Current Date

Search
Close this search box.
Search
Close this search box.

ബ്രദര്‍ഹുഡിനെ ഖത്തര്‍ എന്നെന്നേക്കുമായി കൈവെടിയുമോ?

ജിസിസിയുടെ ചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ഉച്ചകോടി എന്ന റെക്കോര്‍ഡിന് അര്‍ഹമായ ഒന്നാണ് കഴിഞ്ഞ ദിവസം ദോഹയില്‍ നടന്നത്. രണ്ടു മണിക്കൂര്‍ മാത്രം വിനിയോഗിച്ച അതില്‍ മൂന്ന് മുഖ്യ പ്രഭാഷണങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഒന്നാമത്തേത് ആതിഥേയനായ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദിന്റേത്. കുവൈത്ത് അമീര്‍ ശൈഖ് സ്വബാഹും ജി.സി.സി ജനറല്‍ സെക്രട്ടറി അബ്ദുലത്വീഫ് സബാനിയുമായിരുന്നു മറ്റ് രണ്ട് മുഖ്യ പ്രഭാഷകര്‍. ഏത് ഉച്ചകോടിയാണെങ്കിലും അതിന് വിനിയോഗിച്ച സമയം കൊണ്ടല്ല അതിന്റ മൂല്യം അളക്കേണ്ടത്. മറിച്ച് അതിന്റെ തീരുമാനങ്ങളെയും അതില്‍ പങ്കെടുത്ത രാഷ്ട്രങ്ങളില്‍ അതുണ്ടാക്കുന്ന പ്രതിഫലനങ്ങളെയും അടിസ്ഥാനപ്പെടുത്തിയായിരിക്കണമത്. ഇത്തരത്തില്‍ വേറിട്ട ഒരു ഉച്ചകോടിയാണ് ദോഹയില്‍ നടന്നതെന്ന് നമുക്ക് പറയാം. ‘ഈജിപ്തിന്റെ സുസ്ഥിരതയും പുരോഗതിയും യാഥാര്‍ത്ഥ്യമാക്കുന്നതിന് ഈജിപ്തിനും അതിന്റെ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസിക്കും പരിപൂര്‍ണ പിന്തുണ’ നല്‍കുന്നതിനെ അംഗീകരിച്ചു കൊണ്ടുള്ള ജിസിസി നേതൃത്വത്തിന്റെ സമാപന പ്രമേയത്തോടെയാണത് സമാപിച്ചത്. വളരെ വ്യക്തമായി പറഞ്ഞാല്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയിലെ പ്രതിസന്ധി പരിഹരിക്കുന്നതിലുണ്ടായിരുന്ന തടസ്സം നീങ്ങിയിരിക്കുന്നുവെന്ന് ചുരുക്കം. എല്ലാ അനുരഞ്ജന ഉപാധികളെയും അംഗീകരിച്ച് ഗള്‍ഫ് വൃത്തത്തിലേക്ക് മടങ്ങാന്‍ ഖത്തര്‍ തീരുമാനിച്ചിരിക്കുന്നു എന്ന് ചുരുക്കം. ഖത്തര്‍ എപ്പോഴും മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാകാനാണ് ആഗ്രഹിച്ചിരുന്നത്.

ഈജിപ്തിന്റെ പുരോഗതിക്കും സുസ്ഥിരതക്കും അതിനോടൊപ്പം ഖത്തര്‍ ഭരണകൂടവും ജനങ്ങളും നിലകൊള്ളണമെന്നും അതിന്റെ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസിക്കും അദ്ദേഹത്തിന്റെ ‘റോഡ് മാപ്’ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ അജണ്ടകള്‍ക്കും പിന്തുണ നല്‍കണമെന്നുമുള്ളത് ഖത്തറിനെ സംബന്ധിച്ചടത്തോളം സുപ്രധാനമായ ഒരു നിലപാടു മാറ്റമാണ്. അതിന്റെ ഭാഗമായി ഖത്തര്‍ കര്‍ശന നടപടികളും മാറ്റങ്ങളും സ്വീകരിക്കേണ്ടതായി വരും. അവയെ നമുക്ക് താഴെ പറയും പ്രകാരം സംഗ്രഹിക്കാം:

1) മുസ്‌ലിം ബ്രദര്‍ഹുഡിന് ഖത്തര്‍ നല്‍കുന്ന രാഷ്ട്രീയവും സാമ്പത്തികവും മാധ്യമരംഗത്തുമുള്ള എല്ലാ സഹായവും ഖത്തര്‍ ഉപേക്ഷിക്കണം. നിലവില്‍ ദോഹയില്‍ കഴിയുന്ന അതിന്റെ ഒന്നും രണ്ടും നിരകളിലെ നേതാക്കന്‍മാരെ പുറത്താക്കണം. അല്ലെങ്കില്‍ ഈജിപ്ത് ഭരണകൂടത്തിന് വിരുദ്ധമായിട്ടുള്ള എല്ലാവിധ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അവരെ നിര്‍ബന്ധിക്കണം. ലോകമുസ്‌ലിം പണ്ഡിതവേദി അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി തന്നെയാണ് അക്കൂട്ടത്തിലെ പ്രമുഖന്‍.

2) ‘അല്‍-ജസീറ’ നെറ്റ്‌വര്‍കിന്റെ ഉള്ളടക്കത്തില്‍ സമൂലമായ മാറ്റങ്ങള്‍ വേണ്ടി വരും. പ്രത്യേകിച്ചും ‘അല്‍-ജസീറ ലൈവി’ന്റെ സംപ്രേഷണത്തില്‍. പ്രസിഡന്റ് സീസിക്കും അദ്ദേഹത്തിന്റെ ഭരണത്തിനും നയങ്ങള്‍ക്കും എതിരായ മാധ്യമ ആക്രമണങ്ങള്‍ക്ക് തടയിടണം. ഈജിപ്ഷ്യന്‍ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യുമ്പോള്‍ ‘അല്‍-അറബിയ’ ചാനലിന്റെ രീതിക്ക് സമാനമായ രീതി അവലംബിക്കുകയും വേണം.

3) ഖത്തര്‍ റദ്ദാക്കിയതും ഈജിപ്ത് തിരിച്ചടച്ചതുമായ സഹായങ്ങളും അതല്ലാത്ത പുതിയ സാമ്പത്തിക സഹായങ്ങളും ഈജിപ്തിന് നല്‍കുക. സീസി തെരെഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ സൗദി ഭരണാധികാരി അബ്ദുല്ലാഹ് ബിന്‍ അബ്ദുല്‍ അസീസ് അയച്ച അനുമോദന സന്ദേശത്തില്‍ ആവശ്യപ്പെട്ടത് ഇക്കാര്യമായിരുന്നു. ഈജിപ്തിന് സഹായം നല്‍കാത്തവര്‍ ‘നമ്മില്‍ പെട്ടവരല്ല, നാം അവരിലും’ എന്നാണതില്‍ പറഞ്ഞത്. ഖത്തറിനുള്ള വ്യക്തമായ സന്ദേശമായിരുന്നു അത്. സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട മുഹമ്മദ് മുര്‍സി പ്രസിഡന്റായ സമയത്ത് ഖത്തര്‍ ഈജിപ്തിന് പത്ത് ബില്ല്യണിലധികം ഡോളര്‍ സഹായം നല്‍കിയിരുന്നു. വിരോധവും എതിര്‍പ്പും കാരണം സീസി ഭരണകൂടം അതിന്റെ വലിയൊരു പങ്ക് ഖത്തര്‍ ഖജനാവിലേക്ക് തന്നെ തിരിച്ചടച്ചു.

4) തുര്‍ക്കിയുമായും അതിന്റെ പ്രസിഡന്റ് ഉര്‍ദുഗാനുമായുമുള്ള ദ്വിരാഷ്ട്ര സഖ്യത്തില്‍ നിന്ന് ഖത്തര്‍ പൂര്‍ണമായോ ഭാഗികമായോ പിന്‍വാങ്ങുക. പ്രത്യേകിച്ചും ഈജിപ്ത്, ലിബിയ വിഷയങ്ങളില്‍. അസദ് ഭരണകൂടത്തെ താഴെയിറക്കുന്നതിനെ ചുറ്റിപ്പറ്റിയുള്ള സിറിയന്‍ വിഷയത്തില്‍ അവര്‍ ഒരുമിച്ച് നിന്നാലും വലിയ പ്രശ്‌നമില്ല. കാരണം ഈ രണ്ട് രാഷ്ട്രങ്ങളും (ഖത്തര്‍, തുര്‍ക്കി) ഈജിപ്തിലെ ബ്രദര്‍ഹുഡിനെ പിന്തുണക്കുന്നവരാണ്. ലിബിയയില്‍ ഇസ്‌ലാമിസ്റ്റുകളോടൊപ്പമാണ് അവര്‍ നിലകൊള്ളുന്നത്.

ഖത്തറിന്റെ ഈ നിലപാടു മാറ്റം ആകസ്മികമോ അല്ലെങ്കില്‍ മണിക്കൂറുകള്‍ കൊണ്ട് ഉണ്ടായതോ ആണെന്ന് നാം വിശ്വസിക്കുന്നില്ല. കഴിഞ്ഞ മാസം ഉണ്ടായ റിയാദ് ഉച്ചകോടിയില്‍ അതിന്റെ എല്ലാ വിശദാംശങ്ങളിലും യോജിപ്പിലെത്തിയതാണ്. സൗദി രാജാവിന്റെ ആഹ്വാനത്തെ തുടര്‍ന്നാണത് ചേര്‍ന്നിരുന്നത്. ദോഹ ഉച്ചകോടി എല്ലാവരുടെയും പങ്കാളിത്വത്തോടെ നടക്കുന്നതിനുള്ള അടിസ്ഥാന ഉപാധിയായിരുന്നു ഈജിപ്തില്‍ സീസിയെ പിന്തുണക്കുന്നില്‍ യോജിപ്പിലെത്തുകയെന്നത്. അതിന്റെ ഭാഗമായിട്ടാണ് സൗദിയും യു.എ.ഇയും ബഹ്‌റൈനും അംബാസഡര്‍മാരെ വീണ്ടും ദോഹയിലേക്ക് അയച്ചതും.

ദോഹ ഉച്ചകോടിക്ക് ശേഷമുള്ള അടുത്ത നടപടി എന്തായിരിക്കും? ഇനി എന്തൊക്കെയാണ് സംഭവിക്കുകയെന്ന് പ്രവചിക്കല്‍ പ്രയാസകരമാണ്. റിയാദ് ഉടമ്പടിക്ക് ശേഷം അബൂദാബിയിലെ കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി കമാണ്ടറും കടുത്ത ഖത്തര്‍ വിരോധിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് വലിയൊരു സംഘത്തോടൊപ്പം ദോഹ സന്ദര്‍ശനം നടത്തിയിരുന്നു. തങ്ങള്‍ക്കിടയിലെ വിയോജിപ്പിന്റെ ഏടുകള്‍ മടക്കി വെക്കാനുദ്ദേശിച്ചായിരുന്നു അത്. ഇതുപോലെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ഈജിപ്തുമായുള്ള വിയോജിപ്പിന്റെ ഏടുകള്‍ മടക്കി വെക്കാന്‍ ഒരു സൗഹൃദ സന്ദര്‍ശനം നടത്താനുള്ള സാധ്യതയെ നാം തള്ളിക്കളയേണ്ടതില്ല.

കഴിഞ്ഞ കാല്‍ നൂറ്റാണ്ടു കാലമായി ഖത്തറിന്റെ ഭാഗത്ത് നിന്ന് അപ്രതീക്ഷിത നിലപാടുകളാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. ദോഹ ഉച്ചകോടിയും അതിന്റെ സമാപന പ്രസ്താവനയും അത്തരത്തിലുള്ള ഒന്ന് മാത്രം. എന്നാല്‍ വിരുദ്ധ ദിശയിലായിരുന്നു എന്ന മാറ്റം മാത്രമാണ് അതിലുള്ളത്. അന്താരാഷ്ട്ര, അറബ്, ഗള്‍ഫ് ശക്തികള്‍ ഖത്തറിനെ മെരുക്കാന്‍ നടത്തിയ വളരെ ആസൂത്രിതമായ ശ്രമങ്ങള്‍ ഫലം കാണാന്‍ തുടങ്ങിയിരിക്കുന്നു. ഖത്തര്‍ ആ മെരുക്കലിന് വിധേയമായിരിക്കുകയാണ്. എന്നാല്‍ ഈ മാറ്റത്തിന്‍ ദീര്‍ഘായുസ്സ് ഉണ്ടാകുമോ? ഇതിനുള്ള ഉത്തരം കാത്തിരിക്കുന്ന ഭാവിയുടെ ഗര്‍ഭാശയത്തിലാണുള്ളത്.

മൊഴിമാറ്റം : നസീഫ്‌

Related Articles