Current Date

Search
Close this search box.
Search
Close this search box.

‘ഫേസ്ബുക്കില്‍ ആളാകാനുള്ള പൊടിക്കൈകള്‍’

വളരെ വിഭിന്നമായ  ലോകമാണ് ഫേസ്ബുക്ക്..
ഫേസ്ബുക്കില്‍ എന്ത് സംഭവിക്കും എന്ന ആധിയില്‍ വളരെ സമയമൊന്നും നമുക്കീ ലോകത്ത് നിന്നും വിട്ടുനില്‍ക്കാന്‍ വയ്യാതായിരിക്കുന്നു..
ന്യായീകരിച്ചും പ്രതിരോധിച്ചും ആക്രമിച്ചും ഇവിടെ എല്ലാവരുമുണ്ട്..

ചില കാട്ടിക്കൂട്ടലുകള്‍ വല്ലാതെ അപഹാസ്യമായി തോന്നാറും ഉണ്ട്..

ഫേസ് ബുക്കില്‍ എങ്ങനെ ആളാകാം എന്ന് സുന്ദരമായ ആക്ഷേപഹാസ്യത്തില്‍  പറഞ്ഞു തരുന്നു ശംസിസ്വനം ബ്ലോഗില്‍ (http://www.shamsiswanam.com)ശംസി.

ഫേസ്ബുക്കില്‍ സ്റ്റാറാകാനുള്ള ചില ടിപ്‌സ്

** ആദ്യമൊരു പ്രതിജ്ഞയാകാം

‘ഫേസ്ബുക്ക് എനിക്ക് വീട് പോലെയാണ്.. എല്ലാ ഫേസ്ബുക്ക് അസോസിയേഷന്‍ കാരും എന്റെ സഹോദരീ സഹോദരന്‍മാരാണ്.. ‘ഇതാണ് പ്രതിജ്ഞ..

അതോടൊപ്പം സക്കര്‍ ബര്‍ഗ് അണ്ണനെ നമ്മുടെ കമ്പ്യൂട്ടര്‍ പിതാവായി അംഗീകരിക്കുന്നതോടൊപ്പം വെറുക്കപ്പെട്ടവരായ Larry Page , Sergey Brin (google founders)
എന്നിവരെ ആജന്മ ശത്രുക്കളായ പ്രഖ്യാപിക്കുകയും ചെയ്യുന്നു..

** നിങ്ങളുടെ സ്റ്റാറ്റസ് കോളം മിനുറ്റ് വെച്ച് അപ്‌ഡേറ്റ് ചെയ്യുകയാണെങ്കില്‍ ഫേസ്ബുക്ക് ഓഫ് ദ ഇയര്‍ ആയി തെരെഞ്ഞെടുക്കപ്പെടാന്‍ സാധ്യത ഏറെയാണ്..

** ഫേസ്ബുക്ക് ആവശ്യത്തിന് ഫോട്ടോ എടുക്കുമ്പോള്‍ കൂളിംഗ് ഗ്ലാസ് ഒരു കാരണവശാലും ഒഴിവാക്കാന്‍ പാടില്ലാത്തതാകുന്നു.. പ്രവാസികളാണെങ്കില്‍ അവിടെ പാട്ട പെറുക്കുന്ന ജോലിയാണെങ്കിലും ടൈ കെട്ടിയില്ലാതെ ഫോട്ടോക്ക് ഫോട്ടോക്ക് പോസ് ചെയ്യാന്‍ മുതിരരുത്..

മാനേജറുടെയോ ബോസിന്റെയോ കാബിനില്‍ കയറിയിരുന്ന് മൈ ഓഫീസ് എന്ന അടിക്കുറിപ്പോടെ ഫോട്ടോ ഇടാനുദ്ദേശിക്കുന്നവര്‍ ലഞ്ച് ബ്രേക്കിനോ മറ്റോ മാനേജര്‍ പുറത്ത് പോയ സമയത്ത് കാര്യം സാധിച്ചെടുക്കേണ്ടതാണ്..

പതിനാറ് കട്ടിലുകള്‍ക്കും പതിനായിരം മൂട്ടകള്‍ക്കും കൂടി 1200 ദിര്‍ഹം വാടക കൊടുക്കുന്ന വില്ലയിലാണ് താമസമെങ്കിലും IKEA പോലുള്ള ഹോം ആക്‌സറീസ് ഷോപ്പുകളിലോ അല്ലെങ്കില്‍ വന്‍കിട റെസ്‌റ്റോറന്റുകളിലോ പോയിരുന്നു എടുക്കുന്ന ഫോട്ടോയ്ക്ക് മൈ റൂം എന്ന അടിക്കുറിപ്പും കൊടുക്കാവുന്നതാണ്..

**  പ്രഥമമായും പ്രധാനമായും നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ ലാംഗേജ് ആണ്. ഓക്‌സ് ഫോഡ് ഡിക്ഷണറി വരെ അന്തം വിട്ടു നില്‍ക്കുന്ന ഇംഗ്ലീഷ് വാക്കുകള്‍ ഇടക്കിടെ ഉപയോഗിക്കാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം..

My എന്നതിനു Ma എന്നും Husband  എന്നതിനു Huzz  എന്നും പിന്നെ മൊത്തത്തില്‍ ഒരു Z കൊണ്ടുള്ള കളിയാകണം..
Guyz , folks, Dude എന്നിങ്ങനെ ആവശ്യാനുസരണം ഉപയോഗിക്കുന്നതാണ് നല്ലത്. എണ്‍പതു കഴിഞ്ഞ കലന്തനിക്കായെയും hi dude  എന്ന് പറഞ്ഞു മാത്രമേ അഭിസംബോധന ചെയ്യാന്‍ പാടുള്ളൂ..

*********************************************************************

റഫീഖ് തിരുവള്ളൂര്‍(Rafeek Thiruvallur) ഫേസ്ബുക്കിലിട്ട മകന്‍ എന്ന കവിത സുന്ദരമായിരുന്നു..

മകന്‍

ആദ്യം കൈകളില്‍ നിന്നും
പിന്നീട് മടിയില്‍ നിന്നും
നീയിറങ്ങിപ്പോയി..
ഇപ്പോ സ്‌കൂളിലേക്ക് കൂടി
പോയിത്തുടങ്ങിയതോടെ
നിന്റെ കൂടെയെത്താന്‍
ഞാനുമോടണം എന്നായി
എങ്ങനെയൊക്കെ
സ്‌നേഹിക്കണമെന്നു ഞാനും
എങ്ങനെയൊക്കെ ധിക്കരിക്കണമെന്ന് നീയും
മല്‍സരിക്കുന്ന കളിയാണിനി ജീവിതം
എന്നെനിക്കറിയാം..
എന്റെ ബാല്യകൗമാരങ്ങളാകെ ആ കളിയായിരുന്നു

********************************************************************

നിതാകാത്ത് പ്രശ്‌നം എഫ് ബിയില്‍ ഒട്ടേറെ ദിവസം കത്തിനിന്നതാണ്..
മീഡിയകള്‍ വെറുതെ ഭീതി പടക്കുകയാണെന്ന രീതിയില്‍ ഒരുപാട് പേര്‍ സ്റ്റാറ്റസ് ഇടുകയും ചെയ്തിരുന്നു…

ജോലി നഷ്ടപ്പെടുന്നതിലുള്ള അമര്‍ഷത്താല്‍  ആരോ നിര്‍മിച്ച് വല്ലാതെ ഷെയര്‍ കിട്ടിക്കൊണ്ടിരിക്കുന്ന ഒരു ചിത്രത്തില്‍ അറബി ജോലി തേടി കുറ്റിപ്പുറത്തെത്തിയതായാണ് ചിത്രീകരിച്ചിരിക്കുന്നത്…
അറബി ഉപ്പാക്ക് ഫോണ്‍ ചെയ്യുന്നതാണ് രംഗം..

 

‘ബാപ്പാ.. ഒടുവില്‍ ഞാന്‍ കുറ്റിപ്പുറത്തെത്തി..
എനിക്ക് ഇവിടുത്തെ മജീദു കഫീലിന്റെ ബൂഫിയയില്‍ ആണ് ജോലി..
എന്റെ കഫീല്‍ പണ്ട് നമ്മടെ നാട്ടില്‍ ജോലിക്ക് വന്നപ്പോ ബാപ്പ ആയിരുന്നു
എന്റെ കഫീലിന്റെ കഫീല്‍..
ആ കലിപ്പെല്ലാം അയാള്‍ എന്നോട് തീര്‍ക്കുവാ..
പിന്നെ ഇപ്പോള്‍ ഞാന്‍ മലയാളം നന്നായി സംസാരിക്കും..
ഇവിടുത്തെ ഒരു രൂപക്ക് നമ്മുടെ നാട്ടിലെ നൂറു റിയാല്‍ കിട്ടും..
കാശ് സൂക്ഷിച്ച് ഉപയോഗിക്കുക..
പിന്നെ ബാപ്പായെ എന്റെ കഫീല്‍ അന്വേഷിക്കാറുണ്ട്..
ആ ഹമുക്കിന് സുഖമാണോ എന്ന് ചോദിക്കും..
കാര്യങ്ങള്‍ ഒരുവിധം സുഖമായി പോകുന്നു..
എന്റെ കഫീല്‍ റീ എന്‍ഡ്രി അടിച്ചു തന്നാല്‍ ഉടനെ വരാം..’

Related Articles