Current Date

Search
Close this search box.
Search
Close this search box.

ബന്ധുക്കളെ കാണാനുള്ള അവസരം കൂടിയാണ് അവര്‍ക്ക് ഹജ്ജ്

palestine-hajji.jpg

ലബനാനില്‍ നിന്നും ഹജ്ജിനെത്തുന്ന ഫലസ്തീന്‍ അഭയാര്‍ഥികളെ സംബന്ധിച്ചടത്തോളം സ്വന്തം നാട്ടില്‍ നിന്നുള്ള ബന്ധുക്കളെ കണ്ടുമുട്ടാനുള്ള സുവര്‍ണാവസരം കൂടിയാണ് ഹജ്ജ്. അവരില്‍ പലരും തങ്ങളുടെ ബന്ധുക്കളെ കാണുന്നത്. യാത്രാനടപടികള്‍ പൂര്‍ത്തീകരിച്ച് വിശുദ്ധ നാട്ടിലേക്ക് യാത്ര തിരിക്കാന്‍ 1200 ഫലസ്തീന്‍ അഭയാര്‍ഥികളാണ് ബൈറൂത്തിലെ റഫീഖ് ഹരീരി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കാത്തിരിക്കുന്നത്. ഫലസ്തീനില്‍ നിന്നുള്ള അവരുടെ ബന്ധുക്കളായ തീര്‍ഥാടകര്‍ക്കൊപ്പമായിരിക്കും അവര്‍ മക്കയില്‍ എത്തുക. അതിലൂടെ ബന്ധുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്രയേല്‍ അധിനിവേശകര്‍ കുടിയിറക്കിയ പിതാക്കന്‍മാരുടെയും പൂര്‍വപിതാക്കന്‍മാരുടെയും ഓര്‍മകള്‍ പങ്കുവെക്കാനുമുള്ള അവസരമാണ് ലഭിക്കുന്നത്.

ജിദ്ദയിലേക്കുള്ള വിമാനം പുറപ്പെടുന്നതിനായി കാത്തുനില്‍ക്കുന്ന തീര്‍ഥാടകരില്‍ ഒരാളാണ് ബൈറൂത്തിലെ ‘അല്‍ബറാജിന’ ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പില്‍ നിന്നുള്ള ഉമ്മു ഇബ്‌റാഹീം എന്ന തീര്‍ഥാടക. ആദ്യമായിട്ടാണവര്‍ ഹജ്ജിന് പോകുന്നത്. അവിടെ വെച്ച് തന്റെ ജീവിതത്തില്‍ ഇതുവരെ കാണാന്‍ സാധിക്കാത്ത ഫലസ്തീനിലുള്ള ബന്ധുക്കളെ കാണാമെന്ന പ്രതീക്ഷയിലാണവര്‍. പറഞ്ഞറിയിക്കാന്‍ വയ്യാത്ത സന്തോഷമാണ് ഞങ്ങളിപ്പോള്‍ അനുഭവിക്കുന്നതെന്നാണ് അവര്‍ അതിനെ കുറിച്ച് പറയുന്നത്. മുഴുവന്‍ വിശ്വാസികള്‍ക്കും ഈ സന്തോഷം നുകരാന്‍ അല്ലാഹു അവസരം ഒരുക്കട്ടെയെന്ന പ്രാര്‍ഥനയാണ് അവര്‍ക്കുള്ളത്.

62 വര്‍ഷം മുമ്പ് ബൈറൂത്തിലാണ് അവര്‍ ജനിച്ചത്. ഈ ഹജ്ജിലൂടെ ആദ്യമായി മാതൃസഹോദരനെയും ഭാര്യയെയും മറ്റ് ബന്ധുക്കളെയും കാണാനുള്ള അവസരമാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്നത്. ആ കൂടിക്കാഴ്ച്ചക്ക് വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണവര്‍. ഉമ്മു ഇബ്‌റാഹീമിനെ പോലെ നിരവധി തീര്‍ഥാടകരാണ് തങ്ങളുടെ ഉറ്റവരുമായുള്ള സമാഗമത്തെ കുറിച്ച പ്രതീക്ഷയോടെ ബൈറൂത്ത് എയര്‍പോര്‍ട്ടില്‍ കാത്തിരിക്കുന്നത്. ജീവിതത്തില്‍ ഇത്രയും സന്തോഷം താനിതുവരെ അനുഭവിച്ചിട്ടില്ലെന്നാണ് തീര്‍ഥാടകരില്‍ ഒരാളായ സുലൈമാന്‍ പറയുന്നത്. പുഞ്ചിരി മായാത്ത മുഖവുമായി എയര്‍പോര്‍ട്ടില്‍ പ്രതീക്ഷയോടെ ഇരിക്കുന്ന സല്‍വ ഈസാ ബല്‍ഊസിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. നഹ്‌റുല്‍ ബാരിദ് ക്യാമ്പില്‍ നിന്നാണ് അവര്‍ വരുന്നത്. മക്കയിലെയും മദീനയിലെയും പുണ്യസ്ഥലങ്ങള്‍ക്കൊപ്പം ബന്ധുക്കളെ കൂടി കാണാനാവുന്നതാണ് അവരുടെ സന്തോഷം ഇരട്ടിപ്പിക്കുന്ന കാര്യം. ബൈറൂത്തില്‍ നിന്നും 4800 ഹാജിമാര്‍ക്ക് സൗദി അനുവാദം നല്‍കിയിരിക്കുന്നത്. അതില്‍ 1200 പേര്‍ ഫലസ്തീന്‍ അഭയാര്‍ഥികളാണ്. സയണിസ്റ്റ് അക്രമി സംഘങ്ങള്‍ 1948ല്‍ ഫലസ്തീന്‍ ഗ്രാമങ്ങളും പട്ടണങ്ങളും ആക്രമിച്ചപ്പോഴാണ് ലക്ഷക്കണക്കിന് ഫലസ്തീനികള്‍ ലബനാനില്‍ അഭയം തേടിയത്. സംഭവത്തിന് ശേഷം 68 വര്‍ഷം പിന്നിട്ടിരിക്കുന്ന ഈ വേളയിലും ലബനാനിലെ 12 അഭയാര്‍ഥി ക്യാമ്പുകളിലായി 460,000 ഫലസ്തീന്‍ അഭയാര്‍ഥികളുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

വിവ: നസീഫ്‌

Related Articles