Current Date

Search
Close this search box.
Search
Close this search box.

പെരുന്നാളിന്റെ അര്‍ത്ഥതലങ്ങള്‍

eid2.jpg

 

നമ്മുടെ ജീവിതയാത്രയിലെ ഒരു ഇടത്താവളമോ അല്ലെങ്കില്‍ നമ്മുടെ ജീവിതമാകുന്ന മരുഭൂമിയിലെ മരുപ്പച്ചയോ ആണ്  പെരുന്നാള്‍. ചെറിയ പെരുന്നാളും ബലിപെരുന്നാളുമാണ് ഇസ്‌ലാമിലെ പെരുന്നാളുകള്‍. മുസ്‌ലിംകളുടെ പെരുന്നാളുകള്‍ക്ക് രണ്ട് വലിയ അര്‍ത്ഥങ്ങളുണ്ട്. ദൈവീകമായ അര്‍ത്ഥവും മാനുഷികമായ അര്‍ത്ഥവുമാണത്. പെരുന്നാള്‍ ദിനത്തില്‍ മനുഷ്യന്‍ തന്റെ നാഥനെ മറക്കരുതെന്നതാണ് ദൈവീകമായ അര്‍ത്ഥം. വെറും ഇച്ഛകളുടെ പൂര്‍ത്തീകരണമല്ല പെരുന്നാള്‍. മറിച്ച്, തക്ബീര്‍ കൊണ്ടും പെരുന്നാള്‍ നമസ്‌കാരം കൊണ്ടും അല്ലാഹുലേക്ക് അടുത്തു കൊണ്ടും ആരംഭിക്കേണ്ട കര്‍മ്മമാണ് പെരുന്നാള്‍. പുതുവസ്ത്രമണിയലും പാട്ടുപാടിയും കളിതമാശകളിലേര്‍പ്പെട്ടും സന്തോഷം പങ്കുവെക്കലുമാണ് ഈദിന്റെ മാനുഷികമായ അര്‍ത്ഥം.

ഇന്ന് നമ്മുടെ ഇസ്‌ലാമിക സമൂഹങ്ങള്‍ക്കിടയില്‍ ദുഃഖം പ്രകടമാണ്. സന്തോഷവും ആനന്ദവും കുട്ടികള്‍ക്കിടയില്‍ മാത്രമേയുള്ളൂ. യഥാര്‍ത്ഥത്തില്‍ സന്തോഷവും ആനന്ദവും ചെറിയവര്‍ക്കിടയിലും വലിയവര്‍ക്കിടയിലും ഒരുപോലെ ഉണ്ടായിത്തീരേണ്ടതുണ്ട്. പ്രവാചകചര്യയില്‍ ഇതിന് മാതൃകയുണ്ട്. ഒരു പെരുന്നാള്‍ ദിനത്തില്‍ എത്യോപ്യക്കാരായ ചില ആളുകള്‍ക്ക് തന്റെ പള്ളിയില്‍ വെച്ച് അവരുടെ കുന്തങ്ങളുപയോഗിച്ച്  നൃത്തം ചെയ്യാന്‍ അദ്ദേഹം അനുമതി നല്‍കി. അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. റസൂല്‍ (സ)യുടെ ഭാര്യ ആയിശാ ബീവി(റ) മതിവരുവോളം  അദ്ദേഹത്തിന്റെ ചുമലില്‍ തലവെച്ച് ഈ രംഗം കണ്ടുകൊണ്ടിരുന്നു.  ഒരു പെരുന്നാള്‍ ദിവസം അബൂബക്കര്‍(റ) ആയിശ(റ)യുടെ അടുക്കല്‍ വന്നു. അപ്പോള്‍ രണ്ട് പെണ്‍കുട്ടികള്‍ ജാഹിലിയ്യാ കാലത്തെ ഒരു അറബി ഗാനം പാടുകയും ദഫ് മുട്ടുകയും ചെയ്യുകയായിരുന്നു. അബൂബക്കര്‍(റ) അവരെ ശകാരിച്ചു കൊണ്ട് ചോദിച്ചു : പ്രവാകന്‍ (സ)യുടെ വീട്ടില്‍ പിശാചിന്റെ കുഴലൂത്തോ? ഇത് കേട്ട റസൂല്‍(സ) പറഞ്ഞു : ‘അവരെ വിട്ടേക്കൂ അബുൂബക്കര്‍. ഓരോ ജനസമുദായത്തിനും ഓരോ പെരുന്നാളുകളുണ്ട് ഇന്ന് നമ്മുടെ പെരുന്നാളാണ്. നമ്മുടെ ദീനില്‍ വിശാലതയുണ്ടെന്ന് ജൂതന്മാര്‍ അറിയട്ടെ. ഋജുവും വിശാലവുമായ ഒരു മാര്‍ഗ്ഗവുമായിട്ടാണ് ഞാന്‍ നിയോഗിക്കപ്പെട്ടത്.’ ഇസ്‌ലാം കുടുസ്സമായ ജീവിത ദര്‍ശനമല്ല. അത് പ്രകൃതിയുടെയു ം മനുഷ്യന്റെയും ജീവിത ദര്‍ശനമാണ്. മനുഷ്യപ്രകൃതി കളിതമാശകള്‍ ഇഷ്ടപ്പെടുന്നു. പ്രത്രേകിച്ചും ഇത്തരം ആഘോഷ വേളകളില്‍.

ഇന്ന് ജനങ്ങളിലധികപേരും ഒറ്റക്കാണ് പെരുന്നാള്‍ നമസ്‌കാരത്തിന് പോകുന്നത്. സ്ത്രീകളോ കുട്ടികളോ അവരുടെ കൂടെയുണ്ടാവാറില്ല. നബി(സ) പെരുന്നാളിനെ സമൂഹത്തിലെ വലിയവര്‍ക്കും ചെറിയവര്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമെല്ലാമായുള്ള ആഘോഷമായിട്ടാണ് നിശ്ചയിച്ചിരിക്കുന്നത്. ഉമ്മു അതിയ്യ പറഞ്ഞു : ഞങ്ങള്‍ കൗമാരക്കാരികളായ പെണ്‍കുട്ടികളോട് പെരുന്നാള്‍ ദിനത്തില്‍ പുറത്തിറങ്ങാനും  ഖുതുബക്ക് ഹാജരാകാനും നല്ല കാര്യങ്ങള്‍ക്കും കൂട്ടായുള്ള ഈ ആഘോഷത്തിനും സാക്ഷിയാകാനും നബി(സ) കല്‍പിച്ചു. ഇസ്‌ലാം പെരുന്നാല്‍ നമസ്‌കാരം ഈദ്ഗാഹിലാണ് നിശ്ചയിച്ചത്, പള്ളിയിലല്ല. ഓരോ ഗോത്രത്തിലെയും നാട്ടിലെയും ആളുകള്‍ സാധ്യമാകുമെങ്കില്‍ ഒരൊറ്റ ഈദ്ഗാഹില്‍ തന്നെ ഒരുമിച്ചു കൂടേണ്ടതാണ്. പരസ്പരം ആശംസകള്‍ കൈമാറിയും ആലിംഗനം ചെയ്തും പരസ്പര സ്‌നേഹം പ്രകടിപ്പിച്ചും സ്‌നേഹം പ്രകടിപ്പിക്കാനുള്ള വേദി കൂടിയാണത്.

വിവ : മുബശ്ശിര്‍ എം

Related Articles