Current Date

Search
Close this search box.
Search
Close this search box.

ബാങ്ക് വിളി പോലും ഇസ്രായേലിന് ഭയമാണ്

azan-pal.jpg

കുട്ടിയായിരിക്കെ ഗസ്സയിലെ അഭയാര്‍ത്ഥി ക്യാമ്പിനടുത്തുളള പള്ളിയില്‍ നിന്നും ബാങ്ക് കൊടുക്കുമ്പോള്‍ ഒരുതരത്തിലുള്ള ആത്മവിശ്വാസം എന്നില്‍ നിറയും. ശ്രുതിമധുര സ്വരത്തിലുള്ള സുബ്ഹി ബാങ്ക് കേട്ടാല്‍ ഒന്നും പേടിക്കാനില്ലെന്നും സുഖമായി ഉറങ്ങാന്‍ കഴിയുമെന്നും ഉറപ്പിക്കാം.

ചര്‍ച്ചുകളിലെ പള്ളി മണി പോലെ ബാങ്കിന് ഇസ്‌ലാമില്‍ മതപരവും ആത്മീയവുമായ വളരെ ആഴത്തിലുള്ള അര്‍ത്ഥങ്ങളുണ്ട്. കഴിഞ്ഞ 15 നൂറ്റാണ്ടിലുടനീളം ദിനേന അഞ്ച് നേരം വെച്ച് അതിന് യാതൊരു മുടക്കവും സംഭവിച്ചിട്ടില്ല. പക്ഷെ ഫലസ്തീനില്‍ അത്തരം മതപാരമ്പര്യങ്ങള്‍ പ്രതീകാത്മകമായ മറ്റുപല അര്‍ത്ഥങ്ങളും ഉള്‍വഹിക്കുന്നുണ്ട്.

എന്റെ ക്യാമ്പിലെ അഭയാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം, സുബഹി ബാങ്ക് കൊടുത്താല്‍ ഇസ്രായേല്‍ പട്ടാളം അവരുടെ രാത്രി റൈഡും നരനായാട്ടും അവസാനിപ്പിച്ച്, ചിലപ്പോള്‍ അഭയാര്‍ത്ഥികളില്‍ ചിലരെ മുറിവേല്‍പ്പിച്ച് അല്ലെങ്കില്‍ കൊലപ്പെടുത്തി, ബാങ്ക് കൊടുക്കുന്ന ആളെ (മുഅദ്ദിന്‍) പള്ളി തുറക്കാനും, ബാങ്ക് കൊടുത്ത് പുതിയൊരു ദിവസം കൂടി ആഗതമായിരിക്കുന്നു എന്ന് അറിയിക്കാനും അനുവാദം നല്‍കിയതിന് ശേഷം ക്യാമ്പില്‍ നിന്നും പോയി കഴിഞ്ഞിരിക്കുന്നു എന്നാണ് അര്‍ത്ഥം.

ഒന്നാം ഇന്‍തിഫാദയുടെ സമയത്ത് ഉറക്കം എന്നത് അസാധ്യമായ ഒരു കാര്യമായിരുന്നു. അധിനിവിഷ്ഠ പ്രദേശങ്ങളില്‍ താമസിക്കുന്ന ഫലസ്തീന്‍ ജനവിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ എല്ലാ പരിധികളും ലംഘിച്ചു.

മറ്റു മസ്ജിദുകളുടെ കൂടെ ഞങ്ങളുടെ ക്യാമ്പിലെ (നുസൈരിയത്ത് അഭയാര്‍ത്ഥി ക്യാമ്പ്) മസ്ജിദും റൈഡ് ചെയ്യപ്പെടുകയും, ഇമാം അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്യുന്നതിന് മുമ്പായിരുന്നു അത്. ഇസ്രായേല്‍ പട്ടാളത്തിന്റെ ഉത്തരവിനെ തുടര്‍ന്ന് മസ്ജിദ് അടച്ചു പൂട്ടി സീല്‍ വെക്കപ്പെട്ടു. എന്നാല്‍ സാധാരണ ജനങ്ങള്‍ തങ്ങളുടെ വീടുകള്‍ക്ക് മുകളില്‍ കയറി നിന്നുകൊണ്ട് കര്‍ഫ്യൂ സമയത്ത് ബാങ്ക് കൊടുത്തു. ജീവിതത്തില്‍ അതുവരെ പള്ളിയില്‍ കയറി നമസ്‌കരിക്കാത്ത അയല്‍വാസിയായ ഒരു ‘കമ്മ്യൂണിസ്റ്റുകാരന്‍’വരെ അന്ന് തന്റെ വീടിന് മുകളില്‍ കയറി നിന്ന് ബാങ്ക് കൊടുത്തിരുന്നു!

ബാങ്ക് എന്ന് കേവലം ഒരു മതവിഷയം മാത്രമായിരുന്നില്ല, മറിച്ച് അതൊരു കൂട്ടായ പ്രതിരോധമായിരുന്നു. പട്ടാള ഉത്തരവുകള്‍ക്ക് പോലും ജനങ്ങളുടെ ശബ്ദത്തെ നിശബ്ദമാക്കാന്‍ സാധിക്കില്ലെന്ന് അത് തെളിയിക്കുന്നു. അചഞ്ചലത; അതിജീവനം; പുനര്‍ജനി; പ്രതീക്ഷ; അങ്ങനെ അങ്ങനെ ഒന്നിന് മേല്‍ ഒന്നായി അടുക്കിവെച്ച ഒരുപാട് അര്‍ത്ഥങ്ങളുണ്ട് ബാങ്കിന്, പക്ഷെ ഇസ്രായേല്‍ പട്ടാളം എല്ലായ്‌പ്പോഴും അതിനെ ഭയപ്പെട്ടു.

മസ്ജിദുകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഒരിക്കലും അവസാനിച്ചില്ല. സര്‍ക്കാറിന്റെയും മാധ്യമങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2014-ല്‍ ഇസ്രായേല്‍ ഗസ്സയില്‍ നടത്തിയ ആക്രമണത്തില്‍ ഗസ്സയിലെ മൂന്നിലൊന്ന് മസ്ജിദുകളും തകര്‍ന്നിരുന്നു. മിസൈലുകളും, ബോംബുകളും പതിച്ച് 73 മസ്ജിദുകള്‍ പൂര്‍ണ്ണമായും തകര്‍ന്നപ്പോള്‍ 205 എണ്ണത്തിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. എ.ഡി 649-ല്‍ നിര്‍മിക്കപ്പെട്ട അല്‍ഒമരി മസ്ജിദും ഇതില്‍ ഉള്‍പ്പെടും. നുസൈരിയത്തിലെ പ്രധാന മസ്ജിദും തകര്‍ന്നവയില്‍ ഉള്‍പ്പെടും.

ഇപ്പോള്‍, ഫലസ്തീന്‍ ജനവിഭാഗങ്ങള്‍ താമസിക്കുന്ന ഇടങ്ങളില്‍ മസ്ജിദുകളില്‍ നിന്നും ബാങ്ക് കൊടുക്കുന്നത് നിരോധിക്കാനുള്ള ശ്രമത്തിലാണ് ഇസ്രായേല്‍. അധിനിവിഷ്ഠ കിഴക്കന്‍ ജറൂസലേമില്‍ നിന്നും അതിന് തുടക്കം കുറിച്ചു കഴിഞ്ഞു. അധിനിവിഷ്ഠ ഫലസ്തീനിലെ ഇസ്രായേലിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ അപലപിച്ചു കൊണ്ട് യുനെസ്‌കൊ രണ്ട് പ്രമേയങ്ങള്‍ പാസാക്കിയിട്ട് രണ്ടാഴ്ച്ച കഴിയുന്നതിന് മുമ്പാണ് ബാങ്ക് വിളി നിരോധിച്ചു കൊണ്ടുള്ള ഇസ്രായേലിന്റെ നീക്കം. യുനെസ്‌കോയെ സെമിറ്റിക്ക് വിരുദ്ധര്‍ എന്ന് വരെ വിളിച്ച ഇസ്രായേല്‍ അധികൃതര്‍, ജറൂസലേമിലെ ജൂതേതര താമസക്കാരെ കൂട്ടമായി ശിക്ഷിച്ചു കൊണ്ട് മറുപടി കൊടുക്കുന്നത്.

കഴിഞ്ഞ നവംബര്‍ മൂന്നിന് ജറൂസലേം മേയര്‍ നീര്‍ ബറകാത്തിന്റെ വീടിന് മുന്നില്‍ പിസ്ഗാത്ത് സീവ് എന്ന അനധികൃത ജൂതകുടിയേറ്റ കേന്ദ്രത്തില്‍ നിന്നുള്ള ഒരു ചെറുസംഘം ആളുകള്‍ ഒത്തുകൂടി. നഗരത്തിലെ മസ്ജിദുകളില്‍ നിന്നുമുള്ള ‘ശബ്ദ മലിനീകരണം’ അവസാനിപ്പിക്കണം എന്നായിരുന്നു അവരുടെ ആവശ്യം. യൂറോപ്പില്‍ നിന്നും അടുത്തിടെ ഫലസ്തീനിലേക്ക് കുടിയേറിയ ജൂതന്മാരാണ് ഈ ആവശ്യമുന്നയിക്കുന്നത്. ബാങ്ക് വിളിയാണ് അവര്‍ ഉദ്ദേശിക്കുന്ന ശബ്ദ മലിനീകരണം. എ.ഡി 637-ല്‍ ഖലീഫ ഉമര്‍ ജറൂസലേം നഗരത്തില്‍ പ്രവേശിച്ചത് മുതല്‍ക്ക് അവിടെ മുഴങ്ങി കേള്‍ക്കുന്നതാണ് ബാങ്ക് വിളി. മേയര്‍ വളരെ പെട്ടെന്ന് തന്നെ ആവശ്യം അംഗീകരിച്ചു. സമയം പാഴാക്കാതെ ഇസ്രായേല്‍ സൈനികര്‍ മസ്ജിദുകളില്‍ കയറി നിരങ്ങി റൈഡ് നടത്താന്‍ ആരംഭിച്ചു.

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണ് നമസ്‌കാരം. നമസ്‌കാരം നിര്‍വഹിക്കുന്നതിന് മുസ്‌ലിംകളെ ക്ഷണിക്കുന്നതിനാണ് ബാങ്ക് വിളി. കൂടാതെ, ജറൂസലേമിന്റെ മഹത്തായ പാരമ്പര്യമൂല്യങ്ങളില്‍ പെട്ട പള്ളി മണിയും ബാങ്ക് വിളിയും സഹജീവനവും, സഹവര്‍ത്തിത്വവും സാധ്യമാണെന്നതിന്റെ താളാത്മകമായ ഓര്‍മപ്പെടുത്തല്‍ കൂടിയാണ്.

പക്ഷെ ഇത്തരം സഹവര്‍ത്തിത്വവും, സഹജീവനവും ഇസ്രായേല്‍ സൈന്യത്തിനും, ഇസ്രായേല്‍ സര്‍ക്കാറിനും കീഴില്‍ സാധ്യമല്ല. രാഷ്ട്രീയ പകപോക്കലിന് വേണ്ടി ജറൂസലേം നഗരത്തെ ഉപയോഗിക്കുന്ന കാഴ്ച്ചയാണ് നാമിന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ഫലസ്തീന്‍ ജീവിതത്തിന്റെ സകലമേഖലകളും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന സന്ദേശമാണ് ഇസ്രായേല്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത്. കുടിയേറ്റ കൊളോണിയലിസത്തിന്റെ ഇസ്രായേല്‍ മാതൃകക്ക് ചരിത്രത്തില്‍ മുന്നുദാഹരങ്ങള്‍ കാണുക സാധ്യമല്ല. കേവലം നിയന്ത്രണമല്ല, സമ്പൂര്‍ണ്ണ ആധിപത്യമാണ് അവരുടെ ലക്ഷ്യം.

ഞാന്‍ മുമ്പ് താമസിച്ചിരുന്ന അഭയാര്‍ത്ഥി ക്യാമ്പിലെ മസ്ജിദ് തകര്‍പ്പെട്ടിരുന്നു, തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മൃതദേഹങ്ങള്‍ പുറത്തെടുക്കപ്പെട്ടു. കെട്ടിടാവശിഷ്ടങ്ങള്‍ക്ക് മുകളില്‍ കയറി നിന്നാണ് അന്ന് മരിച്ചവര്‍ക്ക് വേണ്ടിയുള്ള നമസ്‌കാരം നിര്‍വഹിക്കപ്പെട്ടത്. ഗസ്സയില്‍ ഉടനീളം ഇങ്ങനെയാണ് മയ്യിത്ത് നമസ്‌കാരങ്ങള്‍ നടന്നത്.

ജറൂസലേമില്‍, തങ്ങളുടെ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനം തടയപ്പെട്ടാല്‍, ഇസ്രായേല്‍ സൈന്യത്തിന്റെ ചെക്ക് പോസ്റ്റുകള്‍ക്ക് മുന്നില്‍ നിന്നുകൊണ്ടാണ് ഫലസ്തീനികള്‍ പ്രാര്‍ത്ഥന നിര്‍വഹിക്കുക. ജറൂസലേം ഇസ്രായേല്‍ സൈന്യം പിടിച്ചെടുത്തതിന് ശേഷം കഴിഞ്ഞ അമ്പത് വര്‍ഷമായുള്ള ഒരു സ്ഥിരകാഴ്ച്ചയാണിത്. ബലപ്രയോഗം കൊണ്ടോ കോടതി വിധികള്‍ കൊണ്ടൊ ഒന്നും തന്നെ ഇത് അവസാനിപ്പിക്കാന്‍ കഴിയില്ല.

ഇമാമുമാരെ അറസ്റ്റ് ചെയ്യാനും, മസ്ജിദുകള്‍ തകര്‍ക്കാനും, ബാങ്ക് വിളി തടയാനുമെല്ലാം ഇസ്രായേലിന് അധികാരമുണ്ടെങ്കിലും, ഫലസ്തീനികളുടെ വിശ്വാസത്തിന് തരിമ്പും പോറലേല്‍പ്പിക്കാന്‍ അവക്ക് സാധിച്ചിട്ടില്ല. ജറൂസലേം അവരെ മാടിവിളിക്കുന്നു, അവര്‍ വിളിക്കുത്തരം നല്‍കുന്നു.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles