Current Date

Search
Close this search box.
Search
Close this search box.

ഭീകരതയെ സഹായിക്കുന്ന പടിഞ്ഞാറന്‍ ക്രിസ്ത്യാനികള്‍

Winston-Churchill.jpg

അമേരിക്കയിലും ബ്രിട്ടനിലും അടുത്തകാലത്തായി നടത്തിയ അഭിപ്രായ സര്‍വേകള്‍, സിവിലിയന്‍ കൂട്ടക്കൊലയെയും ഭീകരവാദത്തെയും പിന്തുണക്കുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് തുറന്ന് കാട്ടുകയുണ്ടായി. ബി.ബി.സിയുടെ സര്‍വ്വെ സൂചിപ്പിക്കുന്നത്, 25000-ത്തിലധികം സിവിലിയന്‍മാര്‍ കൊല്ലപ്പെടാന്‍ കാരണമായ ഒരു ജര്‍മന്‍ നഗരത്തില്‍ സംഭവിച്ച ബോംബിംങ്ങിന് ഉത്തരവാദി ഒരാള്‍ ആണെന്നാണ് 28 ശതമാനം ബ്രിട്ടീഷുകാരും വിശ്വസിക്കുന്നത്.

ഒരുപാട് ക്രൂരതകളുടെ പേരില്‍ ചരിത്രകാരന്‍മാരുടെ അധിക്ഷേപത്തിന് ഇരയാവുകയും, അതിലേറ്റവും ക്രൂരമായ, 1943-ലെ ബംഗാള്‍ ക്ഷാമത്തിന് കാരണമായ രീതിയില്‍ ഭക്ഷണം കയറ്റി അയക്കാനും, തീരദേശ മേഖലകള്‍ തകര്‍ക്കാനും ഉത്തരവിട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സറ്റണ്‍ ചര്‍ച്ചില്‍ ഇന്നുമൊരു ദേശീയ ഹീറോ ആണെന്നാണ് മില്ല്യണ്‍ കണക്കിന് ആളുകളുടെ വിശ്വാസം.

ഭരണകൂട ഭീകരതയെ അമേരിക്കയിലെ മില്ല്യണ്‍ കണക്കിന് വരുന്ന ക്രിസ്ത്യാനികള്‍ പിന്തുണക്കുന്നുണ്ട്. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തില്‍ പതിനായിരക്കണക്കിന് നിരപരാധികള്‍ കൊല്ലപ്പെട്ടെന്ന വസ്തുത പകല്‍ പോലെ വ്യക്തമായിട്ട് പോലും, ഇറാഖ് തകര്‍ത്ത് തരിപ്പണമാക്കിയ ജോര്‍ജ് ഡബ്യൂ ബുഷിന്റെ നടപടിയെ പിന്തുണക്കുന്നവരാണ് അവരിലേറെ പേരും. മില്ല്യണ്‍ കണക്കിന് ആളുകളുടെ മരണത്തിന് കാരണമായ അമേരിക്കയുടെ സൗത്ത്ഈസ്റ്റ് ഏഷ്യയിലെ യുദ്ധത്തെ പ്രധാന ന്യൂനപക്ഷങ്ങള്‍ പിന്തുണക്കുന്നത് തുടരുകയും ചെയ്യുന്നു.

ഇത്തരം ക്രൂരതകളെ ഒരു യാഥാസ്ഥിക ന്യൂനപക്ഷം മാത്രമാണ് പിന്തുണക്കുന്നതെന്ന് ഇനി സംശയിച്ചാല്‍ തന്നെയും, കുപ്രസിദ്ധനായ ഒരു ലിബറല്‍ കൊലയാളിയെ പിന്തുണക്കുന്നവരുടെ എണ്ണം 51 ശതമാനമാണെന്നാണ് സര്‍വേ ഫലങ്ങള്‍ തുറന്ന് കാട്ടുന്നത്. യമന്‍, സൊമാലിയ, പാകിസ്ഥാന്‍, സിറിയ എന്നീ രാജ്യങ്ങളിലെ ശത്രുക്കളെന്ന് ആരോപിക്കപ്പെടുന്നവരുടെ മേല്‍ ബോംബ് വര്‍ഷിക്കാന്‍ ‘KILL LIST’ ഉപയോഗിക്കുന്ന ഒരു നേതാവിന് ആ രാജ്യത്തിന്റെ പകുതിയിലധികം വരുന്ന ജനങ്ങളുടെ എല്ലാവിധ പിന്തുണയുമുണ്ട്. ആ കുറ്റാരോപിതരെ കോടതിയില്‍ വിചാരണ ചെയ്യുകയോ, അല്ലെങ്കില്‍ അവര്‍ക്കെതിരെ എന്തെങ്കിലും തരത്തിലുള്ള തെളിവുകള്‍ ഹാജരാക്കപ്പെടുകയോ ചെയ്യുന്നില്ല. അവരിലേറെ പേരും ആകാശത്ത് നിന്നുള്ള ആക്രമണം കണ്ടു നിന്നവരോ അല്ലെങ്കില്‍ തെരുവിലൂടെ നടന്ന് പോവുകയായിരുന്ന കാല്‍നടയാത്രക്കാരോ മാത്രമാണ്. ഈ ആകാശകൊലക്ക് വേണ്ടി പണംപറ്റി പണിയെടുക്കുന്ന ഡ്രോണ്‍ ഓപറേറ്റര്‍മാര്‍ക്ക് പ്രത്യേക സമ്മാനങ്ങളും, കൃത്യനിര്‍ഹണത്തിനിടയില്‍ എത്രയാളുകളെ കൊന്നു എന്നതിന്റെ കണക്കും നല്‍കപ്പെടുന്നു. അതേസമയം തന്നെ നമ്മുടെ സഖ്യകക്ഷികളായ ഒട്ടുമിക്ക സാധാരണ ഇസ്രായേലികളും സിവിലിയന്‍ കൂട്ടക്കൊലയെ പിന്തുണക്കുന്നവരും, വംശീയ ഉന്മൂലനത്തെ പാതി പിന്തുണക്കുന്നവരുമാണ്.

ഞാന്‍ നിങ്ങള്‍ പറയുന്നത് കേള്‍ക്കുന്നുണ്ട്, അതായത് ‘അവരുടെ’ ഭീകരവാദത്തെ (പാരിസിന്റെയും ബ്രസ്സല്‍സ്സിന്റെയും തെരുവോരങ്ങളില്‍ അല്ലെങ്കില്‍ തുനീഷ്യയിലെ ബീച്ചുകളില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റും, അല്‍ഖാഇദയും നടത്തുന്ന ഭീകരവാദം) ശത്രുക്കളില്‍ നിന്നും നമ്മെ സംരക്ഷിക്കുന്നതിന് വേണ്ടി വര്‍ഷങ്ങളായി പാശ്ചാത്യ രാഷ്ട്രങ്ങള്‍ നടത്തിവരുന്ന നടപടിക്രമങ്ങളുമായി താരതമ്യപ്പെടുത്താന്‍ ഒരിക്കലും കഴിയില്ല എന്ന നിങ്ങളുടെ വാദം.

ജനീവ കണ്‍വെന്‍ഷനും, യുദ്ധ നിയമങ്ങളും അനുസരിച്ച് സിവിലിയന്‍ കൂട്ടക്കൊല നിയമവിരുദ്ധമാണ്. ഓരോ ആഴ്ച്ചയും സിറിയയിലും യമനിലും മരിച്ച് വീഴുന്ന സിവിലിയന്‍മാരെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ മനുഷ്യാവകാശ സംഘങ്ങള്‍ സംഘങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഭരണകൂട ഭീകരവാദത്തിന് ഇതില്‍ നിന്നും കൈകഴുകി രക്ഷപ്പെടാന്‍ സാധിക്കില്ല. ശരിയായ രീതിയില്‍ വിചാരണ ചെയ്യാതെ ആളുകളെ വധശിക്ഷക്ക് വിധേയമാക്കുന്നതിനെ നിങ്ങള്‍ പിന്തുണക്കുന്നുണ്ടെങ്കില്‍, അഥവാ സ്വന്തം രാജ്യം നടത്തുന്ന ബോംബാക്രമണത്തില്‍ നിരപരാധികള്‍ കൊല്ലപ്പെടുന്നതിനെ നിങ്ങള്‍ ന്യായീകരിക്കുന്നുണ്ടെങ്കില്‍, ധാര്‍മികതയുടെ ഭാഗത്ത് നിന്ന് സംസാരിക്കുമ്പോള്‍, ഇസ്‌ലാമിക് സ്‌റ്റേറ്റിനെ പിന്തുണക്കുന്നവരും നിങ്ങളും തമ്മില്‍ യാതൊരു വിധ വ്യത്യാസവുമില്ലെന്ന് പറയേണ്ടി വരും. ആകെയുള്ള വ്യത്യാസം എന്താണെന്നാല്‍, ലോകത്തിലെ കുപ്രസിദ്ധരായ ഭീകരവാദ സംഘങ്ങള്‍ കൊന്നതിനേക്കാള്‍ കൂടുതല്‍ മനുഷ്യരെ പാശ്ചാത്യരാജ്യങ്ങള്‍ യുദ്ധത്തിലൂടെ കൊന്നിട്ടുണ്ട് എന്നതാണ്. ഷെല്ലുകളും ഡ്രോണുകളും ഉപയോഗിച്ച് ജീവനെടുക്കുന്നതും, കത്തി ഉപയോഗിച്ച് തലയറുക്കുന്നതും ഒന്നു തന്നൈയാണ്.

ആക്രമണം നടത്തുന്നതിന്റെ കുത്തകാധികാരം ഭരണകൂടത്തിനായിരിക്കുകയും, ആയുധം കൈയ്യിലെടുക്കുന്ന കലാപകാരികളുടെ പ്രവൃത്തി നിയമവിരുദ്ധമായി തീരുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതിക്ക് കീഴിലാണ് നാം ജീവിക്കുന്നത് എന്ന കാരണത്താല്‍ ഭരണകൂട ഹിംസ നിയമവിധേയമാണ് എന്നായിരിക്കും നിങ്ങളുടെ മറുപടി. ഒരു പരിധി വരെ അത് സത്യം തന്നെയാണ്, എന്നിരുന്നാലും പ്രാവര്‍ത്തികമാക്കാനുള്ള നിയമ സംവിധാനങ്ങള്‍ വളരെ പരിമിതമായിരുന്നെങ്കിലും, ഭരണകൂടങ്ങള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ പേരില്‍ അവര്‍ക്ക് മേല്‍ കുറ്റം ചാര്‍ത്താന്‍ അന്താരാഷ്ട്ര മനുഷ്യാവാകാശ നിയമ സംവിധാനം നീക്കം നടത്തിയിരുന്നു. അത് പക്ഷെ ഫലസ്തീന്‍, ഇറാഖ്, യമന്‍ തുടങ്ങിയേടങ്ങളിലെ ഇരകള്‍ക്കും അവരുടെ കൊല്ലപ്പെട്ട കുടുംബാംഗങ്ങള്‍ക്കും യാതൊരു ആശ്വാസവും നല്‍കിയില്ല എന്ന് മാത്രം.

വെടിവെപ്പ് ഗെയ്മുകളിലെ ആക്രമണോത്സുകതയെ മഹത്വവല്‍ക്കരിക്കുന്ന, നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുന്ന സിനിമകള്‍ ഇറങ്ങുന്ന ഒരു സംസ്‌കാരത്തില്‍, പീഢന-മര്‍ദ്ദനങ്ങള്‍ക്കും, കൂട്ടക്കൊലകള്‍ക്കും വ്യാപക പിന്തുണ ലഭിക്കുന്നതില്‍ വലിയ അത്ഭുതമൊന്നുമില്ല. മുന്‍നിര റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളായ ടെഡ് ക്രൂസും, ഡൊണാള്‍ഡ് ട്രംപും അതിന് വേണ്ടി ശബ്ദിക്കുന്നവരുമാണ് എന്നതില്‍ പിന്നെ ആശ്ചര്യപ്പെടേണ്ടതില്ലല്ലോ.

അടുത്തിടെ ചാനല്‍-4 നടത്തിയ സര്‍വെ അനുസരിച്ച്, ബ്രിട്ടീഷ് മുസ്‌ലിംകള്‍ക്കിടയില്‍ നിന്നും 4 ശതമാനം പേരാണ് ഭീകരവാദത്തെ പിന്തുണക്കുന്നത്. സങ്കടകരമെന്ന് പറയട്ടെ, ഈ കണക്കുകള്‍ ഒന്നും തന്നെ ഭയം ഉല്‍പ്പാദിപ്പിക്കുന്നതിന് വേണ്ടി അന്വേഷണ ഫലങ്ങള്‍ വളച്ചൊടിക്കുന്ന തലക്കെട്ട് എഴുത്തുകാരെ അതില്‍ നിന്നും തടയുന്നില്ല എന്നതാണ് സങ്കടകരം. ചിലപ്പോള്‍ നമുക്ക് അമേരിക്കയുടെയും ബ്രിട്ടന്റെയും സമകാലീന ചരിത്രപര യുദ്ധകുറ്റങ്ങളെ കുറിച്ചുള്ള വളച്ചൊടിച്ച സര്‍വെ റിപ്പോര്‍ട്ടുകളായിരിക്കും ലഭിക്കുക.

ഭീകരവാദത്തെ പിന്തുണക്കുന്ന മുസ്‌ലിംകളുടെ പോളിംഗ് ഫലത്തില്‍ ഒരു ചതി ഒളിഞ്ഞിരിപ്പുണ്ട്, രാഷ്ട്രീയ ബോധത്തെയും ഭീകരവാദത്തെ അനുകൂലിക്കുന്നതിനെയും പരസ്പരം കൂട്ടിച്ചേര്‍ക്കുകയാണിവിടെ. ഒരു സ്‌കൂള്‍ കുട്ടി ഫലസ്തീനികളോട് സഹാനുഭൂതി പ്രകടിപ്പിക്കുകയും, ഇസ്രായേല്‍ അധിനിവേശത്തിനെതിരെ അവര്‍ നടത്തുന്ന സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്താല്‍, ടീച്ചര്‍ ഉടന്‍ തന്നെ ആ കുട്ടിയെ പോലിസിന് കൈമാറും.

സാധാരണക്കാരായ മുസ്‌ലിംകള്‍ക്കിടയില്‍ നിന്നും ഭീകരവാദത്തെ പിന്തുണക്കുന്നവരെ തേടി നടക്കുന്നതിന് പകരം, എന്തുകൊണ്ടാണ് നിരവധി പാശ്ചാത്യര്‍, ഭരണകൂടം നടത്തുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിശബ്ദത പാലിക്കുന്നതെന്ന ചോദ്യമാണ് നാം ചോദിക്കേണ്ടത്. ഇതിന് പിന്നില്‍ ഒരു ഇരട്ടത്താപ്പുണ്ട്. അതായത്, ഒരു ഭീകരവാദി ഒരു സിവിലിയനെ കൊല്ലുകയാണെങ്കില്‍, അതൊരു ക്രൂരകൃത്യമാണ്. അതേസമയം അസദോ, റഷ്യയോ, അമേരിക്കയോ നടത്തുന്ന ഒരു വ്യോമാക്രമണത്തില്‍ ഡസന്‍ കണക്കിന് പുരുഷന്‍മാരും, സ്ത്രീകളും, കുട്ടികളും കൊല്ലപ്പെട്ടാല്‍, അത് കേവലം ആകസ്മികം മാത്രമാണ്.

മുസ്‌ലിംകളായാലും, ക്രിസ്ത്യാനികള്‍ ആയാലും ശരി, രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിക്കാതെയുള്ള ഭീകരവാദ ആരോപണങ്ങള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നും വഴിതെറ്റിച്ച് വിടും. ഒരു പ്രത്യേക വേഷവിധാനത്തിന്റെ പേരില്‍ ഭീകരവാദികളെന്ന് മുദ്രകുത്തപ്പെടുന്നവര്‍ക്കും, ഭീകരവാദത്തെ പിന്തുണക്കുന്നവരെന്ന് ആരോപിക്കപ്പെടുന്ന മുസ്‌ലിം ജനസാമാന്യത്തിനും അത് നന്നായി അറിയാം. പറയുമ്പോള്‍, കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലായി ചുരുങ്ങിയത് ഏഴ് മുസ്‌ലിം രാഷ്ട്രങ്ങള്‍ക്ക് മേല്‍ ക്രിസ്ത്യന്‍ രാഷ്ട്രങ്ങള്‍ ബോംബാക്രമണം നടത്തുകയുണ്ടായി. ഭീകരാക്രമണങ്ങളെ പിന്തുണക്കുന്ന ഒരു ചെറിയ മുസ്‌ലിം ന്യൂനപക്ഷം ഉണ്ടായതില്‍ അതുകൊണ്ടു തന്നെ വലിയ അത്ഭുതമൊന്നുമില്ല.

മൊത്തം മതങ്ങളെയും, വര്‍ഗ്ഗങ്ങളെ പഴിപറയുന്നതിന് പകരം, ആധുനിക ലോകത്തെ ഭരണകൂട, ഭരണകൂട-ബാഹ്യ ഭീകരതയെ കുറിച്ചും, അതിന്റെ അടിസ്ഥാനപരമായ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക കാരണങ്ങളെ കുറിച്ചും ആരോഗ്യകരമായ സംവാദം നടത്തുകയല്ലെ കൂടുതല്‍ കാര്യക്ഷമം? ചുരുങ്ങിയത് അതിന് നാം തയ്യാറാവുകയെങ്കിലും വേണം.

വിവ:  ഇര്‍ഷാദ് കാളാച്ചാല്‍

Related Articles