Current Date

Search
Close this search box.
Search
Close this search box.

ഫ്രാന്‍സിസ് പാപ്പയും ഡോ.യൂസുഫുല്‍ ഖറദാവിയും

ഫ്രാന്‍സിസ് മാര്‍പാപ്പ കറതീര്‍ന്ന മാര്‍ക്‌സിസ്‌ററാണെന്ന (‘pure Marxism coming out of the mouth of the pope.’)  അമേരിക്കയിലെ പ്രമുഖ റേഡിയോ കമന്റേറ്ററായ റാഷ് ലിംബോയുടെ (Rush Limbaugh) അഭിപ്രായ പ്രകടനം കേട്ടപ്പോള്‍ അല്‍ഭുതം തോന്നിയിരുന്നു. സഭയെയും പാപ്പമാരെയും മാത്രമല്ല എല്ലാ ആത്മീയ നേതാക്കളെയും അഭിനന്ദിക്കുകയും പൂജിക്കുകയും ചെയ്യാറുള്ള മാധ്യമ ഭീമന്‍, പള്ളിക്കുള്ളില്‍ കുര്‍ബാന ചൊല്ലിയിരിക്കുന്ന പാപ്പക്കിട്ട് ചാമ്പുന്നതിന്റെ യുക്തി മനസിലായത് പിന്നീട് അദ്ദേഹത്തിന്റെ ഗോസ്പല്‍ പ്രഭാഷണങ്ങള്‍ വായിച്ചപ്പോഴാണ്.

ഗോസ്പല്‍ പ്രഭാഷണങ്ങളില്‍ സാധാരണ കാണാറുള്ളതിന് വിരുദ്ധമായി മനുഷ്യന്റെ ജീവല്‍ പ്രധാനമായ ചില കാര്യങ്ങളില്‍ ഫ്രാന്‍സിസ് പാപ്പ ഇടപെട്ടതാണ് ഏമാന്മാരെ പ്രകോപിപ്പിച്ചത്. ആത്മീയകാര്യങ്ങള്‍ പറഞ്ഞ് പള്ളിയിലിരിക്കേണ്ട മുതലാളിമാരുടെ പാപ്പ ജനങ്ങളുടെ പാപ്പയാകുന്നതിന്റെ ഭീതിയായിരുന്നു റഷ്‌ലിംബോയും ഫോക്‌സ് ന്യൂസും പ്രകടിപ്പിച്ചത്. സമ്പത്ത് ഏതാനും മുതലാളിമാര്‍ മാത്രം കൈയ്യടക്കി വെച്ചാല്‍ പോരെന്നും അത് പൊതു ജനങ്ങള്‍ക്ക് കൃത്യമായി വിതരണം ചെയ്യപ്പെടേണ്ടതുണ്ടെന്നും പറഞ്ഞപ്പോള്‍ മുതലാളിമാര്‍ക്ക് പൊള്ളിയെന്നത് യാതാര്‍ത്ഥ്യം. സാമ്പത്തിക രംഗത്തെ ഊഹക്കച്ചവടങ്ങളും ചൂതാട്ടവും നിയന്ത്രിക്കണമെന്നായിരുന്നു പാപ്പ അന്ന് പറഞ്ഞതിന്റെ ചുരുക്കം. കുര്‍ബാനയുടെ ഭാഷയും ശൈലിയും കാനോന്‍ നിയമത്തിന്റെ പരിഷ്‌കരണങ്ങളോ ഇതര മതവിശ്വാസികളെ അലോസരപ്പെടുത്തുന്ന പ്രസ്താവനകളോ മാത്രമായിരുന്നു മുമ്പുള്ള പാപ്പമാരുടെ ഗോസ്പല്‍ പ്രഭാഷണങ്ങളിലധികവും.

ഇപ്പോള്‍ പോപ്പിനെതിരെ മാത്രമല്ല പ്രസിദ്ധ ഇസ്‌ലാമിക പണ്ഡിതന്‍ ഖറദാവിക്കെതിരെയും പാപ്പ വിമര്‍ശനത്തിനോട് സാമ്യമുള്ള ചില കാരണങ്ങളാല്‍ മുഖ്യധാര മാധ്യമങ്ങളും അറബ് ഭരണാധികാരികളും രംഗത്ത് വന്നിരിക്കുന്നു. കാരണം മറ്റൊന്നുമല്ല ദിക്‌റ് ചൊല്ലി പള്ളിയിലിരിക്കേണ്ട മതപണ്ഡിതന്‍  വെള്ളിയാഴ്ച പ്രഭാഷണത്തില്‍ രാഷ്ട്രീയാഭിപ്രായം പറഞ്ഞിരിക്കുന്നു. അദ്ദേഹത്തോട് സഹകരിച്ചതിന്റെ ഫലമായി ഖത്തറിനെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് യു.എ.ഇ, സഊദി, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍. എല്ലാവരും ഖത്തറിലുള്ള തങ്ങളുടെ നയതന്ത്ര പ്രധിനികളെ തിരിച്ച് വിളിച്ച് പ്രധിഷേധത്തിന്റെ ആഴം വര്‍ധിപ്പിച്ചിരിക്കുന്നു. ഈജിപ്തിലെ ജനാധിപത്യ വാഴ്ച ഇല്ലായ്മ ചെയ്ത് രക്തരൂക്ഷിതമായ അട്ടിമറിയിലൂടെ അധികാരത്തിലേറിയ ഈജിപ്ത്യന്‍  സൈന്യാധിപന്‍ സീസിയെ സഹായിക്കുന്ന സഊദിയുടെയും യു.എ.ഇയുടെയും നടപടിയെ വെള്ളിയാഴ്ച പ്രഭാഷണത്തില്‍ വിമര്‍ശിച്ചതാണ് ഖര്‍ദാവി ചെയ്ത കുറ്റം. അട്ടിമറി സര്‍ക്കാറിനെതിരെ സമരം ചെയ്യുന്നവരെ കൊലപ്പെടുത്തുന്ന ഈജിപ്തിലെ സൈനിക ഭരണത്തിന് സാമ്പത്തിക സായുധ പിന്തുണ നല്‍കുന്ന സഊദിയുടെ നടപടി വലിയ തെറ്റാണ്, അത് അവസാനിപ്പിക്കണം, അട്ടിമറി സര്‍ക്കാറിന് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല. ഇസ്‌ലാമിക ശരീഅത്തിനേയോ ശരീഅത്തിലധിഷ്ടിതമായ സഊദി ഭരണത്തേയോ ഈജിപ്തിലെ അട്ടിമറി സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. അവരുമായുള്ള ചങ്ങാത്തം സഊദി ഉടന്‍ അവസാനിപ്പിക്കണം. അക്രമികള്‍ക്കും കൊലപാതികള്‍ക്കും തിന്മയുടെ വക്താക്കള്‍ക്കുമുള്ള പിന്തുണ നിര്‍ത്തലാക്കി ഈജിപ്ത് ജനതയോടൊപ്പം സഊദി നില കൊള്ളണം തുടങ്ങിയ പണ്ഡിതോചിതമായ ഉപദേശങ്ങള്‍ അംഗീകരിക്കാന്‍ ശ്രമിക്കുന്നില്ലെന്ന് മാത്രമല്ല മതപണ്ഡിതന്മാരില്‍ നിന്നുയര്‍ന്നു വരുന്ന എല്ലാ ശബദങ്ങളെയും നിയന്ത്രിക്കാനാണ് ഭരണാധികാരികള്‍ ശ്രമിക്കുന്നത്.

സാമ്പത്തിക രംഗത്തെ അസന്തുലിതത്വങ്ങള്‍ക്കെതിരെ ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്റെ സൂക്ഷമതയോടെ പോപ്പ് അദ്ദേഹത്തിന്റെ ഗോസ്പല്‍ പ്രഭാഷണങ്ങള്‍ ക്രോഡീകരിച്ചിട്ടുണ്ട്. സാമ്പത്തിക രംഗം ധാര്‍മിക നിയമങ്ങള്‍ ഉപയോഗിച്ച് പൊളിച്ചെഴുതണം. ധനമൂലധനത്തിന്റെ തിരിമറികളും ഊഹക്കച്ചവടങ്ങളും ബഹിഷ്‌കരിക്കണം. പൂര്‍ണമായ കമ്പോളസ്വാതന്ത്രം നിയന്ത്രിക്കണം, കുത്തകകളും ഭരണാധികാരികളും തമ്മിലുള്ള അവിഹിത ബന്ധത്തിലൂടെ രൂപപ്പെടുന്ന ഏകാധിപത്യം നിയന്ത്രിക്കണം, ധാര്‍മിക പരിധിയില്‍ ഊന്നിയുള്ള ധനകാര്യ പരിഷ്‌കാരങ്ങള്‍ വേണം, അതിന് രാഷ്ട്രീയ നേതാക്കളുടെ സമീപനത്തില്‍ മാറ്റമുണ്ടാകണം. പണമല്ല ഭരിക്കേണ്ടത് അത് സേവനത്തിനുള്ളതാണ്. (Joy of the Gospel ഖണ്ഡിക52-58) അഭിപ്രായത്തിലും നിലപാടുകളിലും സമാനാതകളുള്ള രണ്ട് വ്യത്യസ്ത മത നേതൃത്വങ്ങള്‍ തമ്മിലുള്ള ഈ സമാനത പുതയ സംവാദങ്ങളിലേക്കും സഹകരണങ്ങളിലേക്കും വഴി തുറക്കേണ്ടതുണ്ട്. രാഷ്ട്രീയവും സാമ്പത്തിക രംഗവും ഉള്‍പ്പടെ മനുഷ്യ ജീവിതത്തെ മുഴുവനായും ശുദ്ധീകരിക്കേണ്ട ഉത്തരവാദിത്തം മത നേതൃത്വത്തിനും പണ്ഡിതന്മാര്‍ക്കുമുണ്ട്. ജോയ് ഓഫ് ദി ഗോസ്പലും ഖര്‍ദാവിയുടെ വെള്ളിയാഴ്ച പ്രഭാഷണങ്ങളും രണ്ട് മത നേതൃത്വങ്ങളുടെ മൂല്യത്തിന് വേണ്ടിയുള്ള ശബ്ദമാണ്. അതിനെ പിന്താങ്ങേണ്ടത് മൂല്യ ബോധമുള്ളവരുടെ ബാധ്യതയാണ്.

Related Articles