Current Date

Search
Close this search box.
Search
Close this search box.

പ്രവാചക നിന്ദ: കോപ്റ്റിക് ക്രൈസ്തവരുടെ മഹിത മാതൃക

പ്രവാചക നിന്ദയുള്‍ക്കൊള്ളുന്ന സിനിമക്കെതിരെ വിശ്വാസി സമൂഹത്തിന്റെ പ്രതിഷേധാഗ്നി അതിന്റെ ഹിമാലയത്തിലെത്തിയിരിക്കുകയാണല്ലോ. വിധ്വംസകരും വിദ്വേഷ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളുമായവരുടെ പ്രതികരണവും ഒട്ടും പിന്നിലല്ല. എന്നാല്‍ ഈ കാര്‍മേഘങ്ങളുടെ കൂരിരുട്ടില്‍ മിന്നലായി പ്രകാശിക്കുന്ന നിഷ്പക്ഷമതികളുടെ മാന്യമായ പ്രവര്‍ത്തനങ്ങളെ നാം വിസ്മരിക്കരുത്. മുസ്‌ലിം രാഷ്ട്രങ്ങളിലെ സഹോദരങ്ങളായ ക്രൈസ്തവരാണ് ഇവിടെ മിന്നാമിനുങ്ങുകളായി പ്രഭപരത്തിയത്. ഈജിപ്തിലെ തഹ്‌രീര്‍ ചത്വരത്തില്‍ ആയിരക്കണക്കിന് കോപ്റ്റിക് ക്രിസ്ത്യാനികളാണ് മുസ്‌ലിങ്ങളോട് തോള്‍ ചേര്‍ന്ന് പ്രവാചക നിന്ദയുടെ ഉല്‍പാദകര്‍ക്കും അതിന്റെ പ്രചാരകര്‍ക്കുമെതിരെ പ്രതിഷേധത്തിന്റെ അഗ്നിനാളമുയര്‍ത്തിയത് എന്നത് ശ്രദ്ദേയമാണ്. ഹിസ്ബുല്ല സംഘടിപ്പിച്ച പ്രക്ഷോഭ പരിപാടിയിലും ആയിരക്കണക്കിന് ക്രിസ്ത്യാനികള്‍ അണിനിരക്കുകയുണ്ടായി.

അറബ് രാജ്യത്തെ എല്ലാ ചര്‍ച്ചുകളും അവരുടെ ആത്മീയ നേതൃത്വവും ഈ നീചവൃത്തിക്കെതിരെ ശക്തമായി പ്രതികരിക്കുകയുണ്ടായി. മാത്രമല്ല, അവര്‍ സിനിമ അറബിയിലേക്ക് പരാവര്‍ത്തനം ചെയ്ത് വിദ്വേഷത്തിന് തീക്കൊളുത്തിയ കോപ്റ്റിക് വംശജനെ അപലപിക്കുകയും അതില്‍  നിന്നു തങ്ങളുടെ നിരപരാധിത്വം വിളിച്ചോതുകയും ചെയ്തുകൊണ്ട് പ്രസ്താവനയിറക്കുകയും ചെയ്തു.  അമേരിക്കന്‍ എംബസിക്കു മുന്നില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കാളിത്തം വഹിക്കുകയും എല്ലാ പ്രവാചകന്മാരെയും മതങ്ങളെയും മാനിക്കണമെന്ന സന്ദേശമുയര്‍ത്തുകയുമുണ്ടായി.
യഥാര്‍ഥത്തില്‍ മുസ്‌ലിങ്ങള്‍ക്കും ക്രൈസ്തവര്‍ക്കുമിടയില്‍ കലാപം തീര്‍ക്കുക എന്നതായിരുന്നു സിനിമ സംവിധായകരുടെയും വിദ്വേഷ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളുടെയും ലക്ഷ്യം. മുസ്‌ലിം രാഷ്ട്രത്തിലെ ആഭ്യന്തര ഭദ്രത തകര്‍ക്കലും ലോകത്ത് കരുത്താര്‍ജിച്ചു കൊണ്ടിരിക്കുന്ന മുസ്‌ലിംപ്രദേശങ്ങളില്‍ അരക്ഷിതാവസ്ഥ തീര്‍ക്കലുമാണ് ഇവരുടെ ലക്ഷ്യം. അതിനാലാണ് അങ്ങേയറ്റം പ്രകോപനപരമായ അവഹേളനവുമായി അവര്‍ രംഗത്തെത്തിയത്.
എന്നാല്‍ ക്രൈസ്തവരുടെ ഈ ഇഴകിച്ചേരലും ആസൂത്രിതവും ബോധപൂര്‍വവുമായ മുസ്‌ലിങ്ങളുടെ പ്രവര്‍ത്തനങ്ങളും ഒരുമയോടെ ഇരുകക്ഷികളും തെരുവില്‍ പ്രക്ഷോഭത്തിനിറങ്ങിയതും ശത്രുക്കളുടെ കുതന്ത്രങ്ങളെ മുളയിലേ പരാജയപ്പെടുത്തുവാന്‍ സാധിക്കുകയുണ്ടായി. മാത്രമല്ല, അവര്‍ ഉദ്ദേശിച്ചതിന് വിപരീത ഫലമാണ് ഇവ സൃഷ്ടിച്ചതും!
അമേരിക്കയിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും പ്രവാസികളായ ചില കോപ്റ്റിക് ക്രിസ്ത്യാനികളും ഇസ്‌ലാമിനെയും മുസ്‌ലിങ്ങളെയും അപകീര്‍ത്തിപ്പെടുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ചില ക്രൈസ്തവ തീവ്രസംഘടനകളും ഭൂരിപക്ഷം വരുന്ന കോപ്റ്റിക് ക്രൈസ്തവരെ പ്രതിനിധീകരിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. അവര്‍ ദേശത്തോട് കൂറുപുലര്‍ത്തുന്നവരോ തങ്ങളുടെ പ്രദേശത്ത് ശാന്തിയും സ്ഥിരതയും കൈവരിക്കണമെന്ന് ആഗ്രഹിക്കുന്നവരോ അല്ല. എന്നാല്‍, ദേശസ്‌നേഹം പുലര്‍ത്തി തങ്ങളുടെ സ്വത്വത്തില്‍ അഭിമാനം പുലര്‍ത്തുന്ന, രാഷ്ട്രത്തിന്റെ സാമൂഹ്യ -രാഷ്ട്രീയ- സാമ്പത്തിക രംഗത്ത് നിര്‍ണായക സ്ഥാനം ചെലുത്തുന്ന ഈ വിഭാഗത്തോട് നാം എങ്ങനെയാണ് പ്രതികാരം ചെയ്യുക!
അറേബ്യന്‍ ഭരണകൂടങ്ങളും പ്രത്യേകിച്ച്, ഈജിപ്തിലെ പുതിയ ഭരണകൂടവും ഈ പ്രതിസന്ധി ഘട്ടങ്ങളില്‍ കോപ്റ്റിക് ക്രിസ്ത്യാനികള്‍ സ്വീകരിച്ച സുന്ദരമായ നിലപാടുകളെ വിലമതിക്കേണ്ടതുണ്ട്. സാമൂഹ്യ നീതിക്കും സാംസ്‌കാരിക ഉന്നമനത്തിനുമായും അവര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ അവര്‍ തയ്യാറാവുകയും ചെയ്യേണ്ടതുണ്ട്. തന്റെ ഉപദേഷ്ടാവായി കോപ്റ്റിക് കൃസ്ത്യാനിയെ നിയമിച്ച പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ നടപടി ഇതിന് കരുത്ത് പകരുന്നതാണ്. ഇതുവരെയുള്ള ഭരണത്തില്‍ നിന്ന് ഭിന്നമായി ഒരൊറ്റ ജനത എന്ന ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളുമായി ഈജിപ്ത് പ്രയാണം തുടരുകയാണ്. അലക്‌സാണ്ട്രിയയിലെ ട്രാജഡി പോലെ ഭിന്നിപ്പിന്റെ തീനാളങ്ങള്‍ പുകയ്ക്കാനുള്ള ശ്രമങ്ങള്‍ അരങ്ങേറുന്നതിനെ നാം ജാഗ്രതയോടെ വീക്ഷിക്കേണ്ടതുണ്ട്. വിഭാഗീയതയെയും പക്ഷപാതിത്വത്തെയും വിപാടനം ചെയ്തുകൊണ്ട്് സാഹോദര്യത്തിലും സഹവര്‍തിത്വത്തിലും കെട്ടിപ്പെടുക്കപ്പെട്ട സമൂഹത്തിനും വ്യവസ്ഥകള്‍ക്കും മാത്രമേ പുരോഗതിയുടെ ചവിട്ടുപടികള്‍ താണ്ടി ഉന്നതിയിലെത്താന്‍ സാധിക്കുകയുള്ളൂ.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്.

Related Articles