Current Date

Search
Close this search box.
Search
Close this search box.

പ്രതിഷേധം ഇങ്ങനെ മതിയാവില്ല

കാരണങ്ങളെന്തൊക്കെയായാലും ഇന്ത്യയില്‍ നാളുകളേറെയായി നടക്കുന്ന ദലിത്, മുസ്‌ലിം വിരുദ്ധ ആക്രമണങ്ങള്‍ക്കെതിരെ മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത വിധത്തിലാണ് ദാദ്രി, ഹാമിര്‍പൂര്‍ സംഭവങ്ങളെ തുടര്‍ന്ന് പ്രതിഷേധങ്ങള്‍ അരങ്ങേറുന്നത്. സാഹിത്യ അകാദമി അവാര്‍ഡ് ജേതാവ് നയന്‍താര സൈഗാളിനു പിന്നാലെ അശോക് വാജ്‌പേയിയും തന്റെ അവാര്‍ഡ് തിരിച്ചുകൊടുത്തതാണ് ഇതിലേറ്റവുമൊടുവിലത്തേത്. കഴിഞ്ഞദിവസം ജന്തര്‍മന്ദറില്‍ ദാദ്രി, ഹാമിര്‍പൂര്‍ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ദലിത്, മുസ്‌ലിം, സിഖ്, സമൂഹങ്ങളുടെ സംയുക്തമായ പ്രതിഷേധപരിപാടി നടന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരും, മതേതര പാര്‍ട്ടികളും, മുസ്‌ലിം, ദലിത് സംഘടനാ നേതാക്കളും ആ പരിപാടിയെ അഭിസംബോധന ചെയ്തത് നേരിയ ആശ്വസമെങ്കിലും പകരുന്നുണ്ട്.

സമാനതകളില്ലാത്ത വിവേചനങ്ങളും അടിച്ചമര്‍ത്തലുകളാണ് ദശാബ്ദങ്ങളായി മുസ്‌ലിം, ദലിത് സമൂഹങ്ങള്‍ നേരിട്ടിരുന്നതെങ്കിലും അതിനെ കൃത്യമായി പ്രതിരോധിക്കാനുള്ള യോജിച്ച ശ്രമങ്ങള്‍ വേണ്ടത്ര ഉണ്ടായിരുന്നില്ല. അതിന് ഒരു കാരണം മതേതര മുഖംമൂടിയണിഞ്ഞ മൃദുഹിന്ദുത്വ സര്‍ക്കാരുകള്‍ അത്തരം പ്രശ്‌നങ്ങളെ കണ്ണില്‍ പൊടിയിടുന്ന ചെയ്തികളിലൂടെ പരിഹാരം തേടിയിരുന്നതാണ്. ശാശ്വതവും ക്രിയാത്മകവുമായ വഴികള്‍ തേടുന്നതിനുപകരം കുറുക്കുവഴികളിലൂടെ പ്രശ്‌നങ്ങളെ സമീപിച്ചതാണ് സംഘപരിവാര്‍ എന്ന ഭീകരജീവി ഇത്രമേല്‍ തിടംവെക്കാന്‍ ഇടയാക്കിയതെന്ന് തിരിച്ചറിയാന്‍ മതേതരമുഖമുള്ള കക്ഷികള്‍ക്ക് ഇനിയുമായിട്ടില്ല. എന്നാല്‍ ഇരകളായ സമുദായങ്ങളുടെ നേതൃത്വവും ഇക്കാര്യത്തില്‍ വിജയിച്ചിട്ടുണ്ടോ എന്ന ചോദ്യം സംഗതമാണെന്ന് തോന്നുന്നു. അപ്പപ്പോഴുള്ള രാഷ്ട്രീയ, ഭൗതിക ലാഭങ്ങളായിരുന്നു മതേതരകക്ഷികളുടെ വിട്ടുവീഴ്ചകള്‍ക്കും ഒത്തുതീര്‍പ്പുകള്‍ക്കും കാരണമായിരുന്നതെങ്കില്‍ സമുദായനേതൃത്വങ്ങള്‍ക്ക് ഇത്തരം വിഷയങ്ങളില്‍ ഗൗരവപൂര്‍ണമായ നിലപാടുകള്‍ സമയബന്ധിതമായി സ്വീകരിക്കാന്‍ കഴിയാതിരുന്നതെന്തുകൊണ്ടാണ്?

തങ്ങള്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളുടെ അടിത്തട്ടില്‍ കിടക്കുന്നത് സംഹാരരൂപിയായ ഒരൊറ്റ പ്രത്യയശാസ്ത്രമാണെന്ന് തിരിച്ചറിയുന്നതിനുപകരം പലപ്പോഴും ഒറ്റപ്പെട്ട പ്രാദേശിക പ്രശ്‌നമായി മാധ്യമങ്ങള്‍ ന്യൂനീകരിച്ചപ്പോള്‍, ഇരകളായ സമൂഹവും അത് അംഗീകരിച്ചുപോന്നു. ഇപ്പോള്‍ തന്നെ, ദാദ്രി സംഭവത്തിനു തൊട്ടുമുമ്പ്, സെപ്തംബര്‍ 29ന് യുപിയില്‍ തന്നെ കാന്‍പൂരില്‍ പാക് ഭീകനെന്നാരോപിച്ച് സംഘ്പരിവാര്‍ പ്രത്യയശാസ്ത്രത്തിന്റെ അനുയായികള്‍ ഒരു മുസ്‌ലിം മധ്യവയസ്‌കനെ തല്ലിക്കൊന്നത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഏതാനും നാളുകള്‍ മുമ്പ്, ഹരിയാനയിലെ ഗ്രാമത്തില്‍ നിന്നും മേല്‍ജാതിക്കാരുടെ അക്രമങ്ങള്‍ സഹിക്കവയാതെ ദല്‍ഹിയിലെത്തി പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ സമരം ചെയുകയായിരുന്നവര്‍ തങ്ങള്‍ ഹിന്ദുമതം കൈയൊഴിഞ്ഞ് ഇസ്‌ലാം സ്വീകരിക്കുന്നതായി പ്രഖ്യാപിച്ചു. അതിനെ തുടര്‍ന്ന് അവര്‍ക്കെതിരെ പരസ്യമായി നടന്ന പൊലീസിന്റെയും ഫാഷിസ്റ്റ് ആള്‍ക്കൂട്ടത്തിന്റെയും ആക്രമണങ്ങള്‍ക്കു നേരെയും സവിശേഷ സാമൂഹികാന്തരീക്ഷം ആവശ്യപ്പെടുന്ന അളവില്‍ പ്രതികരണങ്ങളുണ്ടായില്ലെന്നതാണ് വാസ്തവം.

രാജ്യത്തിന്റെ സെക്കുലര്‍ പൊതുബോധത്തെ സംബന്ധിച്ചേടത്തോളം അഖ്‌ലാഖിന്റെ മരണം പ്രശ്‌നമാവുന്നത് ബീഫ് കഴിച്ചെന്ന ആരോപണത്തിന്റെ പേരില്‍ കൊല്ലപ്പെട്ടതുകൊണ്ടാണ്. യഥാര്‍ത്ഥത്തില്‍, അഖ്‌ലാഖ് കൊല്ലപ്പെട്ടത് വേറെയും ആയിരങ്ങളെ പോലെ മുസ്‌ലിമായിരുന്നതു കൊണ്ടാണ്. എന്നാല്‍ ഇതിനെ മറച്ചുപിടിച്ച്, സവര്‍ണമധ്യവര്‍ഗത്തിന്റെ കൗതുകത്തെ പ്രീണിപ്പിക്കുന്ന രീതിയില്‍ പ്രശ്‌നത്തെ ബീഫിന്റെയും, ഭക്ഷണസ്വാതന്ത്യത്തിന്റെയും വിഷയമായി കൊണ്ടാടാനാണ് ഇവര്‍ ശ്രമിക്കുന്നത്. സംഘപരിവാര്‍ ഫാഷിസത്തിനെതിരായ പ്രതിരോധങ്ങള്‍ ഫലശൂന്യമാവുന്ന രീതികളിലൊന്നാണിത്. ദലിതരെയും, മുസ്‌ലിംകളെയും, ഇതര കീഴാള സമൂഹങ്ങളെയും തുല്യാവകാശികളായി പരിഗണിക്കേണ്ടതില്ലെന്ന പ്രത്യയശാസ്ത്രത്തെ അതേപടി അംഗീകരിച്ച ഒരു സംഘത്തോടുള്ള പ്രതികരണത്തിന് തെരഞ്ഞെടുക്കാനുള്ള അവകാശത്തെ ഹനിക്കരുത്, ഭക്ഷണസ്വാതന്ത്ര്യം സംരക്ഷിക്കുക തുടങ്ങിയ ഉപരിപ്ലവമായ ലിബറല്‍ മുദ്രാവാക്യങ്ങള്‍ പോരാതെ വരുമെന്ന് ഇനിയും വാദിച്ചുതെളിയിക്കേണ്ടതല്ല.

അഖ്‌ലാഖിന്റെ മരണത്തോടുള്ള അതേ പ്രകാരത്തില്‍ ഹാമിര്‍പൂരില്‍ കൊല്ലപ്പെട്ട ചിമ്മയുടെ കൊലപാതകത്തോട് പ്രതികരണങ്ങള്‍ ഉയര്‍ന്നുവരാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കാന്‍ നമുക്കാവണം. സംഘ്പരിവാര്‍ പ്രത്യയശാസ്ത്രത്തിന്റെ പ്രഖ്യാപിത ശത്രുക്കളില്‍ ഇപ്പോള്‍ ഉയര്‍ത്തിക്കാണിക്കപ്പെടുന്നവര്‍ മുസ്‌ലിംകള്‍ മാത്രമാണ്. മുസ്‌ലിം നേരിടുന്ന അതേ അളവില്‍തന്നെ ദലിതര്‍ നേരിടുന്ന വിവേചനങ്ങള്‍ നേരിടുന്നുണ്ട്. ഇതിനുനേര്‍ക്ക് മുഖ്യധാരാ മാധ്യമങ്ങള്‍ ഗൗരവശ്രദ്ധപതിപ്പിക്കുന്നില്ല. ഇത് മനപൂര്‍വമാവാതിരിക്കാന്‍ തരമില്ല. അത്തരം സംഭവങ്ങള്‍ വലിയതോതില്‍ പ്രചരിപ്പിക്കപ്പെട്ടാല്‍ രാജ്യത്തെ കീഴാളന്യൂനപക്ഷങ്ങള്‍ തങ്ങള്‍ക്കെതിരെ കൈകോര്‍ക്കുമെന്നും അത് തങ്ങളുടെ പ്രവര്‍ത്തനപദ്ധതിയെ തകിടം മറിക്കുമെന്നും സവര്‍ണബ്രാഹ്മിണിസത്തിനു നല്ലപോലെ അറിവുണ്ട്. ഇതെല്ലാം തിരിച്ചറിഞ്ഞ്, മതഭേദത്തിനപ്പുറം, രാജ്യത്തെ കീഴാളന്യൂനപക്ഷങ്ങള്‍ നേരിടുന്ന ഏതൊരു അതിക്രമത്തെയും ദലിതരുടെയും, ആദിവാസികളുടെയും, മുസ്‌ലിംകളുടെയും പൊതുപ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടു വരുന്നതിലൂടെ ഫലവത്തായ പ്രതിരോധം സാധ്യമാവൂ.

Related Articles