Current Date

Search
Close this search box.
Search
Close this search box.

ഭീകരവാദിയായി മാറുന്ന പേരുകള്‍

i'mmuslim.jpg

‘ഞാന്‍ ഉമര്‍ ഖാലിദ്, ഞാന്‍ ഭീകരവാദിയല്ല’. ജെ.എന്‍.യു അഡ്മിന്‍ ബ്ലോക്കില്‍ വെച്ച് ഉമര്‍ ഖാലിദ് നടത്തിയ പ്രഭാഷണത്തിന്റെ തുടക്കത്തിന്, ‘മൈ നെയിം ഈസ് ഖാന്‍’ എന്ന സിനിമയിലെ പ്രശസ്തമായ ആ ഡയലോഗുമായി ഏറെ സാമ്യമുണ്ടായിരുന്നു. ഈ വാക്കുകള്‍ സങ്കീര്‍ണ്ണമായ ഒരുപാട് ചോദ്യങ്ങള്‍ നമുക്ക് മുന്നില്‍ ഉയര്‍ത്തുന്നുണ്ട്. രാജ്യദ്രോഹത്തിന്റെ പേരില്‍ ആരോപണവിധേയരായ ജെ.എന്‍.യു വിദ്യാര്‍ത്ഥികളെ ഇന്നും മാധ്യമങ്ങള്‍ വിചാരണ ചെയ്യുന്നതിനെ കുറിച്ചായിരുന്നു പ്രഭാഷണം. ഫെബ്രുവരി 9-ന് പരിപാടി സംഘടിപ്പിച്ച പത്ത് സംഘാടകരില്‍ ഒരാളായ ഉമര്‍ ഖാലിദിലേക്കെത്തിയപ്പോഴേക്കും, ജെ.എന്‍.യു വിവാദങ്ങള്‍ക്ക് പുതിയൊരു മാനം കൈവന്നു.

കഴിഞ്ഞ ഏഴു വര്‍ഷമായി കാമ്പസ് രാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ടുക്കൊണ്ടിരിക്കുന്ന ഊര്‍ജ്ജസ്വലനായ വിദ്യാര്‍ത്ഥി നേതാവും, മുന്‍ ഡി.എസ്.യു പ്രവര്‍ത്തകനുമാണ് ഉമര്‍ ഖാലിദ്. സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ അദ്ദേഹം അവരോടുള്ള തന്റെ ഐക്യദാര്‍ഢ്യം തുറന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ പ്രഭാഷണത്തില്‍ സൂചിപ്പിച്ചത് പോലെ :

‘ഇത് ഞാനൊരിക്കല്‍ പറഞ്ഞതാണ്, വീണ്ടും അതിവിടെ ആവര്‍ത്തിക്കുകയാണ്, കാമ്പസ് രാഷ്ട്രീയത്തില്‍ ഇടപെട്ടിരുന്നപ്പോഴൊന്നും തന്നെ, എന്റെ മുസ്‌ലിം സ്വത്വത്തെ കുറിച്ച് ഞാന്‍ ചിന്തിക്കുക പോലും ചെയ്തിട്ടില്ലായിരുന്നു. ഒരു മുസ്‌ലിമാണെന്ന തരത്തില്‍ എവിടെയും എന്നെ സ്വയം അവതരിപ്പിച്ചിട്ടുമില്ല. ഇന്ന്, ഞാന്‍ വിചാരിക്കുന്നത്, സമൂഹത്തില്‍ മുസ്‌ലിംകളുടെ മേല്‍ മാത്രമല്ല അടിച്ചമര്‍ത്തല്‍ നടക്കുന്നത്, ദലിതുകളും ആദിവാസികളും അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ അടിച്ചമര്‍ത്തപ്പെട്ട സമുദായങ്ങളില്‍ നിന്നും സ്വത്വങ്ങളില്‍ നിന്നും വരുന്നവരാണ് നാമെല്ലാവരും. കഴിഞ്ഞ ഏഴ് വര്‍ഷക്കാലത്തെ രാഷ്ട്രീയ ജീവിതത്തിനിടയില്‍ പത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് ഞാനൊരു മുസ്‌ലിമാണെന്ന കാര്യം ആദ്യമായി തിരിച്ചറിഞ്ഞത്. രോഹിത് വെമുല പറഞ്ഞത് പോലെ, ‘ഞാന്‍ എന്റെ കേവല സ്വത്വത്തിലേക്ക് ചുരുക്കപ്പെട്ടത്’ അങ്ങേയറ്റം ലജ്ജാകരം തന്നെയാണെന്ന് പറയാതെ വയ്യ.’

സംഭവത്തില്‍ രാഷ്ട്രം ഇടപെടുന്നതിന് മുമ്പ് തന്നെ മാധ്യമങ്ങള്‍ യഥാര്‍ത്ഥ വിചാരണ പൂര്‍ത്തിയാക്കി കഴിഞ്ഞിരുന്നു. മാധ്യമ ചര്‍ച്ചകള്‍ ജനങ്ങള്‍ക്ക് അപകടമുന്നറിയിപ്പ് നല്‍കി. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അവരെല്ലാവരും ഒരു വ്യക്തിയുടെ പേരില്‍ തങ്ങളുടെ ശ്രദ്ധകേന്ദ്രീകരിച്ചു. ആ പേര് അടയാളപ്പെടുത്തുന്ന സ്വത്വത്തെ അവര്‍ക്കെല്ലാം നന്നായി അറിയാമായിരുന്നു. ഉമര്‍ ഖാലിദ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്, തീര്‍ച്ചയായും അസാധാരണമായ ഒരു അറബി പേര് തന്നെയാണത്, അതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് മുസ്‌ലിമാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞു. പേര് കൊണ്ട് മാത്രം മുസ്‌ലിമായ അദ്ദേഹത്തെ പ്രോപഗണ്ട മെഷിനറി നന്നായി തന്നെ ഉപയോഗിച്ചു. സമൂഹ മനസാക്ഷിയെന്ന് വിളിക്കപ്പെടുന്ന സാധനത്തെ തൃപ്തിപ്പെടുത്താന്‍ അതിന് എന്തുവേണമെങ്കിലും ചെയ്യാന്‍ സാധിക്കും. ജെയ്‌ഷേ മുഹമ്മദ് അനുകൂലിയായും, ഹാഫിസ് സഈദിന്റെ അനുയായിയായും ഉമര്‍ ഖാലിദ് ബ്രാന്‍ഡ് ചെയ്യപ്പെട്ടു. ഉമര്‍ പാസ്‌പോര്‍ട്ടില്ലാതെ പാകിസ്ഥാനില്‍ പോയതായും, രാജ്യത്തുടനീളമുളള സര്‍വകലാശാലകളില്‍ ഉമറിനുളള സ്വാധീനവും, ആഗോള ഭീകരസംഘങ്ങളുമായുള്ള അദ്ദേഹത്തിന്റെ ബന്ധവുമെല്ലാം മണിക്കൂറുകള്‍ക്കുള്ളില്‍ അവര്‍ കണ്ടെത്തി. അതേസമയം ഡേവിഡ് ഹെഡ്‌ലിയുടെ കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലുമൊന്ന് ചെയ്യാന്‍ അധികൃതര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഉമര്‍ വളരെ കൃത്യമായി നിരീക്ഷിച്ചത് പോലെ: ‘ഈ രാജ്യത്ത് നടക്കുന്ന എന്തെങ്കിലുമൊരു അരുതായ്മക്കെതിരെ ശബ്ദിക്കുന്നത് ആദിവാസിയാണെങ്കില്‍, അയാളെ അവര്‍ മാവോയിസ്‌റ്റെന്ന് വിളിക്കും, ഇനി മുസല്‍മാനാണെങ്കില്‍, അയാളെ അവര്‍ ഭീകരവാദിയെന്നും വിളിക്കും. രാഷ്ട്രത്തിന്റെ എല്ലാവിധ പിന്തുണയോടെയും നടക്കുന്ന ഒരു പ്രക്രിയയാണ് ഇത്തരത്തിലുള്ള മാധ്യമവിചാരണകള്‍.’

ഇത് രാജ്യത്ത് നടന്ന ഒരു പ്രത്യേക സംഭവമൊന്നുമല്ല. മുസ്‌ലിംകള്‍, ദലിതുകള്‍, ആദിവാസികള്‍, മറ്റു പിന്നാക്ക സമുദായങ്ങള്‍ തുടങ്ങിയ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കെതിരെ നടന്നു കൊണ്ടിരിക്കുന്ന വേട്ടയാടലുകളുടെ ശ്രേണിയിലെ ഒരു സംഭവം മാത്രമാണിത്. അടുത്തിടെ, റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ തലേദിവസം, ‘ഇസ്‌ലാമിക് സ്‌റ്റേറ്റ് അനുകൂലികളെന്ന് സംശയിക്കപ്പെടുന്നവരായി’ മുദ്രകുത്തിക്കൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 14 മുസ്‌ലിം ചെറുപ്പക്കാരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ് ചെയ്യുകയുണ്ടായി. ഇന്ത്യയിലെ മുസ്‌ലിം യുവാക്കളെല്ലാം ഭീകരവാദികളാവാന്‍ സാധ്യതയുള്ളവരാണെന്ന് തോന്നും അവരെ അറസ്റ്റ് ചെയ്യാന്‍ പറഞ്ഞ കാരണം കണ്ടാല്‍. ലോകത്തുടനീളമുള്ള മുസ്‌ലിം ജനസാമാന്യം ഇസ്‌ലാമിക് സ്‌റ്റേറ്റ് എന്ന ഭീകരസംഘടന നടത്തുന്ന ക്രൂരതകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുമ്പോഴാണ് ഇത്തരത്തിലുള്ള മുദ്രകുത്തലുകള്‍ നമ്മുടെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. മുമ്പ് ഇന്ത്യന്‍ മുസ്‌ലിംകള്‍ ഐ.എസ്.ഐ-യെ (പാകിസ്ഥാന്‍ ചാരസംഘടന) പിന്തുണക്കുന്നവരാണെന്നായിരുന്നു ആരോപണം, അതിപ്പോള്‍ ഒരു ‘ഐ’ കൂടി ചേര്‍ത്ത് ഐ.എസ്.ഐ.എസ് എന്നായി മാറിയിരിക്കുന്നു എന്ന് മാത്രം. പക്ഷെ മുസ്‌ലിം യുവതയുടെ അവസ്ഥകള്‍ കൂടുതല്‍ മോശമായി എന്നല്ലാതെ ആശ്വസിക്കാന്‍ വകയുള്ള ഒന്നും തന്നെയുണ്ടായില്ല. സമ്പൂര്‍ണ്ണ നിരീക്ഷണത്തിന് കീഴില്‍, നിയമവാഴ്ച്ചയുടെ പേരിലുള്ള എല്ലാ അതിക്രമങ്ങളും സഹിച്ച്, എതിരഭിപ്രായം പറയാനുള്ള അവകാശം നിഷേധിക്കപ്പെട്ടാണ് അവര്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. ഉദാഹരണമയി, പാര്‍ലമെന്റ് ആക്രമണ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ഒരുപാട് കാലം ജയിലില്‍ കിടന്നതിന് ശേഷം, പിന്നീട് നിരപരാധിയാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് കുറ്റിവിമുക്തനാക്കപ്പെട്ട  ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ എസ്.എ.ആര്‍ ഗീലാനിയെ അഫ്‌സല്‍ ഗുരുവിന്റെ പേരില്‍ പരിപാടി സംഘടിപ്പിച്ചുവെന്ന പേരില്‍ വീണ്ടും അറസ്റ്റ് ചെയ്തിരിക്കുകയാണ്. ചെയ്ത കുറ്റം എന്താണെന്ന് പോലുമറിയാതെ ജീവിതം ജയിലുകളില്‍ തള്ളിനീക്കുന്ന ആയിരക്കണക്കിന് നിരപരാധികളായ മുസ്‌ലിംകളുണ്ടിവിടെ. അതേസമയം, കുറ്റം തെളിഞ്ഞിട്ടും സ്വന്തം വീടുകളിലും, പാര്‍ലമെന്റിന്റെ അകത്തളങ്ങളും സസുഖം വാഴുകയാണ് യഥാര്‍ത്ഥ ക്രിമിനലുകള്‍. കാരണം, ഈ വ്യവസ്ഥയില്‍ ‘എല്ലാവരും തുല്ല്യരാണ്, പക്ഷെ ചിലര്‍ മറ്റു ചിലരേക്കാള്‍ കൂടുതല്‍ തുല്ല്യരാണ്.’

അധികാരത്തിലിരിക്കുന്നവര്‍ക്ക് എതിരെ ഈ രാജ്യത്ത് സത്യം വിളിച്ചു പറയുന്ന ആളുകളെല്ലാം സമൂഹ മനസാക്ഷിയെ തൃപ്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള മുദ്രകുത്തലിന് ഇരയാവുകയാണ്. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയും, ആഖ്യാനവും അനുസരിച്ച് ഇന്ത്യയിലെ ചില പ്രത്യേക ജനവിഭാഗങ്ങള്‍ക്ക് മേല്‍ ഭീകരമുദ്ര ചാര്‍ത്തുന്ന കാര്യത്തില്‍ ഭരണകൂടവും, മുഖ്യധാരാ മാധ്യമങ്ങളും കൈകോര്‍ത്താണ് മുന്നോട്ട് പോകുന്നത്. തിരക്കഥ എഴുതിയതിന് ശേഷം ഏതെങ്കിലുമൊരാളെ പൊക്കിക്കൊണ്ട് വരും, എന്നിട്ടയാള്‍ക്ക് മേല്‍ എന്തെങ്കിലും തരത്തിലുള്ള ആഗോള ഭീകരമുദ്ര ചാര്‍ത്തുകയും ചെയ്യും. അപ്പോഴേക്കും, വാര്‍ത്താ ചാനലുകളില്‍ അതിഗംഭീര കഥപറച്ചില്‍ ആരംഭിച്ചിട്ടുണ്ടാകും. ‘ഫ്ലാഷ് ന്യൂസു’കളിലൂടെ ഈ മാധ്യമവിചാരണകള്‍ അതിന്റെ മൂര്‍ദ്ദന്യാവസ്ഥയില്‍ എത്തിയാലാണ്, അന്വേഷണം, ചോദ്യചെയ്യല്‍ എന്നൊക്കെ പറഞ്ഞ് ഭരണകൂടം രംഗത്തിറങ്ങുക. നിരപരാധികളായ ആളുകള്‍ക്കെതിരെയുള്ള ആരോപണങ്ങളും, വാദങ്ങളും തെളിയിക്കല്‍ പിന്നീട് വളരെ എളുപ്പമുള്ള കാര്യമാണ്. തങ്ങളുടെ നിരപരാധിത്വം തെളിയിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടാല്‍, ദീര്‍ഘകാലത്തേക്ക് അവര്‍ പിന്നീട് ജയിലില്‍ അടക്കപ്പെടും. ഒരു അതിഭീകരമായ ഭീകരവാദ ഭീഷണിയില്‍ നിന്നും രാജ്യത്തെ രക്ഷിച്ച ഭരണകൂടത്തെ വാഴ്ത്തി കൊണ്ട് അതേ മാധ്യമങ്ങള്‍ പിന്നീട് വാചാലമാകും.

ഈ അധികാരശക്തികള്‍ തമ്മിലുള്ള അവിശുദ്ധബന്ധം തുടരുന്ന കാലത്തോളം ഇത്തരം സംഭവങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കും. ‘ഭരണകൂട ഭീകരതക്ക്, യഥാര്‍ത്ഥ വാര്‍ത്തകളല്ല, മറിച്ച് കെട്ടുറപ്പോടെ രചിക്കപ്പെട്ട തിരക്കഥകളാണ് വേണ്ടത്’ എന്ന ആപ്തവാക്യം ഇവിടെ ഉദ്ദരിക്കുന്നതിന് പ്രസക്തിയുണ്ട്. എങ്ങനെയാണ് ഭരണകൂടം, മാധ്യമങ്ങളെ വിദഗ്ദമായി ഉപയോഗിച്ച് ഒരു പ്രത്യേക ജനവിഭാഗങ്ങളെ ഭീകരന്‍മാരായും, തിന്മയുടെ അച്ചുതണ്ടായും അവതരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് ഇപ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. കറുത്ത മുസ്‌ലിംകളുടെ വിപ്ലവനായകന്‍ മാല്‍ക്കം എക്‌സിനെ ഉദ്ദരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ‘മീഡിയയാണ് ലോകത്തിലെ ഏറ്റവും ശക്തിയുള്ള സ്ഥാപനം. നിരപരാധിയെ അപരാധിയാക്കാനും, അപരാധിയെ നിരപരാധിയാക്കാനുമുള്ള ശക്തി അതിനുണ്ട്. അതാണ് ശക്തി. കാരണം, അവരാണ് ജനമനസ്സുകളെ നിയന്ത്രിക്കുന്നത്.’

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles