Current Date

Search
Close this search box.
Search
Close this search box.

ബാബരി; പ്രതിപട്ടികയിലുണ്ടായിരുന്നവര്‍ അധികാരത്തിലിരിക്കുമ്പോള്‍

നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ മെല്ലെപ്പോക്കും അതിനുള്ളിലെ സങ്കീര്‍ണതകളും വിളിച്ചോതുന്ന കേസുകളിലൊന്നാണ് ബാബരി മസ്ജിദ് കേസ്. 22 വര്‍ഷം മുമ്പ് നടന്ന സംഭവത്തിന്റെ കേസ് സാങ്കേതികതകളില്‍ കുരുങ്ങി ഇന്നും നീണ്ടു പോകുമ്പോഴും മതേതര വിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് അദ്വാനിയടക്കമുള്ള ബി.ജെ.പി നേതാക്കള്‍ക്കുള്ള സുപ്രീം കോടതിയുടെ നോട്ടീസ്. ആയിരക്കണക്കിന് കര്‍സേവകരെ അഴിച്ചു വിട്ട് 1992 ഡിസംബര്‍ 6-ന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ അതിന് പിന്നില്‍ വ്യക്തമായ ആസൂത്രണം ഉണ്ടായിരുന്നു എന്ന വെളിപ്പെടുത്തല്‍ നേരത്തെ ഉണ്ടായിരുന്നതാണ്. ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം ചുമത്തിയാണ് അദ്വാനിയടക്കമുള്ള ഇരുപത് പേരെ പ്രതിപട്ടികയില്‍ ചേര്‍ത്തിരുന്നത്. എന്നാല്‍ അത് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അലഹാബാദ് ഹൈക്കോടതി 2010 മെയ് 20-ന് അവരെയെല്ലാം കുറ്റവിമുക്തരാക്കുകയായിരുന്നു. കുറ്റവിമുക്തരാക്കി കൊണ്ടുള്ള കോടതി വിധിയില്‍ അപ്പീല്‍ നല്‍കാന്‍ അനുവദിച്ചിരുന്ന 90 ദിവസം പിന്നിട്ട ശേഷം 2011-ലാണ് കേസിനെതിരെ സി.ബി.ഐ അപ്പീല്‍ നല്‍കുന്നത്.

സി.ബി.ഐയുടെ അപ്പീലില്‍ ഹാജി മഹ്ബൂബ് അഹ്മദ് കക്ഷിചേര്‍ന്ന് നടത്തിയ വാദങ്ങള്‍ മുഖവിലക്കെടുത്താണ് സുപ്രീം കോടതിയുടെ നോട്ടീസ്. ബാബരി മസ്ജിദ് തകര്‍ത്തതിന് ശേഷം കര്‍സേവകര്‍ മഹ്ബൂബിന്റെ വീടും അഗ്നിക്കിരയാക്കിയിരുന്നു. ബാബരി മസ്ജിദ് തകര്‍ത്തതിന്റെ പേരില്‍ പ്രവര്‍ത്തകര്‍ ഒരിക്കലും ഖേദിക്കേണ്ടി വരില്ലെന്നും അതില്‍ അഭിമാനിക്കുകയാണ് വേണ്ടെതെന്നും പ്രസംഗിച്ച് നടക്കുന്ന അദ്വാനിയുടെ പാര്‍ട്ടി രാജ്യം ഭരിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലുള്ള സി.ബി.ഐ കേസുമായി എത്രത്തോളം മുന്നോട്ടു പോകുമെന്ന ആശങ്കയില്‍ നിന്നാണ് ഹാജി മഹ്ബൂബ് കേസില്‍ കക്ഷി ചേരുന്നത്. ബാബരി മസ്ജിദ് പ്രചാരണ വിഷയമാക്കിയപ്പോഴെല്ലാം ബി.ജെ.പി തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ടെന്നും ബി.ജെ.പിയുടെ 33-ാം വാര്‍ഷിക ദിനത്തോടനുബന്ധിച്ച് ദല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടില്‍ തുറന്ന് പറയാന്‍ വരെ അദ്വാനി ധൈര്യം കാണിച്ചു. മാത്രമല്ല കേസില്‍ പ്രതിയായിരുന്ന പലരും പുതിയ ഭരണകൂടത്തിന്റെ ഭാഗവുമാണ്. കേസില്‍ പ്രതിയായിരുന്ന രാജ്‌നാഥ് സിങാണ് ഇപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി. മറ്റു പ്രതികളായ കല്യാണ്‍ സിങ് ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണറും ഉമാ ഭാരതി കേന്ദ്ര ജലവിഭവ മന്ത്രിയുമാണ്. സാങ്കേതികമായി സി.ബി.ഐയുടെ നിയന്ത്രണം പ്രധാനമന്ത്രിക്കാണെങ്കിലും ആഭ്യന്തര മന്ത്രിക്കുള്ള സ്വാധീനം തള്ളിക്കളയാനാവില്ല. മാറിയ ഈ പശ്ചാത്തലത്തില്‍ കേസിലെ സി.ബി.ഐയുടെ ആത്മാര്‍ത്ഥത ചോദ്യം ചെയ്തതില്‍ ആശ്ചര്യപ്പെടാനൊന്നുമില്ല.

1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് മാത്രമല്ല തകര്‍ക്കപ്പെട്ടത്. ചെറുതും വലുതമായ 23 മുസ്‌ലിം ആരാധാനാ കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെടുകയും അഞ്ഞൂറോളം വീടുകള്‍ അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ആ കറുത്ത ദിനത്തില്‍ കര്‍സേവകര്‍ 17 ഓളം മുസ്‌ലിംകളെ ചുട്ടെരിക്കുകയും ചെയ്തു. അവയിലൊന്നും അന്വേഷണമോ വിചാരണയോ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ നീതിനിഷേധത്തിന്റെ ഓര്‍മദിനമായി ഡിസംബര്‍ ആറ് മാറിയിരിക്കുന്നു. ആ കുറ്റകൃത്യത്തില്‍ പങ്കാളികളായവര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടേണ്ടതുണ്ട്. നീതി തേടുന്ന പൗരന് മുന്നിലെ അവസാന അത്താണിയായ സുപ്രീം കോടതിയുടെ നടപടി നീതി നടപ്പാക്കുന്നതിലേക്കുള്ള ഒരു കാല്‍വെപ്പായി മാറട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം.

Related Articles