Current Date

Search
Close this search box.
Search
Close this search box.

പ്രവാചക നിന്ദ: മുസ്‌ലിം ഉമ്മത്തിന്റെ ബാധ്യതയെന്ത്?

പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ആഗമനത്തിനു മുമ്പ് മനുഷ്യര്‍ അന്ധകാരത്തിലും സേഛ്വാധിപത്യത്തിലുമാണ് കഴിഞ്ഞിരുന്നത്. യഥാര്‍ഥ ദൈവവിശ്വാസത്തിന്റെയും നീതിയുടെയും അഭാവത്തില്‍ ഭൂമുഖത്ത് അന്ധകാരം വ്യാപിച്ചിരുന്നു. കഅ്ബാലയത്തിനു ചുറ്റുമുള്ള ജനം അജ്ഞത, നിരക്ഷരത, രക്തരൂക്ഷിത സംഘട്ടനങ്ങള്‍, അഭിമാന ധ്വംസനം, അധാര്‍മിക പ്രവര്‍ത്തനങ്ങള്‍, മദ്യം, ചൂതാട്ടം തുടങ്ങിയകാര്യങ്ങളില്‍ കുപ്രസിദ്ധിയാര്‍ജിച്ചവരായിരുന്നു. അറ്റ്‌ലാന്റിക് സമുദ്രം മുതല്‍ ശാന്തസമുദ്രം വരെയുളള പ്രദേശങ്ങള്‍ ബിംബാരാധനയിലകപ്പെട്ടിരുന്നു. ക്രൈസ്തവര്‍, സെമിറ്റിക് മതങ്ങള്‍, ബുദ്ധമതം, ഹൈന്ദവ മതം… തുടങ്ങിയവയെല്ലാം ബിംബാരധനയെ മഹത്വവല്‍ക്കരിക്കുന്നതില്‍ മല്‍സരിച്ചിരുന്നു. ജനം പട്ടിണിയിലും രാജാക്കന്മാര്‍ സുഖലോലുപതയിലുമായിരുന്നു കഴിഞ്ഞിരുന്നത്. ജനങ്ങളുടെ മേല്‍ അധികനികുതി ചുമത്തുകയും അടച്ചുതീര്‍ക്കാന്‍ കഴിയാത്തവരെ ബന്ധനസ്ഥരാക്കുകയും ചെയ്തിരുന്നു. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ ഒരു പദവിയുമുണ്ടായിരുന്നില്ല. ഗോത്ര -ദേശ-ഭാഷ പക്ഷപാതിത്വങ്ങള്‍ അവരെ മുച്ചൂടും ഗ്രസിച്ചിരുന്നു.

ചരിത്രത്തിന്റെ ഇരുണ്ട ദശാസന്ധിയിലാണ് പ്രവാചകന്‍(സ) നിയോഗിതനായത്. തിരുമേനി മനുഷ്യരെ അടിമത്വത്തില്‍ നിന്ന് മോചിപ്പിക്കുകയും പീഢനങ്ങളില്‍ നിന്ന് രക്ഷിക്കുകയും ചെയ്തു. യഥാര്‍ഥ ഏകദൈവത്വത്തിലേക്ക് പ്രബോധനം ചെയ്യുകയും മനുഷ്യന്റെ സാഹോദര്യവും ഐക്യവും ഏകതയും വിളംബരം ചെയ്യുകയുമുണ്ടായി. മനുഷ്യന്റെ ആദരണീയതയും മഹത്വവും ഉല്‍ഘോഷിക്കുകയുണ്ടായി. മനുഷ്യനില്‍ നിന്ന് നിരാശയും വ്യസനവും ദൂരീകരിക്കുകയും പ്രതീക്ഷയുടെയും പ്രത്യാശയുടെയും കിരണങ്ങള്‍ അവരില്‍ പകര്‍ന്നു നല്‍കുകയും ചെയ്തു. ആത്മീയതയും ഭൗതികതയും അദ്ദേഹം സമന്വയിപ്പിച്ചു. മനുഷ്യനെ സ്രഷ്ടാവുമായും ബന്ധിപ്പിച്ച പ്രവാചകന്‍ മനുഷ്യസമൂഹത്തിന് വലിയ അനുഗ്രഹമായിത്തീര്‍ന്നു.  നീതിയും സത്യവും സംസ്ഥാപിച്ചു. മനുഷ്യരുടെ അവകാശങ്ങള്‍ നേടിക്കൊടുത്തു. അപ്രകാരം മനുഷ്യനെ ഉന്നതനും ഉല്‍കൃഷ്ട സ്വഭാവങ്ങളുടെ ഉടമസ്ഥനാക്കാനുമുള്ള ശ്രമങ്ങളിലേര്‍പ്പെടുകയുണ്ടായി.

ക്രൈസ്തവരും ജൂതരും ഇസ്‌ലാമിന്റെ ആവിര്‍ഭാവം മുതല്‍ തന്നെ ശത്രുതയുടെ രാഷ്ട്രീയമാണ് സ്വീകരിച്ചിരുന്നത്. പക്ഷെ, വിശ്വാസികള്‍ക്ക് വിജയം വാഗ്ദാനം ചെയ്യുകയും അനുഗ്രഹത്തിന്റെ വാതായനങ്ങള്‍ തുറക്കപ്പെടുകയുമുണ്ടായി. ദീനിനോടുള്ള ശത്രുതയും പകയും കാരണമായി നൂറ്റാണ്ടുകളോളം മുസ്‌ലിങ്ങളുമായി കുരിശ് യുദ്ധത്തിലേര്‍പ്പെടുകയുണ്ടായി. എന്നാല്‍ അതില്‍ അവര്‍ പരാജയത്തിന്റെ കൈപ്പുനീര്‍ കുടിക്കുകയുണ്ടായി. മാത്രമല്ല, യുദ്ധമുഖത്ത് മുസ്‌ലിങ്ങളെ കീഴ്‌പ്പെടുത്തുക സാധ്യമല്ല എന്ന് തിരിച്ചറിഞ്ഞ അവര്‍ മുസ്‌ലിങ്ങളെ ഇസ്‌ലാമില്‍ നിന്നകറ്റാനുള്ള ധൈഷണിക യുദ്ധങ്ങളിലേര്‍പ്പെട്ടു. അപ്രകാരം മുസ്‌ലിങ്ങളില്‍ ഇസ്‌ലാമിനെ കുറിച്ച് സംശയം ജനിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ജീവിതത്തില്‍ നിന്ന് മതത്തെ മാറ്റിനിര്‍ത്താനുള്ള കുല്‍സിത ശ്രമങ്ങളിലേര്‍പ്പെടുകയും ചെയ്തു. പക്ഷെ, അവരുടെ കുതന്ത്രങ്ങളൊന്നും ഫലംകണ്ടില്ല.

ലോകം അടക്കിഭരിക്കാനുള്ള അവരുടെ ലക്ഷ്യത്തിനു മുമ്പിലെ ഏറ്റവും വലിയ പ്രതിബന്ധം ഇസ്‌ലാമാണെന്ന് അവര്‍ മനസ്സിലാക്കുന്നു. അതിനാല്‍ തന്നെ ഇസ്‌ലാമിന്റെ മുഖം വികൃതമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലവര്‍ ഏര്‍പ്പെടുകയുണ്ടായി. പ്രവാചനെ നിന്ദിക്കാനുള്ള കുല്‍സിതശ്രമങ്ങളില്‍ അവര്‍ നിരന്തരമായി ഏര്‍പ്പെടുകയും വിദ്വേഷത്തിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുകയുമുണ്ടായി.

എന്നാല്‍ ഇത്തരത്തിലുള്ള നീചമായ പ്രവര്‍ത്തനങ്ങള്‍ മൂലം പ്രവാചകന്റെ വ്യക്തിത്വത്തെ ഇല്ലായ്മ ചെയ്യാനോ, ജനങ്ങളുടെ ഹൃദയത്തില്‍ നിന്ന്  അദ്ദേഹത്തോടുള്ള സ്‌നേഹം പറിച്ചുമാറ്റാനോ അവര്‍ക്ക് സാധിച്ചില്ല. കാരണം അല്ലാഹു അദ്ദേഹത്തെ മഹോന്നത സ്ഥാനത്തേക്ക് ഉയര്‍ത്തിയതായി ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ‘ പ്രവാചകരെ, താങ്കളുടെ പ്രശസ്തിയെ നാം ഉയര്‍ത്തിയിരിക്കുന്നു’ (അശ്ശര്‍ഹ് 4). ഈ ഭൂമുഖത്ത് ഓരോ നിമിഷവും പ്രവാചകന്‍(സ) സ്മരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. വിശുദ്ദ ഖുര്‍ആന്‍ അഗ്നിക്കിരയാക്കുക പോലുള്ള നികൃഷ്ടമായ പ്രവര്‍ത്തനങ്ങളിലും അവര്‍ ഏര്‍പ്പെടുന്നതായി കാണാം. ഈ പരിതസ്ഥിതിയില്‍ മുസ് ലിം സമൂഹത്തിന്റെ യഥാര്‍ഥ ഉത്തരവാദിത്തം എന്താണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.
1. പ്രവാചക സ്‌നേഹം ശക്തിപ്പെടുത്തുക. കാരണം മുസ്‌ലിങ്ങളുടെ അമൂല്യമായ സമ്പത്താണ് പ്രവാചനോടുള്ള സ്‌നേഹം.
2. ക്രിയാത്മകമായ രീതിയില്‍ ഇത്തരം നീചവൃത്തികള്‍ക്കെതിരെ ശക്തമായ രോഷം പ്രകടിപ്പിക്കുക. കാരണം നാം സ്വന്തത്തെക്കാളും സന്താനങ്ങളെക്കാളും ഇഷ്ടപ്പെടുന്നത് റസൂലിനെയാണ്. പ്രവാചകനോടുള്ള സ്‌നേഹം പ്രകടിപ്പിക്കല്‍ വിശ്വാസത്തിന്റെ ഭാഗമാണ്.
3. പ്രവാചകനെ പൂര്‍ണമായും പിന്‍പറ്റുക. അല്ലാഹു പറഞ്ഞു. ‘ പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുക. അപ്പോള്‍ അല്ലാഹു നിങ്ങളെയും സ്‌നേഹിക്കും. നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.'(ആലുഇംറാന്‍ 31) പ്രവാചകനെ അനുധാവനം ചെയ്യലാണ് അടിസ്ഥാനം. അതാണ് യഥാര്‍ഥ സ്‌നേഹ പ്രകടനം.
4. ഇസ്‌ലാമിനോട് ശത്രുതപുലര്‍ത്തുന്ന രാജ്യങ്ങളുടെ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുക. കാരണം സാമ്പത്തികമായ തിരിച്ചടി നിലപാടുകള്‍ മാറ്റാന്‍ അവരെ പ്രേരിപ്പിച്ചേക്കാം.
5. പ്രവാചക ജീവിതത്തെ സത്യസന്ധമായി പരിചയപ്പെടുത്തുക: പ്രവാചക ജീവിതം സുന്ദരമായി ആവിഷ്‌കരിച്ച പുസ്തകങ്ങള്‍, സിഡികള്‍ എന്നിവ വിതരണം ചെയ്യുക
6.ഐക്യത്തോടെയുളള ശക്തമായ പ്രതികരണം ഉണ്ടാവേണ്ടതുണ്ട്. മുസ്‌ലിം ഭരണകൂടങ്ങള്‍ ഒന്നിച്ച് ശക്തമായി പ്രതികരിക്കുക.
7. ഇസ്‌ലാമിക അധ്യാപനങ്ങള്‍ പാലിക്കാത്ത, ക്രൈസ്തവ-ജൂത താല്‍പര്യങ്ങള്‍ക്ക് ഇസ്‌ലാമിക താല്‍പര്യങ്ങളേക്കാള്‍ മുന്‍ഗണന നല്‍കുന്ന മുസ്‌ലിം ഭരണാധികാരികളെ നിലക്കുനിര്‍ത്തുക.
8 പ്രവാചകനെതിരെയുള്ള ഇത്തരത്തിലുള്ള ആക്ഷേപങ്ങളുണ്ടാകുമ്പോള്‍ നിസ്സംഗരായി നില്‍ക്കുന്ന ചിലരുണ്ട്. അവരെ അവഗണിക്കുക. അവരില്‍ നിന്ന് ദീനിനോടുള്ള താല്‍പര്യവും ആവേശവും ചോര്‍ന്നുപോയിരിക്കുന്നു. പ്രവാചകനോടുള്ള ആക്ഷേപം യഥാര്‍ഥത്തില്‍ അല്ലാഹുവിനോടും എല്ലാ മതത്തോടുമുള്ള ആക്ഷേപമാണെന്നും അല്ലാഹുവിനോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും അവര്‍ തിരിച്ചറിയുന്നില്ല,
9. മുസ്‌ലിങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നവരുമായി അന്താരാഷ്ട്ര ബന്ധം രൂപപ്പെടുത്തുക. മുസ്‌ലിങ്ങളെ പിന്തുണക്കുകയും നിഷ്പക്ഷ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നവരുമായി ഊഷ്മള ബന്ധം സ്ഥാപിക്കുക.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles