Current Date

Search
Close this search box.
Search
Close this search box.

പ്രവാചകനിന്ദ: നിര്‍മാണം ഇസ്രായേല്‍, സംവിധാനം അമേരിക്ക

മുപ്പത്തിയഞ്ച് വര്‍ഷമായി ഞാന്‍ ബ്രിട്ടനിലാണ് താമസിക്കുന്നത്. ഇക്കാലയളവില്‍ ഹോളോകോസ്റ്റിനെയോ, അതില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തെയോ സംശയിക്കുന്നതോ, ജൂതമതത്തെയും അതാശ്ലേഷിച്ചവരെയും നിന്ദിക്കുന്നതോ ആയ ഒരു വാക്ക് പോലും എഴുതാന്‍ ഞാനിത് വരെ ധൈര്യപ്പെട്ടിട്ടില്ല. കാരണം ഹോളോകോസ്റ്റിനെക്കുറിച്ച നിരൂപണം യൂറോപ്യന്‍ നിയമം അംഗീകരിക്കുന്നില്ല. അതിനെ നിഷേധിക്കുകയോ, സംശയിക്കുകയോ ചെയ്യുന്നവന്‍ കുറ്റവാളിയായിത്തീരും. അതല്ല രണ്ടാമത്തെതാണ് -യഹൂദരെ ആക്ഷേപിക്കുക- വിഷയമെങ്കില്‍ സെമിറ്റികിനെതിരെയുള്ള അതിക്രമമെന്ന പേരില്‍ കേസ് റെഡിയാണ്. മീഡിയകളുടെ നേതൃത്വത്തിലുള്ള ശക്തമായ വ്യക്തിഹത്യയും, അക്കാദമിക് തലങ്ങളില്‍ നിന്നുള്ള ബഹിഷ്‌കരണവും, സമ്മേളനങ്ങളില്‍ നിന്നും സെമിനാറുകളില്‍ നിന്നുള്ള പുറത്താക്കലുമായിരിക്കും അതിന്റെ ഫലം. ഇവക്കെല്ലാം ഞാന്‍ വിധേയനായതിന്റെ തെളിവുകള്‍ രേഖകള്‍ സഹിതം എന്റെ പക്കലുണ്ട്.

എന്നാല്‍ ഇസ്‌ലാമിനെയും പ്രവാചകനെയും താറടിക്കുന്നതും അവമതിക്കുന്നതും എല്ലാനിലക്കും അനുവദനീയമാണവിടെ. അത് തടയുന്ന യാതൊരു നിയമവുമില്ല. അതിന് മുതിരുന്നവന്‍ അവര്‍ക്കിടയില്‍ പോരാളിയും, ധീരപുരുഷനുമാണ്. അവന് ധാരാളം മെഡലുകളും അംഗീകാരങ്ങളും ലഭിക്കും. പോലീസ് അവനെ സംരക്ഷിക്കും. എന്നല്ല, അവിടങ്ങളില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഏറ്റവും മൂര്‍ത്തരൂപമാണ് ഇസ്‌ലാമിന് മേല്‍ കുതിരകയറുകയെന്നത്.

ഇസ്‌ലാം പവിത്രമായി കണക്കാക്കുന്ന ചിഹ്‌നങ്ങളെയും ചരിത്രപുരുഷന്മാരെയും നിന്ദിക്കാത്ത ഒരു വര്‍ഷം പോലും കഴിഞ്ഞു പോവുന്നില്ല. പ്രാരംഭത്തില്‍ ഇന്ത്യന്‍ എഴുത്തുകാരനായ സല്‍മാന്‍ റുഷ്ദിയുടെ പൈശാചിക വചനങ്ങളായിരുന്നു. പിന്നീട് ഡെന്‍മാര്‍ക്കില്‍ നിന്ന് കാര്‍ട്ടൂണ്‍ പുറത്തിറങ്ങി. ഒടുവില്‍ ചര്‍ച്ചിന്റെ മുറ്റത്ത് വെച്ച് ഖുര്‍ആന്‍ പ്രതികള്‍ കത്തിക്കുമെന്ന് പറഞ്ഞ് രംഗത്ത് വന്ന പുരോഹിതന്‍ ടെറി ജോണ്‍സ്.

ഇസ്‌ലാമിക ലോകത്ത് നിന്നുണ്ടായ പ്രതികരണങ്ങള്‍ മുഴുവന്‍ പാശ്ചാത്യരാഷ്ട്രങ്ങളും -പ്രത്യേകിച്ച് അമേരിക്ക- കണ്ടതാണ്. അതിനെ അടിച്ചമര്‍ത്തുന്നതിന് വേണ്ടി വെടിയുതിര്‍ത്ത സുരക്ഷാ സേനയുടെ തോക്കിനിരയായവരെയും അവര്‍ കണ്ടുരസിക്കുകയുണ്ടായി. പ്രക്ഷോഭകരുടെ ആക്രമണത്തിന് തങ്ങളുടെ എംബസികള്‍ ഇരയാകുന്നതും അവര്‍ വീക്ഷിക്കുന്നുണ്ടായിരുന്നു. അതിന്റെ പേരില്‍ റാഞ്ചപ്പെട്ട, കൊല്ലപ്പെട്ട നിരപരാധികളായ തങ്ങളുടെ പൗരന്‍മാരെയും അവര്‍ക്കറിയാം. എന്നിട്ടും തങ്ങളുടെ ചെറുവിരലനക്കാന്‍ പോലും അവര്‍ തയ്യാറായില്ല.

നാഗരികതയും സംസ്‌കാരവും പുരോഗതിയും അവകാശപ്പെടുന്ന, നൂറുകണക്കിന് ഗവേഷണ സ്ഥാപനങ്ങളും കേന്ദ്രങ്ങളുമുള്ള പ്രസ്തുത ഭരണകൂടങ്ങള്‍ക്ക് -പ്രത്യേകിച്ച് അമേരിക്ക- അറബ് നാടുകളില്‍ നടന്ന് കൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളെ മനസ്സിലാക്കാനുള്ള വിവേകം പോലുമുണ്ടായില്ല. എന്നല്ല, അവ മനസ്സിലാക്കുകയില്ലെന്ന ശാഠ്യത്തിലാണവര്‍.

അറബ് വസന്തത്തെതുടര്‍ന്ന് അറബ് രാഷ്ട്രങ്ങളില്‍ തീര്‍ത്തും സ്വതന്ത്രമായും കലര്‍പ്പില്ലാതെയും നടന്ന തെരഞ്ഞെടുപ്പുകളില്‍ അടിച്ചമര്‍ത്തി, രക്തം ചിന്തി ഭരണം നടത്തിയ സ്വേഛാധിപതികളെ തുടച്ച് നീക്കി ഈജിപ്തിലും തുണീഷ്യയിലും, ലിബിയയിലും(ഇസ്‌ലാമിസ്റ്റുകളുടെ പിന്തുണയുള്ള മുഹമ്മദ് മുഖ്‌രീഫ്) ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തില്‍ വന്നത് നാം കണ്ടതാണ്. രാഷ്ട്രീയ ഇസ്‌ലാമിന്നനുകൂലമായ പൊതുവികാരമാണ് ഇവിടെയെല്ലാം പ്രതിഫലിച്ചത്. ഇത്രയൊക്കെ സംഭവിച്ചിട്ടും, ലോകംമുഴുക്കെ ഇന്റലിജന്‍സ്-സുരക്ഷാ മേധാവികളുള്ള സുശക്തമായ അമേരിക്കന്‍ ഭരണകൂടം ഇസ്‌ലാമിനെയും പ്രവാചകനെയും അവഹേളിക്കുന്ന, ആക്ഷേപിക്കുന്ന ഡോക്യുമെന്ററിക്ക് അനുവാദം നല്‍കുകയും ചെയ്യുന്നു.

പ്രസ്തുത ഡോക്യുമെന്ററി ഇസ്‌ലാമിനെതിരെ വിദ്വേഷം പ്രസരിക്കുന്നതാണ്. ഈജിപ്തില്‍ വര്‍ഗീയ സംഘട്ടനമുദ്ദേശിക്കുന്ന അസഹിഷ്ണുക്കളായ ഏതാനും ഖിബ്തികളാണ് അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. അതിന്റെ ഉറവിടമാവട്ടെ ഇസ്രായേലാണ്. ഖുര്‍ആന്‍ കത്തിക്കുമെന്ന് അവകാശവാദമുന്നയിച്ച പുരോഹിതന്‍ ടെറി ജോണ്‍സാണ് അതിനെ പിന്തുണച്ചത്. ഇത്തരത്തിലുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിന് ശേഷം പ്രതിഷേധവും, എംബസി കടന്ന് കയറ്റവും, രക്തം ചിന്തലുമല്ലാതെ മറ്റെന്താണ് അവര്‍ പ്രതീക്ഷിച്ചത്?

മുസ്‌ലിം തീവ്രവാദത്തെക്കുറിച്ച് ഒരക്ഷരം ഉരിയാടാന്‍ അമേരിക്കക്ക് അവകാശമില്ല. തങ്ങളുടെ താല്‍പര്യങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും അനുഗുണമാണെന്ന് തോന്നുമ്പോള്‍ അവര്‍ തന്നെയാണ് പ്രസ്തുത തീവ്രവാദം സംവിധാനം ചെയ്യുന്നത്. തങ്ങള്‍ക്ക് ദോഷകരമായി ഭവിക്കുമ്പോള്‍ അതിനെ നിഷേധിക്കുകയും ചെയ്യും. ലിബിയന്‍ ഏകാധിപതിയായിരുന്ന മുഅമ്മര്‍ ഖദ്ദാഫിയുടെ ഭരണത്തെ തുടച്ച് നീക്കുന്നതില്‍ മുസ്‌ലിം ജിഹാദിസ്റ്റുകള്‍ നിര്‍ണായ പങ്ക് വഹിച്ചിട്ടുണ്ടെന്നത് അമേരിക്കന്‍ ഭരണകൂടത്തിനും ഹിലാരി ക്ലിണ്‍റനുമറിയില്ലേ? നിലവില്‍ സിറിയയില്‍ ബശ്ശാറുല്‍ അസദിന്റെ ഭരണത്തെ താഴെയിറക്കാന്‍ പ്രക്ഷോഭം നടത്തുന്നതും അവര്‍ തന്നെയാണ് അമേരിക്കന്‍ ഭരണകൂടത്തിന് അജ്ഞാതമാണോ?

ഈ അമേരിക്കന്‍ കാപട്യത്തിന്റെ വഷളത്തരം കണ്ട് നമുക്ക് മടുത്തിരിക്കുന്നു. മനുഷ്യാവകാശങ്ങള്‍ക്കും, ജനാധിപത്യത്തിനും വേണ്ടി അറബ് വിപ്ലവങ്ങളെ പിന്തുണക്കുന്നവരാണ് തങ്ങളെന്ന് അവര്‍ അവകാശപ്പെടുകയും പിന്നീട് കണ്ണു ചിമ്മുകയും ചെയ്യുന്നു. മാത്രമല്ല, ഇസ്‌ലാമിന് മേല്‍ കുതിരകയറുന്നവര്‍ക്ക് സര്‍വവിധ സുരക്ഷയും അവര്‍ ഉറപ്പാക്കുന്നു.

ലിബിയയിലെ തങ്ങളുടെ എംബസി സംരക്ഷിക്കുന്നതിനായി യുദ്ധക്കപ്പലുകളും നാവികസേനയെയും അയച്ചിരിക്കുന്നു അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. പ്രസ്തുത ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ ലിബിയന്‍ സുരക്ഷാ സേന പരാജയപ്പെട്ടതിനാലാണിത്. മാത്രമല്ല, എംബസിയിലേക്ക് ഇരച്ച് കയറിയവരോട് പ്രതികാരം ചെയ്യുമെന്നവര്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നു. അമേരിക്കന്‍ ഭരണഘടനയനുസരിച്ച് യുദ്ധപ്രഖ്യാപനമാണത്. എന്ത് കൊണ്ട് ലിബിയന്‍ സുരക്ഷാ സേനയെ ശക്തിപ്പെടുത്തുന്നതിന് അമേരിക്കക്ക് സഹായിച്ചുകൂടാ എന്നാണ് നമുക്ക് ചോദിക്കാനുള്ളത്.  അവിടത്തെ സ്വേഛാധിപതിയെ താഴെയിറക്കുകയായിരുന്നു അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ രാഷ്ട്രങ്ങളുടെ ലക്ഷ്യം. അവിടത്തെ പ്രകൃതി വിഭവങ്ങളായ പെട്രോളും മറ്റും തങ്ങളുടെ ശുദ്ധീകരണ ശാലയിലേക്ക് എത്തുമെന്ന് ഉറപ്പാക്കിയ ശേഷം അവര്‍ രംഗത്ത് നിന്ന് അപ്രത്യക്ഷമായി. ലിബിയയുടെ അയല്‍രാഷ്ട്രങ്ങളുമായി അതിന്റെ തുടര്‍പരിപാലനത്തിനും അധികാരസ്ഥാപനങ്ങളുടെ പുനര്‍നിര്‍മാണത്തിനുമായി ഒരു സമ്മേളനം നടത്തുക പോലും അവര്‍ ചെയ്തില്ല. മറിച്ച്, ചില രഹസ്യയോഗങ്ങള്‍ കൂടുകയാണ് അവര്‍ ചെയ്തത്. സമ്പത്തും, പെട്രോളില്‍ നിന്ന് ലഭിക്കുന്ന വരുമാനവും ഓഹരിവെക്കുന്നതിന് വേണ്ടിയായിരുന്നു അത്.

ഇറാഖ് യുദ്ധത്തിന് ശേഷം അമേരിക്ക ഇസ്‌ലാമിക ലോകത്തേക്ക് തങ്ങളുടെ വിദഗ്ദരെ അയച്ചു. മുസ്‌ലിംകള്‍ക്ക് അമേരിക്കയോടുള്ള വെറുപ്പിന്റെ കാരണം കണ്ടെത്താനായിരുന്നു അത്. തങ്ങളുടെ മുഖം മിനുക്കുന്നതിനായി ബില്യണ്‍ കണക്കിന് ഡോളറുകള്‍ അവര്‍ ചെലവഴിച്ചു. അവിടെ ടെലിവിഷന്‍ കേന്ദ്രങ്ങളും, റേഡിയോ നിലയങ്ങളും സ്ഥാപിച്ചു. എന്നിട്ടും, അവരുടെ മുഖം വികൃതമായിത്തന്നെ ശേഷിച്ചു. ചില അറബ് വിപ്ലവങ്ങള്‍ക്ക് വാഷിംഗ്ടണ്‍ പിന്തുണ നല്‍കിയതോടെയാണ് അത് അല്‍പമെങ്കിലും മെച്ചപ്പെട്ടത്. പക്ഷെ, ആ പ്രണയവും ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നു. മുഖം പഴയതിനേക്കാള്‍ വികൃതമായിരിക്കുന്നു. പ്രവാചകനെ അപമാനിക്കുന്ന ഡോക്യമെന്ററിക്ക് അവര്‍ അനുവാദം നല്‍കി ലോകത്ത് കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിലൂടെ.

പ്രതിഷേധം ഇന്നും ആളിപ്പടര്‍ന്നേക്കാം. മറ്റ് പല എംബസികളും ആക്രമണത്തിന്് വിധേയമായേക്കാം. ഇസ്‌ലാമിക ലോകത്ത് രോഷം അതിന്റെ ഉച്ചിയിലെത്തിയിരിക്കുന്നു. ജുമുഅ നമസ്‌കാരത്തിന് ശേഷം മില്യണ്‍ കണക്കിനാളുകള്‍ തെരുവിലിറങ്ങി. അത്രതന്നെയാളുകള്‍ സ്വാതന്ത്ര്യ ചത്വരത്തില്‍ ഒരുമിച്ച് ചേര്‍ന്നു. ഇസ്‌ലാമിനെയും അതിന്റെ പ്രതീകങ്ങളെയും ആദരിക്കേണ്ടതുണ്ട്. എന്നുവെച്ച് അമേരിക്കന്‍ എംബസി ആക്രമിച്ചതിനെ നാം പിന്തുണക്കുന്നില്ല. നാഗരികവും സമാധാനപരവുമായ പ്രതിഷേധത്തില്‍ വിശ്വസിക്കുന്നവരാണ് നാം. രാഷ്ട്രങ്ങള്‍ക്കിടയിലെ നയതന്ത്രപരമായ ബന്ധങ്ങള്‍ നാം മാനിക്കേണ്ടതുണ്ട്. എംബസികള്‍ സംരക്ഷിക്കുകയെന്നത് അതില്‍ സുപ്രധാനമാണ്.

ഇതിന് പിന്നില്‍ മറ്റ് പല ഗൂഢാലോചനകളുണ്ടെന്നും പറയപ്പെടുന്നു. രണ്ടാമതും അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നതില്‍ നിന്ന് ബറാക് ഒബാമയെ തടയുകയെന്നതാണ് അതിലൊന്ന്. അത് അമേരിക്കയുടെ ആഭ്യന്തര വിഷയമാണ്. ഇത്തരത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന, ബോധപൂര്‍വമായ നിന്ദകളും അവഹേളനങ്ങളും അവസാനിപ്പിക്കണമെന്നാണ് നമുക്ക് പറയാനുള്ളത്.

അമേരിക്കയുടെയും, സഖ്യകക്ഷിയായ ഇസ്രായേലിന്റെയും ഭാഗത്ത് നിന്ന് ഇസ്‌ലാമിനെതിരായ അവഹേളനങ്ങള്‍ അധികരിക്കുകയാണ്. ഇത് അടിയന്തിരമായി നിര്‍ത്തേണ്ടിയിരിക്കുന്നു. ഇസ്‌ലാമിനോ, മറ്റേത് മതത്തിനോ എതിരായ ആക്ഷേപത്തെ കുറ്റകൃത്യമായി കണക്കാക്കുന്ന നിയമം പാസ്സാക്കേണ്ടിയിരിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യമെന്നാല്‍ അപമാനിക്കാനോ, നിന്ദിക്കാനോ ഉള്ള സ്വാതന്ത്ര്യമല്ല എന്ന് വ്യക്തമാക്കേണ്ടിയിരിക്കുന്നു.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി 

Related Articles