Current Date

Search
Close this search box.
Search
Close this search box.

പ്രവാസിയോട് ഇനി വോട്ടും ചോദിക്കും

അങ്ങിനെ, പ്രവാസികള്‍ക്ക് ജനാധിപത്യ ഇന്ത്യയില്‍ സമ്മതി ദാനം വിനിയോഗിക്കാന്‍ സമ്മതം ലഭിച്ചു. പ്രവാസത്തിന്റെ പ്രയാസത്തില്‍ അകലങ്ങളിരുന്ന് സ്വന്തം രാജ്യത്തിന്റെ രാഷ്ട്രീയ ഭാവിയെ നിര്‍ണ്ണയിക്കുന്നതില്‍ ഇനിമേല്‍ നേരിട്ട് പങ്കാളികളാവാം. ഇന്ത്യയുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇത്രകാലം പ്രവാസി സജീവമായിത്തന്നെ ഉണ്ടായിരുന്നു. അവരുടെ പണം കൊണ്ടാണ് നമ്മുടെ നാട്ടില്‍ രാഷ്ട്രീയക്കാര്‍ കമ്യൂണിസ്റ്റും കോണ്‍ഗ്രസും കളിച്ചത്. കേരളത്തിലെ നാടന്‍ ബസ് സ്‌റ്റോപ്പുകള്‍ മുതല്‍ വിമാനത്താവളങ്ങള്‍ വരെ പണിതതിന് പിന്നില്‍ ഗള്‍ഫ് പ്രവാസികളുടെ വിയര്‍പ്പാണുള്ളത്.
     
കേരളത്തിലെ വിദ്യഭ്യാസം, സംസ്‌കാരം, വികസനം തുടങ്ങിയവ ഗള്‍ഫ് പ്രവാസത്തിന് മുമ്പും ശേഷവും എന്ന് തരംതിരിച്ച് നിരീക്ഷിച്ചാല്‍, പ്രവാസികള്‍ കേരളത്തിന് നല്‍കിയ സംഭാവനകള്‍ ബോധ്യപ്പെടും. എന്നാല്‍ ഗള്‍ഫ് പ്രവാസത്തിന്റെ ചരിത്രം കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ലെന്നത് ദുഃഖകരമായ വസ്തുതയാണ്.      ഗള്‍ഫ് പ്രവാസം യഥാര്‍ത്ഥത്തില്‍ ഒരു പോരാട്ടമായിരുന്നു. എല്ലാം തകര്‍ന്ന് നിശ്ചലമായ സമൂഹത്തിന്റെ മുന്നോട്ട് പോക്കിന് അനിവാര്യമായ പോരാട്ടം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് പടപൊരുതിയ പൂര്‍വികര്‍, ബ്രിട്ടീഷുകാരന്റെ ഭാഷയും വിദ്യഭ്യാസവും ബഹിഷ്‌കരിച്ച് നടത്തിയ സമരത്തിന്റെ ഫലമായി നാടിന് സ്വാതന്ത്ര്യം ലഭിച്ചു. പക്ഷെ അവരുടെ വീടിന് ലഭിച്ചത് വിദ്യഭ്യാസമില്ലാത്ത, തൊഴിലില്ലാത്ത അധികാരമില്ലാത്ത മക്കളെയും കൊച്ചുമക്കളെയുമായിരുന്നു.
     
നാടിന് വേണ്ടി സര്‍വവും ത്യജിച്ചവരുടെ പിന്‍മുറക്കാരെ സ്വതന്ത്ര കേരളത്തിന്റെ അധികാരികളും പരിഗണിച്ചില്ല. നാട് ഭരിച്ച സാമ്രാജ്യത്വത്തിന് ദാസ്യവേല ചെയ്തവരുടെ കൈകളിലേക്കായിരുന്നല്ലോ അധികാരവും ഉദ്യോഗവും വന്നുവീണത്. അവര്‍ സ്വീകരിച്ചതാവട്ടെ ബ്രിട്ടീഷുകാരന്റെ ഭാഷയും സംസ്‌കാരവും. ദാരിദ്ര്യത്തിന്റെയും വറുതിയുടെയും അതിലേറെ അവഗണനയുടെയും നാളുകളെ അതിജീവിക്കാന്‍ ഒരു ജനസമൂഹം സ്വയം കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു പ്രവാസം. അറബി മലയാളത്തിന്റെ നാട്ടില്‍ നിന്ന് അറബി നാട്ടിലേക്ക് ജീവിതം പറിച്ചു നട്ടു. സ്വന്തം മക്കളെ അനാഥരാക്കി അവര്‍ നാട്ടിനെ സനാഥമാക്കി. നാട്ടുകാര്‍ക്ക് തണലു നല്‍കാന്‍ സ്വയം വെയിലു കൊണ്ടു.
         
വിദ്യാഭ്യാസം, സ്ത്രീ വിമോചനം, ആരോഗ്യം തുടങ്ങിയ മുഴുവന്‍ മേഖലകളിലും ലോകത്തിലെ ഉദാത്ത മാതൃകകള്‍ കേരളത്തിന് ലഭിച്ചത് പ്രവാസികളിലൂടെയാണ്. ഉപജീവനത്തിനാണ് വിദേശത്ത് എത്തിയത് എങ്കിലും യഥാര്‍ത്ഥ ‘ ജീവന’ ത്തിനുള്ള മാര്‍ഗ്ഗവും അവര്‍ പ്രവാസത്തില്‍ നിന്ന്  പകര്‍ത്തി നാട്ടിലെത്തിച്ചു. നമ്മുടെ നാടിന് സുഗന്ധവും സുഭിക്ഷതയും നല്‍കിയ പ്രവാസി പൗരന്‍മാരോട്, മാറി മാറി വന്ന ഭരണാധികാരികള്‍ തിരിച്ച് നല്‍കിയതെന്താണ്?  സ്വയം കണ്ടെത്തിയ വഴിയില്‍ നാടിന് അന്നം നല്‍കാന്‍ കടലുകടന്നവരെ കിട്ടുന്ന ഓരോ സന്ദര്‍ഭത്തിലും പിഴിഞ്ഞെടുത്തു. കേന്ദ്രത്തിലും കേരളത്തിലും പ്രവാസി വകുപ്പും മന്ത്രിയും ഉണ്ട്. എന്നാല്‍ ഇന്ത്യക്ക് വെളിയില്‍ എത്ര പേര്‍ പ്രവാസ ജീവിതം നയിക്കുന്നു എന്നകണക്ക് പോലും സംഘടിപ്പിക്കുവാന്‍ ഇതുവരെ സാധിച്ചിട്ടില്ല. തന്റേതല്ലാത്ത കാരണത്താല്‍ ഇന്ത്യക്ക് പുറത്ത് തടവറയില്‍ കഴിയുന്നവരെ രക്ഷപ്പെടുത്താനുള്ള വഴികള്‍, തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചു വരുന്നവരെ പുനരധിവസപ്പിക്കാനുള്ള മാര്‍ഗ്ഗം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കൊന്നും പരിഹാരം കണ്ടതായി അറിവില്ല.
       
ദീര്‍ഘ പ്രവാസത്തിന് ശേഷം നാട്ടിലേക്ക് വരുന്ന പ്രവാസികളോട് നമ്മുടെ വിമാനത്താവളങ്ങളിലെ ഉദ്യോഗസ്ഥരുടെ പെരുമാറ്റം പോലും പ്രവാസികളോടുള്ള നമ്മുടെ സമീപനത്തിന്റെ പ്രതീകമാണ്. ഈ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന ശമ്പളം പോലും പ്രവാസികളുടെ വിയര്‍പ്പില്‍ നിന്നാണെന്ന് ഓര്‍മിക്കാതെയാണ്, കുറ്റവാളികളോടെന്ന പോലെ ഗള്‍ഫുകാരനോട് പെരുമാറുന്നത്. ഇപ്പോള്‍ ലഭിച്ച വോട്ടവകാശവും പ്രവാസി സ്വന്തം ചെലവില്‍ കോടതിയെ സമീപിച്ചതിനാലാണ്
              
പ്രവാസ ജീവിതത്തിവിടയില്‍ പ്രവാസി നേടിയ തിരിച്ചറിവുകള്‍ ചെറുതല്ല. പാക്കിസ്താനിയും അഫ്ഗാനിയും യൂറോപ്യനും പ്രവാസിക്ക് കേട്ടറിവല്ല. വ്യത്യസ്ത രാജ്യങ്ങളിലെ ഭക്ഷണശീലം, സംസ്‌കാരം, രാഷ്ട്രീയം തുടങ്ങിയവ അടുത്തറിയാനും അനുഭവിക്കാനും അവര്‍ക്ക് സാധിച്ചിട്ടുണ്ട്. പതിവ് വാഗ്ദാനങ്ങളില്‍ മയക്കി വോട്ട് കൈക്കലാക്കാന്‍ വരുന്ന നേതാക്കള്‍ക്ക് മുമ്പില്‍ യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള ചോദ്യങ്ങളുന്നയിക്കാന്‍ പ്രവാസി തയ്യാറാവണം. ഇതുവരെ സംഭാവന ചോദിച്ചു വന്നവര്‍ ഇനി വോട്ട് ചോദിക്കാന്‍ കൂടി പ്രവാസിയുടെ ചെലവില്‍ തന്നെ കടലു കടന്ന് വരും. സമ്മതിദാന അവകാശത്തെ പ്രവാസികള്‍ കാര്യഗൗരവ പൂര്‍വം വിനിയോഗിച്ചാല്‍ ഇന്ത്യയെ ജനാധിപത്യവല്‍ക്കരിക്കുന്ന പോരാട്ടത്തിന് അത് വലിയ കരുത്ത് പകരും.

Related Articles