Current Date

Search
Close this search box.
Search
Close this search box.

പ്രതിസന്ധി തരണം ചെയ്യുന്നതില്‍ നേതൃത്വത്തിന്റെ പങ്ക്

ജീവിത്തിന്റെ ഓരോ ഘട്ടങ്ങളിലും വിവിധങ്ങളായ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നവരാണ് നാം. സമകാലിക ലോകത്ത് നമ്മുടെ രാഷ്ടീയവും സാമ്പത്തികവും ആവാസപരവും പാരിസ്ഥിതികവുമായ ഇത്തരം പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടത് അനിവാര്യവുമാണ്. അതാവട്ടെ മനുഷ്യ ജീവിതത്തിന്റെ ആഭ്യന്തരമായ മേഖലയിലും സാമൂഹിക വ്യവസ്ഥയിലും വലിയ തോതില്‍ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇത്തരം പ്രതിസന്ധികള്‍ ഉയര്‍ത്തിവിടുന്ന വെല്ലുവിളികള്‍ വ്യക്തികളെ പോലെ തന്നെ സംഘടനകളും രാഷ്ട്രങ്ങളുമെല്ലാം അഭിമുഖീകരിക്കുന്നു. അവയുടെയെല്ലാം പ്രകൃതവും വ്യാപ്തിയും അത് സൃഷിടിച്ചെടുക്കുന്ന പ്രയാസങ്ങളും പ്രശ്‌നങ്ങളും വ്യത്യസ്തമായിരിക്കും.  ധാര്‍മിക മൂല്യങ്ങളിലും പരസ്പരവിശ്വാസതയിലും അത് ഇടിവ് വരുത്തുകയും ചെയ്യുന്നു.

അതിനാല്‍ തന്നെ ഇത്തരം പ്രതിസന്ധികളെ അഭിമുഖീകരിക്കുകയും മൂല്യശോഷണം വരുത്തുന്ന ഘടകങ്ങളെ അവഗണിക്കാനാവശ്യമായ അവബോധം സൃഷ്ടിക്കാന്‍ സാധിക്കുകയും ചെയ്യേണ്ടതുണ്ട്.  ആദ്യമായി പ്രതിസന്ധികളെ നിര്‍ദ്ധാരണം ചെയ്യുക.  അത് അപ്രതീക്ഷിതമായി ഭവിക്കുന്ന അപകടങ്ങളോ വ്യക്തിപരമായ മൂല്യങ്ങളുടെ ശോഷണമോ ആയിരിക്കാം.

പ്രതിസന്ധി പരിഹരിക്കല്‍: പരിഹാരം എന്നത് ഒരു തീരുമാനം രൂപപ്പെടുത്താനുള്ള കാര്യക്ഷമതയുടെയും പ്രാപ്തിയുടെയും  ഉയര്‍ന്ന രൂപമാണ്. ആധുനികമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ആലോചനകള്‍ക്കായി താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.  
സമയം കൃത്യമായി ഉപയോഗപ്പെടുത്തുകയും ഓരോ നമിഷവും വിലപ്പെട്ടതാണെന്ന് മനസ്സിലാക്കി ആസൂത്രണത്തോടുകൂടി കൈകാര്യം ചെയ്യുക. പ്രതിസന്ധികളെ പരിഹരിക്കുകയും വെല്ലുവിളികളെ അതിജയിക്കുകയും ചെയ്യുക.

