Current Date

Search
Close this search box.
Search
Close this search box.

പ്രതീക്ഷ നല്‍കുന്ന മാധ്യമ ലോകം

ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം പിന്നേം ചാടിയാല്‍ ചട്ടീല് എന്നൊരു ചൊല്ല് പ്രസിദ്ധമാണ്. അതു പോലെ മാധ്യമ പ്രവര്‍ത്തക ചാടിയാല്‍ എന്നും ഒരു ചൊല്ലുണ്ടായേക്കാം. തനിക്ക് ചുറ്റും നടക്കുന്ന എന്തും ഏതും ചികഞ്ഞന്വേഷിക്കാന്‍ കാണിക്കുന്ന വ്യഗ്രത സ്വന്തം തട്ടകത്തിലെത്തുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ മറന്നു കളയണമെന്ന അലിഖിത നിയമം ഇവിടെ പൊളിച്ചെഴുതപ്പെട്ടിരിക്കുന്നു. പ്രലോഭനങ്ങളും പ്രകോപനങ്ങളും വകവെക്കാതെ മാധ്യമ ധര്‍മ്മത്തിന്റെ പാതയില്‍ കാലിടറാതെ നിന്ന മാധ്യമക്കാരിയെ കൈവെടിയാന്‍ മാത്രം മലയാളം ചുരുങ്ങിപ്പോയിട്ടില്ല എന്നത് ചെറിയ കാര്യമല്ല. അണ്ടിയോടടുക്കുമ്പോളറിയാം മാങ്ങയുടെ പുളി എന്ന പഴമൊഴിയെ അക്ഷരാര്‍ഥത്തില്‍ ശരിവെക്കുന്ന സിന്ദിക്കേറ്റിനിടയില്‍ നിന്നും മാധ്യമ പ്രവര്‍ത്തകയ്ക്ക് ധൈര്യം പകര്‍ന്നു കൊണ്ട് പ്രശസ്തരും അല്ലാത്തവരും സടകുടഞ്ഞുണര്‍ന്നു. പ്രസിദ്ധ നിരൂപകനായ വി.കെ ജോസഫ്, സുനിത ദേവദാസിന്റെ (Sunitha Devadas) വാളില്‍  രേഖപ്പെടുത്തിയ പിന്തുണയും പ്രോത്സാഹനവും ഇവിടെ പങ്കുവയ്ക്കുന്നു.

തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിലെ ബാറിനെപ്പറ്റി എല്ലാവര്‍ക്കും അറിയാം. പക്ഷേ പത്രക്കാരെ എല്ലാവര്‍ക്കും പേടിയാണ്. അവരാണ് ഇന്നത്തെ അധികാര ദല്ലാലന്മാരില്‍ അധികവും. എല്ലാ രാഷ്ട്രീയ കക്ഷികളുമായി അവര്‍ക്ക് നല്ല ബന്ധങ്ങളുണ്ട്. തിരുവനന്തപുരത്തെ ഇപ്പറഞ്ഞ സങ്കേതത്തിലാണ് പിണറായി വിജയന്‍ പറഞ്ഞ മാധ്യമ സിന്ഡിക്കേറ്റ് അതിന്റെ അദൃശ്യ സാന്നിധ്യം ഉറപ്പിക്കുന്നത്. പത്ര പ്രവര്‍ത്തക സുഹൃത്തുക്കള്‍ തന്നെ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് ഇതൊക്കെ. എന്തായാലും സുനിതയെ പോലെ ഒരു പെണ്ണ്, പ്രത്യേകിച്ചു മാധ്യമം പത്രത്തിലെ റിപ്പോര്‍ട്ടര്‍, ഇങ്ങനെയൊക്കെ പറഞ്ഞാല്‍ ‘ആണ്‍ സിംഗങ്ങള്‍’ സഹിക്കുമോ. മനസ്സിലെ വൃത്തികെട്ട ഹിന്ദുത്വ മനോഭാവവും വെളിയില്‍ വന്നല്ലോ. ഞങ്ങള്‍ ഹിന്ദുക്കള്‍ എന്നൊക്കെ ഇപ്പോള്‍ കൂടുതല്‍ ശക്തിയായി പലരും പരസ്യമായി പറഞ്ഞു തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ വാര്‍ത്തകള്‍ വിമര്‍ശനങ്ങള്‍ സുനിതയെപ്പോലെ ഉള്ളവരില്‍ നിന്നു ഇന്ന് കേരളം പ്രതീക്ഷിക്കുന്നുണ്ട്.
……………………………
കേളികേട്ട കേരളത്തിന്റെ വിര്യം ചോര്‍ത്താന്‍ ഒരു പറ്റം സാമൂഹിക രാഷ്ട്രീയ മത മൂരാച്ചികളും അവരുടെ സഹയാത്രികരും ചേര്‍ന്ന് നടത്തിയ ഗൂഡാലോചന ഫലം കാണാന്‍ സാധ്യതയില്ലെന്ന് അല്‍പം വീര്യത്തോടെ തന്നെ ഇടം വലം നോക്കാതെ വെല്ലുവിളികളുയര്‍ന്നുതുടങ്ങിയിരിക്കുന്നു. മദ്യം വഴി കിട്ടിക്കൊണ്ടിരിക്കുന്ന ലാഭത്തേക്കാള്‍ എത്രയോ മടങ്ങ് സാമ്പത്തികവും സാമൂഹികവുമായ ദുരന്തമാണ് നമ്മുടെ നാട് ഏറ്റുവാങ്ങാന്‍ നിര്‍ബന്ധിതമാവുന്നതെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്. മദ്യം ഏറെ സുലഭമാകുന്ന അവസ്ഥ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വളരെ നിസ്സാരങ്ങളായ ചില നടപടിക്രമങ്ങളിലേയ്ക്ക് കടക്കാനൊരുങ്ങുമ്പോഴേക്കും കൊലവിളിയും വെല്ലുവിളിയും നടത്തുന്നവരുടെ ഉള്ളിരിപ്പുകള്‍ വേറെ ചിലതായിരിക്കണം. ഇഖ്ബാല്‍ ബാപ്പു കുഞ്ഞിന്റെ (Ekbal Bappukunju) പ്രതികരണം.

കേരളം ഇന്ന് നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം മദ്യ നിരോധനമെന്ന് മാധ്യമങ്ങളില്‍ അടിക്കടി വരുന്ന പ്രതികരണങ്ങളില്‍ കാണുന്നു. ധന പ്രതിസന്ധി, വിനോദ സഞ്ചാര പ്രതിസന്ധി, മദ്യദുരന്ത സാധ്യത, സര്‍ഗ്ഗ സിദ്ധി തകര്‍ച്ച അങ്ങിനെ അങ്ങിനെ പലതും. പക്ഷെ സാറന്മാരെ കേരളത്തില്‍ ചില ബാര്‍ ഹോട്ടലുകള്‍ പൂട്ടിയതൊഴിച്ചാല്‍ മദ്യം നിരോധിച്ചിട്ടില്ലല്ലോ ഇതുവരെ? ബീവറേജു കോര്‍പ്പറേഷന്‍ കടകളില്‍ സുലഭമായി മദ്യം കിട്ടുന്നുണ്ടാല്ലോ? പിന്നെ എന്തിനാണീ പേടിപ്പിക്കല്‍? ആര്‍ക്കുവേണ്ടിയിട്ടാണീ ഭയപ്പെടുത്തല്‍ ?
………………….

പ്രേക്ഷകരെ എങ്ങനെയൊക്കെ രസിപ്പിക്കാമെന്നും ത്രസിപ്പിക്കാമെന്നും അതുവഴി പരസ്യവിപണിയെ മെച്ചപ്പെടുത്താമെന്നുമുള്ള മിനിമം കുറുക്കുവഴികള്‍ മാത്രമായി ചാനല്‍ അജണ്ടകള്‍ മാറിയിരിക്കുന്നതായി പരാതികള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നുണ്ട്. തറയും വിട്ട് ഇപ്പോള്‍ മണ്ണുമാന്തി തുടങ്ങിയത്രെ. ചാനലുകളുടെ ഈ നിലവാരത്തകര്‍ച്ചയെക്കുറിച്ച് മനാഫ് എം ടി (Manaf MT) പറയുന്നു.  

രാഷ്ട്രീയ നേതാക്കളുടെയും പൊതുപ്രവര്‍ത്തകരുടെയും പത്ര സമ്മേളനങ്ങള്‍, പ്രഭാഷണങ്ങള്‍, അഭിപ്രായപ്രകടനങ്ങള്‍ മുതലായവക്ക് മറ്റു ശബ്ദങ്ങളോ വളിഞ്ഞ ഡയലോഗുകളോ ഉഡായിപ്പ് ഗാനങ്ങളോ ഉദ്ദേശിക്കാത്ത അര്‍ത്ഥതലങ്ങലോ നല്‍കി കോമാളി പരിപാടികള്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ മലയാളത്തിലെ ചാനലുകള്‍ കുറേ കാലമായി മത്സരിക്കുന്നു. സാമൂഹ്യ രാഷ്ട്രീയ വിമര്‍ശനം എന്ന പേരിലാണ് ഈ വളിപ്പുകള്‍ എഴുന്നള്ളിക്കുന്നത്. ഇപ്പോള്‍ തറ നിലവാരവും വിട്ട് മണ്ണു മാന്താന്‍ തുടങ്ങിയിട്ടുണ്ട്. മലയാള പ്രേക്ഷകര്‍ അവരുടെ നിലവാരം തൂക്കി വിറ്റതോ അതോ ചാനലുകള്‍ക്ക് പിരാന്തായതോ?
……………………
യഥാര്‍ഥ ലഹരിയെക്കാള്‍ മത്ത് പിടിപ്പിക്കുന്ന തരത്തില്‍ ശീലങ്ങള്‍ മാറിപ്പോകുമ്പോള്‍ തെരഞ്ഞെടുക്കപ്പെടുന്ന ശീലങ്ങള്‍  യജമാനനായി മാറും. ഇതു സമൂഹത്തില്‍ വലിയ ദുരന്തങ്ങളുണ്ടാക്കും. ജീവിതത്തിലെ ഏതു ശീലത്തിന്റേയും ഉടമയായി നിലകൊള്ളാന്‍ സാധിക്കേണ്ടതുണ്ട്. അല്ലങ്കില്‍ നാം അതിന്റെ അടിമയായി മാറും. സൈബര്‍ലോക സഞ്ചാരത്തിന് അല്‍പ സമയം തടസ്സം നിന്ന മാതാവിനെ കൊന്നുകളയാനുള്ള കൗമാരക്കാരന്റെ വ്യഗ്രതയെ ഒറ്റപ്പെട്ട സംഭവമായി പരിഗണിച്ച് ആശ്വാസം കണ്ടെത്താനാവില്ല. മയക്കുമരുന്നിനേക്കാള്‍ വലിയ ദുരന്തമാകുകയാണത്രെ സൈബര്‍ സഞ്ചാരം. അസൂറ അലിയുടെ (Asura Ali Namboorimadom) എഫ്ബി കുറിപ്പ്.

അമ്മയെ കൊല്ലാന്‍ ശ്രമിച്ചു.. കരച്ചില്‍ കേട്ട് അഛന്‍ ഓടിയെത്തിയത് കൊണ്ട് ആ അമ്മ രക്ഷപ്പെട്ടു. മയക്കുമരുന്ന് ഉപയോഗം പോലെ സ്മാര്‍ട്ട് ഫോണുകളുടെയും ഇന്റര്‍നെറ്റിന്റെയും അതിപ്രസരം കുട്ടികളില്‍ അഡിക്ഷന്‍ ഉണ്ടാക്കുന്നതായി വാര്‍ത്തകള്‍ വരുവാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. എന്നാല്‍ പ്രത്യക്ഷത്തില്‍ വലിയ കുഴപ്പങ്ങള്‍ ഇല്ലാത്തതുകൊണ്ട് ആരും ഇതു കാര്യമായി എടുക്കുന്നില്ല. എന്നാല്‍ വളര്‍ന്നു വരുന്ന തലമുറ ഇതു രണ്ടിന്റെയും അടിമകളാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളാണ് അധികവും ഇതില്‍ പെടുന്നത്.

Related Articles