Current Date

Search
Close this search box.
Search
Close this search box.

മഅ്ദനി നിര്‍ഭാഗ്യവാനോ?

തലശ്ശേരിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനായി തീവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു. അടുത്തിരുന്നയാള്‍ പത്രം വായിക്കുകയാണ്. അബ്ദുന്നാസിര്‍ മഅ്ദനിയുടെ ഇരു കണ്ണുകളുടെയും കാഴ്ച്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന വാര്‍ത്ത വായിക്കവെ അയാള്‍ പറഞ്ഞു: ‘ഈ മനുഷ്യന്‍ എത്ര നിര്‍ഭാഗ്യവാനാണ്!’
‘അതെന്താ?’ ഞാന്‍ ചോദിച്ചു.
‘എത്ര കൊല്ലമായി ജയിലില്‍ കിടക്കുന്നു? പത്ത് പതിനഞ്ച് കൊല്ലമായില്ലേ?’ അയാള്‍ പറഞ്ഞു.
‘ശരിയാണ്, അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ ശരിയാണെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ? എന്തെങ്കിലും കുറ്റം ചെയ്തതിന്റെ പേരിലാണോ അദ്ദേഹം ജയിലില്‍ കഴിയുന്നത്? ഈ ലേഖകന്‍ ചോദിച്ചു.
‘അല്ല, തെറ്റൊന്നും ചെയ്യാതെയല്ലേ ജയിലില്‍ കിടക്കുന്നത്? അതല്ലേ ഞാന്‍ അയാള്‍ നിര്‍ഭാഗ്യവാനാണാണെന്ന് പറഞ്ഞത്.’

പലരും ചിന്തിക്കുന്നത് എന്റെ ഈ സഹയാത്രികനെ പോലെയാണ്. നിരപരാധിയായിരിക്കെ തടവില്‍ കഴിയേണ്ടി വരുന്നത് നിര്‍ഭാഗ്യമാണെന്നാണ് അവര്‍ കരുതുന്നത്.

തെറ്റൊന്നും ചെയ്യാതെ കാരാഗൃഹത്തില്‍ കഴിയേണ്ടി വരുന്നത് നിര്‍ഭാഗ്യമാണെങ്കില്‍ യൂസുഫ് നബി നിര്‍ഭാഗ്യവാനാണെന്ന് പറയേണ്ടി വരും. പാപത്തിനു പ്രേരിപ്പിച്ച പെണ്ണ് പ്രഭുവിന്റെ കൊട്ടാരത്തിലെ പട്ടുമെത്തയില്‍ കഴിയവെയാണല്ലോ ഏറെ പ്രതികൂല സാഹചര്യത്തിലും പരിശുദ്ധി പുലര്‍ത്തിയ ആ പുണ്യപ്രവാചകന്‍ എട്ടൊമ്പത് കൊല്ലം ജയിലില്‍ കിടക്കേണ്ടി വന്നത്.

ഇമാം അബൂഹനീഫ, ഇമാം അഹ്മദ് ബിന്‍ ഹമ്പല്‍, ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ, ശൈഖ് അഹ്മദ് സര്‍ഹിന്ദി തുടങ്ങി ആയിരക്കണക്കിന് മഹത്തുക്കളും പുണ്യപുരുഷന്‍മാരും തടവറകളില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. ആധുനിക ലോകത്തെ ഇസ്‌ലാമിക പ്രസ്ഥാന നേതാക്കളെല്ലാം തടവറകളില്‍ പ്രകാശം പരത്തിയവരാണ്. ജയിലറകളെ ധന്യമാക്കിയവര്‍. ഇന്ത്യയില്‍ തന്നെ ഇപ്പോഴും ആയിരക്കണക്കിന് നിരപരാധികള്‍ തടവറകളില്‍ കഴിയുന്നുണ്ട്. ലോകത്തിലെ പല രാഷ്ട്രങ്ങളിലും ആയിരക്കണക്കിന് മഹദ് വ്യക്തികള്‍ ജയിലറകളിലാണ്.

തടവറകളില്‍ കഴിയുന്നവര്‍ക്ക് സ്വാതന്ത്ര്യമില്ലാത്തതിനാല്‍ അല്ലാഹുവോടല്ലാതെ മറ്റാരോടും ബാധ്യതകളില്ല. തടവു ജീവിതം സഹിച്ചും ക്ഷമിച്ചും അല്ലാഹുവോടുള്ള കടപ്പാടുകള്‍ പൂര്‍ത്തീകരിച്ചും ജീവിച്ചാല്‍ അതിരുകളില്ലാത്ത സ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്ന സ്വര്‍ഗം സമ്മാനിക്കപ്പെടും, തീര്‍ച്ച.

എന്നാല്‍ മഅ്ദനിയെ പോലുള്ള നിരപരാധികളെ തടവിലിട്ടവരോട് ചേര്‍ന്നു നില്‍ക്കുകയും, അത്തരം അതിക്രമങ്ങളുടെയും അനീതികളുടെയും നേരെ മൗനം പാലിക്കുകയും ചെയ്യുന്നവരോ? അവരാണ് ഊമകളായ പിശാചുക്കള്‍ ; നിര്‍ഭാഗ്യവാന്‍മാരും അവര്‍ തന്നെ. ഈ ലോകത്തും പരലോകത്തും.

Related Articles