പ്രതിസന്ധി നിവാരണത്തിന്റെ മികച്ച മാതൃക ഇസ്‌ലാമിക ചരിത്രത്തില്‍ നിന്നും ഗ്രഹിക്കാവുന്നതാണ്. പ്രവാചകന്‍(സ) യുടെ സ്വഭ്വാവത്തെ കുറിച്ച് ഖുര്‍ആന്‍ പറയുന്നത് ഉല്‍കൃഷ്ട സ്വഭാവത്തിനുടെമയെന്നാണ്. ആ പ്രവാചകന്റെ സ്വഭാവഗുണങ്ങളില്‍ നിന്നും നമുക്ക് ലഭിക്കുന്ന മാതൃക വളരെ മഹനീയമാണ്. സത്യവിശ്വാസത്തിന്റെയും ഇച്ഛാശക്തിയുടെയും തവക്കുലിന്റെയും സമീപനങ്ങളിലൂടെയാണ് ആ മാതൃക പ്രവാചകന്‍ സൃഷ്ടിച്ചെടുക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന ഉദാഹരണങ്ങളിലൂടെ അത് വ്യക്തമാണ്. പ്രതിസന്ധി നിവാരണങ്ങള്‍ക്കുള്ള മികച്ച അവലംബം അല്ലാഹുവിന്റെ ഗ്രന്ഥവും പ്രവാചകന്റെ ജീവിതമാതൃകകളുമാണ്.
സംതൃപ്തിയുടെതായ ബോധം അല്ലാഹുവിനോടുള്ള വിശ്വാസമര്‍പ്പിക്കുക അവനില്‍ ഭരമേല്‍പിക്കുകയും ചെയ്യുക എന്നതാണ്. ‘ആര്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്നുവോ അവര്‍ക്ക് അല്ലാഹു മതിയാവുന്നതാണ്.’  

അല്ലാഹുവമായി സദാ പ്രാര്‍ഥനാനിരതമായ ബന്ധം സ്ഥാപിക്കുക: ബദ്ര്‍ യുദ്ധഘട്ടത്തില്‍ പ്രവാചകന്‍(സ) കൈ ഉയര്‍ത്തി പ്രാര്‍ഥിച്ച് കൊണ്ടേയിരുന്നു. അദ്ദേഹം പറഞ്ഞു ‘അല്ലാഹുവേ നീ ഇസ്‌ലാമിന്റെ ഈ കൊച്ചു സംഘത്തെ നശിപ്പിച്ചു കളയുകയാണെങ്കില്‍ അതിന് ശേഷം ഭൂമുഖത്ത് നിന്നെ ആരാധിക്കാന്‍ ആരും ബാക്കിയാവുകയില്ല’.  വിശ്വാസികളുടെ വാക്കുകള്‍ ഇപ്രകാരമായിരിക്കും. ‘ഞങ്ങള്‍ക്ക് അല്ലാഹു മതി. അവന്‍ ഭരമേല്‍പിക്കപ്പെടാന്‍ എത്ര ഉത്തമനാണ്’

നിങ്ങളെന്നോടു പ്രാര്‍ഥിക്കുക, ഞാന്‍ നിങ്ങള്‍ക്കുത്തരം തരാം. എന്നെ വഴിപ്പെടാതെ അഹന്ത നടിക്കുന്നവര്‍ ഏറെ നിന്ദ്യരായി നരകത്തില്‍ പ്രവേശിക്കും. (40:60)
സദാ പ്രാര്‍ഥനാനിരതമാവുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നു. അതില്‍ പെട്ടതാണ് പ്രവാചകന്‍ (സ)യുടെ സംഭവം. അലി (റ) പറയുന്നു. ‘ഞങ്ങള്‍ ബദ്‌റിന്റെ രാവില്‍ ഞങ്ങളുടെ കൂട്ടത്തില്‍ പ്രവാചകനല്ലാതെ മറ്റാരും ഉറങ്ങാതിരുന്നില്ല. അദ്ദേഹം ഒരു മരത്തിനടുത്തിരുന്നു നമസ്‌കരിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുകയായിരുന്നു. പ്രവാചകന്‍ (സ) പറയുന്നു. ‘അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്ന ഭൂമിയിലെ ആരുടെയും പ്രാര്‍ഥന അവനിലേക്കെത്താതിരിക്കുകയോ അതിന് പകരമായി വല്ല തിന്മയും നീക്കം ചെയ്യാതിരിക്കുകയോ ഇല്ല, ആ പ്രാര്‍ഥന എന്തെങ്കിലും തെറ്റിന് വേണ്ടിയോ കുടുബബന്ധം വിച്ഛേദിക്കാനോ വേണ്ടിയാണെങ്കിലല്ലാതെ’ (തിര്‍മുദി)

പ്രതാപവാനായ അല്ലാഹുവിലുള്ള വിശ്വാസം: ‘നിശ്ചയം പ്രയാസത്തിനോടൊപ്പം എളുപ്പവുമുണ്ട്. തീര്‍ച്ചയായും പ്രയാസത്തിന്റെ കൂടെ എളുപ്പവുമുണ്ട്’ (94:5-6)
അല്ലാഹു പറയുന്നു: ‘നിങ്ങള്‍ വ്യസനിക്കുകയോ ദു:ഖിക്കുകയോ ചെയ്യരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതന്മാര്‍’ (3: 139)
അതുപോലെ തന്നെ ബദര്‍ യുദ്ധരംഗത്ത് പ്രവാചകന്‍ പറഞ്ഞു. എന്നിട്ട് ഓരോ സ്ഥലത്തേക്ക് ചൂണ്ടിക്കാണിച്ചു. ഇതാണ് ഇന്ന ആള്‍ വധിക്കപ്പെട്ട സ്ഥലം ഇതാണ് ഇന്നയാളുടെ അന്ത്യ സ്ഥലം എന്നിങ്ങനെ പറഞ്ഞു. അപ്പോള്‍ അനുചരന്മാര്‍ ചോദിച്ചു. ചരിത്രത്തില്‍ നിന്ന് നാം പ്രചോദനം സ്വീകരിക്കുകയും അതിനനുസരിച്ച് നാം പരിശീലനം സിദ്ധിക്കുകയും ചെയ്യേണ്ടതുണ്ട്. ഒരു അബദ്ധത്തില്‍ വിശ്വാസി രണ്ട് തവണ  അകപ്പെടുകയില്ലെന്ന് പ്രവാചകന്‍ തീര്‍ച്ചപ്പെടുത്തുന്നു. പ്രവാചകന്‍ (സ) പറഞ്ഞു.  ‘വിശ്വസിയെ ഒരു മാളത്തില്‍ നിന്ന് രണ്ട് തവണ പാമ്പ് കടിക്കില്ല’ (ബുഖാരി, മുസ്‌ലിം)

പ്രശ്‌ന പരിഹാരങ്ങള്‍ക്കായി സാമ്പ്രദായികമായ രീതികളെ അനുകരിക്കുന്നത് ഒഴിവാക്കി സാഹചര്യങ്ങള്‍ക്കനുസൃതമായ രീതികള്‍ സ്വീകരിക്കാവുന്നതാണ്. ഒരു സംഘടനയെയോ സമൂഹത്തെയോ സംബന്ധിച്ചിടത്തോളം ഏറ്റവും ഉല്‍കൃഷ്ടമായ തലത്തിലേക്ക് അതിനെ പരിവര്‍ത്തിപ്പിക്കാന്‍ അതാവശ്യമാണ്. അതില്‍ അണിചേര്‍ന്നിട്ടുള്ള ഓരോരുത്തര്‍ക്കും അഭിപ്രായം പ്രകടിപ്പിക്കാന്‍ അവസരമൊരുക്കുകയും പരിഹാരനിര്‍ദ്ദേശങ്ങള്‍ അനുഭാവ പൂര്‍വം പരിഗണിക്കുകയും ചെയ്യേണ്ടതുണ്ട്. ആവശ്യമായ വിവരങ്ങള്‍ അവരില്‍ നിന്ന് സ്വീകരിക്കുകയും ചെയ്യുക. അവരിലെ വിപ്ലവ പ്രതിരോധാവേശത്തെ പ്രചോദിപ്പിക്കാനും നേതൃത്വത്തിന് സാധ്യമാവേണ്ടതുണ്ട്.

ആഭ്യന്തരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നേതൃത്വവും ചില ഗുണങ്ങള്‍ ആര്‍ജ്ജിക്കേണ്ടതുണ്ട്. അറിവ്, പരിചയം, ബുദ്ധി, ചുറുചുറുക്ക്, വ്യക്തികളിലുള്ള സ്വാധീന ശേഷി, ക്രിയാത്മക ചിന്ത, പ്രാപ്തി മുതലായവയാണ് പ്രസ്തുത ഗുണങ്ങള്‍. അറിവും പരിചയവും ഒത്തിണങ്ങുന്നതോടൊപ്പം ആളുകളെ സ്വാധീനിക്കുന്ന തരത്തില്‍ ആശയവിനിമയം സാധ്യമാവേണ്ടതും അവരുമായി ഊഷ്മളബന്ധം നിലനിര്‍ത്തിപ്പോരുകയും ചെയ്യേണ്ടതാണ്. ‘തീര്‍ച്ചയായും അങ്ങ് കൂലിക്കാരായി നിശ്ചയിച്ചിരിക്കുന്നവരില്‍ ഏറ്റവും നല്ലവന്‍ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനാണ്.’ (28:26) എന്ന് പ്രവാചകന്‍ മൂസ(അ) നെ കുറിച്ച് ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്.

ഏറ്റവും മികച്ച അഭിപ്രായങ്ങള്‍ നേതൃത്വം പരിഗണിക്കേണ്ടതുണ്ട്. ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ ഇസ്‌ലാമിക നിയമവ്യവസ്ഥക്ക് വിരുദ്ധമല്ലെങ്കില്‍ ആരില്‍ നിന്നാണെങ്കിലും സ്വീകരിച്ച് നടപടികള്‍ സ്വീകരിക്കാവുന്നതാണ്. പ്രവാചകന്‍ (സ) ഈ രീതിയില്‍ അനുയായികളില്‍ നിന്ന് അഭിപ്രായം സ്വീകരിച്ചു കൊണ്ട് പല നടപടികളും സ്വീകരിച്ചത് കാണാവുന്നതാണ്. അഹ്‌സാബ് യുദ്ധ ഘട്ടത്തില്‍ ശത്രുക്കളെ പ്രതിരോധിക്കാന്‍ കിടങ്ങ് കുഴിക്കുക എന്ന് ആശയം സല്‍മാനുല്‍ ഫാരിസി എന്ന സ്വഹാബിയില്‍ നിന്നായിരുന്നു സ്വീകരിച്ചിരുന്നത്. അതായിരുന്നു ശരിയായ തീരുമാനവും.

സഹനശേഷി പ്രതിസന്ധി തരണം ചെയ്യുന്ന ഘട്ടത്തില്‍ നേതൃത്വത്തിനുണ്ടായിരിക്കേണ്ട ഒരു പ്രധാന ഗുണമാണ്. പ്രവാചകന്‍ (സ) വ്യത്യസ്തങ്ങളായ ഘട്ടങ്ങളില്‍ ക്ഷമം കൈക്കൊള്ളുകയും അതിനായി അനുയായിവൃന്ദത്തെ ഉണര്‍ത്തുകയും ചെയ്തിരുന്നു. ‘വിശ്വാസികളേ, നിങ്ങള്‍ സഹനത്തിലൂടെയും നമസ്‌കാരത്തിലൂടെയും സഹായം തേടുവിന്‍. ക്ഷമിക്കുന്നവരോടൊപ്പം അല്ലാഹുവുണ്ട്.’ (2:153)

ദൈവത്തോടുള്ള പുണ്യാര്‍ഥന ഏതു ഘട്ടത്തിലും സ്വീകരിക്കാവുന്ന കാര്യമാണ്. ജാബിര്‍(റ) പ്രവാചകനില്‍ നിന്നും ഇക്കാര്യം ഉദ്ധരിക്കുന്നു. പ്രവാചകന്‍(സ) എല്ലാ കാര്യത്തിലും നന്മതേടിക്കൊണ്ടുള്ള പ്രാര്‍ഥന നടത്താന്‍ ആവശ്യപ്പെട്ടിരുന്നു. ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും ഇത് സ്വീകരിച്ചിരുന്നു. അത് പ്രതിസന്ധിഘട്ടങ്ങളില്‍ ഉറച്ച നിലപാടിലെത്തിച്ചേരാന്‍ ഉപകരിക്കും. പ്രവാചകന്‍(സ) പറഞ്ഞു. ‘നിങ്ങള്‍ എന്തെങ്കിലുമൊരു കാര്യം തീരുമാനിക്കാനുദ്ദേശിക്കുന്നുവെങ്കില്‍ ഫര്‍ദല്ലാത്ത രണ്ട് റക്അത്ത് നമസ്‌കാരം നിര്‍വഹിച്ചു കൊള്ളട്ടെ. എന്നിട്ട് ഇപ്രകാരം പറയട്ടെ, അല്ലാഹവേ… ഞാന്‍ നിന്റെ അറിവില്‍പെട്ട ഉത്തമമായത് തേടുന്നു’
പ്രവാചകന്‍ പറഞ്ഞു. ‘സഹായാര്‍ഥന നടത്തുവന്‍ പരാജയപ്പെടുകയില്ല, കൂടിയാലോചിക്കുന്നവന്‍ ഖേദിക്കുകയില്ല’

മൂല്യങ്ങള്‍ മുറുകെ പിടിക്കുകയും മാതൃകാസ്വഭാവഗുണങ്ങള്‍ ആര്‍ജിക്കുകയും ചെയ്യല്‍ അനിവാര്യമാണ്. പ്രതിസന്ധിഘട്ടങ്ങളിലും സാമ്പത്തിക ഞെരുക്കങ്ങള്‍ നേരിടുമ്പോഴും മൂല്യങ്ങളില്‍ നിന്നോ മാതൃകാപ്രകൃതത്തില്‍ നിന്നോ അല്ലാഹു കല്‍പിച്ച സ്വഭാവശീലങ്ങളില്‍ നിന്നോ വ്യതിചലിക്കരുത്. അങ്ങനെയാവുമ്പോഴേ പ്രതിസന്ധിക്ക് ശേഷം വിജയവും ഞെരുക്കത്തിന് ശേഷം ആയാസവും സാക്ഷാല്‍കരിക്കാനാവൂ.

ധീരത: ഒരിക്കല്‍ മദീന പ്രകമ്പനം കൊള്ളുകയും ജനങ്ങളെല്ലാം വലിയൊരു പൊട്ടിത്തെറി കേള്‍ക്കുകയും എല്ലാവരും അത് കാണാനായി പുറപ്പെടുകയും ചെയ്തു. പ്രവാചകന്‍ കുതിരപ്പുറത്ത് കയറി അവിടെയെത്തി ജനങ്ങളോട് പറഞ്ഞു. ‘നിങ്ങള്‍ പേടിക്കരുത്..പേടിക്കരുത്’. ജനങ്ങള്‍ ഭയചകിതരയി നിന്ന സമയത്തായിരുന്നു പ്രവാചകന്റെ ആ ആശ്വാസവാക്കുകള്‍. പ്രവാചക സഖാക്കള്‍ പറയുന്നത് നോക്കൂ. ‘ഭയാനകമായ വല്ല സംഭവവും ഞങ്ങളെ അലട്ടിയാല്‍ ഞങ്ങള്‍ പ്രവാചകന്റെ അടുത്തായിരുന്നു ആശ്വാസത്തിനായി ചെന്നിരുന്നത്.’

ശുഭപ്രതീക്ഷ വെച്ചു പുലര്‍ത്തുകയും നിരാശ കൈവെടിയുകയും ചെയ്യുക. എല്ലാ പ്രതിസന്ധിഘട്ടങ്ങളെയും വിശ്വാസിസമൂഹം നാശമായി വിലയിരുത്തുകയോ നിഷേധമനോഭാവത്തോടെ സമീപിക്കുകയോ ചെയ്യരുത്. അനുയോജ്യമായ സാഹചര്യത്തില്‍ പ്രതിസന്ധികളെ അതിജയിക്കാനാവും എന്ന പ്രതീക്ഷ പുലര്‍ത്തുക. ഇമാം ശാഫിഈ പറഞ്ഞതുപോലെ ഉപരിപ്ലവമായ പ്രയാസങ്ങളെ അവഗണിക്കുക. ‘നീ കടലിനെ കണ്ടില്ലേ അതിന്റെ ഉപരിതലത്തില്‍ ശവങ്ങളും ആഴങ്ങളില്‍ മുത്തുകളുമാണ്.

നേതാവിനെ ദൈവികവിധിയിലുള്ള അടിയുറച്ച വിശ്വാസം സദാ ഉണ്ടായിരിക്കേണ്ടതുണ്ട്. പ്രതിസന്ധികള്‍ യഥാര്‍ഥത്തില്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള പരിക്ഷണങ്ങള്‍ മാത്രമാണ്. അതൊരുപക്ഷെ നമ്മുടെ പോരായ്മകള്‍ പരിഹരിക്കാനും പദവികളില്‍ ഏറ്റം നല്‍കാനും നിമിത്തമായേക്കാം. അല്ലാഹു പറയുന്നു. ‘ എല്ലാം അതിന്റെതായ കൃത്യതയോടെയാണ് (ഖദര്‍) പടച്ചിരിക്കുന്നത്’ (54:49) ‘അല്ലാഹുവിന്റെ കല്‍പനകള്‍ കൃത്യവും കണക്കാക്കപ്പെട്ടതുമാണ്’ (33:38). ഞങ്ങളോട് റസൂല്‍ ഈമാന്‍ എന്താണെന്ന് ഇപ്രകാരം അറിയിച്ചു. ‘അല്ലാഹുവിനോടും അവന്റെ മലക്കുകളിലും അവന്റെ വേദത്തിലും അവന്റെ ദൂതരിലും -നന്മയാകട്ടെ തിന്മയാകട്ടെ-അവന്റെ വിധിയിലും വിശ്വസിക്കുക.’

അല്ലാഹു പറയുന്നു: ‘ജനങ്ങള്‍ വിചാരിക്കുന്നുണ്ടോ; ‘ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു’ എന്ന് പറയുന്നതു കൊണ്ടു മാത്രം അവരെ വെറുതെ വിട്ടേക്കുമെന്ന്. അവര്‍ പരീക്ഷണത്തിന് വിധേയമാകാതെ. നിശ്ചയം അവര്‍ക്ക് മുമ്പുണ്ടായിരുന്നവരെ നാം പരീക്ഷിച്ചിട്ടുണ്ട്. അപ്പോള്‍ സത്യവാന്മാര്‍ ആരെന്ന് അല്ലാഹു തിരിച്ചറിയുക തന്നെ ചെയ്യും. കള്ളന്മാരാണെന്നും.’ (29:2-3)

വിശ്വാസി തന്റെ വിശ്വാസത്തെ ദൈവനിശ്ചയവുമായും വിധിയുമായും ബന്ധപ്പെടുത്തി കൂടുതല്‍ നന്മകള്‍ ആര്‍ജിക്കാനും മോശത്തരങ്ങളെ പിഴുതെടുക്കാനും ഉപയോഗിക്കേണ്ടതുണ്ട്. പ്രവാചകന്‍ (സ) പറയുന്നു.
‘ഒരു വിശ്വാസിയെ സംബന്ധിച്ചടത്തോളം അവനെ ബാധിക്കുന്ന ഏതൊരു ക്ഷീണവും ദുരിതവും ദു:ഖവും ഉപദ്രവവും ക്ലേശവുമെല്ലാം അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടാന്‍ നിമിത്തമാകുന്നു.എത്രത്തോളമെന്നാള്‍ കാലില്‍ മുള്ളു തറക്കുന്നതു പോലും.’ (ബുഖാരി, മുസ്്‌ലിം)

