Current Date

Search
Close this search box.
Search
Close this search box.

പൊളിറ്റിക്കല്‍ പകര്‍ച്ചവ്യാധികള്‍

കേരളത്തില്‍ ഇപ്പോള്‍ ശരിക്കും താരം ജാതിയാണ്….
ഇടക്കൊക്കെ ഇത് മതേതരകേരളം തന്നെയാണോ എന്ന് സംശയം തോന്നും…
അത്രക്കാണ് ശ്രീനാരായണ ഗുരുവിന്റെ നാട്ടിലെ ജാതി വര്‍ത്തമാനങ്ങള്‍ ..

ഞങ്ങള്‍ തീരുമാനിക്കാതെ ഒന്നും നടക്കാന്‍ പാടില്ലെന്നും ഞങ്ങളെ അനുസരിക്കാത്തവര്‍ തെക്കുവടക്ക് നടക്കുമെന്നൊക്കെയുള്ള ആക്രോശങ്ങള്‍ ഭരിക്കുന്നവര്‍ക്ക് നേരെ എയ്തുവിടുമ്പോള്‍ എങ്ങോട്ടാണ് നമ്മുടെ നാട് വഴി നടക്കുന്നത് എന്ന ആധി ശരിക്കും ഉണ്ട്….
ഗുഗ്ള്‍ പ്ലസ്സില്‍ അനിമേഷ് സേവ്യര്‍ (animesh xavier) എഴുതിയ ജാതി ചിത്രങ്ങള്‍ രസകരമായിരുന്നു…. ജാതി ചോദിക്കും ., ജാതി പറയും.., ജാതി വില്‍ക്കും.. ആര്‍ക്കാ ഇത്ര ചേതം എന്ന് ചോദിക്കുന്നു അനിമേഷ്.. ജാതിയെ ശരിക്കും വില്‍ക്കുകയാണ് ഇന്ന് ജാതി നേതാക്കള്‍ ചെയ്ത് കൊണ്ടിരിക്കുന്നത്.

ഈ വിഷയകമായി അബ്ദുല്‍ സലാം(Abd Ul Salam) എഴുതിയ കുറിപ്പ് ഇത്തരം അപചലനങ്ങളോടുള്ള ശക്തമായ ആക്ഷേപമാണ് …

‘ജാതിയോ മതമോ നോക്കാതെ സ്ഥാനാര്‍ഥികളുടെ കഴിവും പ്രവര്‍ത്തി പരിചയവും മാത്രം നോക്കി വോട്ടു ചെയ്യുന്നവര്‍ ആണ് നമ്മളില്‍ പലരും,പക്ഷെ കേരള നിയമ സഭയില്‍ സാമുദായിക സന്തുലനമില്ലാതെ കോണ്ഗ്രസ് സര്‍ക്കാരിനു  ഭരിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്….

താഴെ പറയുന്ന രീതികളിലൂടെ നമുക്ക് സാമുദായിക സന്തുലനം ഉറപ്പു വരുത്താം :

മൊത്തം മന്ത്രിമാരിലെ എണ്ണത്തില്‍ നിന്നും, ഹിന്ദുക്കള്‍ക്ക് 55%, മുസ്‌ലിങ്ങള്‍ക്ക് 24%, ക്രിസ്ത്യാനികള്‍ക്ക് 19%, മതമില്ലാത്ത ജീവന്‍മാര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് 2% എന്നിങ്ങനെ വീതിച്ചു നല്‍കി ആദ്യം സാമുദായിക സന്തുലനം ഉറപ്പു വരുത്താം. ഇനി അഥവാ ഒരു മതത്തിനു മന്ത്രിയാക്കാന്‍ MLA മാര്‍ തികഞ്ഞില്ലങ്കില്‍ മന്ത്രിയാവാന്‍ ആഗ്രഹമുള്ളവര്‍ പ്രസ്തുത മതത്തിലേക്ക് തല്‍ക്കാലം മാറുക. ഉദാഹരണത്തിന് ക്രിസ്ത്യാനികള്‍ക്ക് 19 ശതമാനം തികക്കാന്‍ MLA മാര്‍ ഇല്ലെങ്കില്‍ മന്ത്രിയാവാന്‍ ആക്രാന്തം ഉള്ള ആരെയെങ്കിലും പിടിച്ചു മാമോദീസാ മുക്കി തല്‍ക്കാലം ക്രിസ്ത്യാനി ആക്കുക (അഞ്ചു വര്‍ഷത്തേക്ക് മാത്രം)

പിന്നെ ഈ ശതമാനത്തില്‍ നായന്മാര്‍ക്ക്, ഈഴവന്മാര്‍ക്ക്, SC ക്കാര്‍ക്ക്, ST ക്കാര്‍ക്ക്, യാക്കോബായ, സുറിയാനി, കത്തോലിക്ക്, മുജാഹിദ് സുന്നി  സംഘടനകള്‍ക്ക്   ഇങ്ങനെ വീണ്ടും വീണ്ടും വീതിക്കുക. ഇങ്ങനെ വീതിക്കുമ്പോള്‍ കഴിവോ പ്രവൃത്തി പരിചയമോ അല്ല നോക്കേണ്ടത് പിറന്ന ജാതിയിലും അതിന്റെ സംഘടനയിലും പെട്ടയാളാണോ എന്ന് മാത്രമാണ്  നോക്കേണ്ടത്…

ജാതി അടിസ്ഥാനത്തില്‍ സന്തുലനം ഉണ്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ കൂടുതല്‍ MLA മാര്‍ ഉള്ള ജാതിയിലെ MLA മാരെ വല്ല ഗര്‍ഭക്കേസിലോ മറ്റോ കുടുക്കി രാജി വെപ്പിച്ചു ഒരു ഉപ തെരഞ്ഞടുപ്പിനുള്ള വഴിയുണ്ടാക്കുക. എന്നിട്ട് അതില്‍ ആ ജാതിക്കാരെ നിറുത്തി വല്ല വിധേനയും ജയിപ്പിച്ചടുക്കുക. മതം മാറുന്നത് പോലെ ജാതി മാറാന്‍ പറ്റില്ലല്ലോ..!!!

പക്ഷെ ജാതി മത അടിസ്ഥാനത്തില്‍ മാത്രം സന്തുലനം നടത്തുന്നത് നീതികേടാണ്. അത് കൊണ്ട് കേരളത്തില്‍ തൊലിയുടെ നിറത്തിന്റെ അടിസ്ഥാനത്തിലും സന്തുലനം വേണം. മലയാളികള്‍ കൂടുതല്‍ കറുത്തവര്‍ ആയതുകൊണ്ട് ഭൂരിപക്ഷം മന്ത്രിമാരും തൊലി കറുത്തവര്‍ ആയിരിക്കണം. അല്ലെങ്കില്‍ ബ്ലാക്ക് കോംപ്ലക്‌സ് പിടിച്ചു മന്ത്രിസഭ നാലാം നാള്‍ മൂക്കും കുത്തി വീഴും..!!

മന്ത്രിമാരെ നിശ്ചയിക്കുമ്പോള്‍ തീച്ചയായും ജില്ല അടിസ്ഥാനത്തിലും വീതിക്കണം. ഓരോ ജില്ലയ്ക്കും അര്‍ഹതപ്പെട്ട നിലയില്‍ വ്യക്തമായി മന്ത്രിമാരെ കീറി മുറിച്ചു ഉണ്ടാക്കുക. മൊത്തം മന്ത്രിമാരുടെ എണ്ണത്തെ 14 കൊണ്ട് ഹരിക്കുന്നതയിരിക്കും നല്ലത്.. പക്ഷെ ഹരിക്കുമ്പോള്‍ ശിഷ്ടം വരാതെ നോക്കണം!!

കഴിഞ്ഞിട്ടില്ല, ഇനിയും വീതിക്കാനുണ്ട്, കഷണ്ടി ഉള്ളവര്‍കഷണ്ടി ഇല്ലാത്തവര്‍, ഉയരം കൂടുതലുള്ളവര്‍–ഇല്ലാത്തവര്‍, കല്യാണം കഴിച്ചവര്‍-കഴിക്കാത്തവര്‍, കണ്ണട വെക്കുന്നവര്‍കണ്ണട വെക്കാത്തവര്‍, വെരിക്കോസ് വെയിന്‍ ഉള്ളവര്‍-ഇല്ലാത്തവര്‍ നിശാന്ധതയുള്ളവര്‍ ഇല്ലാത്തവര്‍ അങ്ങനെയങ്ങനെ….

 
ഇങ്ങനെ എല്ലാ രീതിയിലുള്ള സന്തുലനവും പാലിച്ചു കൊണ്ടായിരിക്കണം മന്ത്രിമാരെ ഒണ്ടാക്കേണ്ടത്..!!’

****************************************************************

മരുഭുമികള്‍ പുക്കുമ്പോള്‍ എന്ന പുസ്തകത്തില്‍ എം എന്‍ വിജയന്‍ മാഷ് പറയുന്നുണ്ട് ……..
ജീവിതമെന്നാല്‍ ഒരാളേക്കാള്‍ അല്‍പം കൂടി വലുതാണെന്ന്…
ചരിത്രം ഒരു ജീവചരിത്രത്തേക്കാള്‍ അല്‍പം കൂടി നീണ്ടതാണെന്ന്…
ഭൂമിക്ക് നാം ജീവിക്കുന്ന വീട്ടുവളപ്പിനേക്കാള്‍
അല്‍പം കൂടി വിസ്താരമുണ്ടെന്ന്…

സ്വന്തം ജാതികളിലേക്ക് നമ്മള്‍ ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് വിജയന്‍ മാഷ് വേണമായിരുന്നു.. ജാതിക്കപ്പുറത്തും മണ്ണും മനുഷ്യരുമുണ്ടെന്ന് നമ്മെ ഓതിപ്പഠിപ്പിക്കാന്‍ ….

******************************************************************************

കുറേകാലം ശപ്പനും നികൃഷ്ടനും താന്തോന്നിയുമായ മകനെ മന്ത്രിപദത്തില്‍ നിന്ന് പുറത്താക്കിയില്ലേല്‍ മുന്നണിയാകെ ഹലാക്കാക്കും എന്നായിരുന്നു ബാലകൃഷ്ണപ്പിള്ളയുടെ ഭീഷണി…
ഒന്ന് രണ്ട് മാസം മുമ്പത്തെ കഥയാണിത്..
എന്നിട്ടൊടുക്കം മകന്‍ ഗണേഷിനെ രാജിവെപ്പിച്ചു….
കുടുംബകലഹവും തൊഴുത്തില്‍ കുത്തും കുറേ നമ്മള്‍ ലൈവായി കണ്ട് രസം പിടിച്ചു..

ഇന്നിപ്പോ അഛന്‍ ലഹള കൂട്ടുന്നത് മകനെ പിന്നേം മന്ത്രിസഭയില്‍ തിരിച്ചെടുക്കണം എന്ന് പറഞ്ഞാണ്..

അല്ല… ഈ വെള്ളരിക്കാ പട്ടണം.. വെള്ളരിക്കാ പട്ടണം എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ.. അതാണോ ഇത്….

*************************************

പകര്‍ച്ച വ്യാധികളുടെ കാലമല്ലേ  ഈ മഴക്കാലം …
വി ആര്‍ രാഗേഷിന്റെ പകര്‍ച്ചവ്യാധികളെ പറ്റിയുള്ള കാര്‍ട്ടൂണ്‍ നോക്കൂ…
ഈ പകര്‍ച്ചവ്യാധിക്ക് പക്ഷെ ചികില്‍സയില്ല.. എല്ലാം നമ്മള്‍ കണ്ടും കേട്ടും മിണ്ടാട്ടം മുട്ടിയിരിക്കുക.. ഇലക്ഷനില്‍ ജയിപ്പിച്ച് വിട്ടില്ലേ.. എല്ലാം സഹിക്കുക തന്നെ….

Related Articles