Current Date

Search
Close this search box.
Search
Close this search box.

ബന്ദികളിലൂടെ ഐസിസ് നേടുന്നതെന്ത്?

ജപ്പാന്‍ മാധ്യമ പ്രവര്‍ത്തകന്‍ കെന്‍ജി ഗോട്ടോയെ വധിക്കുന്നതിന് മുമ്പ് ജോര്‍ദാനിലെ ജപ്പാന്‍ എംബസിക്ക് മുന്നില്‍ തടിച്ചു കൂടിയ പാശ്ചാത്യ മാധ്യമങ്ങളും റിപോര്‍ട്ടര്‍മാരും ഗുണം ചെയ്തത് ഐസിസിനാണ്. ഉപാധികള്‍ വെക്കുകയും അതിന് സാവകാശം നല്‍കുകയും അതിലൂടെ ലോകത്തെ ഭീതിയിലാക്കുകയും ചെയ്ത് അവര്‍ നേടിയെടുത്ത മാധ്യമ ശ്രദ്ധയാണ് അവരുടെ വിജയം. അവര്‍ എപ്പോഴും പ്രാമുഖ്യം നല്‍കുന്നത് ഈയൊരു ശ്രദ്ധ കിട്ടുന്നതിന് വേണ്ടിയാണ്. ആഗോളതലത്തില്‍ തങ്ങളെ അംഗീകരിക്കുന്നതിന് മുന്നോടിയായി പ്രാദേശിക തലത്തില്‍ അംഗീകാരം ലഭിക്കുന്നതിനാണ് അവര്‍ ശ്രമിക്കുന്നത്. ജോര്‍ദാന്‍ തടവറയില്‍ കഴിയുന്ന സാജിദ രീശാവിയുടെ മോചനക്കാര്യത്തില്‍ ജോര്‍ദാന്‍ ഭരണകൂടം അവരുമായി ചര്‍ച്ചകള്‍ നടത്തിയതിലൂടെ ആ ലക്ഷ്യം നേടുന്ന കാര്യത്തില്‍ ഭാഗികമായി അവര്‍ വിജയിക്കുകയും ചെയ്തു.

ജോര്‍ദാനുമായി നടന്ന ചര്‍ച്ചയെ കുറിച്ചോ അതിന് സ്വീകരിച്ച രീതിയെ കുറിച്ചോ ജോര്‍ദാനെയും ഐസിസിനെയും പ്രതിനിധീകരിച്ച് ആരൊക്കെ അതില്‍ പങ്കെടുത്തെന്നോ ഏത് മണ്ണിലാണത് നടന്നതെന്നോ എനിക്കറിയില്ല. തങ്ങളുടെ പൗരന്റെ ജീവന്‍ രക്ഷിക്കാന്‍ അതീവ താല്‍പര്യം കാണിച്ച ജോര്‍ദാന്‍ അമേരിക്കയുടെ സമ്മര്‍ദങ്ങളെല്ലാം അവഗണിച്ച് അവരുമായി ചര്‍ച്ച നടത്തി. അമേരിക്കന്‍ നേതൃത്വം ‘ഭീകരര്‍’ എന്ന് വിശേഷിപ്പിച്ചവരുമായിട്ടാണ് ചര്‍ച്ച നടത്തിയിരിക്കുന്നത്.

ഐസിസിനെ ചൊടിപ്പിക്കുകയും അവര്‍ നിശ്ചയിച്ച സമയ പരിധി അവസാനിപ്പിച്ചപ്പോള്‍ ബന്ദിയെ വധിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്ത ‘വീഴ്ച്ചകള്‍’ ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. അവര്‍ ആവശ്യപ്പെട്ട മോചനദ്രവ്യം നല്‍കാന്‍ ജപ്പാന്‍ വിസമ്മതിച്ചതാണോ അല്ലെങ്കില്‍ ആവശ്യപ്പെട്ടത് പോലെ പെട്ടന്ന് രീശാവിയെ മോചിപ്പിക്കാന്‍ ജോര്‍ദാന്‍ തയ്യാറാവാത്തതിലേക്കാണോ ആ വീഴ്ച്ചകള്‍ മടങ്ങുന്നത്?

