Current Date

Search
Close this search box.
Search
Close this search box.

ബൈത്തുറഹ്മകള്‍ ഉയരുമ്പോള്‍

ആദരണീയനായ മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മക്കായി മുസ്‌ലിം ലീഗ് – കെ.എം.സി.സി പ്രവര്‍ത്തകര്‍ നിര്‍ധനര്‍ക്ക് വേണ്ടി പലയിടത്തും കാരുണ്യ ഭവനങ്ങളും കുടിവെള്ള പദ്ധതികളും നടപ്പാക്കുന്നുണ്ട്. മെഡിക്കല്‍ കോളേജുകള്‍ക്കും കാന്‍സര്‍ സെന്ററുകളുടെയും ചുറ്റുവട്ടത്ത് പ്രവര്‍ത്തിക്കുന്ന സി.എച്ച് സെന്ററുകളുമുണ്ട്. ഈ സംരഭങ്ങള്‍ മഹത്തായ ചില സന്ദേശങ്ങള്‍ പകര്‍ന്നു നല്‍കുന്നു. മുദ്രാവാക്യം, പ്രകടനം, സമ്മേളനം, സമരം, ഭരണം തുടങ്ങിയ രാഷ്ട്രീയ പാര്‍ടികളുടെ പതിവ് പരിപാടികള്‍ക്കപ്പുറം പ്രാഥമികമായ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുന്ന ശ്ലാഘനീയ സംരഭങ്ങള്‍ അപൂര്‍വമാതൃകയാണ്.

ഈ സംരംഭങ്ങള്‍ക്ക സംഭാവനകള്‍ നല്‍കുന്നവരില്‍ ഏറിയ കൂറും മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കുന്ന ഇടത്തരക്കാരും സാധാരണക്കാരുമാണ്. മതമോ ജാതിയോ നോക്കാതെ ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കുന്നു എന്നതാണ് ഏറെ ശ്രദ്ധേയമായ വസ്തുത. ‘ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക, ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും.’ എന്ന പ്രവാചക കല്‍പനയുടെ ചൈതന്യം ഉള്‍ക്കൊള്ളുന്ന നയമാണിത്. ജീവിതകാലത്ത് ആശ്വാസം തേടിയെത്തുന്ന ആയിരങ്ങള്‍ക്ക് തണലായിരുന്ന ശിഹാബ് തങ്ങളും, താജ്മഹല്‍ പോലെ മനോഹരവും ചെങ്കോട്ട പോലെ ശക്തവും കുത്തബ് മീനാര്‍ പോലെ സമുന്നതമായ സാംസ്‌കാരിക പാരമ്പര്യത്തെ കുറിച്ച് സമുദായത്തെ ഉണര്‍ത്തിയ സി.എച്ചും മനുഷ്യര്‍ക്ക് ഉപകാരപ്രദമായ സേവനങ്ങള്‍ വഴി അനുസ്മരിക്കപ്പെടുന്നു എന്നതും സമുചിതമാണ്.

അനേകം നൂറ്റാണ്ടുകളായി ആരാധനാലയങ്ങളും ആതുരശുശ്രൂഷാ കേന്ദ്രങ്ങളും വിദ്യാലയങ്ങളും പണിയാന്‍ വേണ്ടി കോടിക്കണക്കിന് സംഖ്യയും വിശാലമായ ഭൂപ്രദേശങ്ങളും നീക്കിവെക്കുന്ന വഖഫ് സമ്പ്രദായവും ലോകത്തിന് സുപരിചിതമാണ്. ഗള്‍ഫ് കുടിയേറ്റത്തിന് മുമ്പ് കേരളക്കരയിലെ സമ്പന്നര്‍ ഇങ്ങിനെ നീക്കിവെച്ച സ്വത്തില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് അനാഥാലയങ്ങളും മതധര്‍മ സ്ഥാപനങ്ങളും പണിതുപോന്നിരുന്നത്.

ചികിത്സക്കും പഠനം, പാര്‍പ്പിടം ഉള്‍പ്പടയുള്ള പ്രാഥമികാവശ്യങ്ങളും നിറവേറ്റി കൊടുക്കുന്നതില്‍ നിന്നും ഭരണകൂടങ്ങള്‍ പോലും പിന്‍മാറുമ്പോള്‍ മതത്തിന്റെ ചൈതന്യം ഉള്‍ക്കൊണ്ട് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ പണിയുന്ന കാരുണ്യ കേന്ദ്രങ്ങള്‍ വിളക്ക് മാടങ്ങള്‍ പോലെ ശോഭിക്കും.

Related Articles