Current Date

Search
Close this search box.
Search
Close this search box.

ബാല്‍ഫര്‍ നശിപ്പിച്ചത് ഫലസ്തീനികളെയല്ല; ഫലസ്തീനിനെയാണ്

pal-child-jerusalem.jpg

ചില വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കപ്പെടുകയും പാലിക്കപ്പെടുകയും ചെയ്യുന്നു; മറ്റ് ചിലത് നിരാകരിക്കപ്പെടുകയും ചെയ്യുന്നു. ബാല്‍ഫര്‍ പ്രഖ്യാപനം (Balfour Declaration) എന്നറിയപ്പെട്ട, ആര്‍തര്‍ ബാല്‍ഫര്‍ ജെയിംസ് 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടനിലെ സയണിസ്റ്റ് ജൂത സമൂഹത്തിന് ഒരു വാഗ്ദാനം നല്‍കുകയുണ്ടായി: ഫലസ്തീന്‍ ദേശത്തെ നശിപ്പിച്ച് കൊണ്ട് ജൂതന്‍മാര്‍ക്ക് ഒരു രാഷ്ട്രം നിര്‍മ്മിച്ച് കൊടുക്കുക എന്നതായിരുന്നു അത്.

1917 നവംബര്‍ രണ്ടിന് 84 വാക്കുകളടങ്ങിയ ആ പ്രഖ്യാപനം ബാല്‍ഫര്‍ നടത്തുമ്പോള്‍ ബ്രിട്ടന്റെ വിദേശ സെക്രട്ടറിയായിരുന്നു അദ്ദേഹം. തന്റെ കൂട്ടാളികളെ പോലെ തന്നെ അദ്ദേഹവും സെമിറ്റിക്ക് വിരുദ്ധനായിരുന്നു. ജൂതസമൂഹത്തിന്റെ ഭാവി എന്നത് അദ്ദേഹത്തിന്റെ പരിഗണനയിലുണ്ടായിരുന്നില്ല. ചരിത്രപരമായ വേരുകളുള്ള ഒരു ദേശത്ത് ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിലൂടെ അദ്ദേഹം ലക്ഷ്യമിട്ടത് ഒന്നാം ലോകയുദ്ധത്തിലെ ബ്രിട്ടന്റെ സൈനിക നീക്കങ്ങള്‍ക്കുള്ള സമ്പന്നരായ സയണിസ്റ്റ് നേതാക്കളുടെ പിന്തുണയായിരുന്നു.

ബാല്‍ഫര്‍ അറിഞ്ഞിരുന്നെങ്കിലും ഇല്ലെങ്കിലും ബ്രിട്ടനിലെ ജൂതസമൂഹത്തിന്റെ നേതാവായിരുന്ന വാള്‍ട്ടര്‍ റോത്ചില്‍ഡിന് (Walter Rothschild) അദ്ദേഹം നല്‍കിയ പ്രസ്താവന ഒരു രാജ്യത്തെ തന്നെ വേരോടെ പിഴുതെറിയാനും പതിറ്റാണ്ടുകള്‍ക്ക് ശേഷവും പല തലമുറകളിലുള്ള ഫലസ്തീനികള്‍ സ്വദേശത്ത് നിന്ന് ആട്ടിപ്പായിക്കപ്പെടാനും കാരണമായിട്ടുണ്ട് എന്നത് തീര്‍ച്ചയാണ്. അദ്ദേഹത്തിന്റെ പിന്‍മുറക്കാര്‍ ഇസ്രായേലിന് നല്‍കുന്ന പിന്തുണയില്‍ നിന്ന് തന്നെ അദ്ദേഹം ഇസ്രായേലിന്റെ കാര്യത്തില്‍ അഭിമാനം പൂണ്ടിരുന്നു എന്നും ഫലസ്തീനികളുടെ നിലനില്‍പ്പിനെ അവഗണിച്ചിരുന്നു എന്നതും വളരെ വ്യക്തമാണ്. ഒരു നൂറ്റാണ്ട് മുമ്പ് ബാല്‍ഫര്‍ ഇങ്ങനെ എഴുതുകയുണ്ടായി:

