Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ അതിനുള്ള ഉത്തരമല്ലേ?

സെപ്റ്റംബര്‍ 9 ആക്രമണങ്ങള്‍ക്കുള്ള മറുപടി പ്രത്യാക്രമണം മാത്രമാണെന്ന് തന്റെ ജനതയെ തെര്യപ്പെടുത്തിയായിരുന്നു അന്നത്തെ യുഎസ് പ്രസിഡന്റ് ഇന്നും അവസാനിച്ചിട്ടില്ലാത്ത ഭീകരതക്കെതിരായ യുദ്ധത്തിന് തുടക്കം കുറിച്ചത്. ന്യൂയോര്‍ക്കിലും വാഷിഷ്ടണിലും എന്തുകൊണ്ട് ആക്രമണം നടന്നുവെന്ന് ചോദിക്കാന്‍ ആരും സാവകാശം കാണിച്ചില്ല. തുടര്‍ന്നുണ്ടായ തിരിച്ചടികളെല്ലാം തട്ടുപൊളിപ്പന്‍ സിനിമാകഥയിലെ യുക്തിയിന്മേലായിരുന്നു ന്യായീകരിക്കപ്പെട്ടത്.

സമാനസ്വഭാവത്തില്‍, സ്വതവേ സമാധാനപ്രിയനെന്ന് കരുതപ്പെടുന്ന ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്‌സൊ ഒലാന്റ് പാരീസ് ഭീകരാക്രമണത്തെ ദാഇശിന്റെ (ഐ.എസ്) യുദ്ധ പ്രഖ്യാപനമാണെന്ന് വിശേഷിപ്പിച്ചപ്പോള്‍ തുല്യമായ അളവില്‍ അമ്പരപ്പും നിരാശയുമാണ് ഉളവാക്കിയത്. വെള്ളിയാഴ്ച മുതല്‍ സിറിയയില്‍ ഫ്രാന്‍സിന്റെ ഭീകരാക്രമണം നടക്കുകയാണ്. അമേരിക്കയും ഫ്രാന്‍സും നടത്തുന്ന ഭീകരാക്രമണങ്ങളില്‍ പങ്കാളികളാവാന്‍ ഇതര നാറ്റോ രാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ഏറിക്കൊണ്ടിരിക്കുന്നു. ഇതൊന്നും അപ്രതീക്ഷിതമല്ല.

എന്നാല്‍ യുദ്ധനീക്കങ്ങളെ നാറ്റോ അംഗമല്ലാത്ത ഒരു യൂറോപ്യന്‍ രാജ്യമെങ്കിലും എതിര്‍ക്കുന്നുണ്ട്. അത് സ്വീഡനാണ്. പാരീസിലെ ആക്രമണങ്ങളുടെ ഭീകരത തിട്ടപ്പെടുത്തി മറ്റു നാറ്റോ രാജ്യങ്ങളുടെ നിരയില്‍നിന്നും മാറി നിന്നുവെന്നു മാത്രമല്ല, ഭീകരാക്രമണത്തെ തുടര്‍ന്ന് ഫ്രാന്‍സിലുണ്ടായ കെടുതികള്‍ ഫലസ്തീന്‍ ജനതക്കുമേല്‍ ഇസ്രയേല്‍ നടത്തുന്ന അനീതിയോടൊപ്പം തുലനം ചെയാവുന്നതല്ലെന്നും സ്വീഡന്റെ വിദേശകാര്യ മന്ത്രി പറഞ്ഞു.

ഫലസ്തീന്‍ അകപ്പെട്ടിരിക്കുന്ന നിരാശാബോധം അവഗണിക്കാനാവത്തതാണെന്നാണ് മാര്‍ഗറ്റ് വാള്‍സ്‌ട്രോം ഒരു ടെലിവിഷന്‍ ചാനലിനോട് പറഞ്ഞത്. ചെറുപ്പക്കാരായ സ്വീഡന്‍കാര്‍ ദാഇശിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിനെ കുറിച്ച് ആശങ്കയുണ്ടോയെന്ന് അന്വേഷിച്ചപ്പോള്‍, അത്തരമൊരു സാഹചര്യമുണ്ടെന്നും സ്വീഡനില്‍ മാത്രമല്ല ലോകത്തുടനീളം അതിനുള്ള സാഹചര്യമുണ്ടെന്നുമായിരുന്നു അവരുടെ മറുപടി. ഭാവിയെക്കുറിച്ച് പ്രതീക്ഷയില്ലാത്ത ഫലസ്തീനികളടക്കമുള്ളവര്‍ ജീവിക്കുന്ന മിഡില്‍ ഈസ്റ്റിന്റെ സാഹചര്യം ഇവിടെയുമെത്തിയിരിക്കുന്നു. രണ്ടുവഴികളാണുള്ളത്, നൈരാശ്യത്തിന്റേതായ ഒരു സാഹചര്യമുണ്ടെന്ന് അംഗീകരിക്കുക അല്ലെങ്കില്‍ അക്രമം അവലംബിക്കുക.

ഭീകരവാദത്തിനെതിരെ യുദ്ധം ചെയുന്നതിന് മുമ്പ് അതിന്റെ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് പിന്നീട് അവര്‍ ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തു.

സ്വീഡന്റെ പ്രതികരണം തീര്‍ച്ചയായും ഇസ്രയേലിനെ ചൊടിപ്പിച്ചു. പ്രതിഷേധമെന്നോണം സ്വീഡിഷ് അംബാസിഡറെ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടു. അപകീര്‍ത്തികരമെന്നാണ് ഇസ്രയേല്‍ വക്താവ് ഇമ്മാനുവല്‍ നാച്‌സണ്‍ സ്വീഡന്റെ പ്രതികരണത്തെ വിശേഷിപ്പിച്ചത്. ഇസ്രയേലും ഫലസ്തീനും തമ്മിലുള്ള അസ്വസ്ഥതകളെ പാരീസ് ആക്രമണങ്ങളുടെ പശ്ചാതലത്തില്‍ ഉയര്‍ത്തിക്കാട്ടുന്നത് സ്വീഡിഷ് പ്രധാനമന്ത്രിയുടെ പക്ഷപാതിത്വവും ഇസ്രയേല്‍ വിരുദ്ധതയുമാണ് കാണിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദശാബ്ദങ്ങളായി തുടരുന്ന കിരാതമായ സൈനിക അധിനിവേശത്തെയും കോളനിവത്കരണത്തെയുമാണ് അസ്വസ്ഥതകള്‍ എന്നു അദ്ദേഹം ചുരുക്കിയത്.

സ്വീഡിഷ് വിദേശകാര്യമന്ത്രിയുടെ പ്രസ്താവന ഹാന്‍സ് ക്രിസ്ത്യന്‍ ആന്‍ഡേഴ്‌സണിന്റെ ചെറുകഥയില്‍ രാജാവ് നഗ്നനാണെന്ന് വിളിച്ചുപറഞ്ഞ കൊച്ചുബാലനെയാണ് ഓര്‍മപ്പെടുത്തുന്നത്. അവര്‍ വിവരദോഷിയോ യോഗ്യതയില്ലാത്തയാളോ അല്ല. കാണുന്ന കാര്യം അവര്‍ അതുപോലെ പറഞ്ഞു. അവരെ ഭര്‍ത്സിക്കുന്നതിനു മുമ്പ് അവര്‍ പറയുന്ന കാര്യങ്ങളുടെ ഗുണവശങ്ങള്‍ പരിശോധിക്കുകയായിരുന്നു നല്ലത്. എന്നുമാത്രമല്ല, ഇസ്രയേലിന് നിരുപാധികമായ പിന്തുണ കൊടുക്കാത്ത യൂറോപ്യന്‍ രാജ്യം സ്വീഡന്‍ മാത്രമല്ല. 2010ലെ മാവി മര്‍മറ കപ്പല്‍ ആക്രമിച്ച കേസില്‍ 4 ഇസ്രയേലി കമാന്‍ഡര്‍മാര്‍ക്കെതിരില്‍ സൗത്ത് ആഫ്രിക്കന്‍ പൊലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത് ഈയാഴ്ച തന്നെയാണ്. ഇസ്രയേലിന്റെ ഉപരോധം ഭേദിച്ച് ഗസയിലേക്ക് സഹായവുമായി പോകുകയായിരുന്ന കപ്പല്‍വ്യൂഹത്തിന്റെ ഭാഗമായിരുന്നു മവി മര്‍മറ. സ്‌പെയിന്‍ ഒരു ചുവട് മുന്നില്‍വെച്ചു. അവര്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരില്‍ അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചു.

സിറിയക്കെതിരായ യുദ്ധത്തിന് പെരുമ്പറ മുഴങ്ങുന്ന ഈ സന്ദര്‍ഭത്തില്‍ ഫലസ്തീനികള്‍ക്ക് നീതി നിഷേധിക്കുന്ന ഇസ്രയേല്‍ നടപടിയെക്കുറിച്ച് വാള്‍സ്‌ട്രോം നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് യൂറോപ്യന്‍ നേതാക്കള്‍ കൂടുതല്‍ അന്വേഷിക്കണം. അവരുടെ പ്രസ്താവനയെ അപ്പാടെ തള്ളിക്കളയുന്നത് ഹാന്‍ഡേഴ്‌സണിന്റെ കഥയിലെ വിഡ്ഢിയായ രാജാവിന്റെ ധാര്‍ഷ്ട്യത്തെയാവും ഓര്‍മിപ്പിക്കുക.

പശ്ചിമേഷ്യയിലെ പ്രശ്‌നം എത്രയും വേഗം പരിഹരിക്കേണ്ടതാണ്. മേഖലക്കെതിരെ ആക്രമണം പ്രഖ്യാപിച്ച നാലു പ്രസിഡന്റുമാരും കാര്യങ്ങള്‍ വഷളാക്കുകയാണ് ചെയ്തത്. പശ്ചിമേഷ്യയിലെ എല്ലാ പ്രശ്‌നങ്ങളും തുടങ്ങുന്നത് ഫലസ്തീനില്‍നിന്നായതിനാല്‍ അവിടെ നിന്നുതന്നെ അത് തുടങ്ങുകയാവും നല്ലത്. മാര്‍ഗറ്റ് വാള്‍സ്‌ട്രോം പറഞ്ഞതിനെ അവഗണിച്ച് കണ്ണുംപൂട്ടി സിറിയക്കെതിരെ ബോംബാക്രമണം നടത്തുന്നത് കുറേ നിരപരാധികളെ കൊന്നൊടുക്കുമെന്നു മാത്രമല്ല, കൂടുതല്‍ അപകടം ക്ഷണിച്ചുവരുത്തും. ഭീകരവാദത്തിനും തീവ്രവാദത്തിനും പ്രതിവിധിയെന്തെന്ന് നാം അന്വേഷിക്കുന്നുണ്ടെങ്കില്‍ അതിന് ഉത്തരം സ്വീഡിഷ് വിദേശകാര്യമന്ത്രി പറഞ്ഞതുപോലെ, ഫലസ്തീനിലാണ് നമുക്ക് അതിന് ഉത്തരം ലഭിക്കുക.

മൊഴിമാറ്റം: മുഹമ്മദ് അനീസ്‌

Related Articles