Current Date

Search
Close this search box.
Search
Close this search box.

പൊരുളറിയാത്ത പ്രതികരണങ്ങള്‍

പ്രവാചകന്‍ തിരുമേനിയുടെ കാലത്തെ ഒരു പെരുന്നാളില്‍ അബ്‌സീനിയന്‍ കായികാഭ്യാസികള്‍ മദീനയിലെ പള്ളിയില്‍ പരിപാടികള്‍ അവതരിപ്പിച്ചതും, അത് സൗകര്യപൂര്‍വം ചാരിനിന്ന് കാണാന്‍ ആഇശ ബീവിക്ക് അദ്ദേഹം പുറം നിവര്‍ത്തികൊടുത്തതും പണ്ടേ പറഞ്ഞു കേള്‍ക്കാറുണ്ട്. പാട്ടുപാടുന്ന പെണ്‍കുട്ടികളെ തടയാനൊരുങ്ങിയ അബൂബക്‌റിനോട് ‘ഇന്ന് പെരുന്നാളല്ലേ, അവര്‍ പാടട്ടെ..’ എന്ന് പറഞ്ഞതും ചരിത്രത്തിലുണ്ട്. നമസ്‌കാരം, തക്ബീര്‍, ഖുതുബ, ഫിത്വര്‍ സകാത്ത് എന്നീ ആരാധനകള്‍ക്കപ്പുറം ആഘോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ദിവസം കൂടിയാണ് പെരുന്നാള്‍ എന്ന് സാരം. ലോകവും കാലവും മാറുന്നതിനനുസരിച്ച് പല നാടുകളില്‍ പല രൂപത്തിലുള്ള ആഘോഷങ്ങള്‍ അരങ്ങേറുന്നു. ദഫ്മുട്ടും കോല്‍ക്കളിയും ഒപ്പനയും ഉല്ലാസയാത്രകളും ടൂര്‍ണമെന്റുകളും ഇതിന്റെ ഭാഗമായിരിക്കുന്നു. അതിസമ്പന്ന ഗള്‍ഫ് രാജ്യങ്ങളില്‍ സര്‍ക്കാര്‍ ചിലവില്‍ തന്നെ കരിമരുന്നു പ്രയോഗവും, ഗാനമേളയും നടത്താറുണ്ട്.

ഗസ്സയുടെ മണ്ണില്‍ ഇസ്രയേല്‍ നടത്തുന്ന കശാപ്പ് കാരണം ദുരിതമനുഭവിക്കുന്നവരോട് അനുതാപം പ്രകടിപ്പിച്ചു കൊണ്ട് ഈ പ്രാവശ്യം ഈദ് ആഘോഷങ്ങള്‍ വേണ്ട എന്ന് ഖത്തര്‍ ഭരണകൂടം തീരുമാനിച്ചു. കേരളമടക്കമുള്ള പല നാടുകളിലും നേതാക്കളും സംഘടനകളും ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു.

ഈ തീരുമാനം പരക്കെ സ്വാഗതം ചെയ്യപ്പെട്ടപ്പോഴും അക്ഷരങ്ങളില്‍ തൂങ്ങിയുള്ള അപശബ്ദങ്ങള്‍ വന്നു. ഇസ്‌ലാം അനുവദിച്ച ആഘോഷം എങ്ങിനെ ഇല്ലാതാക്കും. നമസ്‌കാരവും ഫിത്വര്‍ സകാത്തും ഒഴിവാക്കാലോ എന്നുതുടങ്ങിയ സന്ദേശങ്ങളാണ് പ്രചരിച്ചത്. ഇത് വിഷയത്തില്‍ നിന്നുള്ള വ്യതിചലനമാണ്. സ്വന്തം സഹോദരങ്ങള്‍ ചോരയില്‍ നീന്തുമ്പോള്‍ പ്രാര്‍ഥനയല്ല നിര്‍ത്താന്‍ പറഞ്ഞത്. സാമാന്യബോധമുള്ളവര്‍ ആഘോഷമെന്ന് പറയുന്ന പരിപാടികളാണ്. അതിനു പകരം പലയിടത്തും പടുകൂറ്റന്‍ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു.

പ്രവാചകന്‍ പഠിപ്പിച്ചത് പോലെ മനസ്സ് കൊണ്ട് വെറുക്കുന്നത് വിശ്വാസത്തിന്റെ ഏറ്റവും ദുര്‍ബലമായ ഒരു നടപടിക്രമമാണ്. അമേരിക്കന്‍ – ഇസ്രയേല്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതും വിശ്വാസത്തിന്റെ ഭാഗമായ രാഷ്ട്രീയ-സാമ്പത്തിക നിലപാടായി മാറുന്നു.

സ്വാതന്ത്ര്യസമര കാലത്ത് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ വിദേശ വസ്തുക്കള്‍ ബഹിഷ്‌കരിച്ച ഇന്ത്യയുടെ മഹനീയ മാതൃക അറബികള്‍ പിന്തുടരണമെന്ന് പരേതനായ റജാ ഗരോഡി മുതല്‍ ശൈഖ് യൂസുഫുല്‍ ഖറദാവി വരെ പ്രസംഗിച്ചു കേട്ടിട്ടുണ്ട്. ഇത്തരം നിലപാടുകളെ അക്ഷരത്തില്‍ തൂങ്ങി വിമര്‍ശിക്കുന്നത് ബാലിശമാണ്.

Related Articles