Current Date

Search
Close this search box.
Search
Close this search box.

ബഹുസ്വരതയുടെ പ്രവാചക പാരമ്പര്യം

പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ്, മതപരമായോ നാഗരികമായോ മറ്റുള്ളവരെ അംഗീകരിക്കുന്നവര്‍ ഇല്ലാത്ത, ഗ്രീക്കിലെ അഥീനയിലെ ജനാധിപത്യ സംവിധാനം സ്വതന്ത്രരായ ഏതാനും വരേണ്യവര്‍ഗക്കാരുടെ താല്‍പര്യങ്ങളെ പ്രതിനിധീകരിച്ചിരുന്ന, ബാര്‍ബേറിയന്‍മാരും അടിമകളും അവകാശങ്ങളില്ലാത്ത, മനുഷ്യരായിപ്പോലും ഗണിക്കപ്പെടാത്ത കാലം.  ആ ചരിത്രസന്ധിയിലാണ് സകലമാന ആദം സന്തതികളും ആദരീണയരാണെന്ന് പ്രഖ്യാപിച്ച്(ഇസ്‌റാഅ് 70) ഇസ്‌ലാം ഉദയം ചെയ്തത്. മതം, നിറം, വര്‍ഗം, ഭാഷ, സമൂഹം, സംസ്‌കാരം, നാഗരികത തുടങ്ങിയ വൈവിധ്യങ്ങളെയും, ബഹുസ്വരതയെയും നിയമമായും, പൂര്‍വകാല ചര്യയായും, ലോകാവസാനം വരെ നിലനില്‍ക്കുന്ന പ്രതിഭാസമായും(മാഇദ 48, റൂം 22, ഹുജുറാത്ത് 13) ഇസ്‌ലാമിക ദര്‍ശനം വിലയിരുത്തി. പൂര്‍വകാല പ്രവാചകന്മാരെയും, വേദഗ്രന്ഥങ്ങളെയും സത്യപ്പെടുത്തണമെന്ന് കല്‍പിക്കുകയും ചെയ്തു.(അല്‍ബഖറ 285)

അന്ന് മുതല്‍, അതായത് മാനവ ചരിതം മനുഷ്യാവകാശങ്ങളെക്കുറിച്ച് നാവനക്കാത്ത കാലത്ത്, ഇതരരെ അംഗീകരിക്കുകയെന്ന പുതിയ അധ്യായം കുറിക്കുകയാണ് ഇസ്‌ലാം ചെയ്തത്. ഇതര നിറമുള്ളവരെയും, മതമുള്ളവരെയും അവരുടെ പരിശുദ്ധ പൈതൃകങ്ങളെയും ആദരിക്കാന്‍ അത് നിര്‍ദ്ദേശിച്ചു. മറ്റുള്ളവരുടെ വിശ്വാസത്തെയും, പവിത്രതയെയും, ആരാധനാ കേന്ദ്രങ്ങളെയും സംരക്ഷിക്കല്‍ സ്വന്തം ബാധ്യതയായി കണ്ടു. ‘അല്ലാഹു ജനങ്ങളില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് പ്രതിരോധിക്കുന്നില്ലായെങ്കില്‍ ദൈവനാമം ധാരാളമായി സ്മരിക്കപ്പെടുന്ന സന്യാസിമഠങ്ങളും ചര്‍ച്ചുകളും സെനഗോഗുകളും മുസ്ലിംപള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നവരെ ഉറപ്പായും അല്ലാഹു സഹായിക്കും. അല്ലാഹു സര്‍വശക്തനും ഏറെ പ്രതാപിയും തന്നെ.’ (ഹജ്ജ് 40)

കേവലം താത്വിക സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിക്കുക മാത്രമല്ല, അവ പ്രായോഗികമായി സമര്‍പ്പിക്കുക കൂടി ചെയ്തു ഇസ്‌ലാമിക രാഷ്ട്രങ്ങള്‍. അവിടെയെല്ലാം മതപരവും, ഭാഷാപരവുമായ ബഹുസ്വരതകള്‍ നിലനില്‍ക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. ഹിജ്‌റ ഒന്നാം വര്‍ഷത്തിലെ പ്രഥമ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ നയപ്രഖ്യാപന വിളംബരം ഈ യാഥാര്‍ത്ഥ്യത്തിന് അടിവരയിടുന്നതായിരുന്നു. രാഷ്ട്രത്തിലെ എല്ലാ പൗരന്മാരും അവകാശത്തിലും ബാധ്യതകളിലും തുല്യരായിരുന്നു. മദീനയിലെ യഹൂദര്‍ വിശ്വാസികളോട് ചേര്‍ന്നുള്ള സമൂഹമായിരുന്നു. അവര്‍ക്ക് അവരുടെ മതവും, മുസ്‌ലിംകള്‍ക്ക് അവരുടെ ദര്‍ശനവും. രാഷ്ട്രത്തിനെതിരായോ, ഏതെങ്കിലും വിഭാഗത്തിനെതിരായോ ആക്രമണം നടന്നാല്‍ എല്ലാവരും ഒരുമിച്ച് പ്രതിരോധത്തില്‍ പങ്ക് ചേരുന്നതാണ്.

അതേ വര്‍ഷം തന്നെയാണ് നജ്‌റാനില്‍ നിന്ന് ക്രൈസ്തവ സംഘം മദീനയിലെത്തുന്നു. അവരുടെ പുരോഹിതന്മാരും പാതിരിമാരുമാണ് സംഘത്തിലുള്ളത്. പ്രവാചകനു(സ)ം അനുയായികളും അവരെ സ്വീകരിക്കുന്നു. മദീനാപള്ളിയുടെ കവാടങ്ങള്‍ അവര്‍ക്ക് മുന്നില്‍ തുറന്ന് കൊടുത്തു. അവര്‍ തങ്ങളുടെ പ്രാര്‍ത്ഥന അവിടെ വെച്ച് നിര്‍വഹിക്കുന്നു. ശേഷം പ്രവാചകനോട് കരാര്‍ ചെയ്യുന്നു. ‘തങ്ങളും ലോകത്തിന്റെ ഏത് കോണിലുമുള്ള എല്ലാ ക്രൈസ്തവരും അല്ലാഹുവിനോടും, അവന്റെ പ്രവാചകനായ മുഹമ്മദിനോടും കരാറിലാണ്. അവരുടെ സമ്പത്തിന്റെയും കുടുംബത്തിന്റെയും, ദര്‍ശനത്തിന്റെയും കാര്യത്തില്‍ പരസ്പരം സംരക്ഷകരാണ്. ഒരു പാതിരിയും, അയാളുടെ ചര്യയില്‍ നിന്നോ, പുരോഹിതനും പൗരോഹിത്യത്തില്‍ നിന്നോ മാറേണ്ടതില്ല. ഇസ്‌ലാമിലുള്ളവരെ സംരക്ഷിക്കുന്നത് പോലെ, സ്വയം പ്രതിരോധിക്കുന്നത് പോലെ അവരെയും സംരക്ഷിക്കുന്നതാണ്. അവരുടെ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മുസലിംകളെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയോ, വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ ഉപദ്രവിക്കുകയോ ഇല്ല. ഒരു മുസ്‌ലിമിന്റെ വധുവായി ക്രൈിസ്ത്യന്‍ സ്ത്രീ വന്നാല്‍ അവളുടെ മതത്തില്‍ അവന്‍ സംതൃപ്തനാവേണ്ടതുണ്ട്. അവളെ അതില്‍ നിന്ന് തടയരുത്. ഇത് എതിര്‍ക്കുകയോ, അവളെ നിര്‍ബന്ധിക്കുകയോ ചെയ്തവന്‍ അല്ലാഹുവിന്റെയും അവന്റെ പ്രവാചകന്റെയും കരാര്‍ ലംഘിക്കുകയാണ് ചെയ്തത്. അവന്‍ അല്ലാഹുവിന്റെ അടുത്ത് കളവ് പറയുന്നവരുടെ ഗണത്തിലാണ്.

ഞാനവര്‍ക്ക് അല്ലാഹുവിന്റെ കരാറാണ് നല്‍കിയത്. മുസ്‌ലിംകള്‍ക്ക് ബാധകമായതൊക്കെ അവര്‍ക്കും ബാധകമാണ്. മുസലിംകള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കൊക്കെ അവരും അര്‍ഹരാണ്. ഭൂമി അനന്തരാവകാശമായി ലഭിച്ചവര്‍ക്ക് മാത്രമാണ് ജിസ്‌യ ബാധകമാവുക. ആരും തന്നെ തങ്ങളുടെ കഴിവനുസരിച്ചല്ലാതെ ബാധ്യതകള്‍ നിറവേറ്റണ്ടതില്ല.

മുസലിംകളുടെ കൂടെ യുദ്ധത്തിന് പുറപ്പെടാന്‍ ആരും തന്നെ ദിമ്മികളെ നിര്‍ബന്ധിക്കേണ്ടതില്ല. അവര്‍ക്ക് മേല്‍ അത് നിര്‍ബന്ധമല്ല. അവര്‍ മുസ്‌ലിംകളെ സംരക്ഷിക്കുകയല്ല, മറിച്ച് മുസ്‌ലിംകള്‍ അവരെ സംരക്ഷിക്കുകയാണ് വേണ്ടത്. ഈ കരാറുകളില്‍ വീഴ്ച വരുത്തുന്നവന്‍ അല്ലാഹുവിന്റെയും അവന്റെ പ്രവാചകന്റെയും ഉത്തരവാദിത്വത്തില്‍ നിന്ന് പുറത്താണ്. അന്ത്യനാള്‍ വരെ ഇത് ഇപ്രകാരം തന്നെ തുടരണമെന്നാണ് ആഗ്രഹം.’

ഇതായിരുന്നു ഇസ്‌ലാം പ്രഖ്യാപിച്ച വിളംബരം. ദൈവിക ദീനിന്റെ വക്താക്കള്‍ ഒരേ ഭൂമിയില്‍ പരസ്പര സഹവര്‍ത്വിത്തോടെ ജീവിക്കണമെന്ന കരാര്‍. നാം പഠിക്കേണ്ട, ഉള്‍ക്കൊള്ളേണ്ട, പ്രായോഗിക വല്‍ക്കരിക്കേണ്ട നയമാണ് അത്.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles