Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനികളുടെ മുറിവില്‍ ഉപ്പു പുരട്ടുകയായിരുന്നു അബ്ബാസ്

abbas9k.jpg

അധിനിവേശ രാഷ്ട്രത്തിന്റെ പ്രസിഡന്റ് ഷിമോണ്‍ പെരസിന്റെ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞ ദിവസം ജറൂസലേമില്‍ നടന്നപ്പോള്‍ ആക്ഷേപാര്‍ഹമായ രണ്ട് കാര്യങ്ങള്‍ നടന്നു. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ അതിലെ പങ്കാളിത്തവും അവിടെ അദ്ദേഹം സ്വീകരിച്ച പെരുമാറ്റവുമാണ് അതില്‍ ഒന്നാമത്തേത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ രാഷ്ട്രത്തലവന്‍മാരുടെ നിരയിലായിരുന്നില്ല അദ്ദേഹം നിലയുറപ്പിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമായ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലെയാണ് പെരസ് ഓര്‍മപ്പെടുത്തുന്നതെന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ വാക്കുകളാണ് രണ്ടാമത്തെ കാര്യം.

വ്യക്തിപരമായും ദേശീയമായും അപമാനകരമായ ഈ നിലപാട് സ്വീകരിക്കാന്‍ അബ്ബാസിനെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് മനസ്സിലാവുന്നില്ല. താന്‍ അതില്‍ പങ്കെടുക്കുന്നതിനോട് ഫലസ്തീന്‍ ജനതക്ക് ശക്തമായ എതിര്‍പ്പുണ്ടന്ന കാര്യത്തെ കുറിച്ച് നല്ല ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഫലസ്തീന്‍ ജനതയെ കുടിയിറക്കി ഇസ്രയേല്‍ രാഷ്ട്രം സ്ഥാപിച്ച സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവസാന കണ്ണിയായി അറിയപ്പെടുന്ന ഒരാളുടെ സംസ്‌കാര ചടങ്ങിലാണല്ലോ അദ്ദേഹം പങ്കെടുക്കുന്നത്.

ഇസ്രയേല്‍ പാര്‍ലമെന്റിലെ (നെസറ്റ്) അറബ് എം.പിമാര്‍ പോലും തങ്ങളുടെ അടിസ്ഥാന തത്വങ്ങളെ മാനിച്ച് സംസ്‌കാര ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് ചെയ്തത്. അപ്പോള്‍ പിന്നെ എങ്ങിനെയാണ് അബ്ബാസ് അതില്‍ പങ്കെടുക്കുക? അധിനിവേശത്തിനെതിരെ റാലി നടത്തുകയും, അതിനെതിരെ ആദ്യ വെടിയുതിര്‍ക്കുകയും ചെയ്ത ‘ഫതഹ്’ പ്രസ്ഥാനത്തിന്റെ രക്ഷകനായി കണക്കാക്കപ്പെടുന്ന ആളാണല്ലോ അദ്ദേഹം.

ഫലസ്തീന്‍ ജനതയുടെ മുറിവില്‍ കൂടുതല്‍ ഉപ്പു പുരട്ടുകയാണ് അബ്ബാസ് ചെയ്തത്. അദ്ദേഹം പെരസിന്റെ മരണത്തില്‍ ദുഖം പ്രകടിപ്പിക്കുകയും ‘സമാധാന സൃഷ്ടിപ്പിലെ ധീരനായ പങ്കാളി’യെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുകയും ചെയ്തപ്പോള്‍ അറബ് ഇസ്‌ലാമിക ലോകത്തെ അന്തസ്സുള്ള മുഴുവന്‍ ആളുകളെയും അത് വേദനിപ്പിച്ചു.

അദ്ദേഹം പറഞ്ഞ ആ സമാധാനം എവിടെയാണ്? അതിന്റെ ഫലങ്ങള്‍ എവിടെ? അധിനിവേശത്തിന്റെയും അവരുടെ കുടിയേറ്റ കേന്ദ്രങ്ങളുടെയും നിലനില്‍പ്പിനും അവര്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്കും സഹായകമായിട്ടുള്ള സുരക്ഷാ സഹകരണമാണോ അത്? അല്ലെങ്കില്‍ ഇന്‍തിഫാദയില്‍ അണിനിരന്ന യുവാക്കളുടെ എല്ലുകള്‍ തകര്‍ത്തു കളയലാണോ അത്? അല്ലെങ്കില്‍ ‘കത്തികൊണ്ടുള്ള വിപ്ലവത്തിന്റെ’ യുവാക്കളെ പരസ്യമായി കൊലപ്പെടുത്തലാണോ അത്?

അബ്ബാസിന്റെ കാര്യം നമുക്ക് മാറ്റി വെക്കാം. അദ്ദേഹത്തെയോ അദ്ദേഹത്തിന്റെ നിന്ദ്യമായ ഈ പങ്കാളിത്തത്തെയോ കുറിച്ച് പറഞ്ഞിട്ട് പ്രത്യേക പ്രയോജനമൊന്നുമില്ല. പ്രസിഡന്റ് ഒബാമയുടെ ‘പതനത്തിലേക്ക്’ നമുക്ക് വരാം. നൂറ്റാണ്ടിന്റെ ഇതിഹാസമായ നെല്‍സണ്‍ മണ്ടേലയോടാണ് അദ്ദേഹം പെരസിനെ താരതമ്യപ്പെടുത്തിയിരിക്കുന്നത്. അവര്‍ക്കിടയില്‍ എവിടെയാണ് സാദൃശ്യമെന്നാണ് അദ്ദേഹത്തോട് നമുക്ക് ചോദിക്കാനുള്ളത്. മണ്ടേല മറ്റുള്ളവരുടെ ഭൂമി കവര്‍ന്നെടുത്തിട്ടുണ്ടോ? ഭൂമിയുടെ അവകാശികള്‍ക്കെതിരെ വംശീയ വിവേചന നയങ്ങള്‍ അദ്ദേഹം സ്വീകരിച്ചിട്ടുണ്ടോ? മുഴുവന്‍ അയല്‍നാടുകളോടും ഭീകരത കാണിക്കുന്നതിന് ആണവ പദ്ധതി അദ്ദേഹം വികസിപ്പിച്ചെടുത്തിട്ടുണ്ടോ? ഖാന കൂട്ടകശാപ്പ് പോലുള്ള കൂട്ടകശാപ്പുകള്‍ മണ്ടേല നടത്തിയിട്ടുണ്ടോ?

ദക്ഷിണാഫ്രിക്കയുടെ ആണവപദ്ധതി പിരിച്ചുവിട്ട മഹാനാണ് മണ്ടേല. വിട്ടുവീഴ്ച്ചയുടെയും സഹവര്‍ത്തിത്വത്തിന്റെയും ഉദാത്ത മാതൃകയായിരുന്നു അദ്ദേഹം. പകയും വിദ്വേഷവും തൊട്ടുതീണ്ടാത്ത അദ്ദേഹം വെള്ളക്കാരോടുള്ള പ്രതികാര പ്രവര്‍ത്തനങ്ങളില്‍ നിന്ന് തന്റെ വര്‍ഗക്കാരെ തടഞ്ഞു വെക്കുകയാണ് ചെയ്തത്. 28 വര്‍ഷക്കാലെത്തെ ഏകാന്ത തടവില്‍ അനുഭവിച്ച കടുത്ത പ്രയാസങ്ങള്‍ മറന്നു കളയാനാണ് അദ്ദേഹം ശ്രമിച്ചത്.

അങ്ങേയറ്റം നിന്ദ്യമായ കാപട്യമാണ് ഒബാമ കാണിച്ചിരിക്കുന്നത്. ഇതിലൂടെ അദ്ദേഹം അബ്ബാസിനെ മറികടന്നിരിക്കുന്നു. അറുപതുകളില്‍ അമേരിക്കയിലെ വംശീയ വിവേചനം നന്നായി അനുഭവിച്ച കറുത്തവര്‍ഗ്ഗക്കാരുടെ കുടുംബത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഈ ‘പതനം’ സംഭവിക്കാന്‍ പാടില്ലായിരുന്നു.

വൈറ്റ് ഹൗസിനോട് വിടപറയാന്‍ ഒബാമക്ക് ഇനി ഏതാനും ആഴ്ച്ചകള്‍ മാത്രമാണുള്ളത്. അറപ്പുളവാക്കുന്ന ഈ രീതിയില്‍ ഇസ്രയേലിനെ പ്രീണിപ്പിക്കേണ്ട ഒരാവശ്യവും അദ്ദേഹത്തിനില്ലായിരുന്നു. ആധുനിക കാലത്തെ ഏറ്റവും ശക്തമായ രാഷ്ട്രത്തിന്റെ പ്രസിഡന്റായിട്ടാണല്ലോ അദ്ദേഹം കണക്കാക്കപ്പെടുന്നത്.

രക്തം പുരണ്ട കൈകളുമായി പെരസ് ശവക്കല്ലറയിലേക്ക് പോയിരിക്കുന്നു. കൂട്ടകശാപ്പുകളും കളവും വഞ്ചനയും നിറഞ്ഞ പൈതൃകം ഇവിടെ വിട്ടേച്ചാണ് അദ്ദേഹം പോകുന്നത്. അദ്ദേഹത്തിന്റെ സംസ്‌കാരത്തില്‍ പങ്കെടുക്കുന്നതിലൂടെ അയാള്‍ക്കും അയാളുടെ രക്തപങ്കിലമായ പ്രസ്ഥാനത്തിനും ക്ലീന്‍ചിറ്റ് നല്‍കുകയാണ്.

വിവ: നസീഫ്‌

Related Articles