Current Date

Search
Close this search box.
Search
Close this search box.

ബാറുകള്‍ തുറക്കാതിരുന്നാല്‍ ആര്‍ക്കാണ് ഛേദം

ജീവിതത്തിലെ ചോദ്യങ്ങള്‍ക്ക് മദ്യം ഉത്തരമല്ല എന്നു പറഞ്ഞത് മഹാത്മാഗാന്ധിയാണ്. മദ്യരാജാവ് വിജയ് മല്ല്യ ഈയിടെ അതിനൊരു പ്രതിവചനം നല്‍കിയിട്ടുണ്ട്. ‘ഏറ്റവും ചുരുങ്ങിയത് ചോദ്യമെങ്കിലും മറക്കാന്‍ അതു കൊണ്ടാകുമല്ലോ’ എന്ന്. ഗുണനിലവാരമില്ലാത്തതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ അടച്ചുപൂട്ടിയ 418 ബാറുകളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒരിക്കല്‍ കൂടി ഗാന്ധിയെയും മല്യയെയും ഓര്‍ക്കാന്‍ ഇടവരുത്തുന്നു. നിങ്ങള്‍ ഇതില്‍ ആരുടെ പക്ഷത്താണ് എന്ന സുപ്രധാനമായ ചോദ്യം ഉന്നയിക്കുന്നു.

മദ്യം മലിനപ്പെടുത്തുന്നത് വ്യക്തിയെ മാത്രമല്ല, സമൂഹത്തെ കൂടിയാണ്. അതു കൊണ്ടാണ് തിന്മകളുടെ മാതാവായി മതങ്ങള്‍ മദ്യത്തെ പരിചയപ്പെടുത്തുന്നത്. അതേല്‍പ്പിക്കുന്ന ദുരന്തങ്ങളും വൈയക്തികമല്ല, സാമൂഹികമാണ്.

അടച്ച ബാറുകളുമായി ബന്ധപ്പെട്ട നിലവിലെ വിവാദങ്ങളില്‍ രണ്ടു ചേരികളാണ് രൂപപ്പെട്ടിട്ടുള്ളത്. ഒന്ന്; ധാര്‍മിക പക്ഷത്തു നിന്ന് ബാറുകള്‍ തുറക്കേണ്ടെന്ന് ആഗ്രഹിക്കുന്നവര്‍. രണ്ട്; പ്രായോഗികതയുടെ പേരില്‍ ബാറുകള്‍ തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെടുന്നവര്‍. ആദ്യത്തേതിന് പൊതുസമൂഹത്തിന്റെയും പ്രത്യേകിച്ച് കുടുംബങ്ങളുടെയും പിന്തുണയുണ്ട്. രണ്ടാമത്തേത്, കള്ളുകുടിക്കുന്നവരുടെയും കള്ളു മുതലാളിമാരുടെയും ആവശ്യമാണ്. മദ്യം വിഷമാണ്. അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന് ഉപദേശിച്ച ശ്രീനാരായണ ഗുരുവിന്റെ പിന്മുറക്കാര്‍ പോലും ഈ വിഭാഗത്തില്‍ അണിചേര്‍ന്നു എന്നത് ഖേദകരമാണ്.

ലൈസന്‍സ് പുതുക്കി നല്‍കുന്നതില്‍ പ്രായോഗിക സമീപനം വേണമെന്ന നിര്‍ദ്ദോശകരമെന്നു തോന്നുന്ന വാദം ഉന്നയിച്ചാണ് ബാറുടമകള്‍ക്ക് വേണ്ടി ചില നേതാക്കള്‍ രംഗത്തുവരുന്നത്. എന്താണ് പ്രായോഗികത? പ്രയോഗത്തില്‍ വരുത്താന്‍ കഴിയുന്നതിനെയാണ് പ്രായോഗികം എന്നു വിളിക്കുന്നത്. പൂട്ടിയ ബാറുകള്‍ തുറക്കാത്തതില്‍ എന്ത് അപ്രായോഗികതയാണ് ഉള്ളത്. സാമൂഹികമായി എന്തു നേട്ടമാണ് ബാറുകള്‍ തുറക്കുന്നത് കൊണ്ട് ഉണ്ടാകുന്നത്. കേരളത്തില്‍ മദ്യദുരന്തമുണ്ടാകും എന്നാണ് മദ്യശാലകള്‍ തുറക്കണമെന്ന് ആവശ്യപ്പെടുന്ന ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെയെങ്കില്‍ പൂട്ടിക്കിടന്ന നാലര മാസക്കാലയളവില്‍ ഇതു സംഭവിക്കേണ്ടിയിരുന്നു. ഭയപ്പെടുത്തി ബ്ലാക്‌മെയ്ല്‍ ചെയ്യുന്ന രീതിയാണത്. ഒരുപക്ഷേ, ബാറുകള്‍ തുറപ്പിക്കാന്‍ ഒരു മദ്യദുരന്തം ഉണ്ടായാല്‍പോലും അതില്‍ അത്ഭുതപ്പെടേണ്ടതില്ല.

