Current Date

Search
Close this search box.
Search
Close this search box.

പ്രധാനമന്ത്രി ഇപ്പോഴും മൗനത്തിലാണ്

junaid-marder.jpg

പെരുന്നാള്‍ ആഘോഷിക്കുന്നതിന് മൂന്ന് ദിവസം മുമ്പാണ് ട്രെയിനില്‍ വെച്ച് 15 കാരനായ ജുനൈദ് ഖാനെ ഒരു കൂട്ടം ആളുകള്‍ കുത്തികൊലപ്പെടുത്തിയത്. ന്യൂഡല്‍ഹിയില്‍ നിന്നും പുതുവസ്ത്രങ്ങള്‍ വാങ്ങി സഹോദരനും രണ്ട് കൂട്ടുകാര്‍ക്കും ഒപ്പം ഹരിയാനയിലെ തന്റെ ഖാണ്ഡൗലി ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നു അവന്‍. കുത്തികൊലപ്പെടുത്തുന്നതിന് മുമ്പ് തൊപ്പി ധരിച്ചതിന്റെ പേരില്‍ അവരെ പരിഹസിക്കുകയും ബീഫ് കഴിക്കുന്നവരെന്ന് ആക്ഷേപിക്കുകയും ചെയ്തിരുന്നു.

രാജ്യം ഒന്നടങ്കം പെരുന്നാള്‍ ആഘോഷിച്ചപ്പോള്‍ ജുനൈദിന്റെ ഖാണ്ഡൗലി ഗ്രാമത്തില്‍ ആഘോഷങ്ങളൊന്നും ഉണ്ടായിരുന്നില്ല. കൗമാരക്കാരെന്റെ കൊലപാതകത്തിലും മൂന്ന് വര്‍ഷം മുമ്പ് നരേന്ദ്ര മോദി അധികാരത്തിലേറിയതിന് ശേഷം മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ വര്‍ധനവിലും പ്രതിഷേധിച്ച് പെരുന്നാള്‍ ദിനത്തില്‍ രാജ്യവ്യാപകമായി തന്നെ നിരവധി പേര്‍ പ്രതിഷേധം രേഖപ്പെടുത്തി. പലരും കറുത്ത റിബ്ബണ്‍ കൈകളില്‍ കെട്ടിയാണ് പെരുന്നാള്‍ നമസ്‌കാരത്തിനെത്തിയത്. 2015 സെപ്റ്റംബറില്‍ പശുവിനെ കൊന്ന് അതിന്റെ മാസം റെഫ്രിജേറ്ററില്‍ സൂക്ഷിച്ചുവെന്നാരോപിച്ച് തലസ്ഥാന നഗരിക്ക് സമീപത്തെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് കൊല്ലപ്പെട്ടു. അതുകഴിഞ്ഞ് ഒരു മാസം പിന്നിടവെ ഉദ്ദംപൂരില്‍ പതിനാറുകാരനായ സാഹിദ് റസൂല്‍ ബട്ടിനെ അദ്ദേഹത്തിന്റെ ട്രക്ക് ആക്രമിച്ച് ഗോരക്ഷാ സംഘങ്ങള്‍ കൊലപ്പെടുത്തി. 2017 മാര്‍ച്ചില്‍ കാലിക്കച്ചവടക്കാരെന്ന് സംശയിച്ച് ലതേഹാറില്‍ മുഹമ്മദ് മജ്‌ലൂമും അസദ് ഖാനും കൊല ചെയ്യപ്പെട്ടു. കഴിഞ്ഞ മേയില്‍ അനധികൃതമായി ബീഫ് കൈവശം വെച്ചെന്നാരോപിച്ച് മഹാരാഷ്ട്രയിലെ മലേഗാവില്‍ കച്ചവടക്കാര്‍ മര്‍ദിക്കപ്പെട്ടു. ഝാര്‍ഖണ്ഡില്‍ മെയ് 19ന് ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ചെന്നാരോപിച്ച് മുഹമ്മദ് ഷാലിക് എന്ന പത്തൊമ്പതുകാരനെ കെട്ടിയിട്ട് മര്‍ദിച്ചു കൊലപ്പെടുത്തി. മെയ് മാസത്തില്‍ തന്നെ അസ്സമില്‍ കാലികളെ മോഷ്ടിച്ചെന്നാരോപിച്ച് അബൂഹനീഫ, റിയാസുദ്ദീന്‍ അലി എന്നീ പേരുള്ള മറ്റ് രണ്ട് മുസ്‌ലിംകള്‍ കൂടി കൊല ചെയ്യപ്പെട്ടു. ഈയടുത്ത് ജൂണ്‍ 7ന് ഇഫ്താര്‍ വിരുന്നിന് ബീഫ് കൊണ്ടു പോയി എന്ന സംശയത്തിന്റെ പേരില്‍ ഝാര്‍ഘണ്ഡിലെ ധന്‍ബാദില്‍ ഒരു മുസ്‌ലിം ആക്രമിക്കപ്പെട്ടു. ഈ ആഴ്ച്ചയില്‍ തന്നെ ഗോഹത്യ സംബന്ധിച്ച കിംവദന്തികളുടെ പേരില്‍ രാജ്യത്തിന്റെ കിഴക്ക് ഭാഗത്ത് രണ്ട് കൊലപാതകങ്ങള്‍ കൂടി റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായുള്ള ആദ്യ കൂടിക്കാഴ്ച്ചക്ക് മുമ്പ് ഞായറാഴ്ച്ച മോദി ‘മന്‍ കി ബാത്’ റേഡിയോ പരിപാടിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. യോഗ, ശൗച്യാലയം, സ്‌പോര്‍ട്‌സ്, രാജ്ഞിയുമായുള്ള കൂടിക്കാഴ്ച്ച, സമ്മാനമായി പുസ്തകങ്ങള്‍ തുടങ്ങിയ നിരവധി വിഷയങ്ങള്‍ അദ്ദേഹത്തിന്റെ സംസാരത്തില്‍ കടന്നു വന്നു. എന്നാല്‍ ജുനൈദ് ഖാന്റെ കൊലപാതകത്തെ സംബന്ധിച്ച നേരിയ പരാമര്‍ശം പോലും അതിലുണ്ടായില്ല.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിന് ശേഷം ആള്‍ക്കൂട്ടം തല്ലിക്കൊന്ന ഒരു ഡസനിലേറെ കേസുകളുണ്ടായിട്ടും മോദി അതിനെ കുറിച്ചൊന്നും പരാമര്‍ശിച്ചില്ല. അതിലേറെയും ഇരകളാക്കപ്പെട്ടത് മുസ്‌ലിംകളായിരുന്നു എന്നതും അതില്‍ മിക്കതും മോദിയുടെ പാര്‍ട്ടിയായ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലായിരുന്നു എന്നതും ശ്രദ്ധേയമാണ്. ഗോരക്ഷാ സംഘങ്ങളുടെ അതിക്രമങ്ങളെ കുറിച്ചും അദ്ദേഹം ഒന്നും മിണ്ടിയില്ല. അവയില്‍ മിക്കതും ബി.ജെ.പിയോടോ ആര്‍.എസ്.എസ്സിനോടോ കൂറ് പുലര്‍ത്തുന്നവയാണ്.

മുസ്‌ലിംകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെയും ഗോരക്ഷാ സംഘങ്ങളുടെയും അക്രമങ്ങളെയും അപലപിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ സജീവമായ പ്രധാനമന്ത്രിയുടെ ഒരൊറ്റ ട്വീറ്റ് പോലും ഉണ്ടായില്ല. അതേസമയം ലോകത്തിന്റെ പല ഭാഗത്തും നടക്കുന്ന ആക്രമണങ്ങളെ അദ്ദേഹം ഒട്ടും വൈകാതെ അപലപിക്കുന്നുമുണ്ട്. മോദിയുടെ മൗനം ഓര്‍മപ്പെടുത്തുന്നത് ആയിരത്തിലേറെ – ഏറെയും മുസ്‌ലിംകള്‍- കൊല്ലപ്പെട്ട 2002ലെ ഗുജറാത്ത് കലാപത്തെയാണ്. വര്‍ഷങ്ങളുടെ മൗനത്തിന് ശേഷം അദ്ദേഹം വാ തുറന്നപ്പോള്‍ വാഹനത്തിനടിയില്‍ പെട്ട് നായക്കുട്ടി കൊല്ലപ്പെട്ടതിനോടാണ് കലാപത്തെ താരതമ്യപ്പെടുത്തിയത്.

ഇന്ത്യയിലെ സാഹചര്യം അങ്ങേയറ്റം ഉത്കണ്ഠയുണ്ടാക്കുന്നതാണെന്ന് പറഞ്ഞു കൊണ്ട് ബുധനാഴ്ച്ച ആംനസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തുവിട്ട പ്രസ്താവന ആക്രമണങ്ങളെ അപലപിക്കാന്‍ തയ്യാറാവാത്ത മോദിയും മറ്റ് ബി.ജെ.പി നേതാക്കളും അതിനെ ന്യായീകരിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നതെന്നും പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാക്കളും മുഖ്യമന്ത്രിമാരും അവരുടെ മൗനം വെടിയുകയും ആക്രമണങ്ങളെ വ്യക്തമായി അപലപിക്കുകയും ചെയ്യണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ഇന്ത്യയിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആകാര്‍ പട്ടേല്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 2014 മെയില്‍ മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി അധികാരത്തിലെത്തുകയും ഹിന്ദു ദേശീയതയെ ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാവുകയും ചെയ്തതിന് ശേഷം മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ശ്രദ്ധേയമായ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്യുലറിസം, യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈനോറിറ്റി റൈറ്റ്‌സ് ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ എന്നിവയുടെ റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബി.ജെ.പി അധികാരത്തിലെത്തിയതിന് ശേഷം ഉത്തര്‍പ്രദേശില്‍ വര്‍ഗീയാക്രമണങ്ങളുടെ കാര്യത്തില്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് റിപോര്‍ട്ട് പറയുന്നത്. മുസ്‌ലിം വിരുദ്ധ നിലപാടുകള്‍ കൊണ്ട് അറിയപ്പെട്ട കടുത്ത ഹിന്ദുത്വ വാദിയായ യോഗി ആതിഥ്യനാഥിനെ അവിടത്തെ മുഖ്യമന്ത്രിയായി നിശ്ചയിച്ചത് പലരെയും അസ്വസ്ഥപ്പെടുത്തുന്നുണ്ട്.

ഈ ആക്രമണങ്ങളില്‍ മോദി സ്വീകരിച്ചിട്ടുള്ള മൗനം തീവ്രവലതുപക്ഷ ഗ്രൂപ്പുകള്‍ക്ക് കൂടുതല്‍ ധൈര്യം പകര്‍ന്നിരിക്കുകയാണെന്നാണ് റിപോര്‍ട്ടുകള്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യന്‍ രാഷ്ട്രപതി എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള ഇഫ്താര്‍ വിരുന്നില്‍ ബി.ജെ.പി മന്ത്രിമാര്‍ പങ്കെടുത്തില്ലെന്നതും ശ്രദ്ധേയമായ മറ്റൊരു കാര്യമാണ്. ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള നിശബ്ദമായ, എന്നാല്‍ വളരെ ആസൂത്രിതമായ ഹത്യ നടക്കുന്നു. അതിനെതിരെ ശബ്ദിക്കാന്‍ ഇനിയും വൈകിക്കൂടാ.

അവലംബം: The Washington Pots
വിവ: നസീഫ്‌

Related Articles