കോപം ഒഴിവാക്കുക. തീര്‍ച്ചയായും കോപം ആലോചനക്ക് ഭംഗം വരുത്തുകയും കേന്ദ്രീകൃതമായ തീരുമാനത്തിലെത്തുന്നതിന് പകരം ചിതറിപ്പോവുകയും ചെയ്യും. അബീ ഹുറൈറയില്‍ നിന്ന് നിവേദനം. ഒരാള്‍ നബി(സ)യോട് തന്നെ ഉപദേശക്കാന്‍ പറഞ്ഞു. അപ്പോള്‍ പ്രവാചകന്‍(സ) പറഞ്ഞു. ‘നീ കോപിക്കരുത്’. പ്രവാചകന്‍ (സ) ആവര്‍ത്തിച്ചു.’നീ കോപിക്കരുത്’.

കൂടിയാലോചന: ‘കാര്യങ്ങള്‍ അവരുമായി കൂടിയാലോചിക്കുക. അങ്ങനെ നീ തീരുമാനമെടുത്താല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തീര്‍ച്ചയായും അല്ലാഹു തന്നില്‍ ഭരമേല്‍പിക്കുന്നവരെ ഇഷ്ടപ്പെടുന്നു.’ ( 3:159) കൂടിയാലോചനകളിലൂടെ സുദൃഢമായ തീരുമാനങ്ങളിലെത്തിച്ചേരാനും പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സാധിക്കുന്നു.

സംഘടനക്കകത്ത് തന്നെ എല്ലാവരുടെയും സഹകരണം തേടാവുന്നതാണ്. നന്മയുമായി ആരുമായും സഹകരിക്കുകയും നല്ലകാര്യങ്ങളെ ആരില്‍ നിന്നാണെങ്കിലും സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. അല്ലാഹു പറയുന്നു. ‘നന്മയുടേതും ദൈവഭക്തിയുടേതുമായ കാര്യങ്ങളിലൊക്കെയും നിങ്ങള്‍ എല്ലാവരോടും സഹകരിക്കേണ്ടതാകുന്നു. പാപകരവും അതിക്രമപരവുമായ കാര്യങ്ങളില്‍ ആരോടും സഹകരിക്കാവതുമല്ല.’ (5:2)
പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഭൗതികമായ കാര്യങ്ങള്‍ നീക്കുന്നതോടൊപ്പം അല്ലാഹുവുവിനോട് സഹായാര്‍ഥന നടത്തുകയും തീരുമാനമെടുത്തു കഴിഞ്ഞാല്‍ അവനില്‍ തവക്കുല്‍ ആക്കുകയും വേണം. ഇത് രണ്ട് ചേരുമ്പോള്‍ മാത്രവും സുനിശ്ചിതവിജയം സംഭവ്യമാകൂ എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
‘ അല്ലാഹുവോട് സഹായം തേടുകയും അവനില്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുക. ഞാനും എന്റെ ദൂതന്മാരും തീര്‍ച്ചയായും ജയിക്കുമെന്ന് അല്ലാഹു രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. അല്ലാഹു അതിശക്തനും അജയ്യനുമല്ലോ.’  (58:21)

തീരുമാനമെടുക്കുകയും വഞ്ചനയും ആശയക്കുഴപ്പവും ഒഴിവാക്കുകയും ചെയ്യേണ്ടതാണ്. ‘നിങ്ങള്‍ ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുക’ (3:159) പാശ്ചാത്യലോകത്ത് നിലനില്‍ക്കുന്ന ഈ വിഷയത്തിലുള്ള ചിന്തകളും ആവിഷ്‌കാരങ്ങളും ഇസ്്‌ലാമിക ആദര്‍ശത്തിന് വിരുദ്ധമല്ലാത്ത രീതിയില്‍ നമുക്ക് പ്രയോജനപ്പെടുത്താം. ഖുര്‍ആനിന്റെയും സുന്നത്തിന്റെ വെളിച്ചത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കുകയും ഈലോകത്തും പരലോകത്തും അത് പ്രയോജനപ്രദമാവുകയും ചെയ്യേണ്ടതുണ്.

വിവ. സുഹൈറലി തിരുവിഴാംകുന്ന്

Related Articles