‘ഫലസ്തീനില്‍ ജൂതര്‍ക്കായി ഒരു രാഷ്ട്രം സ്ഥാപിക്കുന്നതിനെ ബ്രിട്ടന്‍ പിന്തുണക്കുന്നു. അതിന് വേണ്ടി എല്ലാ സഹായങ്ങളും ചെയ്യാന്‍ ബ്രിട്ടന്‍ ഒരുക്കമാണ്. അതേസമയം, ഫലസതീനിലെ ജൂതരല്ലാത്ത സമൂഹത്തിന്റെയും മറ്റ് രാജ്യങ്ങളിലെ ജൂതരുടെയും പൗര-മത അവകാശങ്ങളെയും രാഷ്ട്രീയ പദവിയെയും ഹനിക്കുന്ന യാതൊരു നീക്കവും ഉണ്ടാകുന്നതല്ല. ഈ പ്രഖ്യാപനത്തെ സയണിസ്റ്റ് ഫെഡറേഷന്റെ ശ്രദ്ധയില്‍ പെടുത്തുന്നവരോട് തീര്‍ച്ചയായും ഞാന്‍ കടപ്പെട്ടിരിക്കും’.

ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ വെച്ച് ഈയിടെ നടത്തിയ ഒരു പ്രഭാഷണത്തില്‍ ഫലസ്തീനിയന്‍ പ്രൊഫസറായ റാശിദ് ഖാലിദി ബാല്‍ഫര്‍ പ്രഖ്യാപനത്തെ ‘പുറത്തുള്ള ശക്തികളുടെ സഹായത്തോടെ ഇപ്പോഴും ഫലസ്തീനില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്ന കൊളോണിയല്‍ യുദ്ധത്തിന്റെ തുടക്കത്തെ അടയാളപ്പെടുത്തിയ സംഭവം’ എന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ പലപ്പോഴും സാമാന്യവല്‍ക്കരിക്കപ്പെട്ട അക്കാദമിക ഭാഷയും സൂക്ഷമമായ രാഷ്ട്രീയ വിശകലനവും സാധാരണ ജനങ്ങള്‍ അനുഭവിക്കുന്ന ദുരന്തങ്ങളെ മറച്ച്പിടിക്കുകയാണ് ചെയ്യാറ്.

ഒട്ടോമന്‍ സാമ്രാജ്യത്വത്തിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ഭൂമിക്ക് പകരമായി ബ്രിട്ടന്റെ സൈനിക നീക്കങ്ങള്‍ക്ക് സയണിസ്റ്റുകളുടെ പിന്തുണ ഉറപ്പ് വരുത്തുക എന്ന രാഷ്ട്രീയ തന്ത്രമായിരുന്നു ബാല്‍ഫറിനുണ്ടായിരുന്നത്. അതെത്രത്തോളം ഫലപ്രദമാണ് എന്ന കാര്യത്തില്‍ അദ്ദേഹത്തിന് സംശയമൊന്നും ഉണ്ടായിരുന്നില്ല.

അതേസമയം, മുസ്‌ലിംകളും ക്രൈസ്തവരുമടങ്ങുന്ന ലക്ഷക്കണക്കിന് വരുന്ന ഫലസ്തീനികള്‍ ബാല്‍ഫറിന്റെ പരിഗണനയില്‍ ഉണ്ടായിരുന്നില്ല. യുദ്ധത്തിന്റെയും വംശീയ ഉന്‍മൂലനത്തിന്റെയുമെല്ലാം കെടുതികള്‍ ഒരു നൂറ്റാണ്ടോളമായി അവര്‍ നേരിട്ട് കൊണ്ടിരിക്കുകയാണ്. ബാല്‍ഫര്‍ പ്രഖ്യാപനം യഥാര്‍ഥത്തില്‍ ഫലസ്തീനികളെ വേരോടെ ഉന്‍മൂലനം ചെയ്യാനുള്ള ആഹ്വാനം തന്നെയായിരുന്നു. ബാല്‍ഫറിന്റെയും അദ്ദേഹത്തിന്റെ ഭരണകൂടത്തിന്റെയും ഈ ക്രൂരതയില്‍ നിന്ന് ഒരു ഫലസ്തീനി പോലും രക്ഷപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത.

