Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ യുവാക്കള്‍ തങ്ങളുടെ ബാധ്യത നിര്‍വഹിക്കുകയാണ്

ഫലസ്തീനികളുടെ ഒറ്റപ്പെട്ട ഇന്‍തിഫാദ എപ്പോഴും ഇസ്രയേലില്‍ ഞെട്ടലും പരിഭ്രാന്തിയുമുണ്ടാക്കിയിട്ടുണ്ട്. അതില്‍ ഏറ്റവും അവസാനത്തേത് കഴിഞ്ഞ വ്യാഴാഴ്ച്ച (19/11/2015) നടന്നതാണ്. ആക്രമണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിന് ശേഷം നടക്കുന്ന ഏറ്റവുമധികം കൊല നടന്ന ദിവസം എന്നാണ് ‘ഹാരെറ്റ്‌സ്’ പത്രം ആ ദിവസത്തെ വിശേഷിപ്പിച്ചത്. സംഭവിച്ചത് ഒരു ദുസ്വപ്‌നമാണെന്ന് അത് പറയുമ്പോള്‍ തെല്‍അവീവിലും ഗുഷ് എറ്റ്‌സിയന്‍ കുടിയേറ്റ മേഖലയിലുമായി മൂന്ന് മണിക്കൂറിനുള്ളില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടതിന്റെ ഞെട്ടലാണത് പ്രകടമാക്കുന്നത്. വേദനാജനകമായ ഈ ആക്രമണത്തിലൂടെ കൊല്ലപ്പെട്ട ഇസ്രയേലികളുടെ എണ്ണം 17 തികഞ്ഞു. അതിന് പുറമെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഫലസ്തീന്‍ അതോറ്റിയുടെ എതിര്‍പ്പുണ്ടായിരിക്കെ തങ്ങളുടെ മണ്ണില്‍ ഫലസ്തീന്‍ രോഷം പൊട്ടിത്തെറിക്കുമെന്ന് ഇസ്രയേലികള്‍ പ്രതീക്ഷിച്ചിരുന്നില്ല. ഏതെങ്കിലും പ്രതിരോധ ഗ്രൂപ്പുകളുടെ നിര്‍ദേശമോ ഏതെങ്കിലും പ്രാദേശിക, അറബ്, അന്താരാഷ്ട്ര പിന്തുണയോ ഇല്ലാതെയാണ് ഫലസ്തീനികളിത് ചെയ്യുന്നതെന്നതും ശ്രദ്ധേയമാണ്. പ്രത്യേക രൂപമോ ഘടനയോ ഇല്ലാത്ത, ഒരിക്കലും പ്രതീക്ഷിക്കാത്തിടത്ത് സംഭവിക്കുന്ന ഒന്നാക്കി ഈ ഇന്‍തിഫാദയെ മാറ്റുന്നതും അതാണ്. മതിലുകളും റാമല്ല ഭരണകൂടവുമായുള്ള സുരക്ഷാ സഹകരണവും വെടിനിര്‍ത്തലും ആത്മനിയന്ത്രണത്തിനുള്ള ആഹ്വാനങ്ങളുമെല്ലാം ഉണ്ടായിരിക്കെയാണിത്. പ്രത്യേമായ ആളുകളോ നേതൃത്വമോ സംരക്ഷണമോ ഇല്ലാത്ത ഒരു ഇന്‍തിഫാദയെന്ന് ഇതിനെ വേണമെങ്കില്‍ വിശേഷിപ്പിക്കാം. തങ്ങളുടെ മണ്ണ് കവര്‍ന്നെടുക്കപ്പെട്ടതാണെന്ന് മറക്കാത്ത ഫലസ്തീന്‍ ജനതയുടെ ഇന്‍തിഫാദയാണിത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ നാല്‍പതുകള്‍ മുതല്‍ ആ മുറിവുകളില്‍ നിന്നുള്ള രക്തം ഒലിച്ചു കൊണ്ടേയിരിക്കുകയാണ്.

ആ ഒരു ദിവസം കൊല്ലപ്പെട്ടവരുടെ എണ്ണം മാത്രമല്ല ഇസ്രയേല്‍ നേതാക്കളെ അസ്വസ്ഥപ്പെടുത്തുന്നത്. അതോടൊപ്പം അവരെ അസ്വസ്ഥപ്പെടുന്ന സുപ്രധാനമായ രണ്ട് കാര്യങ്ങളുണ്ട്. ഒന്ന്, തെല്‍അവീവില്‍ ആക്രമണം നടത്തിയ ഫലസ്തീനി (റാഇദ് മുസാഇദ്)ക്ക് ഇസ്രയേലിനകത്ത് ജോലി ചെയ്യാനുള്ള പെര്‍മിറ്റ് ഉണ്ടായിരുന്നു. ഇത്തരത്തില്‍ പെര്‍മിറ്റ് നല്‍കപ്പെട്ട 60,000 പേരില്‍ ഒരാളാണ് അദ്ദേഹം. അവരുടെ രേഖകളെല്ലാം സൂക്ഷ്മമായ പരിശോധനക്ക് വിധേയമാക്കി അവര്‍ക്ക് ഫലസ്തീന്‍ ഗ്രൂപ്പുകളുമായൊന്നും യാതൊരു ബന്ധവുമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ഈ പെര്‍മിറ്റ് നല്‍കുന്നത്. അവരുടെ പരിഭ്രമം വര്‍ധിപ്പിക്കുന്ന മറ്റൊരു കാര്യമാണ് ഹെബ്രോണില്‍ ജീവിക്കുന്ന 36-കാരനായ അദ്ദേഹം വിവാഹിതനും അഞ്ചു കുട്ടികളുടെ പിതാവുമാണെന്നുള്ളതും. അതില്‍ ഇരട്ടകളായ രണ്ടു പേര്‍ സംഭവം നടക്കുന്നതിന് ഒരു മാസം മുമ്പാണ് ജനിച്ചത്. കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളൊന്നും വഹിക്കാനില്ലാത്ത ഒരു ചെറുപ്പക്കാരനല്ല അദ്ദേഹമെന്ന് ചുരുക്കം. ചെറുതല്ലാത്ത ഒരു കുടുംബത്തിന്റെ നാഥനും ഇസ്രയേലില്‍ ജോലി ചെയ്യുന്നതിനുള്ള പ്രത്യേക അനുവാദം ലഭിച്ചിട്ടുള്ള ഒരാളുമാണയാള്‍. തന്റെ ജോലിയില്‍ തുടര്‍ന്ന് തന്റെ കുടുംബത്തിന്റെ കാര്യങ്ങളെല്ലാം ശ്രദ്ധിച്ച് ജീവിക്കുമെന്നാണ് അങ്ങനെയുള്ളവരെ കുറിച്ച് പൊതുവെ കരുതപ്പെടുക. ഇസ്രയേലിനകത്ത് ജോലി ചെയ്യാന്‍ പെര്‍മിറ്റ് ലഭിച്ചിട്ടുള്ള ഒരു ഫലസ്തീനിയും ഈയടുത്ത കാലത്തൊന്നും ഒരു പ്രതിരോധ പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടിട്ടില്ലെന്ന മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ ഇസ്രയേല്‍ മിലിറ്ററി റേഡിയോയിലൂടെയുള്ള പ്രസ്താവന വ്യക്തമാക്കുന്നതും അതാണ്. വര്‍ഷങ്ങളായി അവര്‍ രാവിലെ ജോലിക്കെത്തി ഒരു അക്രമ പ്രവര്‍ത്തനങ്ങളിലും പങ്കാളിയാവാതെ വൈകുന്നേരം മടങ്ങുന്നവരായിരുന്നു എന്നാണ് അദ്ദേഹം വിശദമാക്കിയത്.

അതേസമയം ആക്രമണം നടത്തിയവരെല്ലാം പെര്‍മിറ്റില്ലാതെയാണ് ഇസ്രയേലില്‍ പ്രവേശിച്ചിട്ടുള്ളത് എന്നും വ്യക്തമാണ്. ജൂതപുരോഹിതനായ റബ്ബി അഹറോന്‍ യെശയാവിന്റെ മരണത്തിന് കാരണമായ സംഭവത്തോടെ, ഇസ്രയേലിനകത്ത് ജോലി ചെയ്യാന്‍ പെര്‍മിറ്റ് നല്‍കപ്പെട്ടവരുടെ കാര്യത്തില്‍ ഒന്നും ഭയപ്പെടേണ്ടതില്ലെന്ന ഇസ്രയേല്‍ സുരക്ഷാ വിഭാഗത്തിന്റെ ധാരണയാണ് തിരുത്തപ്പെട്ടിരിക്കുന്നത്. പ്രത്യേകിച്ചും ഇന്‍തിഫാദയിലെ പങ്കാളിത്തത്തിന് ഏതെങ്കിലും ഫലസ്തീന്‍ ഗ്രൂപുകളുമായോ ഫലസ്തീനേതര ഗ്രൂപ്പുകളുമായോ ഒരു ബന്ധവുമില്ലാത്ത അവസ്ഥയില്‍. തങ്ങളുടെ പെര്‍മിറ്റ് നേടിയവരും ഗ്രീന്‍ ലൈന്‍ എന്നറിയപ്പെടുന്ന പ്രദേശത്ത് താമസിക്കുന്ന അവരുടെ കൂട്ടാളികളും അവരുടെ സുരക്ഷാ രേഖകളില്‍ സംശയത്തിന് ഇടമില്ലാത്തവരായിരുന്നു. അവരില്‍ ബഹുഭൂരിഭാഗവും പ്രതിരോധ ഗ്രൂപ്പുകളുമായി ബന്ധമില്ലാത്തവരായിരുന്നു. കാരണം ഇസ്രയേലില്‍ ജോലി ചെയ്ത് കുടുംബം പുലര്‍ത്തേണ്ട കുടുംബ നാഥന്‍മാരിയിരുന്നു അവര്‍. എന്നാല്‍ മറ്റെന്തെനേക്കാളും ഉപരിയായി തങ്ങള്‍ ഫലസ്തീനികളാണെന്ന കാര്യം അവര്‍ മറന്നില്ല. തങ്ങളുടെ മണ്ണ് കവര്‍ന്നതും നിന്ദ്യരാക്കിയതും തങ്ങളുടെ സഹോദരങ്ങളെ കൊന്നതും അവര്‍ക്ക് മറക്കാനാവുന്ന കാര്യമല്ല.

ഇന്‍തിഫാദ കത്തിയുപയോഗിച്ചുള്ള ആക്രമണങ്ങളില്‍ ഒതുങ്ങുന്നില്ല എന്നതാണ് ഇസ്രയേലികളെ ഭീതിപ്പെടുത്തുന്ന രണ്ടാമത്തെ കാര്യം. മറ്റായുധങ്ങളും ഫലസ്തീനികളുടെ കൈകളില്‍ കാണുന്നു. തെല്‍അവീവില്‍ റാഇദ് മുസാഇദ് ഉപയോഗിച്ചത് കത്തിയായിരുന്നു. എന്നാല്‍ ഗുഷ് എറ്റിസിയണില്‍ നടന്ന ആക്രമണത്തിന്റെ സ്വഭാവം മറ്റൊന്നായിരുന്നു. സംഭവത്തിന്റെ നാലു ദിവസം മുമ്പ് ഊസി (Uzi) ഇനത്തിലുള്ള തോക്ക് വാങ്ങിയാണ് മുഹമ്മദ് അബ്ദുല്‍ ബാസിത് അല്‍ഹറൂബ് എന്ന ഫലസ്തീന്‍ യുവാവ് അവിടെ ആക്രമണം നടത്തിയത്. പിന്നീട് കുടിയേറ്റക്കാര്‍ക്ക് നേരെ കാറോടിച്ച് കയറ്റാനും അയാള്‍ തീരുമാനിച്ചു. തോക്കുപയോഗിച്ച് ആ യുവാവ് രണ്ടു പേരെ കൊലപ്പെടുത്തുകയും ഏഴു പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഗുഷ് എറ്റിസിയണ്‍ കോപ്ലക്‌സിനടുത്ത് വെച്ച് വെടിയുതിര്‍ത്ത യുവാവ് പിടിക്കപ്പെട്ടതു കൊണ്ട് വാഹനം ഇടിച്ചു കയറ്റാനുള്ള പദ്ധതി നടന്നില്ല.

മേല്‍പറയപ്പെട്ട സംഭവത്തെ കുറിച്ച അന്വേഷണത്തില്‍ യുവാവിന് ഒരു ഗ്രൂപ്പുമായും ബന്ധമില്ലെന്ന് വ്യക്തമായതായി ഇസ്രയേല്‍ ചാനലായ ചാനല്‍-10 പറയുന്നു. ഫലസ്തീനികളെ കൊല്ലുന്നവര്‍ക്കുള്ള മറുപടി എന്ന നിലയിലാണ് ആ യുവാവ് അത് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍ അതായത് അഖ്‌സക്ക് വേണ്ടിയുള്ള ഇന്‍തിഫാദ അവസാനിച്ച് ഫലസ്തീനികളെ വേര്‍തിരിച്ചു കൊണ്ടുള്ള മതില്‍ നിര്‍മിച്ചതിന് ശേഷം, നടക്കുന്ന ഏറ്റവും ശക്തമായ ആക്രമണം എന്നാണ് ഇസ്രയേല്‍ ഇന്റലിജന്‍സ് വിഭാഗം ഈയടുത്തുണ്ടായ ആക്രമണ പരമ്പരകളെ വിശേഷിപ്പിച്ചത്. 2013-ല്‍ ആകെ നടന്ന ആക്രമണങ്ങളുടെ ഇരട്ടിയാണ് കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ മാത്രം നടന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

നിലവില്‍ ഇസ്രയേല്‍ അഭിമുഖീകരിക്കുന്ന ‘ഭീകരത’യെ നേരിടാന്‍ ശേഷിയുള്ള ഒരു രാഷ്ട്രവും ലോകത്തില്ലെന്ന് തെല്‍അവീവിലെ ഉയര്‍ന്ന കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇസ്രയേല്‍ പത്രമമായ യെദിയോത് അഹറനോത്തിലെ സുരക്ഷാ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന എഡിറ്റര്‍ അലക്‌സ് ഫിഷ്മാന്‍ പറഞ്ഞത് ശ്രദ്ധേയമാണ്. ഒരു നേതൃത്വമോ പുറത്തു നിന്നും നിര്‍ദേശം നല്‍കുന്ന ഒരു കേന്ദ്രമോ ഇല്ലാത്ത അവസ്ഥയില്‍ ആക്രമണം നടത്തുന്നവരെ തിരിച്ചറിയാനും അവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിവരം ലഭിക്കാനും പ്രയാസകരമായിരിക്കുന്നു എന്നാണ് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ ഇസ്രയേല്‍ റേഡിയോയോട് പറയുന്നത്.

അധിനിവേശമാണ് പ്രശ്‌നമെന്നും അതില്ലാതാക്കലാണ് പരിഹാരമെന്നും അംഗീകരിക്കാന്‍ അവര്‍ക്ക് ഉദ്ദേശ്യമില്ല. 1948-ലെ നക്ബ മുതല്‍ ഫലസ്തീനികള്‍ തലമുറയില്‍ നിന്ന് തലമുറയിലേക്ക് കൈമാറിയിട്ടുള്ള ഒരു യാഥാര്‍ഥ്യമാണത്. ഫലസ്തീന്‍ പോരാളികള്‍ ചെയ്യുന്ന പ്രവര്‍ത്തനം അധിനിവേശത്തെ തുടച്ചു നീക്കുകയില്ലെന്നത് ശരിയാണ്. എന്നാല്‍ തങ്ങളുടെ പക്കലുള്ള കല്ലുകളാലും കത്തികളാലും അധിനിവേശമെന്ന ആ യാഥാര്‍ഥ്യം ഓര്‍മപ്പെടുത്തുകയാണ് അവര്‍ ചെയ്യുന്നത്.

മൊഴിമാറ്റം: നസീഫ്‌

Related Articles