Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍; ഐക്യരാഷ്ട്രസഭയെ വിശ്വസിക്കാമോ?

ലോക സമാധാനവും, നീതിയും പരിപാലിക്കേണ്ട ചുമതല ഐക്യരാഷ്ട്രസഭക്കുണ്ട്. ‘തലമുറകളെ യുദ്ധത്തിന്റെ കെടുതികളില്‍ നിന്നും രക്ഷിക്കാനാണ്’ 1945-ല്‍ അത് സ്ഥാപിക്കപ്പെട്ടത്. തുടക്കം മുതല്‍ക്ക് തന്നെ ഐക്യരാഷ്ട്രസഭ ദയനീയമായി പരാജയപ്പെടുന്നതാണ് കണ്ടത്.

ഫലസ്തീനികളുടെ സ്വയം നിര്‍ണയാവകാശം, ഫലസ്തീന്‍ അഭയാര്‍ത്ഥികളുടെ മാതൃഭൂമിയിലേക്കുള്ള തിരിച്ചുവരവ് എന്നിവയുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തനങ്ങള്‍ എടുത്ത് പറയപ്പെടുന്നുണ്ടെന്ന് ഫലസ്തീന്‍ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ളവര്‍ക്ക് അറിയാന്‍ സാധിക്കും. വെസ്റ്റ്ബാങ്ക്, ഗസ്സ, സിറിയയിലെ ഗോലാന്‍ കുന്നുകള്‍ എന്നിവിടങ്ങളിലെ ഇസ്രായേലിന്റെ നിയമവിരുദ്ധ അധിനിവേശത്തെ കുറിച്ച് പരാമര്‍ശിക്കുമ്പോഴും ഐക്യരാഷ്ട്രസഭയുടെ പേര് പറയപ്പെടാറുണ്ട്.

വെസ്റ്റ്ബാങ്ക്, ഗസ്സ മുനമ്പ്, അതുപോലെ മേഖലയിലെ ഫലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ എന്നിവിടങ്ങളിലേക്ക് ആവശ്യമായ അടിയന്തര സഹായങ്ങളും, സേവനങ്ങളും ഐക്യരാഷ്ട്രസഭയുടെ റിലീഫ് ആന്റ് വര്‍ക്ക്‌സ് ഏജന്‍സ് (UNRWA) നല്‍കുന്നുണ്ട്. കൂടാതെ എല്ലാവര്‍ഷവും നവംബര്‍ 29-ന് ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള അന്താരാഷ്ട്രാ ദിനവും ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ കൊണ്ടാടുന്നു.

പക്ഷെ, ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തിലേക്കും, ഫലസ്തീനുമായി ബന്ധപ്പെട്ട അതിന്റെ പ്രവര്‍ത്തനങ്ങളിലേക്കും കുറച്ച് കൂടി ആഴത്തില്‍ കടന്ന് ചെന്നാല്‍, ഒരുപാട് പ്രശ്‌നങ്ങള്‍ നമുക്ക് മുന്നില്‍ തെളിഞ്ഞ് വരും.

1947-ലാണ് അവര്‍ തുടങ്ങുന്നത്, ഫലസ്തീനെ ‘അറബ് രാഷ്ട്രം’, ‘ജൂത രാഷ്ട്രം’ എന്നിങ്ങനെ രണ്ടായി വിഭജിക്കാനുള്ള പദ്ധതിയൊരുക്കി കൊണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്വ അധിനിവേശത്തിന്റെ പിന്തുണയോടെ ഫലസ്തീനില്‍ കുടിയേറി പാര്‍ത്ത ന്യൂനപക്ഷമായ ജൂതന്‍മാര്‍ക്ക് ഫലസ്തീന്റെ ഫലഭൂയിഷ്ടമായ തീരദേശസമതലങ്ങളടക്കം 56 ശതമാനം ഭൂമി തീറെഴുതി കൊടുക്കുന്ന പ്രസ്തുത പദ്ധതി ഫലസ്തീന്‍ ജനത തള്ളികളഞ്ഞു.

സയണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ ഭൂരിഭാഗവും 1947 വിഭജന പദ്ധതിയെ അംഗീകരിച്ചു. പക്ഷെ കുറച്ച് കഴിഞ്ഞ്, സയണിസ്റ്റുകള്‍ ഫലസ്തീന്‍ ജനതയെ കൊന്നൊടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു, വ്യാപകമായ തോതില്‍ വംശീയ ഉന്മൂലനം നടന്നു (നഖബ). 750000-ത്തിലധികം ഫലസ്തീനികള്‍ അഭയാര്‍ത്ഥികളായി. നിലവില്‍ 1947-ലെ പദ്ധതിയില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ ഫലസ്തീന്‍ ഭൂമി ഇസ്രായേല്‍ കൈയ്യടക്കി കഴിഞ്ഞു. ജോര്‍ദാന്‍ സൈന്യം, ഫലസ്തീന്‍ ഡിഫന്‍സ് ഫോഴ്‌സ്, മറ്റു അറബ് സൈന്യങ്ങള്‍ എന്നിവയുടെ കടുത്ത എതിര്‍പ്പുള്ളത് കൊണ്ട് മാത്രമാണ് വെസ്റ്റ്ബാങ്കിനെ ഇസ്രായേല്‍ വെറുതെവിട്ടത്.

ഐക്യരാഷ്ട്രസഭയെ ഇസ്രായേല്‍ നിരന്തരമായി അവഹേളിക്കുന്ന കാഴ്ച്ചയാണ് ഇന്ന് കാണാന്‍ കഴിയുന്നത്. ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം ഇസ്രായേലിനെ തകര്‍ക്കാന്‍ കച്ചകെട്ടിയിരിക്കുന്ന സെമിറ്റിക് വിരുദ്ധ ഗൂഢശക്തികളേക്കാന്‍ ചെറുതാണ് ഐക്യരാഷ്ട്രസഭ. ഫലസ്തീനിലും സിറിയയിലുമുള്ള ഇസ്രായേല്‍ അധിനിവേശത്തെ ഐക്യരാഷ്ട്രസഭ ശക്തമായി അപലപിച്ചു വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍, ഫലസ്തീന്‍ സ്വതന്ത്ര രാഷ്ട്രം എന്ന ഫലസ്തീന്‍ അതോറിറ്റിയുടെ ആവശ്യം ഐക്യരാഷ്ട്രസഭയുടെ അംഗരാജ്യങ്ങളില്‍ വ്യാപകമായി സ്വാഗതം ചെയ്യുകയുണ്ടായി. ഫലസ്തീന്‍ ജനതക്കെതിരെ ഇസ്രായേല്‍ നടത്തികൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ ലോകരാഷ്ട്രങ്ങളില്‍ ഭൂരിഭാഗവും തിരിച്ചറിഞ്ഞതിന്റെ ഫലമാണത്.

എന്നാല്‍, 1948-ല്‍ ഫലസ്തീന്‍ എന്ന രാഷ്ട്രം ലോകഭൂപടത്തില്‍ നിന്നും തുടച്ച് നീക്കപ്പെടുന്നതിന് കാരണമായ 1947-ലെ പ്രസ്തുത വിഭജന പദ്ധതി, മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനാണ് ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിയില്‍ പാസാക്കപ്പെട്ടത്.

ഇതെങ്ങനെ സംഭവിച്ചു?

ലളിതമായ ഉത്തരം എന്താണെന്നാല്‍, 1947-ല്‍ കോളനികള്‍ സ്വതന്ത്രമാവുന്ന പ്രക്രിയക്ക് തുടക്കം കുറിച്ചിരുന്നില്ലെങ്കിലും, ഇന്ത്യ ബ്രിട്ടനില്‍ നിന്നും സ്വാതന്ത്ര്യം നേടി. അറബ് രാഷ്ട്രങ്ങള്‍, ഇറാന്‍, ക്യൂബ തുടങ്ങിയ രാഷ്ട്രങ്ങളുമായി ചേര്‍ന്ന് പ്രസ്തുത വിഭജന പദ്ധതിക്കെതിരെ ഇന്ത്യ വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. പക്ഷെ ആ വോട്ടുകള്‍ ഒന്നിനും തികയുമായിരുന്നില്ല. കാരണം ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏതാണ്ട് എല്ലാ രാഷ്ട്രങ്ങളും അന്ന് ബ്രിട്ടന്റെയും, ഫ്രാന്‍സിന്റെയും മറ്റു യൂറോപ്യന്‍ രാഷ്ട്രങ്ങളുടെയും അധികാരത്തിന് കീഴിലെ കോളനികളായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ക്കാര്‍ക്കും വോട്ടും ഉണ്ടായിരുന്നില്ല. ആ സമയത്താണ്, 13 വോട്ടുകള്‍ക്കെതിരെ 33 വോട്ടിന്റെ ഭൂരിപക്ഷം നേടി പ്രസ്തുത പ്രമേയം ഐക്യരാഷ്ട്രസഭയില്‍ പാസായത്. ഇന്ന് അതേ ഐക്യരാഷ്ട്രസഭയില്‍ 193 അംഗരാജ്യങ്ങളുണ്ട്.

