Current Date

Search
Close this search box.
Search
Close this search box.

ഫെര്‍ഗൂസണ്‍ വെടിവെപ്പും വെള്ളക്കാരന്റെ വര്‍ണ്ണവെറിയും

അമേരിക്കയിലെ ഫെര്‍ഗൂസനില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട കറുത്തവര്‍ഗക്കാരന്റെ ഘാതകന് കോടതി ക്ലീന്‍ചിറ്റ് നല്‍കിയ വിധിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ രാജ്യത്ത് കൊടുമ്പിരി കൊള്ളുകയാണ്. അമേരിക്കയുടെ ചരിത്രത്തിലുടനീളം കാണപ്പെട്ട കറുത്തവര്‍ഗക്കാര്‍ക്ക് നേരേയുള്ള വിവേചനങ്ങളുടെയും വംശീയാതിക്രമങ്ങളുടെയും ഭാഗമായിട്ടാണ് ഫെര്‍ഗൂസണ്‍ വെടിവെപ്പിനെയും കോടതി വിധിയെയും വിലയിരുത്തുന്നത്. രാജ്യത്തെ നീതിന്യായപീഠമടക്കമുള്ള മേഖലകള്‍ ഇത്തരം വിവേചനങ്ങള്‍ക്ക് കൂട്ടു നില്‍ക്കുന്ന ദുരവസ്ഥകളുടെ ഭാഗവുമാണീ സംഭവം.

കറുത്ത വര്‍ഗക്കാര്‍ക്ക് നേരേയുള്ള വെടിവെപ്പുകളും നീതിനിഷേധങ്ങളും മുന്‍പും പല തവണ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2012 ഫെബ്രുവരി 26ന് കറുത്ത വര്‍ഗക്കാരനായ ട്രെയോണ്‍ മാര്‍ടിന്‍ എന്ന 17 കാരനെ ജോര്‍ജ് സിമ്മര്‍മാന്‍ എന്ന വെള്ളക്കാരന്‍ അമേരിക്കയിലെ ഫ്‌ളോറിഡയില്‍ തടഞ്ഞുനിര്‍ത്തി വെടുവെച്ചുകൊന്ന സംഭവത്തില്‍ പ്രതിയെ ജൂറി വെറുതെ വിട്ടിരുന്നു. ആത്മരക്ഷാര്‍ത്ഥമായിരുന്നു സിമ്മര്‍മാന്റെ നടപടിയെന്നാണ് ജൂറി അന്ന് പറഞ്ഞത്. 1964-ല്‍ പതിനഞ്ചുകാരനായ ജെയിംസ് പവല്‍ എന്ന നിരായുധനായ കുട്ടിയെ വെടിവെച്ചുകൊന്ന തോമസ് ഗില്ലിഗന്‍ എന്ന പോലീസുകാരനെ കുറ്റവിമുക്തനാക്കിയത് ഹാര്‍ലമില്‍ വലിയ കലാപത്തിന് കാരണമായിരുന്നു. 1970 ല്‍ മിസ്സിസ്സിപ്പിയില്‍, ജാക്‌സണ്‍ സ്റ്റേറ്റ് കോളേജില്‍ യുദ്ധവിരുദ്ധ പ്രതിഷേധക്കാര്‍ക്കു നേരേ പോലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് കറുത്തവര്‍ഗക്കാരായ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലും പോലീസ് പ്രതികളെ വെറുതെ വിടുകയായിരുന്നു. 1991 ലെ റോഡ്‌നി കിങ് ആക്രമണക്കേസിലും വ്യക്തമായ തെളിവുകളുണ്ടായിട്ടും വെള്ളക്കാരായ പോലീസുകാരെ വെറുതെ വിട്ട നടപടിയും ഇതിന്റെ ഭാഗമാണ്.

അമേരിക്കന്‍ ജനതയുടെ 14.1% വരുന്ന കറുത്ത വര്‍ഗക്കാര്‍ക്കെതിരെ അവിടുത്തെ ബഹുഭൂരിപക്ഷം വരുന്ന വെള്ളക്കാര്‍ നടത്തുന്ന അതിക്രമങ്ങള്‍ തികച്ചും പൈശാചികമാണ്.  നൂറ്റാണ്ടുകളോളം കറുത്തവരെ അടിമകളായി ഉപയോഗിച്ച അവര്‍ മനുഷ്വത്വ വിരുദ്ധമായ നടപടികളാണ് എന്നും ഇക്കൂട്ടര്‍ക്കെതിരെ സ്വീകരിച്ചു പോന്നത്. ലോകത്തിലെ ജനാധിപത്യ വ്യവസ്ഥയുടെ ഉജ്ജ്വല മാതൃകയെന്ന് സ്വയം അഭിമാനിക്കുന്ന അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് പൗരാവകാശങ്ങള്‍ അനുവദിച്ചതുപോലും 1964-1965 കാലത്ത് മാത്രമാണ്. സാമൂഹികവും സാമ്പത്തികവുമായ വിവേചനങ്ങള്‍ അവര്‍ക്കെതിരെ ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു. ഇത്തരം നീതിനിഷേധങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയവരെ  അടിച്ചമര്‍ത്തുന്ന നിലപാടാണ് എന്നും ഭരണകൂടം സ്വീകരിച്ചു പോന്നത്.

വെള്ളക്കാരുടെ വര്‍ണ്ണവെറിക്കെതിരെയുള്ള കരുത്തവര്‍ഗക്കാരുടെ പോരാട്ടങ്ങള്‍ എന്നും ചരിത്രത്തില്‍ ശ്രദ്ധനേടിയതാണ്. മാല്‍കം എക്‌സിന്റെ നേതൃത്വത്തിലും, മാര്‍ടില്‍ ലൂഥര്‍ കിങ് ജൂനിയറിന്റെ നേതൃത്വത്തിലും നടന്ന പോരാട്ടങ്ങള്‍ ഇവയിലെ സ്മരണീയ അനുഭവങ്ങളാണ്. അത്തരം പോരാട്ടങ്ങളുടെ ഫലമായിട്ടാണ് ഇന്ന് കാണുന്ന അഭിവൃദ്ധിയെങ്കിലും കരസ്ഥമാക്കാന്‍ കറുത്തവര്‍ക്ക് കഴിഞ്ഞത്. അമേരിക്കയുടെ ചരിത്രത്തിലെ കറുത്ത വര്‍ഗക്കാരനായ ആദ്യത്തെ പ്രസിഡണ്ടായി ബറാക്ക് ഒബാമ ഭരിക്കുമ്പോഴാണ് പുതിയ സംഭവങ്ങള്‍ അരങ്ങേറുന്നതെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. എന്നിട്ടും കുറ്റക്കാര്‍ക്കെതിരെ നീതിയിലധിഷ്ടിതമായ നടപടി സ്വീകരിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെടുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

Related Articles