Current Date

Search
Close this search box.
Search
Close this search box.

ബംഗ്ലാദേശ് കുടിയേറ്റക്കാര്‍; മിത്തും യാഥാര്‍ഥ്യവും

ബംഗാളും ബിഹാറും പരസ്പരം ചേര്‍ന്ന് കിടക്കുന്ന ഇന്ത്യയിലെ ഒരു പ്രദേശത്താണ് ഞാന്‍ വരുന്നത്. നിങ്ങളുടെ മനസ്സ് ഞാന്‍ ജനിച്ചതും വളര്‍ന്നതുമായ സ്ഥലം പരതുകയായിരിക്കും. അതിനെ കുറിച്ച് ഞാന്‍ തന്നെ നിങ്ങള്‍ക്ക് വെളിച്ചം പകരാം. എന്റെ ആത്മാവിനോട് ചേര്‍ന്ന് നില്‍ക്കുന്ന ആ സ്ഥലം കിഷന്‍ഗഞ്ചാണ്. അതിന്റെ ഒരു അതിര്‍ത്തി നേപ്പാളും മറ്റൊരു അതിര്‍ത്തി ബംഗ്ലാദേശുമാണ്. വ്യത്യസ്ത നാടുകള്‍ക്ക് നടവിലാണെങ്കിലും സമാധാനവും ശാന്തതയും വിളയാടുന്ന മണ്ണാണത്.

എന്റെ ചെറുപ്പ കാലത്ത് നിരവധി ബംഗ്ലാദേശി കുടിയേറ്റക്കാര്‍ കിഷന്‍ഗഞ്ചിലും അയല്‍ പ്രദേശമായ ഉത്തര്‍ ദിനജ്പൂരിലും താമസമാക്കിയതിന്റെ ഓര്‍മകള്‍ എന്റെ മനസ്സില്‍ തങ്ങിനില്‍പുണ്ട്. ഇന്ത്യാ-പാക് യുദ്ധ കാലത്ത് ബംഗ്ലാദേശ് ജന്മകൊണ്ടപ്പോള്‍ അവിടം വിട്ടുപോന്നവരാണ് അവരെന്ന് ആരോ എന്നോട് പറഞ്ഞിരുന്നു. ബംഗ്ലാദേശ് രൂപീകരിച്ചിട്ടും ബംഗ്ലാദേശികളുടെ പ്രവാഹം 1990 കളുടെ അവസാനം വരെ തുടര്‍ന്നു. ബാബരി മസ്ജിദ് ധ്വംസനത്തിന് ശേഷം അവിടെയുണ്ടായ അസ്വാസ്ഥ്യങ്ങള്‍ കാരണം ഇന്ത്യന്‍ മണ്ണിലേക്ക് അസംഖ്യം ബംഗ്ലാദേശികള്‍ ഒഴുകിയിരുന്നു. ഇന്ത്യന്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയതു പോലെ അവരെല്ലാം മുസ്‌ലിംകളായിരിക്കും എന്ന നിഗമനത്തില്‍ തന്നെയായിരിക്കും നിങ്ങളും എത്തുക. എന്നാല്‍ അവര്‍ മുസ്‌ലിംകളായിരുന്നില്ല. അഭയാര്‍ഥികളായോ നുഴഞ്ഞുകയറ്റക്കാരായോ അല്ലെങ്കില്‍ സ്വയം ഇന്ത്യന്‍ പൗരത്വം എടുത്തണിഞ്ഞവരോ ആയ അവരില്‍ 99 ശതമാനവും ഹിന്ദുക്കളായിരുന്നു. പതിനായിരക്കണക്കിന് ആളുകളായിരുന്നു ഇത്തരത്തില്‍ എത്തിയത്. അവര്‍ എത്തിയ സമയം മുതല്‍ ഞങ്ങള്‍ക്കുള്ളതെല്ലാം അവര്‍ക്ക് കൂടി പങ്കുവെച്ചും സമാധാനത്തോടെയും ജീവിച്ചു. പ്രദേശവാസികളേക്കാള്‍ ആരോഗ്യകരമായ ഒരു ജീവിതം നയിക്കാന്‍ അവര്‍ക്ക് സാധിച്ചു. കിഷന്‍ഗഞ്ചിലെയും ഉത്തര്‍ ദിനജ്പൂരിലെയും എന്റെ ഹിന്ദു സഹോദര്‍മാര്‍ക്ക് പോലും ഇക്കാര്യം നിഷേധിക്കാനാവില്ല.

ഞാന്‍ ഇപ്പറയുന്നതില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ആ വീടുകള്‍ ഞാന്‍ കാണിച്ചു കൊടുക്കാം. അവര്‍ കഴിയുന്ന ഈ ഗ്രാമം അക്രമങ്ങള്‍ക്കോ കലാപങ്ങള്‍ക്കോ സാക്ഷിയായിട്ടില്ല. സാമുദായിക സൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും എക്കാലത്തെയും മികച്ച ഉദാഹരണമാണ് ഈ പ്രദേശങ്ങള്‍. ബംഗ്ലാദേശി ഹിന്ദു കുടിയേറ്റക്കാര്‍ താമസമാക്കിയ മറ്റു സ്ഥലങ്ങളാണ് ദക്ഷിണ്‍ ദിനജ്പൂര്‍, ജല്‍പാര്‍ഗുരി, കുച്ബിഹാര്‍, ഡാര്‍ജിലിങ്, മാല്‍ഡാ, മുര്‍ശിദാബാദ്, കാതിഹാര്‍ തുടങ്ങിയവ. അവരുടെ കൃത്യമായ കണക്ക് ദശലക്ഷത്തിന് മുകളിലായിരിക്കും. രണ്ട് വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സാഹോദര്യത്തിനും സഹവര്‍ത്തിത്വത്തിനും ഇടയില്‍ വിഷം കലക്കുന്നത് ആരാണെന്ന് നിങ്ങള്‍ ആലോചിച്ച് നോക്കുക. നമ്മെ ഒരു വോട്ട് ബാങ്കായി മാത്രം കാണുന്ന നമ്മുടെ രാഷ്ട്രീയക്കാരാണവര്‍.

ബംഗ്ലാദേശികള്‍ മെയ് 16-ന് ശേഷം നാടുവിടാന്‍ ഒരുങ്ങികൊള്ളുക എന്നാണ് ബി.ജെ.പിയും ശിവസേനയും, ആര്‍.എസ്.എസും മോഡിയുമെല്ലാം പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇവിടെ താമസിക്കുന്ന ബംഗ്ലാദേശികളെയെല്ലാം ബി.ജെ.പിയും ശിവസേനയും തുരത്തുമോ എന്ന ചോദ്യമാണ് അവരോടും വായനക്കാരോടും ചോദിക്കാനുള്ളത്. അല്ലെങ്കില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി അവരെ വിട്ടുകളയുമോ? മത പരമായ അസ്ഥിത്വമാണോ ഏറ്റവം പ്രധാനം, അല്ലെങ്കില്‍ നുഴഞ്ഞുകയറ്റവും കുടിയേറ്റവുമാണോ? അവരണ്ടുമല്ല സമാധാനപരമായ സഹവര്‍ത്തിത്വമാണോ ഏറ്റവും പ്രധാനം? സ്വാര്‍ഥരായ നേതാക്കളുടെ താല്‍പര്യം എന്തൊക്കെയാണെങ്കിലും എന്റെ നാടിന്റെ കാര്യത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ അസ്സമില്‍ നടന്ന കൂട്ടക്കശാപ്പില്‍ നിരവധി മുസ്‌ലിംകള്‍ കൊല്ലപ്പെട്ടു, പലരോടും നാടുവിടാന്‍ ആവശ്യപ്പെട്ടു. ഇന്ത്യയും ബംഗ്ലാദേശും രൂപപ്പെടുന്നതിന് മുമ്പ് ഇവിടെ കുടിയേറിയവരാണ് അവരില്‍ ഭൂരിഭാഗവും, എന്നിരുന്നാലും ‘അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാര്‍’ പലപ്പോഴും ഇവരെ കാണുന്നത്. സ്ത്രീകളും കുട്ടികളും പിഞ്ചുകുട്ടികളുമടക്കം അമ്പതോളം പേര്‍ കഴിഞ്ഞ ആഴ്ച്ചയില്‍ നിഷ്ഠൂരമായി അവിടെ കൊല്ലപ്പെട്ടു. അസ്സമിലെ ബോഡോലാന്റിലെ പ്രമുഖ പാര്‍ട്ടിക്ക് വോട്ടു ചെയ്യാത്തിന്റെ പേരിലായിരുന്നു അത്. ആകസ്മികമായി ഉണ്ടായ ഒരു കൂട്ടകൊലയായിരുന്നില്ല അത്, മറിച്ച് മുന്‍കൂട്ടി തയ്യാറാക്കിയ ഒന്നായിരുന്നു. ഇന്ത്യന്‍ മാധ്യമങ്ങള്‍ എപ്പോഴും യാഥാര്‍ത്ഥ്യത്തിന് മറയിട്ടു, അല്ലെങ്കില്‍ അതിന്റെ കൈകാര്യ കര്‍ത്താക്കള്‍ അങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിതരായി. ഇന്ത്യയിലെ മുഖ്യ പാര്‍ട്ടികളായ കോണ്‍ഗ്രസും ബി.ജെ.പിയും സംഭവത്തെ തരംതാണ രാഷ്ട്രീയത്തിനായി ഉപയോഗപ്പെടുത്തുകയാണ്.

ചില ബി.ജെ.ബി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഈ കൊലപാതകങ്ങളെ ആഘോഷിക്കുകയും ഇതൊരു വലിയ നേട്ടമായി സോഷ്യല്‍ മീഡിയകളില്‍ കുറിക്കുകയും ചെയ്യുന്നത് വലിയൊരു വൈരുദ്ധ്യം തന്നെയാണ്. തീവ്രഹിന്ദുത്വ വാദികള്‍ക്ക് മുസ്‌ലിംകള്‍ എപ്പോഴും വിദേശികളാണ്, ഇത്തരം കുറ്റവാളികള്‍ മിക്കപ്പോഴും പിടിക്കപ്പെടാറില്ല. കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്കും അസ്സം മുഖ്യമന്ത്രിയെ നിലക്ക് നിര്‍ത്താനായിട്ടില്ല.

കുറച്ച് ജീവനുകള്‍ പൊലിഞ്ഞ ശേഷം വീണ്ടും അന്തരീക്ഷം ശാന്തമാവുകയും അക്രമങ്ങള്‍ ഇല്ലാതാവുകയും ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങളില്‍ മിക്കപ്പോഴും ഇന്ത്യയിലെ നിയമം പഴുതുകളുള്ളതാണ്. എന്റെ രാജ്യത്തെ ജനങ്ങള്‍ക്ക് അവരുടെ ധാര്‍മിക ബോധം നഷ്ടമാവുകയാണോ? നാമെല്ലാം ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് വലിയ പങ്കാളിത്തം വഹിക്കുന്നവരാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഹൃദയങ്ങളെ ചേര്‍ത്തുവെക്കാനും രാജ്യത്ത് സമാധാനം കൊണ്ടുവരാനും ഒരു സാമൂഹ്യവിപ്ലവത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ.

വിവ : അഹ്മദ് നസീഫ്‌

Related Articles