ഇതിലെ കക്ഷികളെ കുറിച്ചുള്ള അവ്യക്തതകള്‍ നിലനില്‍ക്കുന്നത് കൊണ്ടു തന്നെ അതിന് കൃത്യമായ ഒരുത്തരം നല്‍കല്‍ പ്രയാസകരമാണ്. പ്രത്യേകമായി എടുത്തു പറഞ്ഞാല്‍ ജോര്‍ദാന്‍ എന്ന കക്ഷിയുടേത്. ഒട്ടും പ്രതീക്ഷിക്കാത്ത കൊടുങ്കാറ്റിന് നടുവിലാണ് അവര്‍ അകപ്പെട്ടിരിക്കുന്നത്. ഇത്തരം ഒരവസ്ഥയില്‍ ആഭ്യന്തരവും ബാഹ്യവുമായ സമ്മര്‍ദങ്ങള്‍ അവരുടെ മേല്‍ ശക്തമായിരിക്കും. ജോര്‍ദാന്‍ പൈലറ്റിന്റെ കുടുംബത്തില്‍ നിന്നാരംഭിക്കുന്ന ആ സമ്മര്‍ദം മുതല്‍ ഐസിസുമായി ചര്‍ച്ച നടത്തുന്നത് വിലക്കിയ അമേരിക്കന്‍ ഭരണകൂടത്തിന്റെ സമ്മര്‍ദം വരെ അതിലുണ്ട്.

ജപ്പാന്‍ ബന്ദികളെ വധിച്ചതിലുള്ള ബഹളം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആവിയായി പോകും. ജോര്‍ദാന്‍ തലസ്ഥാനത്തുള്ള ജപ്പാന്‍ എംബസിക്ക് മുന്നിലുള്ള കാമറകളും പാശ്ചാത്യ അറബ് റിപോര്‍ട്ടര്‍മാരും -യഥാര്‍ത്ഥത്തില്‍ അവിടെ തന്നെയുണ്ടാകുമെങ്കിലും- മറയും. എന്നാല്‍ ജോര്‍ദാന്‍ പൈലറ്റ് മുആദ് കസാസിബയെ കുറിച്ച ദുസ്വപ്‌നം ആഴ്ച്ചകളോ മാസങ്ങളോ നീണ്ടു നിന്നേക്കും. എല്ലാത്തരത്തിലും ജോര്‍ദാന്‍ ഭരണകൂടത്തിനത് തലവേദനയായും മാറും.

അമേരിക്കന്‍ അധിനിവേശത്തെ ചെറുക്കാന്‍ ഇറാഖില്‍ രൂപംകൊണ്ട ‘അത്തൗഹീദ് വല്‍-ജിഹാദ്’ എന്ന സംഘടനയുടെയും അതിന്റെ സ്ഥാപകന്‍ അബൂ മുസ്അബ് അസ്സര്‍ഖാവിയുടെയും പാരമ്പര്യം പേറുന്നവരാണ് തങ്ങളെന്ന് ഐസിസ് ഔദ്യോഗികമായി തന്നെ പറയുന്നുണ്ട്. ജോര്‍ദാനോട് വിരോധമുള്ളവരാണ് അവര്‍. ജോര്‍ദാന്‍ അമേരിക്കന്‍ നേതൃത്വത്തിലുള്ള ഐസിസ് വിരുദ്ധ സഖ്യത്തിന്റെ ഭാഗമായത് ആ വിരോധം ഇരട്ടിപ്പിക്കുകയും ചെയ്തു. സിറിയയിലും ഇറാഖിലും ഐസിസ് ആസ്ഥാനങ്ങള്‍ക്ക് നേരെ ആക്രമണം നടത്താല്‍ യുദ്ധവിമാനങ്ങളും അവര്‍ അയച്ചു. ആ സമയത്ത് കസാസിബ പറത്തിയ വിമാനം വീഴ്ത്തി അയാളെ ബന്ദിയാക്കാന്‍ സാധിച്ചത് ജോര്‍ദാനെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള വിലപ്പെട്ട സമ്മാനമായിട്ടാണ് അവര്‍ കണ്ടത്. ഈയൊരു അവസ്ഥയെ പരമാവധി ഉപയോഗപ്പെടുത്താന്‍ ജോര്‍ദാനെ അശക്തമാക്കുന്ന ഉപാധികള്‍ അവര്‍ മുന്നോട്ടു വെക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ സാജിദ രീശാവിയുടെ മോചനത്തിനും അപ്പുറത്തേക്ക് അവരുടെ ആവശ്യങ്ങള്‍ നീളുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

നേരത്തെ പരാമര്‍ശിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ പൈലറ്റ് കസാസിബയെ ഐസിസ് വധിക്കില്ലെന്ന് തന്നെ നമുക്ക് വിശ്വസിക്കാം. തങ്ങളുടെ കയ്യിലുള്ള ശക്തമായ ആ തുറുപ്പുശീട്ട് അവര്‍ ഇല്ലാതാക്കില്ല. ജോര്‍ദാന്‍ ഭരണകൂടത്തില്‍ നിന്ന് തങ്ങള്‍ക്ക് കൂടുതല്‍ നേട്ടങ്ങളുണ്ടാക്കാന്‍ അവരതിനെ ഉപയോഗിക്കുകയും ചെയ്യും. ജോര്‍ദാന്റെ സാമൂഹിക രാഷ്ട്രീയ തലങ്ങള്‍ വ്യക്തമായി അറിയുന്നവര്‍ ഐസിസ് നിരലയിലുണ്ടെന്നത് തന്നെയാണ് ഇങ്ങനെ പറയാന്‍ പ്രേരിപ്പിക്കുന്ന ഘടകം. 2005-ല്‍ റെസ്റ്റോറന്റ് ആക്രമിക്കാന്‍ ചാവേറുകളെ അയച്ചതിന് ശേഷം അബൂ മുസ്അബ് അസ്സര്‍ഖാവിക്കുണ്ടായിരിക്കുന്ന ജനകീയത് ഇന്നും ഒരു പരിധിയോളം നിലനില്‍ക്കുന്നുവെന്നും അവര്‍ക്കറിയാം.

ജോര്‍ദാനില്‍ ഭരണകൂടവും ജനങ്ങളും ഉല്‍കണ്ഠയിലാണെന്നതില്‍ സംശയമില്ല. പൈലറ്റ് കസാസിബിനെ മോചിപ്പിക്കുന്നതിനേ കേന്ദ്രീകരിച്ചാണത്. അദ്ദേഹം ജീവനോടെയിരിക്കുന്നുവെന്നതിന് ഒരു തെളിവും നല്‍കാന്‍ ഐസിസ് തയ്യാറായിട്ടുമില്ല. ന്യായമായ ഉല്‍കണ്ഠ തന്നെയാണത്. അതുകൊണ്ട് തന്നെ ആ പൈലറ്റിനെ മോചിപ്പിക്കല്‍ ദേശീയവും ഭരണകൂടപരവും ജനകീയവുമായ ഉത്തരവാദിത്വവും ജോര്‍ദാന്റെ മുഖ്യവിഷയവുമായി മാറിയിരിക്കുന്നു. ആവശ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ വൈകുന്നത് കൂടുതല്‍ ദുരൂഹമായ തന്ത്രങ്ങളിലേക്ക് നീങ്ങാനും ഐസിസിനെ പ്രേരിപ്പിച്ചേക്കാം. അതിലൂടെ ജോര്‍ദാന്‍ ഭരണകൂടത്തെ കൂടുതല്‍ പരിഭ്രാന്തിയിലും അസ്വസ്ഥതയിലും ആക്കാന്‍ അവര്‍ ശ്രമിച്ചേക്കും. നൂറുകണക്കിന് ആളുകളെ തലയറുത്ത് കൊലചെയ്യുകയും കൂട്ടകുഴിമാടങ്ങള്‍ കുത്തി അതില്‍ തള്ളുകയും ചെയ്യാന്‍ മടിക്കാത്ത രക്തപങ്കിലമായ ‘രാഷ്ട്രത്തില്‍’ നിന്ന് ഇതല്ലാത്തത് പ്രതീക്ഷിക്കാനാവില്ലല്ലോ.

പോരാട്ട ഭൂമിയില്‍ ഐസിസിന് ചില നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ജപ്പാന്‍ ബന്ദികളിലൂടെ മാധ്യമങ്ങളിലൂടെ ലഭിച്ച പ്രചാരണത്തില്‍ വലിയ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ജോര്‍ദാന്‍ പൈലറ്റ് ഇപ്പോല്‍ ജീവിച്ചിരിപ്പുണ്ടോ ഇല്ലേ എന്ന ദുരൂഹത നിലനിര്‍ത്തിയും മാധ്യമങ്ങളില്‍ അവര്‍ ഇടം പിടിക്കുന്നു. അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിലും ശത്രുക്കളില്‍ ഭീതിയുണ്ടാക്കുന്നതിലും സോഷ്യല്‍ മീഡിയകളെ എത്രത്തോളം ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് അവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നവര്‍ക്ക് വേഗത്തില്‍ ബോധ്യപ്പെടുന്ന ഒന്നാണ്.

മൊഴിമാറ്റം: നസീഫ്

Related Articles