Current Date

Search
Close this search box.
Search
Close this search box.

ഭീകരത പാശ്ചാത്യ അധിനിവേശ സൃഷ്ടി; ഹിന്ദുവിലെ ശ്രദ്ധേയമായ ലേഖനം

terrorims.jpg

ഇന്നത്തെ ഹിന്ദു പത്രത്തില്‍ വസുന്ദര സിര്‍നേറ്റ് (Ideology and the rise of terror – Vasundhara Sirnate, 2/01/2015) എഴുതിയ ലേഖനം ഭീകരവാദത്തിന്റെ പേരില്‍ ഇസ്‌ലാമിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നവരും അവരുടെ പ്രചാരണത്തിലകപ്പെട്ട് അപകര്‍ഷതാ ബോധമനുഭവിക്കുന്ന മുസ്‌ലിംകളും നിര്‍ബന്ധമായും വായിച്ചിരിക്കണം. ഭീകരവാദം ഉത്ഭവിക്കാന്‍ കാരണം പാശ്ചാത്യ സാമ്രാജ്യത്വ ശക്തികളുടെ ഇടപെടലുകളാണെന്ന് പ്രസ്തുത ലേഖനം അസന്നിഗ്ദമായി തെളിയിക്കുന്നു.

താലിബാന്‍ അല്‍-ഖാഇദ, ഐഎസ്, ബോകോഹറാം, എന്നീ നാലു ഭീകരസംഘങ്ങളും രൂപപ്പെട്ട പശ്ചാത്തലം വിശദീകരിക്കുന്ന ലേഖനം ഫ്രാന്‍സിലെ പത്രം ഓഫീസ് ആക്രമണം സംഘടിപ്പിച്ച അള്‍ജീരിയക്കാരുടെ പശ്ചാത്തലവും പരിചയപ്പെടുത്തുന്നു. താലിബാന്‍ അമേരിക്കന്‍ ചാരസംഘനയായ സി.ഐ.എയുടെ സൃഷ്ടിയാണ്. എന്നാല്‍ താലിബാന്‍ പുതിയ അഫ്ഗാന്‍ കെട്ടിപ്പടുക്കാന്‍ ശ്രമിക്കവെ പാശ്ചാത്യ സാമ്രാജ്യത്വ ശക്തികള്‍ അതിന് തുരങ്കംവെച്ചു. അവരുടെ രാഷ്ട്രനിര്‍മാണ പ്രക്രിയയെ പരാജയപ്പെടുത്തി. മുല്ലാ ഉമറായിരുന്നു താലിബാന്‍ നേതാവ്.

ഉസാമാ ബിന്‍ ലാദനെ സെപ്റ്റംബര് 11-നു ശേഷം താലിബാന്‍ അമേരിക്കക്കെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളികളാകാന്‍ റിക്രൂട്ട് ചെയ്യുകയായിരുന്നു. സാമ്രാജ്യത്വ അധിനിവേശ വിരുദ്ധ പോരാട്ടത്തില്‍ പങ്കാളികളായ താലിബാന്റെയും അല്‍-ഖാഇദയുടെയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമായതും അവയെ ശക്തിപ്പെടുത്തിയതും അമേരിക്കന്‍ അധിനിവേശമാണ്.

ഇപ്പോള്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച ഐ.എസ് ഒരു കാലത്ത് ഇറാഖിലെ അല്‍-ഖാഇദയുടെ ഭാഗമായിരുന്നു. ജോര്‍ദാനിലെ സര്‍ഖാവിയായിരുന്നു അതിന്റെ നേതാവ്. 2003-ല്‍ അമേരിക്കന്‍ സൈന്യം അദ്ദേഹത്തെ വധിക്കുകയായിരുന്നു. അല്‍-ഖാഇദ ഇറാഖിലെ അമേരിക്കന്‍ അധിനിവേശത്തെ ചെറുക്കാന്‍ പോരാട്ടത്തിലേര്‍പ്പെട്ടു. പിന്നീട് അത് മറ്റ് ചെറുഗ്രൂപ്പുകളുമായി ലയിച്ച് മുജാഹിദീന്‍ ശൂറാ കൗണ്‍സില്‍ രൂപീകരിച്ചു. അബൂബക്കര്‍ അല്‍-ബഗ്ദാദിയുടെ നേതൃത്വത്തില്‍ ഐ.എസ്. ആരംഭിക്കുന്നതിന് മുമ്പായിരുന്നു അത്. ഐ.എസ്.ഐ.എസ് രംഗത്ത് വന്നതും പാശ്ചാത്യ അധിനിവേശത്തെ ചെറുക്കാനാണ്. പിന്നീട് സിറിയയില്‍ ഹാഫിസുല്‍ അസദിനെതിരെ സമരമാരംഭിച്ചപ്പോള്‍ സിറിയയിലേക്ക് നീങ്ങുകയായിരുന്നു.

നൈജീരിയയിലെ ബോകാഹറാം 1990കളില്‍ രൂപം കൊണ്ടത് മിതവാദ സംഘടനയായാണ്. സാമ്രാജ്യത്വ ശക്തികളുടെ പിന്തുണയോടെ നൈജീരിയന്‍ സര്‍ക്കാര്‍ ഇരുപത് ലക്ഷം ബിയാഫ്രക്കാരെ കൊന്നൊടുക്കിയതിനെ തുടര്‍ന്നായിരുന്നു ഇത്. രാജ്യത്തിന്റെ എണ്ണസമ്പത്ത് മുഴുവന്‍ ഗവണ്‍മെന്റ് കൊള്ളയടിക്കുകയും തദ്ദേശവാസികളെ പട്ടിണിക്കിടുകയും ചെയ്തതാണ് ബോകോഹറാമിനെ പാശ്ചാത്യവിരുദ്ധ തീവ്രവാദത്തിലേക്ക് എത്തിച്ചത്. ചുരുക്കത്തില്‍ ഈ നാലു ഗ്രൂപ്പുകളും വൈദേശികാധിപത്യത്തിനും തദ്ദേശീയ ഭരണകൂട ഭീകരതക്കുമെതിരെ പ്രവര്‍ത്തിക്കിക്കുന്നവയാണ്. പുതിയ ഭരണകൂടങ്ങള്‍ക്ക് ശ്രമിക്കുന്നവയും.

പാരീസിലെ മാസികയുടെ ഓഫീസിലെ 12 പേരെ കൊന്നത് അള്‍ജീരിയക്കാരാണ്. മറ്റൊരു ഭാഷയില്‍ ഫ്രാന്‍സിനാല്‍ കൊള്ളയടിക്കപ്പെടുകയും രാഷ്ട്രീയമായും സാമ്പത്തികമായും തകര്‍ക്കപ്പെടുകയും പത്ത് ലക്ഷം പേര്‍ കൊല്ലപ്പെടുകയും ചെയ്ത അള്‍ജീരിയയില്‍ നിന്ന് ഫ്രാന്‍സിലേക്ക് കുടിയേറിപ്പാര്‍ത്ത അവിടത്തെ പ്രാന്തവല്‍കൃതരാണ് ഈ ക്രൂരകൃത്യം ചെയ്തത്. പത്ത് ലക്ഷം സ്വന്തം പൗരന്മാര്‍ ക്രൂരമായി കൊല്ലപ്പെട്ട നാട്ടില്‍ നിന്നുള്ളവര്‍.

അന്യായമായ അധിനിവേശത്തിലൂടെ തങ്ങളുടെ നാടുകള്‍ കൊള്ളയടിച്ച് ലോക സമ്പത്തിന്റെ പാതിയും ജനസംഖ്യയുടെ ഒരു ശതമാനം മാത്രം കൈവശപ്പെടുത്തിയ, അധിനിവേശ സമ്പദ്ഘടനക്കും ലോകവ്യവസ്ഥക്കുമെതിരെയാണ്. ഈ ഭീകരസംഘടനകളെല്ലാം രൂപം കൊണ്ടതെന്ന്  The Hindu Centre for Politics and Public Policy റിസര്‍ച്ച് കോര്‍ഡിനേറ്ററായ ലേഖിക സമര്‍ത്ഥിക്കുന്നു. ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ മുസ്‌ലിംകള്‍ സമാധാനത്തോടെ ജീവിക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയ ലേഖിക ഭീകരവാദം രൂപം കൊള്ളാനുള്ള കാരണങ്ങള്‍ കൂടി ശ്രദ്ധാപൂര്‍വം ചിന്തിച്ചു മനസ്സിലാക്കുന്നതും പരിഗണിക്കണമെന്നും ആവശ്യപ്പെടുന്നു.

Related Articles