Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍; തല്‍സ്ഥിതികളെ ചോദ്യചെയ്യേണ്ട സമയമായി

നാള്‍തോറും ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ പരിക്കേല്‍ക്കുയും കൊല്ലപ്പെടുകയും ചെയ്യുന്ന ഫലസ്തീനികളുടെ എണ്ണം കൂടൂമ്പോഴും അന്താരാഷ്ട്രമാധ്യമങ്ങള്‍ സ്വീകരിക്കുന്ന നിസ്സംഗത ആശ്ചര്യജനകമാണ്. ഇസ്രയേലിന്റെയും ഇസ്രയേലിലെ ജൂതരുടെയും സുരക്ഷക്ക് ഭീഷണിയാവാത്തിടത്തോളം വിഷയത്തെ കേവല അടിച്ചമര്‍ത്തിയൊതുക്കാവുന്ന അക്രമസംഭവമായിക്കണ്ട് അവഗണിക്കാനുള്ള പൊതുസമ്മതി പാശ്ചാത്യരാജ്യങ്ങളില്‍, പ്രത്യേകിച്ച് അമേരിക്കയില്‍, ഉണ്ടെന്ന് തോന്നുന്നു.

അടിച്ചമര്‍ത്തേണ്ടുന്ന കേവല അക്രമസംഭവങ്ങളല്ല ഇന്ന് വെസ്റ്റ്ബാങ്കിലും ഗസ്സയിലും നടന്നുകൊണ്ടിരിക്കുന്നത്. ഒരു സമൂഹത്തിന്റെ സാക്ഷാത്കരിക്കപ്പെടേണ്ടുന്ന സ്വാതന്ത്ര്യത്തിനായുള്ള നിരന്തര പോരാട്ടമാണ്.

ചില ഫലസ്തീന്‍ നേതാക്കള്‍തന്നെ ഉപയോഗിക്കുന്ന ‘അക്രമസംഭവങ്ങള്‍’ എന്ന പ്രയോഗം ഫലസ്തീനികളെ ക്രൂരസൈനികശക്തിയുപയോഗിച്ച് അടക്കിവാഴുന്ന അധിനിവേശ കൊളോണിയല്‍ വ്യവസ്ഥയെ അദൃശ്യപ്പെടുത്താനുദ്ദേശിച്ച് പുറപ്പെടുവിക്കുന്നതാണ്.

ദുര്‍ബലമായ സമാധാനശ്രമങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന്ുണ്ടായ സാഹചര്യം ചൂഷണം ചെയ്ത് ഇരുഭാഗത്തുമുള്ള ഏതാനും തീവ്രവാദികള്‍ സൃഷ്ടിച്ചതല്ല പ്രശ്‌നങ്ങള്‍. ഇതപര്യന്തമുണ്ടായ സമാധാനശ്രമങ്ങളെല്ലാം തന്നെ ജൂത അധിനിവേശത്തെയും തുടര്‍ന്നുനടത്തിയ പിടിച്ചടക്കലുകളെയും ഊട്ടിയുറപ്പിച്ചിട്ടേയുള്ളൂ എന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്.

അധിനിവേശകര്‍ക്കുനേരെ പൊരുതുന്ന ഫലസ്തീന്‍ ചെറുപ്പക്കാരെയും സായുധരായ അധിനിവേശ കോളനിരാജ്യത്തെയും താരതമ്യപ്പെടുത്തുന്നതിലൂടെ പ്രതിരോധപോരാട്ടത്തെ അധമവത്കരിക്കുകയും ഇസ്രയേലിന്റെ കൊലകള്‍ക്ക് ന്യായീകരണം ചമക്കുകയുമാണ് ചെയ്യുന്നത്.

സമാധാനത്തിന്റെ പേരില്‍ സ്വാതന്ത്ര്യപ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്തിയും, വീടുകള്‍ തകര്‍ത്തും, കുടുംബങ്ങളെ ആട്ടിയോടിച്ചും, ഫലസ്തീനികളെ കൊലപ്പെടുത്തിയും, നഗരങ്ങളും പട്ടണങ്ങളുമെല്ലാം നശിപ്പിച്ചും ഇസ്രയേല്‍ നിത്യവും ഫലസ്തീനികള്‍ക്കെതിരെ ആക്രമണം തുടരുകയാണ്.

1991ലെ ഓസ്‌ലോ കരാറിനുശേഷം, ഇസ്രയേലിന്റെ അനധികൃത കുടിയേറ്റങ്ങള്‍ അഭൂതപൂര്‍വ്വം വര്‍ധിച്ചത് യാദൃശ്ചികമല്ല. ബലംപ്രയോഗിച്ച് നാടു വെട്ടിപിടിച്ച് അത് മറ്റൊരു വിഭാഗം ജനങ്ങള്‍ക്ക് കൈമാറ്റം ചെയ്യുന്നതിനെ നിരോധിക്കുന്ന എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും കണ്‍വെന്‍ഷനുകളെയും നിരാകരിച്ചുകൊണ്ടാണ് അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേല്‍ ഇക്കാലമത്രയും നിലകൊണ്ടത്.

ഓസ്‌ലോ കരാറിനുശേഷമുണ്ടായ എല്ലാ കരാറുകളില്‍നിന്നും അന്താരാഷ്ട്രനിയമങ്ങളെ മാറ്റിനിര്‍ത്തിയതിലൂടെ സംഭവിച്ചത് എല്ലാവിധ അന്താരാഷ്ട്ര സുരക്ഷയുടെയും കീഴില്‍ ഇസ്രയേലിന്റെ അധിനിവേശ നടപടികളെ അനുവദിക്കുകയെന്നതായിരുന്നു. അതേസമയം, ഈ കരാറുകളെല്ലാംതന്നെ ഇസ്രയേലിന്റെയും ഫലസ്തീന്റെയും നേതാക്കളെ ഒരുപോലെ പ്രതിഷ്ഠിക്കുന്ന അപകടകരമായ രീതിയാണ് സ്വീകരിച്ചത്.

അധിനിവേശ മേഖലകളിലൊന്നും ഫലസ്തീന്‍ പ്രസിഡന്റിന് യാത്ര ചെയ്തുകൂടെന്നും ഇസ്രയേല്‍ സൈന്യത്തിന് ഇഷ്ടമുള്ളപ്പോഴൊക്കെ റെയ്ഡ് നടത്താനും ഫലസ്തീനികളെ തട്ടിക്കൊണ്ടുപോകാനും അവകാശമുണ്ടെന്ന വസ്തുതകള്‍ അധികാരഘടനയുടെ സ്വഭാവം വിളിച്ചോതുന്നുണ്ട്. ഇസ്രയേലിന്റെ മാത്രം മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അതിന്റെ സുരക്ഷാസംബന്ധമായ ആവശ്യങ്ങളെ മുന്‍നിര്‍ത്തിയുള്ളതാണ് ഫലസ്തീന്‍ അതോറിറ്റിയും ഇസ്രയേലും തമ്മിലുള്ള ബന്ധം. തദ്ഫലമായി, ഒരിക്കല്‍ സ്വാതന്ത്ര്യപോരാട്ടത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന ഒരു പ്രസ്ഥാനം ഇന്ന് ഇസ്രയേലിന്റെ സുരക്ഷാസംവിധാനങ്ങളുടെ നടത്തിപ്പുകാരായി മാത്രം ചുരുങ്ങി. സല്‍സ്വഭാവത്തിലൂടെ ഇസ്രയേല്‍ അധിനിവേശത്തിന് അന്ത്യം കുറിക്കാനാവുമെന്ന മിഥ്യാബോധത്തെ ഫലസ്തീന്‍ പ്രതിരോധത്തെ തെര്യപ്പെടുത്തിക്കൊണ്ടിരുന്നു.

പല ഫലസ്തീന്‍ നേതാക്കളുടെയും പ്രമാണിമാരുടെയും സൗകര്യങ്ങളും സഞ്ചാരസ്വാതന്ത്ര്യവും, താല്‍പര്യങ്ങളുമെല്ലാം ഇസ്രയേലിന് സമാധാനാന്തരീക്ഷം നിലനിര്‍ത്തികൊടുക്കുന്നതിലൂടെ മാത്രമേ സാധിക്കൂ എന്നായപ്പോള്‍ മിഥ്യാബോധം എന്നത് അവരുടെ അടിസ്ഥാനവിശ്വാസം തന്നെയായിമാറി.

ഇസ്രയേലിന്റെ സുരക്ഷ നിലനിര്‍ത്തുക എന്നത്  ഫലസ്തീന്റെ മാനവികബോധത്തെ വിലയിരുത്താനുള്ള ലിറ്റ്മസ് ടെസ്റ്റായി സ്വീകരിക്കപ്പെട്ടു. ഈ ടെസ്റ്റിന് ഫലസ്തീന്‍ അനുദിനം വിധേയമായിനിന്നു. അതിനെ ലംഘിക്കുകയെന്നാല്‍ സഞ്ചാരസ്വാതന്ത്ര്യം തടയല്‍, അറസ്റ്റുകള്‍, കൊലപാതകങ്ങള്‍, വ്യാപകഅധിനിവേശം, യുദ്ധം എന്നിവക്കുള്ള കാരണമായി മാറി.

സാധാരണനിലയില്‍ ജീവിക്കാനുള്ള അവകാശത്തെയാണ് ഫലസ്തീനിലും ആണും പെണ്ണും ആവശ്യപ്പെടുന്നത്. എന്നാല്‍ സ്വാതന്ത്യമില്ലാതെ സാധാരണജീവിതം സാധ്യമാവുകയില്ല. ഈ യാഥാര്‍ഥ്യം പാശ്ചാത്യരാജ്യങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍, ഇസ്രയേലിന്റൈ അരുതായ്മകള്‍ക്കെല്ലാം കൂട്ടുനിന്ന് കൂടുതല്‍ അനീതിയെ സ്ഥാപിക്കുകയാണ്.

പാശ്ചാത്യഭരണകൂടങ്ങളുടെ ബോധോദയത്തിനല്ല ഇസ്രയേല്‍ സൈന്യത്തെ വെല്ലുവിളിച്ചുകൊണ്ട് പോര്‍മുഖത്തിറങ്ങിയിരിക്കുന്നത്. തദ്സ്ഥിതികളെ അട്ടിമറിക്കാനാണ്.

1987ലെയും 2001ലെ ഇന്‍തിഫാദകളെ പോലെ അവിശ്വസനീയമായ ധൈര്യവും ത്യാഗസന്നദ്ധതയുമാണ് അവര്‍ കാണിക്കുന്നത്. അധിനിവേശത്തിന്റെ കുരുക്കുകള്‍ കൂടുതല്‍ മുറുക്കുന്ന ഒത്തുതീര്‍പ്പു ചര്‍ച്ചകളില്‍ അവര്‍ പ്രതീക്ഷവെക്കുന്നില്ലതന്നെ.

ദീര്‍ഘനാളത്തേക്ക് ഓസ്‌ലോ കരാര്‍ വിജയമായിരുന്നു. സമാധാനത്തിന്റെ കേവലപ്രതീതിയുണ്ടാക്കാന്‍ ആ മയക്കുമരുന്നിനായി. എന്നാല്‍ അത്തരം മയക്കുമരുന്നുകള്‍ ഇനി ഫലിക്കില്ല, അത് 2001ല്‍ രണ്ടാം ഇന്‍തിഫാദക്ക് ഇറങ്ങിയപ്പോള്‍തന്നെ അവര്‍ തീരുമാനിച്ചതാണ്.

രണ്ടാം ഇന്‍തിഫാദക്കുശേഷം ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ പുനരാരംഭിച്ചെന്നത് ശരിയാണ്. എന്നാല്‍ അതേവേഗത്തിലാണ്, വെട്ടിപിടുത്തവും നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും നശീകരണവും വ്യാപകമാക്കി ഇസ്രയേലിന്റെ വിവേചനമതില്‍ ഉയര്‍ന്നുപൊങ്ങിയതും.

വര്‍ണവിവേചകരായ ഒരു സൈനികഭരണകൂടത്തിനെതിരില്‍ മാത്രമല്ല ഇപ്പോള്‍ ഫലസ്തീനികള്‍ ഉയര്‍ന്നെണീറ്റിരിക്കുന്നത്. അവര്‍ ഫലസ്തീന്‍ അതോറിറ്റിക്കും വര്‍ണവിവേചനം കല്‍പിക്കുന്ന ലോകത്തിനുനേരെയും ഒരു കണ്ണാടി ഉയര്‍ത്തുകയാണ്.

ഇസ്രയേലാണ് ഉത്തരവാദികളെങ്കിലും, ഇസ്രയേലുമായുള്ള സുരക്ഷാ സഹകരണമെന്ന വഷളത്തരം ഫലസ്തീന്‍ അതോറിറ്റി അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിനോടൊപ്പം നില്‍ക്കുന്നത് ഇസ്രയേലിന്റെ അരുതായ്മകള്‍ക്ക് കൂട്ടുനില്‍ക്കലാവും.

പാശ്ചാത്യരാജ്യങ്ങള്‍ക്ക് ഇസ്രയേലിനെ പിന്തുണക്കുകയോ മറിച്ചാവുകയോ ചെയ്യാം. ഫലസ്തീനായുള്ള അവകാശപോരാട്ടങ്ങള്‍ ഒരിക്കലും അസ്തമിക്കില്ലെന്ന് ഒരു പുതിയ തലമുറ കണ്ണീരും രക്തവും കൊണ്ട് സ്ഥാപിച്ചുറപ്പിക്കുകയാണ്.

വിവ: അനീസ്‌

Related Articles