്രയോഗിച്ച് തന്നില്‍നിന്ന് അത്തരമൊരു മൊഴി വാങ്ങുകയാണുണ്ടായതെന്ന് റഫീഖ് പിന്നീട് അര്‍ഥശങ്കക്കിടയില്ലാത്തവിധം വിശദീകരിക്കുകയുണ്ടായി. മറ്റൊരു സുപ്രധാന വിവരം ഇതോട് ചേര്‍ത്തുവായിക്കേണ്ടതാണ്. വിവാദ സംഭവസമയത്ത് മഅ്ദനി കുടക് സന്ദര്‍ശിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. വിവരാവകാശ നിയമപ്രകാരം കേരള ആഭ്യന്തര വകുപ്പില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകളില്‍ മഅ്ദനി നടത്തിയ ഓരോ യാത്രയും പരാമര്‍ശിക്കപ്പെടുന്നുണ്ട്. അവയിലൊന്നും കര്‍ണാടകയിലെ കുടകോ സമീപ പ്രദേശങ്ങളോ ഇല്ല. മഅ്ദനി കുടകില്‍ എത്തിയിട്ടില്ലെന്ന് ചുരുങ്ങിയപക്ഷം കേരള ആഭ്യന്തര വകുപ്പിനെങ്കിലും വ്യക്തമായിട്ടറിയാം. ആ വിവരം കര്‍ണാടക പൊലീസിനെ ധരിപ്പിക്കുകയാണെങ്കില്‍ അതോടെ പ്രശ്നം തീരുമായിരുന്നു.
നാലാമത്തെ മിഥ്യ: മഅ്ദനിയുടെ ഭാര്യ സൂഫിയക്കെതിരായ ഭീകരപ്രവര്‍ത്തന ആരോപണം. കളമശ്ശേരിയില്‍ ബസ് കത്തിച്ച സംഭവം ഭീകരകര്‍മമാണെന്നും സൂഫിയയാണ് ഇതിനു പിന്നിലെ സൂത്രധാരകയെന്നുമാണ് പ്രചാരണങ്ങള്‍. ഒരു ബസിന് തീ കൊളുത്തുന്നത് ഭീകരതയാണെന്ന വാദത്തെ അതിവിചിത്രമാണെന്നേ വിശേഷിപ്പിക്കാനാകൂ. കേരളത്തില്‍ വിദ്യാര്‍ഥി സംഘടനകളും മറ്റും ഇത്തരം പ്രവര്‍ത്തികള്‍ വിഷുദിനത്തിലെ പടക്കം പൊട്ടിക്കല്‍പോലെ ലാഘവമായി കാണുന്ന കൃത്യമാണെന്ന് സര്‍വര്‍ക്കും അറിയാം. മറ്റൊരു കാര്യം സൂഫിയക്കെതിരായ സാക്ഷി മൊഴി രേഖപ്പെടുത്തിയതു പോലും സാക്ഷിയെ മര്‍ദനങ്ങള്‍ക്ക് ഇരയാക്കിയ ശേഷമായിരുന്നുവത്രെ.
അഞ്ചാമത്തെ മിഥ്യ: കോയമ്പത്തൂര്‍ സ്ഫോടനത്തില്‍ മഅ്ദനിക്ക് പങ്കുണ്ടെന്ന പ്രചാരണം. യഥാര്‍ഥത്തില്‍ ഈ കേസില്‍ ഒമ്പതര വര്‍ഷം അഴിയെണ്ണിയ ശേഷം മഅ്ദനി നിരപരാധിയാണെന്ന് ജഡ്ജിമാര്‍ വിധി പ്രസ്താവിക്കുകയുണ്ടായി. ബംഗളൂരു സ്ഫോടനക്കേസില്‍ കുരുക്കി മഅ്ദനിയെ ഒമ്പതര വര്‍ഷം ജയില്‍ശിക്ഷ അനുഭവിപ്പിക്കാനാകും വീണ്ടും വീണ്ടും കോയമ്പത്തൂര്‍ സ്ഫോടനവുമായി കുറ്റവിമുക്തിക്കു ശേഷവും മഅ്ദനിയെ ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ അരങ്ങേറുന്നത്.
മഅ്ദനിയെ കേസില്‍ കുടുക്കിയത് ഒരുകൂട്ടം കളവുകളുടെ പിന്‍ബലത്തില്‍ മാത്രമാണെന്ന് സാമാന്യബുദ്ധിയുള്ള ഏതൊരു മാധ്യമപ്രവര്‍ത്തകനും ബോധ്യപ്പെടാതിരിക്കില്ല. എന്നാല്‍, മാധ്യമ പ്രവര്‍ത്തകര്‍പോലും അദ്ദേഹത്തിനെതിരെ നുണകള്‍ കാച്ചിവിടുന്നു. പൊലീസ് ഭാഷ്യങ്ങള്‍ അതേപടി ജനങ്ങള്‍ക്ക് നല്‍കി സെന്‍സേഷന്‍ സൃഷ്ടിച്ച മാധ്യമ സ്ഥാപനങ്ങള്‍ പതുക്കെ യാഥാര്‍ഥ്യങ്ങളിലേക്ക് മിഴിതുറക്കാന്‍ തുടങ്ങിയിരിക്കുന്നു. സത്യം ഇതായിരിക്കെ മഅ്ദനി എന്തുകൊണ്ട് അഴികളെണ്ണുന്നു? മഅ്ദനിയുടെ ജയില്‍വാസത്തിനു പിന്നിലെ യഥാര്‍ഥ കാരണങ്ങളില്‍ ചിലത് ഇവിടെ ചൂണ്ടിക്കാണിക്കാം.
1. മഅ്ദനിയുടെ പ്രതിഭാശാലിത്വം. കഴിഞ്ഞ മൂന്നു ദശകത്തിനിടയില്‍ മഅ്ദനിയോളം പ്രസരിപ്പും പ്രഭാഷണചാതുരിയുമുള്ള ഒരു നേതാവ് ഇടതുപക്ഷത്തോ വലതുപക്ഷത്തോ ഉണ്ടായിട്ടില്ല. സാംസ്കാരിക മണ്ഡലത്തില്‍ നമുക്ക് ഒരു സുകുമാര്‍ അഴീക്കോട് ഉണ്ടായിരുന്നു. ജന ഹൃദയങ്ങളിലേക്ക് തുളഞ്ഞുകയറുന്ന പ്രയോഗവും അവരെ കര്‍മോന്മുഖരാക്കാനുള്ള ശേഷിയും ഉണ്ടായിരുന്നില്ലെങ്കില്‍ മഅ്ദനി ഇത്രമാത്രം ഇരയാക്കപ്പെടുമായിരുന്നില്ല.
2. മഅ്ദനിയുടെ വിശ്വാസം. മുസ്ലിം ആയിരുന്നില്ലെങ്കില്‍ മഅ്ദനി ഇത്രയേറെ പീഡിപ്പിക്കപ്പെടുമായിരുന്നില്ല.
3. ആത്മീയ നേതാവെന്ന സ്ഥാനം. കേവലമൊരു ശരാശരി മുസ്ലിം അല്ല അദ്ദേഹം.
4. സാധാരണ ആത്മീയനേതാവ് അല്ല മഅ്ദനി. ശുദ്ധ ആത്മീയതയില്‍ പരിമിതപ്പെട്ടുനില്‍ക്കാതെ ഇന്ത്യന്‍ പ്രശ്നങ്ങളില്‍ മഅ്ദനി ശക്തമായി ഇടപെട്ടു. ബാബരി മസ്ജിദ് ധ്വംസനത്തിനുശേഷം സമുദായത്തിന്റെ അവകാശങ്ങളെ സംബന്ധിച്ച് ശക്തമായി വാദിച്ചതിനാല്‍ അദ്ദേഹത്തിന്റെ വീട് ആക്രമിക്കപ്പെട്ടു.
5. സ്വസമുദായത്തിനുവേണ്ടി മാത്രമല്ല അദ്ദേഹം ശബ്ദമുയര്‍ത്തിയത്. ദലിതുകള്‍ക്കും ഇതര പിന്നാക്ക വിഭാഗങ്ങള്‍ക്കും വേണ്ടി മഅ്ദനി നിലകൊണ്ടു. അധികാരം അവര്‍ണര്‍ക്ക് നല്‍കണമെന്ന അദ്ദേഹത്തിന്റെ വാദം രാഷ്ട്രീയ പാര്‍ട്ടികളെ നിയന്ത്രിക്കുന്ന സവര്‍ണര്‍ക്ക് രുചിക്കുന്നുണ്ടായിരുന്നില്ല.
6. കഴിഞ്ഞ ഒന്നര ദശകക്കാലം മഅ്ദനി ജയിലുകള്‍ക്ക് പുറത്തുകഴിഞ്ഞിരുന്നുവെങ്കില്‍ കേരളത്തിന്റെ രാഷ്ട്രീയ ചിത്രം മറ്റൊന്നാകുമായിരുന്നു. പല കക്ഷികളും അണികളുടെ ചോര്‍ച്ച ഭയപ്പെട്ടതിനാല്‍ പല നേതാക്കള്‍ക്കും മഅ്ദനിയുടെ ജയില്‍വാസം അഭികാമ്യമായിത്തീര്‍ന്നു.
7. അഭിപ്രായസ്വാതന്ത്ര്യ നിഷേധം. ടാഡ, പോട്ട, മിസ തുടങ്ങിയ ചട്ടങ്ങളിലൂടെ പൗരസ്വാതന്ത്ര്യം വെട്ടിക്കുറച്ച അധികൃതര്‍ യു.എ.പി.എ നിയമം വഴി മാധ്യമ പ്രവര്‍ത്തകരായ കെ.കെ. ഷാഹിന, സയ്യിദ് അഹ്മദ് ഖാസിമി തുടങ്ങിയവരെ കുരുക്കില്‍ വീഴ്ത്തുകയുണ്ടായി. ഇവര്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചു. എന്നാല്‍, എഴുത്തുകാരനോ മാധ്യമ പ്രവര്‍ത്തകനോ അല്ലാത്തതിനാല്‍ മഅ്ദനിക്ക് ഇത്തരം ആനുകൂല്യങ്ങള്‍പോലും നിഷേധിക്കപ്പെട്ടു.
8. മഅ്ദനിയുടെ കരുണയും സഹാനുഭൂതിയും. സ്വന്തം കാല്‍ നഷ്ടപ്പെടുത്തിയ ബോംബാക്രമണത്തിലെ പ്രതിക്കുപോലും മഅ്ദനി മാപ്പുനല്‍കി. മഅ്ദനിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ പ്രതിയെ ജയിലിലടക്കാന്‍ ശാഠ്യം പ്രകടിപ്പിച്ചേനെ. അക്രമികള്‍ക്കെതിരായ മാതൃകാ നടപടിയെന്ന നിലയില്‍. എന്നാല്‍, അഗാധമായ ദയാവായ്പിനാല്‍ മഅ്ദനി ഇവിടെ പ്രതിക്ക് മാപ്പുനല്‍കി. ഈ വിശാലഹൃദയത്വത്തെ ദൗര്‍ബല്യമായി പലരും തെറ്റിദ്ധരിക്കുന്നു.
9. അപാര സഹനം: ഒമ്പതര വര്‍ഷം വിചാരണത്തടവുകാരനായി തുറുങ്കില്‍ കിടന്നിട്ടും അദ്ദേഹം ക്ഷമവിട്ട് പെരുമാറിയില്ല. പ്രോസിക്യൂഷന്‍ വ്യാജ സാക്ഷികളെ ഹാജരാക്കിയതിനെ ന്യായാധിപന്‍ വിധിയില്‍ കടുത്ത താക്കീത് നല്‍കി. ഈ ഒറ്റ ന്യായം പറഞ്ഞുപോലും മഅ്ദനിക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാമായിരുന്നു.
10. ആത്മനാശകമായ വിട്ടുവീഴ്ചാ മനോഭാവം.
ജയില്‍ അധികൃതരുടെ കുറ്റകരമായ അനാസ്ഥമൂലം മഅ്ദനി അവസാനമായി മാറിക്കൊണ്ടിരിക്കുന്നു. കാഴ്ചക്കുള്ള മങ്ങലിന് യഥാവിധി ചികിത്സ നല്‍കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം ജയിലധികൃതര്‍ നടപ്പാക്കിയില്ല. ഇതിലൊന്നും തനിക്ക് ദു$ഖമില്ലെന്ന് മഅ്ദനി. ഇത്തരം വിട്ടുവീഴ്ചകളാണ് അദ്ദേഹത്തിന്റെ നില സ്വയം അപകടത്തിലാക്കുന്നത്.
യഥാര്‍ഥത്തില്‍ മഅ്ദനിയെ അന്ധനായി ഞാന്‍ വിശേഷിപ്പിക്കില്ല. അദ്ദേഹത്തെ ജയിലില്‍ തള്ളിയ രാഷ്ട്രീയ ശക്തികളാണ് അന്ധന്മാര്‍. മഅ്ദനി തടവുകാരനല്ല. അദ്ദേഹം ഹൃദയത്തില്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നു. നാമാകട്ടെ ഭയത്തിന്റെ തടവുകാരും. ഇത്തരം ഭയങ്ങളില്‍നിന്ന് നാം സര്‍വരും മോചിതരാകുമ്പോഴേ മഅ്ദനിമാര്‍ക്ക് സ്വാതന്ത്ര്യം ലഭ്യമാകൂ. മഅ്ദനിയുടെ വീട്ടിലെ അടുത്ത വിവാഹമംഗള മുഹൂര്‍ത്തത്തിന് കാത്തിരിക്കുകയാണ് ഞാന്‍. അദ്ദേഹത്തിന്റെ മകന്റെ വിവാഹത്തിന്. സ്വാതന്ത്ര്യം, സമത്വം, നീതി എന്നിവയില്‍ വിശ്വാസമര്‍പ്പിക്കുന്ന നാം, ആ മുഹൂര്‍ത്തത്തിനു മുമ്പേ മഅ്ദനിക്ക് പൂര്‍ണാരോഗ്യത്തോടെ സ്വതന്ത്രനായി സ്വന്തം വീടിന്റെ സ്വച്ഛതയിലേക്ക് തിരികെയെത്താന്‍ അവസരം ഉറപ്പുവരുത്തണം. സത്യം വിജയിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

(കടപ്പാട് : മാധ്യമം)

Related Articles