Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനികളുടെ രക്തം വെറുതെയാവില്ല

ഗസ്സ ഇസ്രായേലിന്റെ നരമേധത്തിന് വിധേയമാകുന്നത് ഇതാദ്യമല്ല. 2006ലും 2008ലും 2012ലും അത് സംഭവിച്ചിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പതിനായിരത്തോളം നിരപരാധികളെ ഇസ്രായേല്‍ ആ ആക്രമണങ്ങളിലൂടെ ബോംബിട്ട് കൊന്നിട്ടുമുണ്ട്. പക്ഷേ, ഈ ജൂലൈ ഏഴിന് ആരംഭിച്ച ഗസ്സ ആക്രമണത്തിന് മുന്‍ സംഭവങ്ങളില്‍നിന്ന് വ്യത്യസ്തമായ ചില അടിയൊഴുക്കുകളുണ്ട്:

ഒന്ന്: ചരിത്രത്തിലാദ്യമായി ഫലസ്തീനെതിരെ ചില മുസ്‌ലിം രാഷ്ട്രങ്ങളും ഇസ്രായേലും ചേര്‍ന്ന് നടത്തുന്ന യുദ്ധമാണിത്. മുന്‍ യുദ്ധങ്ങളില്‍ ഇസ്രായേലിനും അമേരിക്കക്കുംവേണ്ടി കങ്കാണിപ്പണി നടത്തിയ അറബ് നേതാക്കളും വ്യക്തികളുമുണ്ടാവാം. എന്നാല്‍, പ്രത്യക്ഷത്തില്‍ അത് ചെയ്യാന്‍ അവര്‍ക്ക് ധൈര്യമുണ്ടായിരുന്നില്ല.

കാര്യങ്ങള്‍ കൈവിടുന്നെന്ന് ഇസ്രായേല്‍ തിരിച്ചറിഞ്ഞ ഏറ്റവും വലിയ സംഭവമായിരുന്നു അറബ് വസന്തം. ഈജിപ്തിലും അത് സംഭവിച്ചപ്പോള്‍ സ്വന്തം മരണമണി മുഴങ്ങിയതായാണ് ഇസ്രായേലിന് അനുഭവപ്പെട്ടത്. ഫലസ്തീന്‍–ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ഇസ്രായേലിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ ഈജിപ്ത് വഹിക്കാനിടയുള്ള പങ്കാണ് കാരണം. അങ്ങനെ വസന്തത്തെ തുടര്‍ന്ന് മുഹമ്മദ് മുര്‍സി ഈജിപ്തില്‍ അധികാരത്തില്‍ വന്നപ്പോള്‍, ഗസ്സ ആക്രമിച്ച് ഇസ്രായേല്‍ ടെസ്റ്റ്‌ഡോസ് നല്‍കി. ശക്തമായിരുന്നു വസന്താനന്തര ഈജിപ്തിന്റെ പ്രതികരണം. ‘ലോകം മാറിയിരിക്കുന്നെന്ന് ഇസ്രായേല്‍ മനസ്സിലാക്കുന്നതാണ് നല്ലതെന്ന്’ മുന്നറിയിപ്പ് നല്‍കിയ മുര്‍സി അറബ് രാഷ്ട്ര നേതാക്കളെ കൈറോയില്‍ വിളിച്ചുവരുത്തിയത് നൊടിയിടയിലാണ്. ഏകപക്ഷീയമായി വെടിനിര്‍ത്തി ഇസ്രായേലിന് പിന്മാറേണ്ടിവന്നു. തുടര്‍ന്നാണ് ഈജിപ്തില്‍ ഇസ്രായേലും പട്ടാളവും ചേര്‍ന്ന് മുര്‍സി ഭരണകൂടത്തെ അട്ടിമറിക്കുന്നത്.

ഹമാസിനോട് പുതിയ പട്ടാള ഭരണകൂടം സ്വീകരിച്ച നിലപാട് ആശ്ചര്യജനകമായിരുന്നു. ഇതാദ്യമായാണ് ഈജിപ്ത് ഒരു ഫലസ്തീന്‍ പോരാട്ട പ്രസ്ഥാനത്തെ ഭീകരസംഘടനയെന്ന് പേരിടുന്നത്. മുര്‍സിക്കെതിരെ ചുമത്തിയ വ്യാജ കുറ്റങ്ങളില്‍ രാജ്യതാല്‍പര്യത്തിനെതിരെ ഹമാസുമായി ഗൂഢാലോചന നടത്തി എന്നതും ഉള്‍പ്പെടുത്തി. മുസ്‌ലിം ബ്രദര്‍ ഹുഡിനെ നിരോധിച്ച ഹുസ്‌നി മുബാറക്, ഹമാസിനെ ഫലസ്തീന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പ്രതീകവും പ്രതിനിധിയുമായി എന്നും കൈറോവില്‍ സ്വീകരിച്ചിരുന്നു.

ഒടുവില്‍ ഐക്യസര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഹമാസ് ഫതഹുമായി കഴിഞ്ഞ മാസം ധാരണയായപ്പോള്‍, ഹമാസിന്റെ കഥകഴിക്കാന്‍ തങ്ങള്‍ കാത്തിരുന്ന അവസരം ഒരുങ്ങിക്കഴിഞ്ഞെന്ന് ഇസ്രായേല്‍ കണക്കുകൂട്ടി. അറബ് വസന്തത്തിന്റെ എതിര്‍വശത്തുനിന്ന എല്ലാവരുടെയും പിന്തുണ ഉണ്ടായിരുന്നു ആ ആക്രമണത്തിന്. ഇസ്രായേലിന്റെ അധിനിവേശത്തെക്കാള്‍ ഹമാസിന്റെ രാഷ്ട്രീയ ഇസ്‌ലാമിനെക്കുറിച്ചായിരുന്നു അവരുടെ ആശങ്ക.

അങ്ങനെ ഇസ്രായേലിന്റെ വംശവെറിയും പടിഞ്ഞാറിന്റെ ഇസ്‌ലാമോഫോബിയയും അറബ് രാഷ്ട്രീയത്തിലെ ‘രാഷ്ട്രീയ ഇസ്‌ലാം പേടി’യും പരസ്പരം കൈകോര്‍ത്ത് നടത്തിയ ഒരാക്രമണമായി ഇത്തവണത്തേത്. ഈയൊരു രസതന്ത്രത്തിന്റെയും ദര്‍ശനത്തിന്റെയും അടിത്തറയുള്ള ഗസ്സ അക്രമണത്തോട് ഇന്ത്യന്‍ ഫാഷിസം ചേര്‍ന്നുനിന്നത് സ്വാഭാവികം.

രണ്ട്: യുദ്ധം ആരംഭിച്ചതോടെ ഇസ്രായേലിന്റെയും സഖ്യകക്ഷികളുടെയും കണക്കുകൂട്ടലുകള്‍ പിഴച്ചു. ഇസ്രായേലിലുടനീളം അവര്‍ വികസിപ്പിച്ചെടുത്ത എല്ലാ ആധുനിക പ്രതിരോധ ഉപകരണങ്ങളെയും ഭേദിച്ച് ഗസ്സയില്‍നിന്നുള്ള മിസൈലുകള്‍ പതിച്ചു. ഇസ്രായേല്‍ പൗരര്‍ ഇടതടവില്ലാത്ത അപകട സൈറണുകള്‍ കേട്ട് ഷെല്‍ട്ടറുകളില്‍ അഭയം തേടിക്കൊണ്ടിരിക്കുന്നു. 2008ലെ യുദ്ധത്തില്‍ ഹമാസ് മിസൈലിന്റെ ദൂരപരിധി 40 കിലോമീറ്റര്‍ ആയിരുന്നെങ്കില്‍ 2012 ലെ യുദ്ധത്തില്‍ അത് 100 കിലോമീറ്റര്‍ ആയിരുന്നു. ഇത്തവണ അത് 120 കിലോമീറ്റര്‍ ദൂരെ പതിച്ചു. തലസ്ഥാന നഗരി തെല്‍ അവീവ് പോലും മിസൈല്‍ ഭീഷണിക്കുകീഴിലായി.
ആകാശത്തുനിന്നും കടലില്‍നിന്നും കരയില്‍നിന്നും ഒരേയവസരം ആക്രമണം നടത്തിയിട്ടും ആയിരത്തിനടുത്ത് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന നിരപരാധികളെ കൊന്നൊടുക്കിയിട്ടും ഇസ്രായേലിന് ഹമാസിന്റെ ഒരൊറ്റ നേതാവിനെയും തൊടാനായില്ല. ഗസ്സയിലെ മിസൈലുകളുടെ പ്രഭവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാന്‍ സാധിച്ചില്ല. ഐ.എം.എഫിന്റെ കണക്കനുസരിച്ച് യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോള്‍ ഇസ്രായേലിന് 544 മില്യന്‍ ഡോളര്‍ നഷ്ടമായി. മൂന്നു കിലോമീറ്ററിനുള്ളില്‍തന്നെ 150 സൈനികരെ നഷ്ടപ്പെട്ടപ്പോള്‍ ഇനി യുദ്ധം മുന്നോട്ടുപോകുന്നത് നഷ്ടങ്ങള്‍ പെരുപ്പിക്കുമെന്ന് തിരിച്ചറിയേണ്ടിവന്നു. ഫലസ്തീനികളുടേതുപോലെ വിലയില്ലാത്ത ജീവനല്ല ഇസ്രായേലി ജൂതന്‍േറത്. ലോകത്ത് ഏറ്റവും വിലയേറിയ ജീവനാണത്. ഒരു ജൂതന്‍ കൊല്ലപ്പെട്ടാല്‍ ഒരായിരം ഫലസ്തീനി കൊല്ലപ്പെട്ടതിന് സമം.
മറുവശത്ത്, എട്ടു വര്‍ഷമായി ഉപരോധത്തില്‍ പട്ടിണികിടന്ന് ജീവിക്കുന്ന ഗസ്സ നിവാസികള്‍ അങ്ങനെയല്ല. സ്വാതന്ത്ര്യ പോരാട്ടത്തെ ആദര്‍ശമായും ആ മാര്‍ഗത്തിലുള്ള മരണത്തെ വീരമൃത്യുവായും ശത്രുവിന്റെ ഉപരോധം തീര്‍ക്കുന്ന പട്ടിണിയെ സമൃദ്ധിയായും കാണുന്ന ഒരു ജനതയെ ആകാശത്തുനിന്ന് ബോംബിട്ട് കൊല്ലാന്‍ കഴിഞ്ഞേക്കും. പക്ഷേ, തോല്‍പിക്കാനാവില്ല.

ആയുധങ്ങള്‍ വാങ്ങിവെക്കാന്‍ ബില്യണുകള്‍ ചെലവഴിക്കുകയും ഓരോ വര്‍ഷവും അവ പുതുക്കിക്കൊണ്ടിരിക്കാന്‍ വേറെ കുറെ ബില്യണുകള്‍ വാരിയെറിയുകയും, അവ തുരുമ്പെടുക്കുകയും, ഉപയോഗിച്ചാല്‍തന്നെ സ്വന്തം ജനതക്കെതിരെ ഉപയോഗിക്കുകയും ചെയ്യുന്ന ഒരു ലോകത്താണ് എട്ടു വര്‍ഷമായി വെള്ളവും വെളിച്ചവും വായുവും നിഷേധിക്കപ്പെട്ട് കഴിയുന്ന ഒരു ജനത 120 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലുകളുണ്ടാക്കി ആണവായുധശേഷിയുള്ള രാഷ്ട്രത്തോട് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്നത്.

മൂന്ന്: മേല്‍ പശ്ചാത്തലത്തിലാണ് ഇസ്രായേല്‍ വെടിയോടൊപ്പം വെടിനിര്‍ത്തല്‍ കരാറിനെപ്പറ്റിയും സംസാരിച്ചു തുടങ്ങിയത്. അങ്ങനെയാണ് യുദ്ധം ആരംഭിച്ച് ദിവസങ്ങള്‍ക്കകം ഈജിപ്ത് വെടിനിര്‍ത്തല്‍ ഫോര്‍മുല മുന്നോട്ടുവെക്കുന്നതും ഇസ്രായേല്‍ പൊടുന്നനെ അത് അംഗീകരിക്കുന്നതും. പക്ഷേ, ഹമാസ് അത് തള്ളിക്കളഞ്ഞു. യുദ്ധത്തില്‍ 52 സൈനികര്‍ മാത്രം നഷ്ടപ്പെട്ട് പ്രത്യക്ഷത്തില്‍ വിജയിച്ചുനില്‍ക്കുന്നവര്‍ വെടിനിര്‍ത്തലിനെപ്പറ്റി സംസാരിക്കുകയും 1500 ഓളം നിരപരാധികള്‍ കൊല്ലപ്പെട്ട് പ്രത്യക്ഷത്തില്‍ പരാജയപ്പെട്ടുനില്‍ക്കുന്നവര്‍ വെടിനിര്‍ത്തല്‍ തള്ളിക്കളയുകയും ചെയ്യുന്ന അദ്ഭുതം ലോകം കണ്ടു.
യഥാര്‍ഥത്തില്‍, ലോകസമാധാനത്തില്‍ താല്‍പര്യമില്ലാത്തതുകൊണ്ടല്ല ഹമാസ് വെടിനിര്‍ത്തല്‍ കരാറുകളെ തള്ളിക്കളയുന്നത്. തങ്ങളുടെ കൈവശമുള്ള മിസൈലുകള്‍കൊണ്ട് നാളത്തെന്നെ ഇസ്രായേലിന്റെ കഥകഴിക്കാമെന്ന മൂഢസങ്കല്‍പവും അവര്‍ക്കില്ല. പകരം, അവരുടെ പ്രശ്‌നം ഫലസ്തീനികളുടെ നിലനില്‍പാണ്.

ഈജിപ്തിന്റെ ഫോര്‍മുലക്കുപിന്നില്‍
ഇത്തവണ ഗസ്സ ആക്രമണത്തിന്റെ തൊട്ടുടനെ, സമാധാന ഫോര്‍മുലയുമായി രംഗത്തുവന്നത് ഈജിപ്തായിരുന്നല്‌ളോ? പൊടുന്നനെ അതംഗീകരിച്ചുകൊണ്ട്, ഇസ്രായേല്‍ രംഗത്തുവന്നതില്‍ നിന്നു തന്നെ വ്യക്തമായിരുന്നു അതിന്റെ ഉള്ളടക്കം. വാസ്തവത്തില്‍ അതൊരു ഫോര്‍മുലയായിരുന്നില്ല. ഇസ്രായേല്‍ ചൊല്ലിക്കൊടുത്തത് ഈജിപ്ത് പകര്‍ത്തിയെഴുതുകയായിരുന്നു. അട്ടിമറിക്ക് നല്‍കിയ സഹായത്തിന് പട്ടാളഭരണകൂടത്തിന്റെ പ്രത്യുപകാരം. പക്ഷേ, അത് സ്വീകരിക്കാന്‍ മാത്രം വിഡ്ഢികളായിരുന്നില്ല ഹമാസ് നേതൃത്വം. ഹമാസിനോട് അന്വേഷിക്കാതെ കരാറൊരുക്കി, കൈറോവിനെ സന്ധിസംഭാഷണങ്ങളുടെ കേന്ദ്രബിന്ദുവാക്കി, നഷ്ടപ്പെട്ട അന്താരാഷ്ട്ര പ്രതിച്ഛായ വീണ്ടെടുക്കാന്‍ വൃഥാവേല നടത്തിയവര്‍ ലോകസമൂഹത്തിനുമുന്നില്‍ നാണംകെട്ടു. അല്‌ളെങ്കിലും ഗസ്സാ നിവാസികളുടെ ഏക അവലംബമായിരുന്ന ടണലുകള്‍ തകര്‍ത്തതിന്റെ എണ്ണം പറഞ്ഞ് ദുരഭിമാനിക്കുകയും ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കുകയും ചെയ്ത ഒരു രാഷ്ട്രം, മധ്യസ്ഥരായി പ്രത്യക്ഷപ്പെടുമ്പോള്‍ അവരുടെ ആത്മാര്‍ഥതയില്‍ ഹമാസ് സംശയിച്ചില്‌ളെങ്കിലേ അദ്ഭുതമുള്ളൂ. ഗസ്സയില്‍ 1500 ലേറെ പേര്‍ കൊല്ലപ്പെടുകയും 6000ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടും റഫാ അതിര്‍ത്തി തുറക്കാന്‍ ഈജിപ്ത് തയാറായിട്ടില്ല.

മധ്യസ്ഥശ്രമങ്ങളെ ഹമാസ് കരുതലോടെ കാണാന്‍ കാരണമുണ്ട്. വെടി നിര്‍ത്തിയതുകൊണ്ടായില്ല, തങ്ങളുടെ പ്രശ്‌നത്തിന് പരിഹാരമുണ്ടോ എന്നാണ് അവര്‍ക്കറിയേണ്ടത്. കരാറുകള്‍ക്ക് അതെഴുതിയ കടലാസിന്റെ വില കല്‍പിക്കാത്ത രാഷ്ട്രമാണ് ഇസ്രായേല്‍. 1948 മുതല്‍ ആ രാജ്യത്തിന്റെ ചരിത്രമതാണ്. വന്‍ ശക്തികളുടെ മധ്യസ്ഥതയില്‍ ഒപ്പിട്ട ധാരണകള്‍പോലും പാലിക്കപ്പെട്ടില്ല.

ഹമാസിന്റെ നിശ്ചയദാര്‍ഢ്യം
ഇത്തവണ ഫലസ്തീനികള്‍ ഒറ്റക്കെട്ടാണ്. ഉപരോധം നീക്കാതെ വെടിനിര്‍ത്തലിനില്ല എന്ന ആവശ്യം ഹമാസിന്‍േറതുമാത്രമല്ല, ഫതഹിന്‍േറതും കൂടിയാണ്. ഗസ്സയില്‍ മാത്രമല്ല വെസ്റ്റ് ബാങ്കിലും ഫലസ്തീനികള്‍ ഗസ്സയിലെ ഉപരോധം നീക്കാനുള്ള പ്രക്ഷോഭം നടത്തിക്കൊണ്ടിരിക്കുന്നു.

ഹമാസിനെ ആയുധമുക്തമാക്കുക എന്ന ആവശ്യമാണ് അമേരിക്കയും ഇസ്രായേലും വലിയവായില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത്. ആയുധങ്ങളും ശക്തിയും കാര്യങ്ങള്‍ തീരുമാനിക്കുന്ന ഒരു ലോകത്തെ സൃഷ്ടിച്ചെടുത്തത് ഹമാസല്ല, അമേരിക്കയും ഇസ്രായേലും തന്നെയാണ്. ആയുധം, എന്തു പറഞ്ഞാലും ഇന്ന് ഒരു യാഥാര്‍ഥ്യമായിക്കഴിഞ്ഞു. നാന്നൂറിലധികം ആണവായുധങ്ങള്‍ സ്വന്തമാക്കിയ, ലോകത്തെ വന്‍ ആയുധശേഷിയുള്ള രാഷ്ട്രമായതുമാത്രമാണ് ഇസ്രായേല്‍ എന്ന അധിനിവേശരാജ്യം ഇന്നും നിലനില്‍ക്കുന്നതിന്റെ അടിസ്ഥാനം എന്നാര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? വെറും ആറു മില്യന്‍ ജനസംഖ്യയുള്ള ഒരു കൊച്ചുരാഷ്ട്രം യു.എന്നിന്റെ നാന്നൂറിലധികം പ്രമേയങ്ങളെയും സര്‍വ അന്താരാഷ്ട്ര മര്യാദകളെയും സര്‍വ മതനിയമങ്ങളെയും കാറ്റില്‍പറത്തി നിലനില്‍ക്കുന്നതിന്റെ രഹസ്യം ആയുധശേഷി തന്നെയാണ്. ഇന്ത്യപോലുള്ള രാഷ്ട്രങ്ങള്‍ക്കും ആ രാജ്യമിന്ന് ഒഴിച്ചുകൂടാനാവാത്ത സഖ്യകക്ഷിയാവുന്നതും അതുകൊണ്ടുതന്നെ.

അറബ്ലോകത്തെ പച്ചമനുഷ്യര്‍ ഗസ്സയോടൊപ്പം പിടയുന്നെങ്കിലും ഔദ്യോഗിക നേതൃത്വം ഇസ്രായേലിന്റെ കൂട്ടക്കശാപ്പിനെപ്പറ്റി മൗനം പാലിക്കുകയും ഈജിപ്തിന്റെ ഫോര്‍മുല സ്വീകരിക്കണമെന്ന് പറയാന്‍ മാത്രം വാതുറക്കുകയും മുഖം മിനുക്കാന്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ യൂറോപ്പും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ഇസ്രായേലിനെതിരെ തിരിയുന്നതിന്റെ സൂചനകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത് പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു. ഏറ്റവുമൊടുവില്‍ ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യത്തിനുശേഷം അധിനിവേശം അവശേഷിക്കുന്ന ലോകത്തെ അവസാന പ്രദേശമായ ഫലസ്തീന് മാത്രം സ്വാതന്ത്ര്യം ലഭിക്കാതെപോകുമെന്ന് കരുതാന്‍ ന്യായമില്ല. അതിന് ഫലസ്തീനികള്‍ക്ക് ഇപ്പോള്‍ സംഭവിക്കുന്നതുപോലെ വലിയ വില നല്‍കേണ്ടിവന്നേക്കാം. പക്ഷേ, അവര്‍ ജന്മഭൂമിക്കുവേണ്ടി നല്‍കിയ രക്തം വെറുതെയാവില്ല.

കടപ്പാട് : മാധ്യമം

Related Articles