75 വയസ്സ് പ്രായമുള്ള തമാം നാസര്‍ (Tamam Nassar) എന്നെന്നേക്കുമായി ബാല്‍ഫര്‍ വ്രണപ്പെടുത്തിയ മില്യണ്‍ കണക്കിന് വരുന്ന ഫലസ്തീന്‍ ജീവിതങ്ങളിലൊരാളാണ്. ദക്ഷിണ ഫലസ്തീനിലെ ജൂലിസ് (Joulis) എന്ന തന്റെ ഗ്രാമത്തില്‍ നിന്ന് 1948 ല്‍ അവര്‍ നിഷ്‌കാസനം ചെയ്യപ്പെടുകയുണ്ടായി. അന്ന് അഞ്ച് വയസ്സായിരുന്നു അവരുടെ പ്രായം.

തന്റെ മക്കളുടെയും പേരമക്കളുടെയും കൂടെ തമാം ഇപ്പോള്‍ ജീവിക്കുന്നത് ഗസ്സയിലെ നുസെയ്‌റത്ത് (Nuseirat) അഭയാര്‍ത്ഥി ക്യാമ്പിലാണ്. രോഗവും ദാരിദ്ര്യവും ഒരിക്കലും അവസാനിക്കാത്ത യുദ്ധവും അവരെ തളര്‍ത്തിയിരിക്കുകയാണ്. ഒരിക്കലും തിരിച്ച് പിടിക്കാനാകാത്ത ഒരു ഭൂതകാലത്തിന്റെ ഓര്‍മ്മകളിലാണ് അവരിപ്പോള്‍ ജീവിക്കുന്നത്.

ആര്‍തര്‍ ജെയിംസ് ബാല്‍ഫര്‍ എന്ന് പേരുള്ള ഒരാള്‍ നാസര്‍ കുടുംബത്തിന്റെ തലമുറകളെ ദുരന്തജീവിതത്തിലേക്ക് തള്ളിവിട്ടുകൊണ്ട് അവരുടെ ഭാവിക്ക് മേല്‍ മുദ്രവെച്ചിരിക്കുകയാണ് എന്ന് തമാമിനറിയില്ല. സാധാരണ ജനങ്ങളുടെ ഓര്‍മ്മകളിലൂടെ ഫലസ്തീന്റെ ഭൂതകാലത്തെ അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായി ഞാന്‍ തമാമിനോട് (ഉമ്മു മര്‍വാന്‍ എന്നും അവരറിയപ്പെടുന്നു) സംസാരിക്കുകയുണ്ടായി. അവരുടെ ജനനസമയത്ത് ഫലസ്തീന്‍ ബ്രിട്ടന്റെ കോളനിയായിരുന്നു. ബാല്‍ഫര്‍ തന്റെ പ്രഖ്യാപനം ഒപ്പുവെച്ചതിന് മാസങ്ങള്‍ക്ക് ശേഷം തന്നെ ബ്രിട്ടന്റെ കോളനിവല്‍ക്കരണം ആരംഭിച്ചിരുന്നു.

തന്റെ ചെറുപ്പകാലത്ത് ബ്രിട്ടീഷ് സൈന്യത്തിന് പിന്നാലെ മിഠായി കിട്ടാന്‍ വേണ്ടി ഓടിയതും അവരോര്‍ക്കുന്നുണ്ട്. അന്ന് തമാം ജൂതരെ പരിചയമില്ലായിരുന്നു. ഫലസ്തീനി ജൂതരും ഫലസ്തീനി അറബികളും കാഴ്ചയില്‍ ഒരുപോലെയിരിക്കുന്നതിനാല്‍ ജൂതരെ തിരിച്ചറിയുക എന്നത് അവരെ സംബന്ധിച്ചിടത്തോളം പ്രയാസമുള്ള കാര്യമായിരുന്നു. ജൂലീസ് (Joulis) എന്ന തമാമിന്റെ ഗ്രാമത്തില്‍ അവരുടെ അയല്‍വാസികളായിരുന്നു ജൂതന്‍മാര്‍.

വലിയ മതിലുകള്‍ക്കും അതിര്‍ത്തികള്‍ക്കും അകത്താണ് ഫലസ്തീനി ജൂതര്‍ ജീവിച്ചിരുന്നതെങ്കിലും അവര്‍ കര്‍ഷകര്‍ക്കിടയിലൂടെ (fellahin) സ്വതന്ത്രമായി സഞ്ചരിക്കുകയും അവരുടെ മാര്‍ക്കറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുകയും അവരുടെ സഹായം തേടുകയും ചെയ്യാറുണ്ടായിരുന്നു. കാരണം ഫല്ലാഹിന് മാത്രമാണ് ഭാഷ അറിയുമായിരുന്നത്. മാത്രമല്ല, കാലാവസ്ഥകളെക്കുറിച്ചും അവര്‍ക്ക് നല്ല ജ്ഞാനമുണ്ടായിരുന്നു.

നല്ല ഉറച്ച മണ്ണ് കൊണ്ടാണ് തമാമിന്റെ വീട് നിര്‍മ്മിച്ചിട്ടുള്ളത്. വീടിന് മുമ്പില്‍ ചെറിയൊരു മുറ്റവുമുണ്ടായിരുന്നു. ഇസ്രയേലി പട്ടാളം ഗ്രാമം റോന്ത് ചുറ്റുമ്പോള്‍ അവിടെയാണ് തമാമും അവളുടെ സഹോദരന്‍മാരും ഒരുമിച്ച് കൂടിയിരുന്നത്. ഒരു കാലത്ത് അവരുടെ ജീവിതത്തിന് മധുരം നല്‍കിയിരുന്ന മിഠായി പിന്നീടൊരിക്കലും ആരും അവര്‍ക്ക് നേരെ നീട്ടിയിട്ടില്ല.

അവരുടെ ജീവിതത്തെത്തന്നെ മാറ്റിമറിച്ച യുദ്ധം നടക്കുന്നത് 1948 ലാണ്. ജൂലിസ് ഗ്രാമത്തെ ഒന്നടങ്കം വരിഞ്ഞ്മുറുക്കിയ ആ യുദ്ധം ഫലസ്തീനികള്‍ക്ക് നേരെ ഒരു ദയയും കാണിച്ചിരുന്നില്ല. അന്ന് ഗ്രാമത്തിന്റെ അതിര്‍ത്തികള്‍ക്ക് പുറത്തേക്ക് പോയ ഫെലാഹിനുകളെ പിന്നീടാരും കണ്ടിട്ടില്ല.

ജൂലിസ് യുദ്ധം അധികകാലം നീണ്ടുനിന്നില്ല. അടുക്കളകളില്‍ ഉപയോഗിക്കുന്ന കത്തികളും പഴയ തോക്കുകളുമേന്തി അവിടത്തെ കര്‍ഷകര്‍ക്ക് ഒരിക്കലും ആധുനിക സജ്ജീകരണങ്ങളുമായി കടന്ന് വന്ന വലിയൊരു സൈന്യത്തെ നേരിടാന്‍ കഴിയുമായിരുന്നില്ല. അന്ന് ബ്രിട്ടീഷ് സൈന്യം ജൂലിസ് ഗ്രാമത്തില്‍ നിന്ന് പിന്‍വാങ്ങുകയും സയണിസ്റ്റ് സായുധസംഘങ്ങള്‍ ആക്രമണം തുടരുകയും ചെയ്തു. നിഷ്ഠൂരമായ ആ യുദ്ധത്തില്‍ ഗ്രാമീണരൊന്നടങ്കം തന്നെ ഉന്‍മൂലനം ചെയ്യപ്പെടുകയുണ്ടായി.

തമാമും അവളുടെ സഹോദരന്‍മാരും മാതാപിതാക്കളും ഗ്രാമത്തില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. പിന്നീടൊരിക്കലും അവര്‍ ആ ഗ്രാമം കണ്ടിട്ടില്ല. ഗസ്സയിലെ നിരവധി അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിഞ്ഞ ശേഷം ഒടുവില്‍ അവര്‍ നുസെയ്‌റത്തിലെത്തുകയായിരുന്നു. പണ്ട് ടെന്റിലായിരുന്ന അവര്‍ ഇപ്പോള്‍ ഒരു മണ്‍കൂരയിലാണ് താമസിക്കുന്നത്.

ഗസ്സയില്‍ ഇസ്രയേല്‍ നടത്തിയ നിഷ്ഠൂരമായ നിരവധി യുദ്ധങ്ങള്‍ക്കും ബോംബാക്രമണങ്ങള്‍ക്കും തമാം സാക്ഷിയാണ്. പ്രായമായ ശരീരവും സഹോദരനായ സാലിമിന്റെയും ഇളയ മകന്‍ സാലിമിന്റെയും പെട്ടെന്നുള്ള മരണങ്ങളും അവരെ അങ്ങേയറ്റം മാനസികമായി തളര്‍ത്തിയിരിക്കുകയാണ്. 1956 ല്‍ ഗസ്സയില്‍ നടന്ന ഇസ്രയേലി അധിനിവേശത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇസ്രയേല്‍ സൈന്യം സാലിമിനെ വധിക്കുന്നത്. കമാലാകട്ടെ, ഇസ്രയേലി ജയിലുകളിലെ പീഢനങ്ങളേറ്റാണ് കൊല്ലപ്പെടുന്നത്.

ജൂതരല്ലാത്ത ജനസമൂഹങ്ങളുടെ പൗര-മത അവകാശങ്ങള്‍ക്ക് യാതൊരു പോറലുമേല്‍പ്പിക്കില്ല എന്ന് ബാല്‍ഫര്‍ പ്രഖ്യാപനത്തില്‍ ഉറപ്പ് തന്നിട്ടും എന്ത്‌കൊണ്ടാണ് ഇസ്രയേലിന്റെ മനുഷ്യത്വവിരുദ്ധമായ അധിനിവേശങ്ങളെ ബ്രിട്ടീഷ് ഭരണകൂടം ഇപ്പോഴും പിന്തുണച്ച് കൊണ്ടിരിക്കുന്നത്? കഴിഞ്ഞ എഴുപത് വര്‍ഷത്തോളമായി തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഫലസ്തീനിയന്‍ അഭയാര്‍ത്ഥി ജീവിതവും സൈനിക അധിനിവേശവും തന്നെ ഇസ്രയേലിന് അന്താരാഷ്ട്ര നിയമത്തോടോ ഫലസ്തീനികളുടെ പൗരാവകാശങ്ങളോടോ യാതൊരു തരത്തിലുള്ള ആദരവുമില്ല എന്നതിന് മതിയായ തെളിവല്ലേ?

പ്രായമേറുന്തോറും തമാം ഓര്‍മ്മകളിലൂടെയാണ് ജൂലിസില്‍ ജീവിക്കുന്നത്. ചെറുതെങ്കിലും ആശ്വാസത്തിനുള്ള വക അതവര്‍ക്ക് നല്‍കുന്നുണ്ട്. ഗസ്സയിലെ ഉപരോധ ജീവിതം അവരെപ്പോലുള്ള പ്രായമേറിയ ആളുകളെ സംബന്ധിച്ചിടത്തോളം വലിയ ദുരിതം തന്നെയാണ്.

ഇപ്പോഴത്തെ ബ്രിട്ടീഷ് ഭരണകൂടമാകട്ടെ, ബാല്‍ഫര്‍ പ്രഖ്യാപനത്തിന്റെ നൂറാം വാര്‍ഷികം വലിത തോതില്‍ ആഘോഷിക്കാനിരിക്കുകയാണ്. അവരുടെ സമീപനത്തില്‍ യാതൊരു മാറ്റവും വന്നിട്ടില്ല എന്നാണത് കാണിക്കുന്നത്. ബാല്‍ഫര്‍ പ്രഖ്യാപനത്തിന് ശേഷം കഴിഞ്ഞ നൂറ് വര്‍ഷത്തിനിടയിലുള്ള സംഭവവികാസങ്ങളില്‍ നിന്ന് ബ്രിട്ടീഷ് ഭരണകൂടം ഒരു പാഠവും പഠിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

അതേസമയം, സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഫലസ്തീനികളുടെ പോരാട്ടങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുക തന്നെയാണ്. ബാല്‍ഫറിനോ ബ്രിട്ടന്റെ മറ്റ് വിദേശ സെക്രട്ടറിമാര്‍ക്കോ ഫലസ്തീന്‍ ജനതയുടെ ഇച്ഛാശക്തിയെ തകര്‍ക്കാന്‍ ഒരിക്കലും സാധിച്ചിട്ടില്ല. എങ്ങനെയാണ് ഫലസ്തീനികള്‍ക്കത് സാധ്യമാകുന്നത് എന്ന് നാമാലോചിച്ച് നോക്കേണ്ടതുണ്ട്.

വിവ: സഅദ് സല്‍മി

Related Articles