Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ അധിനിവേശത്തിന് യൂറോപ്പിന്റെ സംഭാവനകള്‍

ഇക്കഴിഞ്ഞ ജൂലൈ 31-ന് വെസ്റ്റ്ബാങ്കിലെ ദൗമ എന്ന ഫലസ്തീന്‍ ഗ്രാമത്തില്‍ ഇസ്രായേലി കുടിയേറ്റക്കാര്‍ തീവെപ്പാക്രമണം നടത്തുകയുണ്ടായി. കൂട്ടത്തില്‍ 18 മാസം മാത്രം പ്രായമുണ്ടായിരുന്ന അലി ദവാബ്ഷ എന്ന പിഞ്ചു പൈതലിനെയും കുടിയേറ്റക്കാര്‍ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തി. അവന്റെ വീടാസകലം അക്രമികള്‍ ചുട്ട്ചാമ്പലാക്കിയിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റിരുന്ന അലിയുടെ പിതാവ് സഅദ് ദവാബ്ഷ ആഗസ്റ്റ് 8-ന് മരണത്തിന് കീഴടങ്ങി.

ഫലസ്തീനിയന്‍ പൈതലിന്റെ കൊലപാതകത്തെ ജൂത തീവ്രവാദികളുടെ ആക്രമണം എന്ന നിലയില്‍ വളരെ പെട്ടെന്ന് തന്നെ ഇസ്രായേലി-പാശ്ചാത്യ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. ഒന്നിന് പിറകെ ഒന്നായി അപലപനങ്ങളുടെ കുത്തൊഴുക്കായിരുന്നു പിന്നീട് കണ്ടത്. ജൂത കുടിയേറ്റക്കാരുടെ ആക്രമണ പ്രവര്‍ത്തനങ്ങള്‍ വെച്ചു പൊറുപ്പിക്കരുതെന്നും, തദ്ദേശവാസികളായ ഫലസ്തീന്‍ ജനതയെ സംരക്ഷിക്കണമെന്നും യൂറോപ്യന്‍ യൂണിയന്‍ ഇസ്രായേല്‍ അധികൃതരോട് ആവശ്യപ്പെട്ടു. ഫലസ്തീനികളുടെ ദുരന്തത്തിന് ആക്കം കൂട്ടുന്ന പരസ്പരവിരുദ്ധമായ രണ്ട് നിലപാടുകള്‍ നാടകീയമായി സംഘമിക്കുന്നത് ഇവിടെയാണ്.

യൂറോപ്യന്‍ യൂണിയനാണ് ഇസ്രായേല്‍ അധിനിവേശത്തിന് ഇരയായ ജനങ്ങളുടെ ഉപകാരത്തിന് വേണ്ടി ഒരു ഭരണസംവിധാനം അടിച്ചേല്‍പ്പിക്കാന്‍ അധിനിവേശകരായ ഇസ്രായേല്‍ സൈന്യത്തിന് നിയമപരമായി തന്നെ മൗനാനുവാദം നല്‍കിയത്, അതേഅവസരത്തില്‍ തന്നെ, ജൂത കുടിയേറ്റക്കാര്‍ക്ക് പാര്‍പ്പിട കേന്ദ്രങ്ങള്‍ നിര്‍മിക്കാനായി ഫലസ്തീന്‍ ഭൂമി പിടിച്ചെടുക്കുന്ന ഇസ്രായേലിന്റെ നയത്തിന് എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുക്കുന്നതും യൂറോപ്യന്‍ യൂണിയനാണ്.

അധിനിവിഷ്ട ഫലസ്തീന്‍ ഭൂമിയിലെ ഇസ്രായേലി പാര്‍പ്പിട കേന്ദ്ര നിര്‍മാണം നിയമവിരുദ്ധമാണെന്ന് അന്താരാഷ്ട്ര നീതിപീഠം വിധിച്ചെങ്കിലും, അനധികൃത പാര്‍പ്പിട കേന്ദ്ര നിര്‍മാണം തടയുന്നതിന്റെ ഭാഗമായി ഇസ്രായേലിന് മേല്‍ എന്തെങ്കിലും തരത്തിലുള്ള കച്ചവട നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇസ്രായേലിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ യൂറോപ്യന്‍ യൂണിയന്‍ തയ്യാറായില്ല.

