Current Date

Search
Close this search box.
Search
Close this search box.

പൂജിക്കപ്പെടുന്ന വ്യഭിചാരികള്‍

ലോക പ്രശസ്ത എഴുത്തുകാരന്‍ ജോര്‍ജ് ഓര്‍വലിന്റെ ആത്മകഥാ സ്വഭാവത്തിലുള്ള വിഖ്യാതമായ ഗ്രന്ഥമാണ് ‘ഡൗണ്‍ ആന്റ് ഔട്ട് ഇന്‍ പാരിസ് ആന്റ് ലണ്ടന്‍’. ഇതില്‍ കുറിച്ചിട്ട ഒരു സംഭവമിങ്ങനെ വായിക്കാം.
ഓര്‍വലിന്റെ നിരീശരവാദിയായ കൂട്ടുകാരന്‍ പട്ടണത്തിലെ അറിയപ്പെടുന്ന ഒരു വേശ്യയുടെ പേരിലുള്ള  ഹോട്ടലില്‍ താമസിക്കുകയായിരുന്നു. അഞ്ചുദിവസം ആഹാരം കിട്ടാതെ പൊറുതിമുട്ടി. അഞ്ചാം നാള്‍ അയാള്‍ കട്ടിലില്‍ നിന്നും ചാടിയെഴുന്നേറ്റു അരഭ്രാന്തനെപ്പോലെ ചുമരില്‍ തൂങ്ങിക്കിടക്കുന്ന ചിത്രത്തിനു മുന്നില്‍ ചെന്നു നിന്നു. കാലപ്പഴക്കം കാരണം അതിന്റെ നിറം മങ്ങിയിരുന്നു. അതിനാല്‍ അത് എല്‍വാസ് പുണ്യവാളത്തിയുടെ ചിത്രമാണെന്ന് കരുതി. അയാള്‍ അതിനോടിങ്ങനെ പ്രാര്‍ത്ഥിച്ചു, ‘പുണ്യവതീ, ഭവതിയുണ്ടെങ്കില്‍ എനിക്കല്‍പം പണം എത്തിച്ച് തരൂ! കൂടുതലൊന്നും വേണ്ട മൂന്നോ നാലോ ഫ്രാങ്ക് മതി. ഇത്തിരി റൊട്ടിയും ഒരു കുപ്പി വൈനും വാങ്ങാനുള്ള സംഖ്യ മതി അങ്ങനെ അതെനിക്കു കിട്ടുകയാണെങ്കില്‍ ഞാന്‍ ഭവതിയുടെ ചര്‍ച്ചില്‍ ഒരു മെഴുകുതിരി കത്തിക്കും.

പ്രാര്‍ത്ഥന പൂര്‍ത്തിയാക്കി കട്ടിലില്‍ വന്ന് കിടന്നപ്പോള്‍ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടു. വാതില്‍ തുറന്നപ്പോള്‍ മേരി എന്ന പെണ്‍കുട്ടിയതാ മുന്നില്‍, പട്ടിണികാരണം അയാളുടെ കഥ കഴിയുമോയെന്ന ആശങ്കയാല്‍ അവള്‍ തന്റെ വശമുണ്ടായിരുന്ന ടിന്‍ കടയില്‍ കൊടുത്ത് മൂന്ന് ഫ്രാങ്ക് നേടി. അതു കൊണ്ട് അല്‍പം റൊട്ടിയും അരടിന്‍ വൈനും വാങ്ങിക്കൊണ്ട് വന്നു. അയാള്‍ ഒറ്റയിരുപ്പില്‍ അതൊക്കെ തിന്നും കുടിച്ചും തീര്‍ത്തു. വിശപ്പും ദാഹവും മാറിയപ്പോള്‍ ഒരു സിഗരറ്റ് പുകക്കണമെന്ന് തോന്നി. മേരി സിഗററ്റ് വാങ്ങാനായി പുറത്ത് പോകാനൊരുങ്ങി, പെട്ടെന്ന് അയാള്‍ അവളെ തടഞ്ഞു. എന്നിട്ടിങ്ങിനെ പറഞ്ഞു: സിഗററ്റ് വേണ്ട! ആ പണം കൊണ്ട് മെഴുകുതിരി വാങ്ങിയാല്‍ മതി. എല്‍വാസ് പുണ്യവാളത്തിയുടെ പള്ളിയില്‍ കത്തിച്ച് വെക്കാനാണ്.  ഇതു കേട്ട് അത്ഭുതം തോന്നിയ മേരി ചോദിച്ചു : ‘ആരാണ് ആ പുണ്യവാളത്തിയെ സംബന്ധിച്ച് താങ്കള്‍ക്ക് പറഞ്ഞ് തന്നത്’? ഉടനെ അയാള്‍ ചുവരില്‍ തൂങ്ങിക്കിടക്കുന്ന ചിത്രത്തിലേക്ക് ചൂണ്ടിക്കാണിച്ചു.

മേരിക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല. അവള്‍ പറഞ്ഞു: ‘അത് പുണ്യവാളത്തിയൊന്നുമല്ല ഇവിടുത്തെ അറിയപ്പെടുന്ന വേശ്യയാണ്. അവളുടെ പേരാണ് ഈ ഹോട്ടലിനിട്ടിരിക്കുന്നത്.

ഇന്ന് ആരാധിക്കപ്പെടുന്ന ആള്‍ ദേവങ്ങളിലേറെയും അറുതെമ്മാടികളും കൊടും കുറ്റവാളികളുമാണ്. വ്യഭിചാരികളും കൊലയാളികളുമാണ്. ഔലിയാക്കളും പുണ്യവാന്മാരുമായി വാഴ്ത്തപ്പെടുകയും കൊണ്ടാടപ്പെടുകയും ചെയ്യുന്നവരിലേറെപേരും അരഭ്രാന്തന്മാരോ മുഴുഭ്രാന്തന്മാരോ ആണ്. അത് കൊണ്ട് തന്നെ ജീവിതകാലത്ത് മതനിഷ്ഠ ഒട്ടുമില്ലാത്തവരും.

ദിവ്യത്തവും അമാനുഷികതയും ആരോപിക്കപ്പെടുന്നവരുടെ ആയിരം പ്രവചനങ്ങളില്‍ എട്ടോപത്തോ പുലര്‍ന്നെന്നു വരും. അത് വളരെ യാദൃശ്ചികമായി സംഭവിക്കുന്നതാണ്. ഏത് മന്ദബുദ്ധിയുടെ പ്രവചനത്തിനുമുണ്ടാകുന്നത് പോലെ, ഓര്‍വലിന്റെ കൂട്ടുകാരന്‍ വേശ്യയോട് പ്രാര്‍ത്ഥിച്ചപ്പോള്‍ സംഭവിച്ച പോലെ, അങ്ങനെ പുലരുന്നവക്ക് വമ്പിച്ച പ്രചാരണം നല്‍കുന്നു. മനുഷ്യ ദൈവങ്ങളുണ്ടാകുന്നത് ഇങ്ങനെയാണ്.

അവിശ്വാസികള്‍ വളരെ പെട്ടെന്ന് ഓര്‍വലിന്റെ സുഹൃത്തിനെപ്പോലെ കടുത്ത അന്ധവിശ്വാസത്തിലേക്ക് വീഴും. ഓര്‍വലിന്റെ സുഹൃത്തിനോപ്പോലെ. ശരിയായ മാര്‍ഗദര്‍ശനം ലഭിച്ചാലെ അത്തരക്കാര്‍ നേര്‍വഴിയിലും വിശ്വാസത്തിലുമെത്തുകയുള്ളു. അവര്‍ തിരച്ചറിയുന്നു അഭൗദ്ധികമായ അറിവോ കഴിവോ അല്ലാഹുവിനല്ലാതെ ആര്‍ക്കുമില്ലെന്ന്.
”അഭൗതിക കാര്യങ്ങളുടെ താക്കോലുകള്‍ അല്ലാഹുവിന്റെ വശമാണ്. അവനല്ലാതെ ആരും അതറിയുകയില്ല’ (ഖുര്‍ആന്‍: 6:59)

Related Articles