Current Date

Search
Close this search box.
Search
Close this search box.

ഭീകരത കേവലം മതപ്രശ്‌നമല്ല

isis.jpg

ഒരു ബോംബ് സ്‌ഫോടനമുണ്ടാവുകയോ ഒരു കൂട്ടവെടിവെപ്പില്‍ ഒരു മുസ്‌ലിം ഉള്‍പ്പെടുകയോ ചെയ്താല്‍ ആദ്യമായി നാം കേള്‍ക്കുന്നത്, ‘മുസ്‌ലിംകള്‍ മൗനം പാലിക്കുന്നതെന്ത് എന്ന ചോദ്യമായിരിക്കും. സംഭവത്തെ അപലപിക്കണമെന്ന ആവശ്യം നിമിഷങ്ങള്‍ക്കകം എത്തുകയായി. സപ്തംബര്‍ 11, പാരീസ്, അക്ഷര്‍ധാം, നവംബര്‍ 26 സംഭവങ്ങള്‍ ഉദാഹരണം. വധിക്കപ്പെട്ടത് മുസ്‌ലിംകളാവുകയും കുറ്റവാളികള്‍ അമുസ്‌ലിംകളാണെന്ന് അന്വോഷണത്തില്‍ തെളിയുകയും ചെയ്ത മലേഗാവ്, സംഝോധ, മക്കാ മസ്ജിദ് സംഭവങ്ങളില്‍ പോലും ഇതാണ് സ്ഥിതി.

ക്രൂരവും മനഷ്യത്വഹീനവുമായ ഈ കൃത്യങ്ങളെ അപലപിക്കുന്നതില്‍ മുസ്‌ലിംകളെ അഭിനന്ദിക്കുന്നു. എന്നാല്‍ അതോടൊപ്പം തന്നെ അവക്കു പിന്നിലെ രാഷ്ട്രീയത്തെ കുറിച്ച് എനിക്ക് ഉത്കണ്ഠയുണ്ട്. ഓരോ തവണയും അപലപിക്കലിലൂടെ മര്യാദ തെളിയിക്കാന്‍ നാം കല്‍പിക്കപ്പെടുമ്പോള്‍ അതിന് പിന്നില്‍ വ്യക്തമായ ഒരു രാഷ്ട്രീയമുണ്ട്. നാം അത് ചെയ്യാതിരിക്കുമ്പോള്‍ രക്തച്ചൊരിച്ചിലില്‍ നാം ഭാഗഭാക്കാണെന്ന സൂചനയാണ് മട്ടുപ്പാവില്‍ നിന്നുള്ള ഈ ആക്രോശങ്ങള്‍ അര്‍ഥമാക്കുന്നത്. മാത്രമല്ല, മുസ്‌ലിം സമൂഹങ്ങളില്‍ പല പ്രകൃതക്കാരായ ആളുകളുമുണ്ട വസ്തുതയെ അവഗണിക്കുകയാണിത്.

ഇന്ത്യയിലും ലോകത്തെമ്പാടുമുള്ള മുസ്‌ലിംകള്‍ ഇത്തരം ചെയ്തികളെ നിരന്തരം അപലപിക്കുന്നുണ്ടെന്നുള്ളതാണ് വസ്തുത. ഭീകരത ഇസ്‌ലാമിക വിരുദ്ധമാണെന്ന് ഫത്‌വകളിറങ്ങി. നിരവധി മുസ്‌ലിം സംഘടനകളും പണ്ഡിതന്മാരും ഭീകരതക്കെതിരായ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു.  ISISനെതിരെ ഒപ്പു ശേഖരണം നടത്തി. കേവല ‘മിതവാദി’ മുസ്‌ലിംകളല്ല, പ്രത്യുത, പാരമ്പര്യമുസ്‌ലിംകളും മതനിഷ്ടയുള്ളവരുമാണിത് ചെയ്യുന്നത്. പക്ഷെ, ഇതിന്റെയൊക്കെ ഫലമോ? വട്ടപൂജ്യം!  ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനോ, മുസ്‌ലിംകള്‍ ഭീകരതക്കെതിരാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാനോ ഇതിനൊന്നും കഴിഞ്ഞിട്ടില്ല.  

ഇനി എന്തു ചെയ്യണമെന്നതാണ് ചോദ്യം. ഒരു മുസ്‌ലിം പ്രതിനിധിയെന്ന നിലയില്‍ ഞാന്‍ പറയുന്നു: ഭീകരത കേവലം മുസ്‌ലിം പ്രശ്‌നമല്ല; മതാതിരുകളെ ഭേദിക്കുന്ന ഒരു വലിയ രാഷ്ട്രീയ പ്രശ്‌നമാണെന്ന് അംഗീകരിക്കാനും മനസ്സിലാക്കാനും സമയമായിരിക്കുന്നു. അതിനാല്‍, മതപരമായ വശങ്ങളിലൂന്നുന്നതിന് പകരം അതിന്റ രാഷ്ട്രീയ വശങ്ങള്‍ക്കാണ് നാം ഊന്നല്‍ കൊടുക്കേണ്ടത്. നീതിക്കും സമാധാനത്തിന്നും വേണ്ടിയുള്ള പോരാട്ടത്തിനുള്ള പ്രചോദനവും മതത്തില്‍ അന്തര്‍ലീനമാണ്.

ഭീകരതയുടെ രാഷ്ട്രീയ ഭാവങ്ങളെ നാം അംഗികരിക്കുകയും അഭിമുഖീകരിക്കുകയും ചെയ്യുന്നില്ലെങ്കില്‍, കാടടച്ച് വെടിവെക്കുകയാണ് നാം ചെയ്യുന്നത്. രാഷ്ട്രീയ കാരണങ്ങള്‍ ഏറെ സങ്കീര്‍ണ്ണവും ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യപ്പെടേണ്ടവയുമാണ്. അല്ലെങ്കില്‍ ഭീകരതക്കെതിരായ പോരാട്ടത്തിന്റെ പേരില്‍ മറ്റൊരു തരത്തിലുള്ള ഭീകരതക്ക് കൂട്ടുനില്‍ക്കുന്നതിലായിരിക്കും അവസാനിക്കുക. ഭീകരക്കുറ്റം ചുമത്തപ്പെട്ട ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന എത്രയോ നിരപരാധികളായ മുസ്‌ലിം യുവാക്കളെ കുറിച്ച് അറിയുന്നവരാണ് നാം. ഒരു യുദ്ധത്തിന്നു -അതിന്റെ ലക്ഷ്യം എത്ര മഹത്താണെങ്കിലും- മറ്റൊരു യുദ്ധത്തെ അടിച്ചമര്‍ത്താനാവുകയില്ലെന്ന് നാം മറന്നുകൂടാ. കൂടുതല്‍ കുടിയൊഴിപ്പിക്കലുകള്‍ക്കും അരികുവല്‍കരണത്തിനും ഭീകരതക്കും ജനജീവിതം തകര്‍ക്കുന്നതിനും മാത്രമേ അതിലൂടെ സാധ്യമാവൂ. അതൊരിക്കലും സംഭവിച്ചു കൂടാ.
(ആംനസ്റ്റി ഇന്ത്യയുടെ മുന്‍ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമാണ് ലേഖകന്‍)

അവലംബം: outlook magazine
വിവ: ഖാദര്‍ ഫൈസി

Related Articles