ഇന്ന് വെസ്റ്റ്ബാങ്കില്‍, ജൂത കുടിയേറ്റക്കാര്‍ക്ക് വേണ്ടി 125 ഗവണ്‍മെന്റ് അംഗീകൃത പാര്‍പ്പിട കേന്ദ്രങ്ങളും, 100 അനൗദ്യോഗിക പാര്‍പ്പിട കേന്ദ്രങ്ങളും നിര്‍മിക്കപ്പെട്ടിട്ടുണ്ട്. 547,000 ജൂതന്‍മാരാണ് ഇവിടങ്ങളില്‍ താമസിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്രായേല്‍ അധിനിവേശ സേന കിഴക്കന്‍ ജറൂസലേം കയ്യേറി ഇസ്രായേലിനോട് ചേര്‍ത്ത സമയത്ത്, അവിടത്തെ 12 ജനവാസ കേന്ദ്രങ്ങളിലായി 200000 ഇസ്രായേലികളെയാണ് അധിനിവേശ സര്‍ക്കാര്‍ കയറ്റി താമസിപ്പിച്ചത്.

ഏതാണ്ട് പത്തിലൊന്ന് ഇസ്രായേലി പൗരന്‍മാരും ജീവിക്കുന്നത് അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളിലാണ്. എന്നുവെച്ചാല്‍ നിലവിലെ ഇസ്രായേല്‍ അതിര്‍ത്തിക്ക് പുറത്ത്. ഇസ്രായേലിന്റെ അതിര്‍ത്തിക്കുള്ളില്‍ താമസിക്കുന്ന പൗരന്‍മാരില്‍ നിന്നും അതിര്‍ത്തിക്ക് പുറത്ത് താമസിക്കുന്ന പൗരന്‍മാരെ മനഃപ്പൂര്‍വ്വം വേര്‍തിരിച്ച് കാണിക്കുന്നതിന് വേണ്ടി ജൂത ‘കുടിയേറ്റക്കാര്‍’ എന്നാണ് അന്താരാഷ്ട്ര വ്യവഹാര ഭാഷ അവരെ വിശേഷിപ്പിക്കുന്നത്. എന്നിരുന്നാലും ഇസ്രായേലിന്റെ കോളോണിയല്‍ അജണ്ട നടപ്പാക്കാന്‍ ഒരേ കൊടിക്ക് കീഴില്‍ അണിനിരന്നവര്‍ തന്നെയാണ് ഇരുകൂട്ടരും.

ഇസ്രായേല്‍ പൗരന്‍മാരേക്കാള്‍ നാലിരട്ടി വേഗത്തിലാണ് വെസ്റ്റ്ബാങ്കിലെ ജൂതകുടിയേറ്റക്കാരുടെ എണ്ണം പെരുകുന്നത്. കുടിയേറ്റക്കാര്‍ ആദ്യം ഇസ്രായേലിലേക്ക് വരും, പിന്നീട് ജൂതന്‍ എന്ന വിശേഷാധികാരം ഉപയോഗപ്പെടുത്തി വെസ്റ്റ്ബാങ്കിലേക്ക് താമസം മാറും.

ജൂതമതത്തെ സയണിസം വികൃതമാക്കിയത് എങ്ങനെയെന്ന് തുറന്ന് കാട്ടുന്ന തിരശ്ശീലയുടെ ഒരറ്റമാണ്, ഫലസ്തീന്‍ ഭൂമിയുടെ യഥാര്‍ത്ഥ അവകാശികള്‍ തങ്ങളാണെന്ന ജൂത കൂടിയേറ്റക്കാരുടെ ബോധം. ഈ ബോധമാണ് കോളോണിയല്‍ പ്രവണതകളെയും, കുടിയേറ്റത്തേയും ന്യായീകരിക്കാന്‍ സയണിസം ഉപയോഗപ്പെടുത്തുന്നത്.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുമ്പ് സൂചിപ്പിച്ച ഫലസ്തീനികളുടെ ‘ജനസംഖ്യാ വര്‍ദ്ധന’ എന്ന ഭീഷണിയെ നേരിടാന്‍, കുടിയേറ്റക്കാരുടെ കുത്തൊഴുക്ക് ഉറപ്പു വരുത്തേണ്ടത് അനിവാര്യമാണ്. ഫലസ്തീനിയന്‍ ജനസംഖ്യാ ഭീഷണിയെ ഇസ്രായേലി വ്യവഹാരങ്ങള്‍ സാധാരണ നിലയിലാക്കി. എത്രത്തോളമെന്നു വെച്ചാല്‍ ഫലസ്തീനിലെ ജൂതന്‍മാരല്ലാത്ത പൗരന്മാരെ ഒറ്റപ്പെടുത്താനായി കൃത്യമായ വംശീയ ചേരുവകളുള്ള ഒരുപാട് നിയമങ്ങളും നയങ്ങളും നിയമവിധേയമാക്കുകയുണ്ടായി. ഫലസ്തീനികള്‍ക്ക് നീതി ലഭിക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന പ്രധാന സംഗതികളില്‍ ഒന്നാണ് അനധികൃത കുടിയേറ്റ കേന്ദ്ര നിര്‍മാണം.

ഫലസ്തീനികളുടെ ജനസംഖ്യാ വര്‍ദ്ധനയെ കുറിച്ചുള്ള ഇസ്രായേലിന്റെ ആധി കറങ്ങുന്നത് ഒരു കാര്യത്തിന് ചുറ്റുമാണ്: ഈ ഫലസ്തീന്‍ ഭീഷണിക്ക് എങ്ങനെ അറുതി വരുത്താം?

ഇസ്രായേലിന് അതിനൊരിക്കലും കഴിയില്ല എന്നു തന്നെയാണ് ഉത്തരം. പരിപൂര്‍ണ്ണമായ ഒരു ‘ജൂത രാഷ്ട്രം’ എന്ന ഇസ്രായേലിന്റെ രാഷ്ട്രീയ-സാമൂഹിക ലക്ഷ്യം, അവരുടെ നിലനില്‍പ്പിനുള്ള ഭീഷണിയായി ഫലസ്തീനികളെ മുദ്രകുത്തുന്നതിന് ഒരു കാരണമായി തുടരും. ഇസ്രായേല്‍ പൗരത്വമുള്ള ഫലസ്തീനികളും അവരുടെ കണ്ണില്‍ ഭീഷണി തന്നെയാണ്. ഈ ചട്ടകൂടില്‍ നിന്നു കൊണ്ട്, തങ്ങളുടെ പൗരന്‍മാര്‍ ഇസ്രായേലിലേക്ക് കുടിയേറുന്നത് ഫലസ്തീനികളെ ഗുരുതരമായ ബാധിക്കുമെന്ന് അടിയന്തിരമായി പടിഞ്ഞാറ് മനസ്സിലാക്കേണ്ടതുണ്ട്.

അധിനിവിഷ്ട ഫലസ്തീന്‍ ഭൂമിയിലെ ഇസ്രായേലി കുടിയേറ്റ കേന്ദ്രങ്ങളുടെ വളര്‍ച്ചാനിരക്ക് ക്രമാതീതമാണ്. മോഷ്ടിച്ച ഭൂമിയില്‍ പുതുതായി നിര്‍മിച്ച വീടുകളില്‍ താമസക്കാരെ നിറക്കേണ്ടതുണ്ട്. ഇതിന് വേണ്ടി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങളെ ഇസ്രായേല്‍ ചൂഷണം ചെയ്തു. 2013-ലെ കുടിയേറ്റ നിരക്കിനേക്കാല്‍ 40 ശതമാനം വര്‍ദ്ധനവാണ് 2014-ലെ കുടിയേറ്റ നിരക്കില്‍ ഉണ്ടായത്. 2014-ല്‍ 24,000 ‘ഒലി’മുകളെയാണ് ( കുടിയേറ്റക്കാര്‍ക്ക് ഹിബ്രു ഭാഷയില്‍ ‘ഒലിം’ എന്നാണ് പറയുക) ജൂത ഏജന്‍സികള്‍ ഇസ്രായേലില്‍ കുടിയിരുത്തിയത്. അതേസമയം 2013-ല്‍ 17000 ജൂതകുടിയേറ്റക്കാരാണ് ഇസ്രായേലില്‍ എത്തിയത്. കുടിയേറ്റക്കാരില്‍ 50 ശതമാനത്തിലധികവും ബ്രിട്ടന്‍, ഫ്രാന്‍സ്, ഉക്രൈന്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വരുന്നവരാണ്.

