Current Date

Search
Close this search box.
Search
Close this search box.

ബിഗ് സല്യൂട്ട്

ജീവിതം ഒരു യാത്രയാണ്. ഈ യാത്രക്കിടയിലെ ഓരോ ഇടത്താവളങ്ങളും അവന്റെ പ്രതീക്ഷകളാണ്. ഒരു തുരുത്തില്‍ നിന്നും മറ്റൊരു തുരുത്തിലേയ്ക്കുള്ള  യാത്രാഭിലാഷമാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്.

സാദിഖ് എന്ന 10 വയസ്സുകാരന്‍ ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ ആയ വാര്‍ത്ത കണ്ണീരണിയാതെ വായിക്കാനാകില്ല. ലക്ഷ്യത്തിലെത്തും മുമ്പേ യാത്രയ്ക്ക് വിരാമം കുറിക്കാന്‍ സാധ്യതയുള്ള കൊച്ചു മിടുക്കന്റെ അഭിലാഷം പൂവണിയിക്കാന്‍ ഒരു സംഘം നടത്തിയ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനത്തെ  പ്രാര്‍ഥനാ പൂര്‍വം പങ്കിടുകയാണ് (Mary Lilly) മേരി ലില്ലി.

കഴിഞ്ഞ വര്‍ഷം ഒരു തെലുങ്ക് സിനിമ കണ്ടിരുന്നു. നിത്യാ മേനോന്‍, ഈച്ച ഫെയിം നാനി, രോഹിണി, ആശിഷ് വിദ്യാര്‍ഥി തുടങ്ങിയവര്‍ അഭിനയിച്ച ഒരു ചിത്രം. അതില്‍ നിത്യാ മേനോന്‍ പ്രതിനിധാനം ചെയ്യുന്ന ഒരു സംഘടനയുടെ സഹായത്തോടെ ഇതേപോലെ പത്തു വയസ്സുള്ള കാന്‍സര്‍ ബാധിച്ച ഒരു കുട്ടിയെ ഒരു ദിവസത്തേക്ക് ഹൈദരാബാദ് പോലിസ് കമ്മീഷണറായി നിയമിക്കുന്ന ഒരു സീന്‍ ഉണ്ട്. നായകന്‍ നാനി ചോദിക്കുന്നുണ്ട് ഇവന് പോലീസ് കമ്മിഷണര്‍ എന്ന് തെറ്റ് കൂടാതെ എഴുതാന്‍ കഴിയുമോയെന്ന്.

ആ രംഗത്ത് മാധ്യമപ്രതിനിധികളോട് നായിക നിത്യാ മേനോന്‍ പറയുന്നുണ്ട് നിങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഒരിക്കലും അവന്‍ ഒരു കാന്‍സര്‍ രോഗിയാണെന്ന് പറയരുതെന്ന്. മരിക്കാന്‍ പോകുന്ന ഒരുവനാണ് താനെന്നറിഞ്ഞാല്‍ അവനത് ഒരിക്കലും താങ്ങാന്‍ കഴിയില്ലെന്ന്. സിനിമ കണ്ട് ഒരു വര്‍ഷത്തിനു ശേഷം അതേ ഹൈദരാബാദ്, അതേ പോലെ കാന്‍സര്‍ ബാധിച്ച ഒരു പത്തു വയസ്സുകാരന്‍ കുട്ടി കമ്മീഷണര്‍. ഏതോ ഒരു തിരക്കഥാകൃത്തിന്റെ ഭാവന അതേപോലെ തന്നെ ജീവിതത്തിലും. ആ സിനിമ മലയാളത്തിലും അങ്ങനെ തുടങ്ങി എന്ന പേരിലുണ്ട്. സാദിഖ് എന്ന പത്തുവയസ്സുകാരന് വേണ്ടി പ്രാര്‍ത്ഥിക്കുക മാത്രം ചെയ്യാനേ ഇപ്പോള്‍ കഴിയൂ. ഈ വാര്‍ത്തയും ഫോട്ടോയും അത്രമേല്‍ മനസ്സിനെ വേദനിപ്പിക്കുന്നുണ്ട്.

…………

ഭരണത്തിന്റെ മോഡി കൂട്ടുന്നതിന്റെ ഭാഗമായി കാവി വിപ്ലവ മുദ്രാവാക്യവുമായി ഒരുമ്പെട്ടിറങ്ങിയ പ്രധാനമന്ത്രിയുടെ പുതിയ വാര്‍ത്താതരംഗം മീഡിയകളില്‍ യഥേഷ്ടം പമ്പരം മൂളുകയാണ്. ബഹുസ്വരതയുടെ കേളികേട്ട രാജ്യം ബഹുവര്‍ണ്ണങ്ങളില്‍ നിന്നും ബഹുദൂരം ഓടിയകലുന്ന കാഴ്ച ഹൃദയ ഭേദകം തന്നെ. ദേശീയ പതാകയില്‍ കുങ്കുമ വര്‍ണ്ണമുണ്ട്. എന്നാല്‍ കുങ്കുമ നിറത്തില്‍ ദേശീയ പതാകയില്ല. ദേശീയ പതാകയിലെ നിറ ഭേദങ്ങളുടെ പ്രതിനിധാനത്തെ കുറിച്ചും മുന്‍ കഴിഞ്ഞ ഭരണ തന്ത്രജ്ഞരുടെ വിപ്‌ളവ സാഫല്യങ്ങളെക്കുറിച്ചം? ഓര്‍മ്മപ്പെടുത്തുന്ന രാജു സുരേന്ദ്രന്റെ (Raju Surendran Edakkattu) പോസ്റ്റില്‍ നിന്നും പ്രസക്തമായ ഭാഗം മാത്രം ഇവിടെ പങ്കുവയ്ക്കുന്നു.

രാജ്യത്ത് കാവിവിപ്ലവം കൊണ്ടുവരും അതാണു തന്റെ ലക്ഷ്യമെന്ന് ആരാധ്യനായ പ്രധാനമന്ത്രി മോദിജി. ദേശീയപതാകയിലെ കുങ്കുമവര്‍ണ്ണമെന്നാല്‍ ത്യാഗത്തിന്റേയും നിക്ഷ്പക്ഷതയുടേയും പ്രതീകമാണ്. ധര്‍മ്മത്തിന്റെ പ്രതീകമായ അശോകചക്രം ആലേഖനം ചെയ്തിരിയ്ക്കുന്ന വെള്ള നിറം സമാധാനത്തെയും ശാന്തിയേയും പ്രതിഫലിപ്പിയ്ക്കുന്നുവെങ്കില്‍ പച്ച നിറം മനുഷ്യന്റെ നിത്യജിവിതത്തിനു അത്യന്താപേക്ഷിതമായ ഹരിതപ്രക്യതിയെ അനുസ്മരിപ്പിയ്ക്കുന്നു… ഒരോ ഭാരതീയനും ആത്മാവില്‍ കൊണ്ടുനടക്കുന്ന ഈ പതാകയിലെ ഒരോ നിറവും അതിന്റെ സൂചകങ്ങളും നമ്മൂടെ നെഞ്ചോടൊട്ടിചേര്‍ന്നതുമാണ്. അതില്‍ നിന്നും ഒരു നിറം (കുങ്കുമം) മാത്രം അടര്‍ത്തിയെടുത്ത് കാവി വിപ്ലവം സൃഷ്ടിയ്ക്കുകയെന്നത് നാനാത്വത്തില്‍ ഏകത്വം വിഭാവനചെയ്യുന്ന ഭാരതത്തിലെ ജനങ്ങള്‍ക്ക് ഒരുതരത്തിലും സ്വീകാര്യമാവണമെന്നില്ല.

………………

മനുഷ്യന്‍ ഒരുപാട് പുരോഗമിച്ചു എന്നതൊക്കെ ശരിയായിരിക്കാം. ജീവിത സൌകര്യങ്ങളും അതിലുപരി അത്യന്താധുനിക സാങ്കേതിക വിദ്യകളുടെ ക്രമാതീതമായ വളര്‍ച്ചയും മനുഷ്യനെ ഒരു വേള വലിയ അഹങ്കാരിയാക്കിയിരിക്കുന്നു. ദരിദ്രനും ധനാഢ്യനും തമ്മിലുള്ള ദൂരം അളക്കാനാവുന്നതിലും അപ്പുറമായിക്കൊണ്ടിരിക്കുന്നു. ദുര്‍ബലരായ ജനവിഭാഗങ്ങളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. ഈ ദുരവസ്ഥയോടുള്ള പ്രതിഷേധം പകര്‍ത്തുകയാണ് പ്രസന്ന ആര്യന്‍(Prasanna Aryan).

ദാരിദ്ര്യം ഇന്ത്യയുടേ ശാപമാണ്. ദാരിദ്ര്യമാണ് ഇന്ത്യയുടെ ശാപം. വിയര്‍ത്തു നാറുന്ന ശരീരവും മുഷിഞ്ഞുകീറിയ ഉടുപ്പുകളും തളര്‍ന്നുകരിഞ്ഞ മനസ്സുമായി ഇവര്‍ക്കൊക്കെയിവിടെ ജീവിക്കാനുള്ള അവകാശം ആരാണുകൊടുത്തത്. നമുക്കിടയിലേക്ക് കയറിവരാനുള്ള ധൈര്യം ഇവര്‍ക്കെങ്ങിനെയുണ്ടായി!!! വെടി വെച്ചു കൊല്ലണം ഇവരെയൊക്കെ… ഒരു മിനുട്ട്… അല്ലെങ്കില്‍ വേണ്ട. കൊന്ന് കളഞ്ഞാല്‍ നമുക്കുവേണ്ടി വിടുവേലകളും വീട്ടുവേലകളും നാട്ടുവേലകളും ആര് ചെയ്യും. തല്‍ക്കാലം… മാപ്പു കൊടുക്കാമല്ലേ.

Related Articles