Current Date

Search
Close this search box.
Search
Close this search box.

ബിന്‍ ലാദന്‍ വധം ; അമേരിക്ക എന്തൊക്കെയോ കുഴിച്ചുമൂടാന്‍ ആഗ്രഹിക്കുന്നു

സുപ്രധാന ചരിത്രസംഭവങ്ങളെല്ലാം രേഖപ്പെടുത്തുന്നതിലും അവ തങ്ങളുടെ ആര്‍ക്കൈവുകളില്‍ സൂക്ഷിക്കുന്നതിലും മിക്ക പാശ്ചാത്യ രാഷ്ട്രങ്ങളെയും പോലെ അമേരിക്കന്‍ സുരക്ഷാ വിഭാഗവും ശ്രദ്ധവെക്കുന്നവരാണെന്നത് സുപരിചിതമായ കാര്യമാണ്. വൈജ്ഞാനിക സ്വാതന്ത്ര്യത്തിന്റെ ഭാഗമായി അവയുടെ വിശദാംശങ്ങള്‍ ഗവേഷകര്‍ക്ക് ലഭ്യമാക്കുകയും ചെയ്യാറുണ്ട്. 2011 മെയ് മാസത്തില്‍ പാകിസ്താനിലെ അബോത്തബാദിലെ വീട്ടില്‍ വെച്ച് കൊല്ലപ്പെട്ട അല്‍-ഖാഇദ തലവന്‍ ബിന്‍ലാദന്റെ കാര്യത്തില്‍ നമുക്കിത് കാണാന്‍ കഴിയുന്നില്ല.

അദ്ദേഹത്തിന്റെയോ ഒപ്പം കൊല്ലപ്പെട്ടവരുടെയോ മൃതദേഹത്തിന്റെ ഒരു ഫോട്ടോ പോലും നമുക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. ആക്രമണമുണ്ടായ ആ രാത്രിയില്‍ എന്താണ് സംഭവിച്ചതെന്ന് വിവരിക്കാന്‍ പോലും അദ്ദേഹത്തിന്റെ മക്കളെയോ ഭാര്യമാരെയോ അനുവദിച്ചില്ല. ആക്രമണം നടത്തിയ പ്രത്യേക സേന അവരെ അവിടെ നിന്നും നീക്കി. വിവിധ കാരണങ്ങള്‍ ഉന്നയിച്ച് അവരെ അറസ്റ്റ് ചെയ്ത് ഏതാനും മാസങ്ങള്‍ പാകിസ്താനില്‍ തന്നെ താമസിപ്പിച്ചു. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചു, രേഖകളില്ലാതെ താമസിച്ചു തുടങ്ങിയ കുറ്റങ്ങളായുന്നു അവര്‍ക്കെതിരെ ചുമത്തിയിരുന്നത്. പിന്നീട് പാകിസ്താന്‍ വിടാന്‍ അനുവാദം ലഭിച്ചപ്പോള്‍ അവരെ സഊദിയിലേക്ക് കൊണ്ടുപോവുകയാണ് ചെയ്തത്. ഇപ്പോള്‍ ജിദ്ദയിലാണ് അവര്‍ താമസിക്കുന്നതെങ്കിലും മാധ്യമങ്ങളുമായി സംസാരിക്കുന്നതില്‍ നിന്നും അവരെ വിലക്കിയിരിക്കുകയാണ്.

രണ്ട് വര്‍ഷം മുമ്പ് ഒരു ലണ്ടന്‍ നഗരത്തില്‍ വെച്ച് വെച്ച് ചുറുചുറുക്കുള്ള ഒരു യുവാവിനെ കണ്ടുമുട്ടി. ഉസാമ ബിന്‍ ലാദന്റെ മകന്‍ അബ്ദുല്ലയാണെന്ന് സ്വയം പരിചയപ്പെടുത്തി അത് ബോധ്യപ്പെടുത്താന്‍ ഐഡന്റിറ്റി കാര്‍ഡും കാണിച്ചു തന്നു. അങ്ങേയറ്റത്തെ മാന്യതയും അന്തസ്സും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. ആകസ്മികമായ ഈ കണ്ടുമുട്ടല്‍ എന്നെ വളരെയധികം സന്തോഷിപ്പിച്ചു. കാരണം അദ്ദേഹത്തെയും കുടുംബത്തെയും കുറിച്ച് എനിക്ക് കൂടുതല്‍ അറിയാമല്ലോ. അദ്ദേഹത്തിന്റെ വിവരണ പ്രകാരം ബിന്‍ലാദന്റെ മൂത്ത പുത്രനാണവന്‍. പാകിസ്താനില്‍ നിര്‍ബന്ധിച്ച് താമസിപ്പിച്ചപ്പോഴും പിന്നീട് ജിദ്ദയിലേക്കുള്ള യാത്രയിലുമെല്ലാം അവന്റെ സംരക്ഷണത്തിലായിരുന്നു ബിന്‍ ലാദന്‍ കുടുംബം.

അബോത്താബാദില്‍ സംഭവിച്ചതിനെയും ബിന്‍ലാദന്റെ കൊലപാതകത്തെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഞാന്‍ ശ്രമിച്ചു. തന്റെ സഹോദരങ്ങളെക്കാളും പിതാവിന്റെ ഭാര്യമാരേക്കാളും കൂടുതല്‍ അതിനെ കുറിച്ച് അറിയുന്നത് അദ്ദേഹത്തിന് തന്നെയായിരിക്കണം. എന്നാല്‍ വളരെ മാന്യമായി ക്ഷമാപണം നടത്തുകയാണദ്ദേഹം ചെയ്തത്. അദ്ദേഹത്തിന്റെ മുഖത്ത് വിടര്‍ന്ന ഒരു പുഞ്ചിരി കൊണ്ട് എനിക്ക് തൃപ്തിയടയേണ്ടി വന്നു. ധാരാളം അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആ ചിരിയുടെ ചുരുക്കം ഞാന്‍ അവയെ കുറിച്ചൊന്നും സംസാരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു. കൂടുതല്‍ കുഴപ്പങ്ങളും പ്രശ്‌നങ്ങളും ഒഴിവാക്കാനായിരിക്കാം അത്. അല്‍-ഖാഇദയെ കുറിച്ച് ഞാനെഴുതുന്ന പുസ്തകത്തിന് വിവരം ശേഖരിക്കുന്നതിന്റെ ഭാഗമായി ബിന്‍ലാദന്റെ മറ്റ് മക്കളുമായി ബന്ധപ്പെട്ടപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ.

അമേരിക്ക സദ്ദാം ഹുസൈനെ വധിച്ചപ്പോള്‍ അതിന്റെ വീഡിയോ അവര്‍ നമുക്ക് തന്നിരുന്നു. അദ്ദേഹത്തിന്റെ രണ്ട് മക്കളായ അദിയിന്റെയും ഖുസ്സയിന്റെയും കാര്യത്തിലും ഇതുണ്ടായി. എന്നാല്‍ വീട് ആക്രമിക്കുന്നതിന്റെയോ സി.ഐ.എയുടെ മുന്‍ ഡയറക്ടറും മുന്‍ പ്രതിരോധ സെക്രട്ടറിയുമായ ലിയോണ്‍ പനേറ്റയുടെ ‘ഫൈറ്റ്‌സ്; എ മെമ്മയര്‍ ഓഫ് ലീഡര്‍ഷിപ്പ് ഇന്‍ വാര്‍ ആന്റ് പീസ്’ പുസ്തകം വ്യക്തമാക്കുന്നത് പോലെ ഇസ്‌ലാമിക ആചാര പ്രകാരം കടലില്‍ സംസ്‌കരിക്കുന്നതിന്റെയോ ഒറ്റ ചിത്രം പോലും അമേരിക്ക ലോകത്തെ കാണിച്ചിട്ടില്ല. ആഴത്തിലെത്തുന്നത് ഉറപ്പാക്കാന്‍ 136 കിലോഗ്രാഹം ഇരുമ്പു ചങ്ങല ചുറ്റിയാണ് മൃതദേഹം കടലില്‍ താഴ്ത്തിയതെന്ന് പെനേറ്റ വെളിപ്പെടുത്തുന്നു.

അറബികളും മുസ്‌ലിംകളുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ഒരു തരിമ്പ് പോലും വാര്‍ത്തയാക്കുന്ന പാശ്ചാത്യ മാധ്യമങ്ങള്‍ നാല് വര്‍ഷത്തിലേറെ ഇതില്‍ മൗനം അവലംബിച്ചത് നമ്മെ അത്ഭുതപ്പെടുത്തുന്നുണ്ട്. അബോത്താബാദില്‍ എന്താണ് സംഭവിച്ചതെന്ന് ആരും വിവരിച്ചില്ല. ബിന്‍ ലാദനെ വധിക്കുകയും സമുദ്രത്തില്‍ സംസ്‌കരിക്കുകയും ചെയ്‌തെന്ന ഒബാമ ഭരണകൂടത്തിന്റെ വാദം തെളിയിക്കാന്‍ ആരും സമ്മര്‍ദം ചെലുത്തുകയും ചെയ്തില്ല.

തങ്ങള്‍ വഷളാക്കപ്പെടാതിരിക്കാനുള്ള ഒട്ടേറെ കളവുകള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും അമേരിക്കയുടെ ഔദ്യോഗിക റിപോര്‍ട്ടെന്നത് ഉറപ്പാണ്. ബ്രിട്ടീഷ് ചാനലായ ബി.ബി.സിയുടെ ഒരു പരിപാടിയില്‍ പങ്കെടുത്ത കാര്യം ഈ സന്ദര്‍ഭത്തില്‍ ഞാന്‍ ഓര്‍ക്കുകയാണ്. ഒരു പ്രമുഖ ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകനായിരുന്നു എന്റെ ‘എതിരാളി’. പ്രസ്തുത റിപോര്‍ട്ടിന്റെ ആധികാരികതയില്‍ ഞാന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ എല്ലാ അറബ് -മുസ്‌ലിം മാധ്യമ പ്രവര്‍ത്തകരെയും പോലെ താങ്കളും ഗൂഢാലോചനാ സിദ്ധാന്തം ബാധിച്ചവനാണെന്ന ആരോപണം എനിക്കെതിരെ ഉന്നയിക്കുകയാണദ്ദേഹം ചെയ്തത്. എന്നിട്ട് അമേരിക്കന്‍ പ്രസിഡന്റ് കളവ് പറയില്ലെന്നും അദ്ദേഹം വാദിച്ചു.

ഇറാഖിലെ വിനാശകാരികളായ ആയുധങ്ങളെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജൂനിയല്‍ ബുഷും ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറും കളവ് പറഞ്ഞിട്ടില്ലേ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. മോണിക്കാ ലെവിന്‍സ്‌കിയുമായുള്ള ബന്ധത്തെ കുറിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ ക്യാമറകള്‍ക്ക് മുന്നില്‍ കളവ് പറഞ്ഞിട്ടില്ലേ എന്നും ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു.

ബിന്‍ ലാദനെ വകവരുത്തിയതിന്റെയും, അതിലേറെ നിഗൂഢമായി മൃതദേഹം സംസ്‌കരിച്ചതിന്റെ വിശദാംശങ്ങള്‍ അറിയാന്‍ നമുക്കവകാശമുണ്ട്. പ്രത്യേകിച്ചും ഭീകരതയെ കുറിച്ച് ഏറെ സംസാരിക്കുന്ന ഇക്കാലത്ത്. ഇറാഖിലെയും സിറിയയിലെ ഭീകരരെ വകവരുത്തി ഭീകരസംഘങ്ങളെ തുടച്ചു നീക്കാന്‍ അമേരിക്ക വിമാനങ്ങള്‍ അയക്കുന്ന ഇക്കാലത്ത് അതിന് ഏറെ പ്രസക്തിയുണ്ട്. ധാര്‍മിക മൂല്യങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും സംരക്ഷകരായി അവര്‍ തുടരുന്ന കാലത്തോളം അത് ആവശ്യമാണ്.

പനേറ്റയുടെ പുസ്തകം അങ്ങേയറ്റം നിരാശാജനകമാണ്. പ്രത്യേകിച്ചും ഈ സംഭവവുമായി ബന്ധപ്പെട്ട അതിലെ വരികള്‍. നമ്മെ തെറ്റിധരിപ്പിക്കുന്ന കളവ് പരമ്പരയുടെ ഭാഗമാണത്. അറബ് നാടുകളില്‍ സൈനിക ഇടപെടല്‍ നടത്തി അവയെ കൂട്ട ശ്മശാനങ്ങളും അരാജകത്വം വ്യാപകമായ പരാജിത രാഷ്ട്രങ്ങളുമാക്കി മാറ്റുന്നതനുള്ള നുണകളുടെ ഭാഗം.

വിവ : നസീഫ്‌

Related Articles