മദ്യം വിഷമാണ് എന്ന പ്രകൃതിപാഠം പോലും മറന്ന് മദ്യത്തിന് അനുകൂലമായി സംസാരിക്കുന്നത് ലജ്ജാകരമാണ്. ബാറുമായി ബന്ധപ്പെട്ട് നുരയുന്ന ചര്‍ച്ചകളിലെ വീര്യം പോലും നന്മ ലാക്കാക്കിയല്ല. ലഹരിയുടെ കുപ്പിയില്‍ നിന്നുടയുന്ന ഉന്മാദം ഒരിക്കലും സ്ഥായിയായ മോക്ഷം തരില്ല എന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്. അത് നൈമിഷികമാണ്, ക്ഷണികവുമാണ്. വിഷം കുത്തിവെച്ചു ഇഞ്ചിഞ്ചായി മരണത്തിന് വിട്ടു കൊടുക്കുന്നത് പോലെയാണ്. ഈ വധത്തിന് ഭരണാധികാരികള്‍ കാര്‍മികത്വം വഹിക്കരുത്. ഇതിന് കൂട്ടു നിന്നാല്‍ തിന്മയുടെ തീപര്‍വങ്ങളിലേക്ക് അനേകം കുടുംബങ്ങളെ വലിച്ചെറിഞ്ഞ ഒറ്റുകാരന്‍ എന്ന നിലയിലാണ് ചരിത്രം അടയാളപ്പെടുത്തുക.

ആഘോഷങ്ങളില്‍ കുടിച്ചു വറ്റിച്ച മദ്യത്തിന്റെ പെരുങ്കണക്കുകള്‍ മലയാളിയുടെ സാമൂഹിക ജീവിതത്തിനു മേല്‍ ചോദ്യചിഹ്നമായി മാറിയ സാഹചര്യത്തിലായിരുന്നു ബാറുകള്‍ പൂട്ടിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. ബാറുകള്‍ അടച്ചു പൂട്ടിയ മാര്‍ച്ച് മുതല്‍ കേരളീയ സാമൂഹിക ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വലിയ തോതില്‍ കാണാന്‍ സാധിക്കുന്നുണ്ട്. കുറ്റകൃത്യങ്ങളും അപകടങ്ങളും കുറഞ്ഞു. അതിലേറെ, നിരവധി കുടുംബങ്ങള്‍ക്ക് മനസ്സമാധാനത്തോടെ അന്തിയുറങ്ങാമെന്നായി.

ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം, ആളോഹരി മദ്യ ഉപഭോഗത്തില്‍ ഒന്നാം സ്ഥാനത്താണ് കേരളം. വര്‍ഷം പ്രതി മലയാളി അകത്താക്കുന്നത് രണ്ടു ഗ്യാലന്‍ മദ്യം. ഇക്കാര്യത്തില്‍ ദേശീയ ശരാശരിയേക്കാള്‍ രണ്ടു മടങ്ങ് കൂടുതല്‍. കേരളത്തിലെ കുറ്റകൃത്യങ്ങളില്‍ 70 ശതമാനത്തോളം മദ്യോപയോഗം മൂലമെന്നാണ് കണക്കുകള്‍.

നാല്‍പത് ശതമാനം റോഡപകടങ്ങള്‍ക്കും 80 ശതമാനം വിവാഹ മോചനങ്ങള്‍ക്കും കാരണം മദ്യം തന്നെ. അതിലുമേറെ ഞെട്ടിക്കുന്നത്, കേരളത്തിലെ 74 ശതമാനം കുട്ടികളും ലഹരി ഉപയോഗിക്കുന്നു എന്ന നാഷണല്‍ ഡ്രഗ് ഡിപന്റന്‍സ് ട്രീറ്റ്‌മെന്റ് സെന്ററിന്റെ പഠനമാണ്. 93.91 ശതമാനം സാക്ഷരതയുണ്ടായിട്ടും മദ്യാസക്തി കൂടിവരുന്നതിന്റെ കാരണമെന്തെന്ന് സാമൂഹ്യശാസ്ത്രത്തിലെ അളവുകോല്‍ വെച്ച് പരിശോധിക്കേണ്ടതാണ്.

ഒറ്റയടിക്ക് മദ്യം നിരോധിക്കുക എന്നത് പ്രായോഗികമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ മദ്യ ലഭ്യത ഇല്ലാതാക്കി മദ്യ ഉപഭോഗത്തിന്റെ അളവു കുറച്ചുകൊണ്ടുവരാന്‍ സര്‍ക്കാറിനാകും. ഈ ലക്ഷ്യത്തിലേക്കുള്ള ക്രിയാത്മകമായ ആദ്യ ചുവടുവെപ്പായിരുന്നു ബാറുകളുടെ അടച്ചുപൂട്ടല്‍. കള്ളുമുതലാളിമാരുടെ പണസഞ്ചിയില്‍ കണ്ണുവെച്ച് ബാറിന് അനുമതി നല്‍കാന്‍ ഒരുമ്പെടുന്നവര്‍ മൂല്യവത്തായ ഒരു തീരുമാനത്തിന്റെ കടയ്ക്കലാണ് കത്തിവെക്കുന്നത്. ഗാന്ധിയാണോ മല്ല്യയാണോ വേണ്ടത് എന്ന് തീരുമാനിക്കാനുള്ള അവസരം കൂടിയായി വേണം ഇപ്പോളിതിനെ കാണാന്‍.

കടപ്പാട് : ചന്ദ്രിക എഡിറ്റോറിയല്‍

Related Articles