ഈ പുതിയ കുടിയേറ്റക്കാരില്‍ എല്ലാവര്‍ക്കും രണ്ട് പാസ്‌പോര്‍ട്ടുകളുണ്ട്. ഇസ്രായേലില്‍ എവിടെ വേണമെങ്കിലും, അല്ലെങ്കില്‍ വെസ്റ്റ്ബാങ്കില്‍ ഇഷ്ടമുള്ളിടത്ത് താമസിക്കാന്‍ അവര്‍ക്ക് സാധിക്കും. ഈ പ്രക്രിയയെ നിയമവിധേയമാക്കുകയും, അനുവദിക്കുകയും ചെയ്ത ജൂത-സയണിസ്റ്റ് റിക്രൂട്ട്‌മെന്റ് ഏജന്‍സികളെല്ലാം തന്നെ സ്ഥിതി ചെയ്യുന്നത് യൂറോപ്പ്, അമേരിക്ക, കാനഡ, ആസ്‌ട്രേലിയ തുടങ്ങിയ പടിഞ്ഞാറിലെ പ്രധാന നഗരങ്ങളിലാണ്.

ഉദാഹരണമായി, ഇസ്രായേലിലേക്ക് കുടിയേറാന്‍ ഉദ്ദേശിക്കുന്ന ഉക്രൈന്‍ പൗരന്‍മാരില്‍ 190 ശതമാനം വര്‍ദ്ധനവ് ഉണ്ടായതായി ജ്യൂവിഷ് ഏജന്‍സി ഫോര്‍ ഇസ്രായേല്‍ എന്ന ഏജന്‍സി പറയുന്നു. പ്രധാനമായും സാമ്പത്തിക കാരണങ്ങള്‍ തന്നെയാണ് കുടിയേറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യപ്രേരകം. ുതിയ കുടിയേറ്റക്കാര്‍ക്ക് അവരുടെ മതം അവര്‍ക്ക് നല്‍കുന്ന വിശേഷാധികാരം ഉപയോഗപ്പെടുത്താനും, നല്ല ജീവിതം നയിക്കാനും കഴിയുമ്പോള്‍, ഫലസ്തീനികളുടെ അവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെടുകയാണ്. രേഖയിലുള്ള 5 ദശലക്ഷത്തിലധികം വരുന്ന ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ കഴിഞ്ഞ 70 വര്‍ഷമായി തങ്ങളുടെ സ്വന്തം വീടുകളിലേക്ക് മടങ്ങുന്ന മുഹൂര്‍ത്തവും കാത്തിരിക്കുന്നു.

സയണിസ്റ്റ് സമവാക്യം ഇന്നും പണ്ടത്തെ പോലെ തുടരുന്നു: ഒരു പുതിയ കുടിയേറ്റക്കാരന്‍ എത്തുന്നതോടു കൂടി, ശാരീരികമായും രൂപകപരമായും ഒരു ഫലസ്തീനി ഭൂമിയില്‍ നിന്നും അപ്രത്യക്ഷനാവും. ഒരു പുതിയ കുടിയേറ്റക്കാര്‍ എത്തി എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത് ഇതാണ്.

കൂടാതെ, നിലവിലെ കുടിയേറ്റ മന്ത്രാലയ ഡയറക്ടര്‍, ജനറല്‍ ദവിര്‍ കഹാനയും, കുടിയേറ്റകാര്യ മന്ത്രി നഫ്താലി ബെന്നറ്റും – ഈ നഫ്ത്താലി ബെന്നറ്റാണ് താന്‍ ഒരുപാട് അറബികളെ കൊന്നുതള്ളിയിട്ടുണ്ടെന്നും, അതില്‍ യാതൊരു വിധ കുറ്റബോധവുമില്ലെന്നും തുറന്ന് പറഞ്ഞത് – ‘Initiative for the Future of the Jewish People’ എന്ന കമ്പനിക്ക് പ്രത്യേക അനുമതി നല്‍കുകയുണ്ടായി. ലോകത്തിലെ ജൂതന്‍മാരുടെ ജൂത വ്യക്തിത്വം ഇസ്രായേലുമായി ബന്ധിപ്പിക്കുന്നത് ശക്തിപ്പെടുത്തുന്ന പദ്ധതി കാര്യക്ഷമമാക്കുന്നതിന് വേണ്ടിയായിരുന്നു പ്രസ്തുത അനുമതി. നിലവിലെ ഇസ്രായേലി സര്‍ക്കാറില്‍ നെതന്യാഹുവിന്റെ കൂട്ടുകക്ഷിയാണ് ബെന്നറ്റ്.

2004 മുതല്‍ക്കുള്ള കണക്കുകള്‍ പരിശോധിച്ചാല്‍, ശിക്ഷിക്കപ്പെടുകയില്ലെന്ന പൂര്‍ണ്ണ ധൈര്യത്തോടെ ഇസ്രായേലിലെ ജൂത കുടിയേറ്റക്കാര്‍ ഫലസ്തീനികള്‍ക്കെതിരെ നടത്തിയ ആക്രമണങ്ങളുടെ എണ്ണം 11,000 വരും. ആഴ്ച്ചയില്‍ 165 ശതമാനമാണ് കുടിയേറ്റക്കാര്‍ നടത്തുന്ന ആക്രമണങ്ങളുടെ വളര്‍ച്ചാ നിരക്ക്. ഈ ആക്രമണങ്ങളില്‍ ഒരുപാട് ഫലസ്തീനികളുടെ ജീവന്‍ പൊലിഞ്ഞു, വീടടക്കമുള്ള സ്വത്തുവകകള്‍ നശിപ്പിക്കപ്പെട്ടു, ചര്‍ച്ചുകളും മസ്ജിദുകളും തകര്‍ക്കപ്പെട്ടു.

നിയമവിരുദ്ധ കുടിയേറ്റ കേന്ദ്രങ്ങളിലേക്കുള്ള ജൂത കുടിയേറ്റത്തിന്റെ വര്‍ദ്ധനവ് അനുസരിച്ച്, ഫലസ്തീനികള്‍ക്കെതിരെ കുടിയേറ്റക്കാര്‍ നടത്തുന്ന ആക്രമണങ്ങളുടെ എണ്ണവും വര്‍ദ്ധിക്കുന്നുണ്ട്. ഈ അധിനിവേശത്തെയാണ് യൂറോപ്പ്യന്‍മാരും അമേരിക്കക്കാരും പിന്താങ്ങുന്നത്. ഇനിയും ഒരുപാട് പിഞ്ചു പൈതങ്ങള്‍ തൊട്ടിലില്‍ വെച്ച് ജീവനോടെ കത്തിക്കപ്പെടും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ഇസ്രായേല്‍ – അതിന്റെ സര്‍ക്കാറും, സൈന്യവും, കുടിയേറ്റക്കാരും- തന്നെയാണ് അപകടകാരികള്‍.

തന്റെ മുയലുകള്‍ക്ക് തീറ്റ കൊടുക്കാനും, ഫുട്ബാള്‍ കളിക്കാനും, പിയാനോ വായിക്കാനും ഇഷ്ടപ്പെട്ടിരുന്ന 16 വയസ്സുകാരന്‍ ലൈഥ് ഖാലിദ്, റാമല്ലയില്‍ വെച്ച് ഒരു ഇസ്രായേലി സ്‌നൈപ്പര്‍ ഷൂട്ടറുടെ വെടിയുണ്ടയാല്‍ കൊല്ലപ്പെട്ട സംഭവവും, അല്‍ഖലീലില്‍, കൈകള്‍ പിന്നിലേക്ക് ബന്ധിക്കപ്പെട്ട അവസ്ഥയില്‍ ഇസ്രായേല്‍ സൈനികരുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയാവുകയും, ബലപ്രയോഗത്തിലൂടെ പെട്രോള്‍ കുടിപ്പിക്കപ്പെടുകയും ചെയ്ത മജ്ദീ അല്‍മുഹ്തസബിന് അനുഭവിക്കേണ്ടി വന്നതും തമ്മില്‍ ഒരു വ്യത്യാസവും കണ്ടെത്താന്‍ സാധിക്കില്ല.

2014 നവംബറില്‍, ജറൂസലേമിലെ ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ക്ക് സമീപം കാറോടിച്ച് ഉപജീവനം നടത്തിയിരുന്ന 32 വയസ്സുകാരന്‍ യൂസഫ് അല്‍റമൗനിയെ ഒരു ബസ്സിനുള്ളില്‍ കഴുത്തില്‍ കയറിട്ട് തൂക്കി കൊന്ന നിലയില്‍ കണ്ടെത്തിയിരുന്നു. അതിന് ഒരു മാസം മുമ്പാണ്, സിന്‍ജില്‍ പട്ടണത്തിന് സമീപത്ത് വെച്ച് ഒരു ഇസ്രായേലി കുടിയേറ്റക്കാരന്‍ 5 വയസ്സുകാരന്‍ ഐനാസ് ഖലീലിനെ ദേഹത്ത് കാറോടിച്ച് കയറ്റി കൊന്നുകളഞ്ഞത്.

കുറ്റവാളികളില്‍ ഒരാളെ പോലും കോടതിക്ക് മുമ്പാകെ ഹാജറാക്കിയിട്ടില്ല. ഈ ഭീകരാക്രമണങ്ങള്‍ക്ക് സൗകര്യം ചെയ്തു കൊടുക്കാന്‍ രൂപകല്‍പ്പന ചെയ്ത ഒരു ഭരണസംവിധാനം അവിടെയുള്ളതിനാലാണ് കുടിയേറ്റക്കാര്‍ യാതൊരു വിധ നിയന്ത്രണങ്ങളുമില്ലാതെ സൈ്വര്യവിഹാരം നടത്തുന്നത്. അതേ ഭരണസംവിധാനം തന്നെയാണ് 2014 ജൂലൈ മാസത്തില്‍ ഗസ്സ മുനമ്പിലെ 530 കുട്ടികളെ കൊല ചെയ്യാന്‍ എല്ലാ വിധത്തിലുള്ള സഹായസഹകരണങ്ങളും പിന്തുണയും നല്‍കിയത്.

കുടിയേറ്റക്കാര്‍ക്ക് ആവശ്യമായ പിന്തുണയും ഉറപ്പും ലഭിക്കുന്നത് രാഷ്ട്രീയ നേതാക്കളില്‍ നിന്നാണ്. ഈ രാഷ്ട്രീയ നേതാക്കളാണ് ഭൂമി കയ്യേറ്റ പ്രത്യയശാസ്ത്ര ആശയങ്ങളെ ഭൂമിയിലെ യാഥാര്‍ത്ഥ്യങ്ങളാക്കി പരിവര്‍ത്തിപ്പിക്കുന്നത്. ഈ യാഥാര്‍ത്ഥ്യങ്ങള്‍ കാരണമാണ് ഫലസ്തീനികള്‍ക്ക് അവരുടെ ഭൂമിയും ജീവനും നഷ്ടമായത്.

ഇസ്രായേല്‍ അധിനിവേശം മാത്രമല്ല ഫലസ്തീന്‍ ബാല്യങ്ങളുടെ ദുരിതത്തിന് കാരണമായി വര്‍ത്തിക്കുന്നത്. ജൂത കുടിയേറ്റക്കാര്‍ മാരകായുധകള്‍ ഉള്‍പ്പെടെയുള്ള എല്ലാവിധ സൗകര്യങ്ങളും ഒരുക്കി കൊടുക്കുന്ന അമേരിക്കയും പാശ്ചാത്യന്‍ രാജ്യങ്ങളും, ഫലസ്തീനികള്‍ക്കെതിരെ നടത്തിയ ഭീകരാക്രമങ്ങളുടെ കുറ്റങ്ങളില്‍ നിന്നും ഇസ്രായേലിനെ എല്ലായ്‌പ്പോഴും സംരക്ഷിക്കുന്ന നയതന്ത്ര കവചങ്ങളും ഫലസ്തീന്‍ ബാല്യങ്ങള്‍ ഇന്ന് അനുഭവിക്കുന്ന നരകതുല്ല്യമായ ജീവിതത്തിന് ഉത്തരവാദികളാണ്.

(ഹനീന്‍ ഹസ്സന്‍ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകയാണ്. ‘അധിനിവിഷ്ട ഫല്‌സതീന്‍ ഭൂമിയില്‍ ഫലസ്തീനികളെ മാനസികമായും ശാരീരികമായും അടിച്ചമര്‍ത്താന്‍ ഇസ്രായേല്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ദീര്‍ഘകാല അനന്തരഫലങ്ങള്‍’ എന്ന വിഷയത്തിലാണ് ഗവേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്.)

മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം : അല്‍ജസീറ

Related Articles