UNRWA-യുടെ ധനസഹായ വിതരണത്തെ കുറിച്ചും ചോദ്യമുണ്ട്. ഒരു പ്രത്യേക അഭയാര്‍ത്ഥി ജനതക്ക് വേണ്ടി മാത്രമായി രൂപംനല്‍കിയ ഐക്യരാഷ്ട്രസഭാ സംഘടനയാണ് UNRWA. ഒരു താല്‍ക്കാലിക സംഘടനയായിട്ടാണ് അത് രൂപമെടുത്തതെങ്കിലും, ഇന്നതിന് ഇസ്രായേലിന്റെ അത്ര തന്നെ വയസ്സുണ്ട്. എന്തുകൊണ്ടാണ് ഐക്യരാഷ്ട്രസഭയുടെ സാധാരണ അഭയാര്‍ത്ഥി ഏജന്‍സിയായ UNHCR ഫലസ്തീന്‍ അഭയാര്‍ത്ഥികളെ സംരക്ഷിക്കാത്തത്?

ഐക്യരാഷ്ട്രസഭക്ക് സാമ്പത്തിക സഹായം നല്‍കുന്നവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന, ഇസ്രായേലിന് എല്ലാവിധത്തിലുള്ള രാഷ്ട്രീയ പിന്തുണയും നല്‍കുന്ന അമേരിക്ക അതിന് ഒരിക്കലും അനുവദിക്കില്ല. എന്തു കൊണ്ട്?

ഉത്തരം വളരെ ലളിതമാണ് : UNHCR അവരുടെ സഹായധനത്തോടൊപ്പം മറ്റൊരു വാഗ്ദാനവും അഭയാര്‍ത്ഥികള്‍ക്ക് നല്‍കുന്നുണ്ട്, ‘സ്വമേധയാ മാതൃരാജ്യത്തേക്ക് മടങ്ങാനുള്ള അവസരം’. UNHCR-ആണ് ഫലസ്തീന്‍ അഭയാര്‍ത്ഥികളുടെ പ്രശ്‌നം കൈകാര്യം ചെയ്യുന്നതെങ്കില്‍, ഇസ്രായേല്‍ കൈയ്യടിവെച്ചിരിക്കുന്ന ഫലസ്തീന്‍ ഭൂമിയിലേക്ക് ആ ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളായ ഫലസ്തീനികള്‍ തിരിച്ചുവരുന്നതിന് ഇടയാക്കും. അതുകൊണ്ടു തന്നെ ഇത്തരം വാഗ്ദാനങ്ങളൊന്നും തന്നെ UNRWA നല്‍കുന്നില്ല. ഒരുകണക്കിന്, ഫലസ്തീനികളുടെ അവകാശങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന ഒരു വിലങ്ങു തടിയാണ് അവരെ സംരക്ഷിക്കാനെന്ന പേരില്‍ ഉണ്ടാക്കിയിരിക്കുന്ന ഈ UNRWA.

ഫലസ്തീന്‍ പ്രശ്‌നത്തിലെ ഐക്യരാഷ്ട്രസഭയുടെ ഇടപെടല്‍ എവ്വിധമുള്ളതാണെന്നതിലേക്ക് വെളിച്ചം വീശുന്ന മറ്റൊരു സംഭവം ഈ ആഴ്ച്ച പുറത്ത് വന്നിരുന്നു.

2014-ല്‍ ഇസ്രായേല്‍ ഗസ്സയില്‍ നടത്തിയ ആക്രമണത്തിന് ശേഷം, കേവലം ഒരു കുടുംബത്തിന്റെ വീട് പുനര്‍നിര്‍മിക്കാനുള്ള സഹായം മാത്രമാണ് ഇതുവരെ നല്‍കിയതെന്ന് ഐക്യരാഷ്ട്രസഭ തുറന്ന് സമ്മതിക്കുകയുണ്ടായി. ഗസ്സയുടെ പുനര്‍നിര്‍മാണത്തിനായി കോടികളുടെ ധനസഹായം വാഗ്ദാനങ്ങളില്‍ മാത്രം ഒതുക്കിയവര്‍ വേറെയുമുണ്ട്.

ഗസ്സ പുനര്‍നിര്‍മിക്കാനുള്ള ഏതൊരു ശ്രമത്തെയും തടയാന്‍ ഇസ്രായേലിന് കഴിയുമെന്ന് ഉറപ്പ് വരുത്തുന്നതാണ് ഐക്യരാഷ്ട്രസഭയുടെ ഈ നിഷ്‌ക്രിയത. ഫലസ്തീന്‍ പ്രശ്‌നത്തിലെ ഐക്യരാഷ്ട്രസഭയുടെ ഇടപെടലുകള്‍ പ്രശ്‌നവല്‍ക്കരിക്കേണ്ടതുണ്ടെന്ന് വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തുന്നതാണ് ഈ സംഭവങ്ങള്‍.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles