Current Date

Search
Close this search box.
Search
Close this search box.

ബീഫ് വിരുദ്ധ മനശാസ്ത്രത്തെ മോദി പ്രചരിപ്പിച്ചതെങ്ങനെ?

ദാദ്രി കൊലപാതകത്തെ രാഷ്ട്രീയനേട്ടങ്ങള്‍ക്ക് തീകൂട്ടാനായി വിറകുകൊള്ളിയാക്കുകയാണ് ബിജെപി നേതാക്കളും മോദി സര്‍ക്കാരിലെ അംഗങ്ങളും. അഖ്‌ലാഖിനെ കൊന്നതിന് പിന്നാലെ, പശുവിനെ അറുത്തതിന് അഖ്‌ലാഖിന്റെ കുടുംബത്തെ അറസ്റ്റ് ചെയ്യണമെന്നാണ് ബിജെപി ഉത്തര്‍പ്രദേശ് പശ്ചിമഘടകത്തിന്റെ വൈസ് പ്രസിഡന്റ് ആവശ്യപ്പെട്ടത്. മുസഫര്‍നഗര്‍ വംശീയാക്രമണത്തില്‍ മുഖ്യപങ്ക് വഹിച്ച ബിജെപിയുടെ എംഎല്‍എ സംഗീത് സോം അഖ്‌ലാഖിന്റെ കൊലപാതകത്തിന്റെ പേരില്‍ ‘നിരപരാധികള്‍’ക്കെതിരെ നടപടിയെടുത്താല്‍ തക്കതായ മറുപടി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി. മോദി മന്ത്രിസഭയിലെ സാംസ്‌കാരികമന്ത്രി മഹേഷ് ശര്‍മ കൊലപാതകം ഒരു അബദ്ധമായിരുന്നെന്നാണ് വിശദീകരിച്ചത്. കൂടാതെ, അഖ്‌ലാഖിനെ കൊല്ലുകയും മകളെ ഉപദ്രവിക്കാതെ വിടുകയും ചെയ്തതിന് അക്രമികള്‍ക്ക് സ്തുതി പറയണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

ഇങ്ങനെയൊക്കെയായിട്ടും സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ആരാധകരിലാരും മോദിയെ കുറ്റപ്പെടുത്തിയില്ല. ഉദാഹരണം, പ്രമുഖ സോഷ്യല്‍ മീഡിയ കമന്റേറ്ററായ തല്‍വീന്‍ സിങ്ങ് തന്നെ. വിവേകമില്ലാത്ത മന്ത്രിമാരെയും പാര്‍ട്ടി അംഗങ്ങളെയും നിലക്കുനിര്‍ത്താന്‍ പ്രധാനമന്ത്രിക്കായില്ലെന്നു മാത്രമായിരുന്നു തല്‍വീര്‍ സിങിന്റെ കമന്റ്.

ഗോരക്ഷാ രാഷ്ട്രീയവും മോദി ചരിത്രവും
തന്റെ കൂട്ടാളികളെ നിലക്കുനിര്‍ത്താന്‍ മോദിക്കായിട്ടില്ലെന്നു മാത്രമല്ല, കുറച്ചുനാളുകള്‍ മുമ്പ് വരെ സാമൂഹികാന്തരീക്ഷം കലുഷിതമാക്കുന്നതില്‍ വളരെ ആവേശപൂര്‍വം അവരോടൊപ്പം ഉണ്ടായിരുന്നയാളാണ് അദ്ദേഹം. ഗോവധത്തെ കുറിച്ചുള്ള മോദിയുടെ കാഴ്ചപാട് പരിശോധിച്ചാല്‍ അദ്ദേഹത്തിന്റെ മന്ത്രിമാരുടെ പ്രസ്താവനയെകുറിച്ചും മോദിയുടെ തന്നെ ഭീകരമായ മൗനത്തെ സംബന്ധിച്ചും രണ്ടാമതൊന്നു ആലോചിക്കേണ്ടതില്ല. പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്നതിനുമുമ്പ്, വിഷയത്തെ സംബന്ധിച്ച് മോദി ഒരുപാട് പറഞ്ഞിട്ടുണ്ട്, അതെല്ലാം രേഖപ്പെടുത്തപ്പെട്ടിട്ടുമുണ്ട്.

ബിജെപി എക്കാലത്തും കോണ്‍ഗ്രസിനു നേര്‍ക്ക് ഉന്നയിക്കുന്ന ന്യൂനപക്ഷ പ്രീണന നയത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് പിങ്ക് റെവല്യൂഷനെ പ്രോത്സാഹിപ്പിക്കുന്നെന്നും, അത് കൂടുതല്‍ പശുക്കളെ കൊല്ലാനും അതിലൂടെ പണമുണ്ടാക്കാനുമാണ് സഹായിക്കുന്നു എന്നൊക്കെയായിരുന്ന 2014 ലെ പൊതുതെരഞ്ഞെടുപ്പിലെ പ്രധാനവിഷയം.

പിങ്ക് റെവല്യൂഷന്‍
ബിഹാറിലെ നവാഡയില്‍ ഏപ്രില്‍ 2ന് മോദി നടത്തിയ പ്രസംഗത്തിന്റെ വിവര്‍ത്തനം:
ദ്വാരക പട്ടണത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. ദ്വാരക യാദവരെ സംബന്ധിച്ചേടത്തോളം നേര്‍ക്കുനേരെ ബന്ധമുള്ള സ്ഥലമാണ്. ഈ ബന്ധം കാരണം എനിക്കവിടം വീടുപോലെ തന്നെ തോന്നി. എന്നാല്‍, ശ്രീകൃഷ്ണനെ ആരാധിക്കുകയും, പശുവിനെ വളര്‍ത്തുമൃഗമായി കാണുകയും ചെയ്യുന്ന അതേ യാദവരുടെ നേതാക്കളാണ് അഭിമാനത്തോടെ മൃഗങ്ങളെ കൊല്ലുന്നവര്‍ക്കൊപ്പം കിടക്കപങ്കിടുന്നതെന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തുന്നു.

ഹരിത വിപ്ലവത്തെ കുറിച്ചും, വൈറ്റ് റെവല്യൂഷനെ കുറിച്ചും നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ ദല്‍ഹി സര്‍ക്കാരിന് രണ്ടും വേണ്ട. അവര്‍ പിങ്ക് റെവല്യൂഷന് കോപ്പുകൂട്ടുകയാണ്. എന്താണ് അതെന്ന് നിങ്ങള്‍ക്കറിയാമോ? (ജനക്കൂട്ടത്തിന് നേര്‍ക്ക് കൈചൂണ്ടുന്നു). അത് അവരുടെ കളിയാണ്. അവര്‍ രാജ്യത്തെ ഇരുട്ടില്‍ നിറുത്തുകയാണ്. മുലായംസിംഗ് യാദവിനോടും ലാലുപ്രസാദ് യാദവിനോടും എനിക്ക് ചോദിക്കാനുള്ളത് ഇതാണ്, പിങ്ക് റെവല്യൂഷന്‍ കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നവരെയാണോ നിങ്ങള്‍ക്ക് പിന്തുണക്കേണ്ടത്?

ഒരു കാലിയെ നിങ്ങള്‍ അറുക്കുമ്പോള്‍, അതിന്റെ മാംസത്തിന്റെ നിറം പിങ്ക് ആയിരിക്കും. ഇതിനെയാണവര്‍ പിങ്ക് റെവല്യൂഷന്‍ എന്നു വിളിക്കുന്നത്. മാംസം കയറ്റുമതി ചെയ്താണ് കഴിഞ്ഞവര്‍ഷങ്ങളില്‍ കൂടുതല്‍ വരുമാനം നേടിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിമാനത്തോടെ പറയുന്നു. രാജ്യത്തുടനീളം നമ്മുടെ കാലികള്‍ അറുക്കപ്പെടുകയാണ്. നമ്മുടെ ഗ്രാമങ്ങളില്‍ നിന്നും കാലികളെ മോഷ്ടിച്ച് ബംഗ്ലാദേശിലേക്ക് കടത്തുകയാണ്. ഇന്ത്യയിലും ഒരുപാട് വന്‍കിട അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നുമാത്രമല്ല, കാലികളെ വളര്‍ത്തുന്നവര്‍ക്ക് സബ്‌സിഡി നല്‍കാത്ത കേന്ദ്രസര്‍ക്കാര്‍, പശുവിനെ അറുക്കുന്നവര്‍ക്കും, കാലികളെ അറുക്കുന്നവര്‍ക്കും, നമ്മുടെ പാല്‍നദികളെ നശിപ്പിക്കുന്നവര്‍ക്കും സബ്‌സിഡി നല്‍കുന്നു.

പിറ്റേന്ന് മോദി പറന്നത് ഗാസിയാബാദിലേക്കാണ്. അവിടെയും അദ്ദേഹം അതേ പ്രസംഗമാണ് നടത്തിയത്. പശുവിനെ കൊല്ലാന്‍ ഗൂഢാലോചന നടക്കുന്നു എന്നായിരുന്നു അവരുടെ വാദം. ദാദ്രിയില്‍ നിന്നും 20 കിലോമീറ്റര്‍ മാത്രം അകലത്താണ് ഗാസിയാബാദ് കിടക്കുന്നത്.

പഴയൊരു കാമ്പയിന്‍
2014ലെ കാമ്പയിനിലുടനീളം ഈ വിഷയം പലവുരു ആവര്‍ത്തിക്കപ്പെട്ടു. എന്നാല്‍ ഈ രാഷ്ട്രീയത്തിന്റെ ഉത്ഭവം തീര്‍ച്ചയായും കുറേക്കൂടി പഴയതാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴേ ഗോവധ പ്രശ്‌നമുയര്‍ത്തി മതവികാരം ഇളക്കുമായിരുന്നു അദ്ദേഹം.

2012ല്‍ ജൈനമത വിശ്വാസികളായ അന്താരാഷ്ട്ര വ്യാപാര സംഘടനയുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് നരേന്ദ്രമോദി പറഞ്ഞതിതാണ്:
‘ഇന്ത്യയില്‍ പിങ്ക് റെവല്യൂഷന്‍ കൊണ്ടുവരുമെന്നും ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും മാംസം കയറ്റി അയക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സ്വപ്‌നം കാണുന്നതും അവകാശപ്പെടുന്നതും. ഈ വര്‍ഷം തന്നെ, ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ മാംസകയറ്റുമതി രാഷ്ട്രമായി പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇങ്ങനെയാണോ നമ്മള്‍ അഭിമാനം കൊള്ളേണ്ടത്? സഹോദരന്മാരെ, സഹോദരിമാരെ, ഇത് നിങ്ങളെ വേദനിപ്പിക്കുന്നുണ്ടോ എന്നറിയില്ല. പക്ഷെ, എന്റെ ഹൃദയം ഇതിനെതിരെ അലമുറയിടുന്നു. ഇതിനെതിരെ നിങ്ങളെങ്ങിനെ മിണ്ടാതിരിക്കുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല.’

അതേവര്‍ഷം മഹാറാണപ്രതാപിന്റെ ജന്മവാര്‍ഷികത്തില്‍ നടത്തിയ പ്രസംഗം കുറേകൂടി വൈകാരികമായിരുന്നു.
‘റാണാ പ്രതാപ് തന്റെ ജീവിതം സമര്‍പ്പിച്ചത് ഗോരക്ഷക്കുവേണ്ടിയായിരുന്നു. പശുവിനെ സംരക്ഷിക്കാന്‍ യുവാക്കളെ ബലി നല്‍കി, യുദ്ധം ചെയ്തു. എന്നാലിന്ന് സംഭവിക്കുന്നത്തൊണ്? ദേശീയ ഗോസംരക്ഷണ നിയമം കൊണ്ടുവരണമെന്ന് സുപ്രീംകോടതി പോലും പറഞ്ഞിരിക്കുകയാണ്. എന്നാല്‍ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ അത്തരമൊരു നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ വിസമ്മതിക്കുകയാണ്. സഹോദരന്മാരെ, സഹോദരികളെ, അഭിമാനത്തോടെയാണ് ഞാനിന്ന് മഹാറാണാ പ്രതാപിനെ ഓര്‍ക്കുന്നത്. കാരണം, എന്റെ സര്‍ക്കാര്‍ അത്തരമൊരു നിയമം കൊണ്ടുവന്നിരിക്കുന്നു

ഹരിതവിപ്ലവമെന്നും വൈറ്റ് റെവ്‌ല്യൂഷനെന്നുമൊക്കെ കേന്ദ്രസര്‍ക്കാര്‍ എന്തിനാണിതെല്ലാമെന്ന് അറിയാമോ? ഇന്റര്‍നെറ്റ് നോക്കൂ, അതേകുറിച്ച് വായിക്കൂ. പിങ്ക് റവല്യൂഷന്‍ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കാശുണ്ടാക്കാന്‍ ഗോമാതാവിനെ കൊല്ലാനുള്ള പദ്ധതികളുണ്ടാക്കികൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സമയത്താണ് നാം റാണാപ്രതാപിനെ അനുസ്മരിക്കുന്നത്.’

ഗോവധത്തിനെതിരെ യുദ്ധം ചെയ്യുന്നതും യുവാക്കളെ ബലിനല്‍കുന്നും മാതൃകയാക്കേണ്ടതാണെന്നാണ് നരേന്ദ്ര മോദി കരുതുന്നത്. കൂറ്റന്‍ ഇലക്ഷന്‍ കാമ്പയിനുകളില്‍ പ്രധാന പ്രതിപാദ്യം പിങ്ക് റെവല്യൂഷനായിരുന്നു. ഇപ്പോള്‍ മോദി മൗനം പാലിക്കുന്നുവെങ്കിലും അദ്ദേഹം 16 മാസങ്ങള്‍ മുമ്പ് പറഞ്ഞതുതന്നെയാണ് ഇേേപ്പാള്‍ പാര്‍ട്ടി പറയുന്നത്. പ്രതാപ് ബാനു മേത്ത പറഞ്ഞതു പോലെ, ‘മോദിക്ക് യാതൊരു സംശയവും വേണ്ട, ഇപ്പോള്‍ പ്രചരിക്കുന്ന വര്‍ഗീയവിഷങ്ങള്‍ക്ക് ഉത്തരവാദി അദ്ദേഹം തന്നെയാണ്.’

വിവ: മുഹമ്മദ് അനീസ്
കടപ്പാട്: scroll.in

Related Articles