Current Date

Search
Close this search box.
Search
Close this search box.

പ്രലോഭനങ്ങള്‍ ആവശ്യങ്ങളെ നിര്‍ണയിക്കുന്നു

ആവശ്യമാണ് സൃഷ്ടിയുടെ മാതാവ് എന്ന് പൊതുവെ പറയാറുണ്ട്. അതായത് ജീവിതത്തില്‍ നമുക്ക് ഒരാവശ്യം വരുമ്പോഴാണ് അത് പൂര്‍ത്തീകരിക്കാനുള്ള മാര്‍ഗത്തെയോ ഉല്‍പന്നത്തെയോ കുറിച്ച് നാം ആലോചിക്കുന്നതെന്ന് ചുരുക്കം. ആവശ്യമെന്നത് ആപേക്ഷികമാണെന്നതില്‍ ആര്‍ക്കും തര്‍ക്കം ഉണ്ടാവാനിടയില്ല. അതുകൊണ്ടു തന്നെ ഒരാളുടെ ആവശ്യം മറ്റൊരാളെ സംബന്ധിച്ചടത്തോളം അനാവശ്യമായി മാറാം. എന്നാല്‍ ഇന്ന് പലപ്പോഴും ആവശ്യങ്ങളല്ല നമ്മുടെ ജീവിതത്തിലെ പുതിയ ഉല്‍പന്നങ്ങളുടെയും സൗകര്യങ്ങളുടെയും അടിസ്ഥാന പ്രേരകം. അത് വലിയ പ്രശ്‌നങ്ങളാണ് വ്യക്തിയിലും സമൂഹത്തിലും ഉണ്ടാക്കുന്നത്.

നമുക്ക് ആവശ്യമില്ലാത്ത വസ്തുക്കളുടെ കൂടി ഉപഭോക്തക്കളാക്കി നമ്മെ മാറ്റുന്നതാണ് ആധുനിക കമ്പോള തന്ത്രങ്ങള്‍. പരസ്യങ്ങളിലൂടെ പ്രലോഭിപിച്ചും ഒന്ന് വാങ്ങുമ്പോള്‍ അതിന്റെ ഇരട്ടിയും അധിലധികവും സൗജന്യമായി നല്‍കിയും അവര്‍ നമ്മെ വലയിലാക്കുന്നു. ക്രമേണ ഒരു സമയത്ത് നമ്മള്‍ അനാവശ്യമായി കരുതിയിരുന്ന വസ്തുക്കള്‍ നിത്യജീവിതത്തിലെ അത്യാവശ്യ വസ്തുക്കളായി മാറുന്നതാണ് നാം കാണുന്നത്. അപ്രകാരം കമ്പനികള്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് ഉപയോഗിക്കുന്ന മറ്റൊരു തന്ത്രമാണ് ഷോപ്പിംഗ് ഫെസ്റ്റിവലുകളും അതില്‍ ഒരുക്കുന്ന ബംബര്‍ സമ്മാനങ്ങളും. പ്രസ്തുത സമ്മാനങ്ങള്‍ മോഹിച്ച് പലരും വാങ്ങാന്‍ ഉദ്ദേശിക്കാത്ത സാധനങ്ങള്‍ വാങ്ങാനും വാങ്ങുന്നതിന്റെ അളവ് കൂട്ടാനും തയ്യാറാവുന്നു എന്നത് വസ്തുതയാണ്. ഇതിനെല്ലാം പുറമെ അയല്‍പക്കത്തുള്ളവന്‍ എന്തുപയോഗിക്കുന്നു എന്നതും നമ്മുടെ ആവശ്യത്തിന്റെ മാനദണ്ഡമായി മാറുന്നു. ഒരാള്‍ തനിക്ക് ആവശ്യത്തിലേറെയും ആവശ്യമില്ലാത്തതും വാങ്ങി ഉപയോഗിക്കുമ്പോള്‍ ആവശ്യക്കാരായ നിരവധി പേര്‍ക്ക് അവ നിഷേധിക്കപ്പെടുകയാണ്.

വിശുദ്ധ ഖുര്‍ആന്‍ മുസ്‌ലിംകള്‍ക്ക് നല്‍കിയിരിക്കുന്ന വിശേഷണം ‘മധ്യമ സമുദായം’ എന്നുള്ളതാണ്. ഒരു മുസ്‌ലിം തന്റെ ജീവിതത്തിന്റെ സകല മേഖലകളിലും ഈ മിതത്വം പാലിക്കുന്നവനായിരിക്കണം എന്നതാണ് ആ വിശേഷണത്തിന്റെ താല്‍പര്യം. ഈ വിശേഷണം ഉള്‍ക്കൊണ്ട് ജീവിക്കുന്ന ഒരു വിശ്വാസിക്ക് തന്റെ അത്യാവശ്യങ്ങളെയും ആവശ്യങ്ങളെയും ആഢംബരങ്ങളെയും അനാവശ്യങ്ങളെയും തിരിച്ചറിയാന്‍ സാധിക്കേണ്ടതുണ്ട്. എന്നാല്‍ ഇന്നത്തെ ഉപഭോഗ സംസ്‌കാരത്തിന്റെ കെണിയില്‍ അകപ്പെട്ടവരില്‍ വലിയൊരു വിഭാഗം മുസ്‌ലിംകളാണെന്നത് ദുഖകരമാണ്. തന്റെ സാമ്പത്തിക സ്ഥിതിയെയും ആവശ്യങ്ങളെയും കുറിച്ച ബോധ്യത്തോടെയായിരിക്കണം വിശ്വാസി അങ്ങാടിയിലേക്കിറങ്ങേണ്ടത്. ഒഴുകുന്ന നദിയുടെ കരയില്‍ നിന്ന് അംഗശുദ്ധി വരുത്തുകയാണെങ്കില്‍ പോലും മിതത്വം പാലിക്കണമെന്ന് പഠിപ്പിച്ച പ്രവാചകന്റെ അനുയായികള്‍ ഒരിക്കലും പ്രലോഭനങ്ങളുടെയും ആസക്തിയുടെയും വലയില്‍ വീഴുന്നവരല്ല.

Related Articles