Current Date

Search
Close this search box.
Search
Close this search box.

പുനര്‍വായന ആവശ്യപ്പെടുന്ന കേരള മുസ്‌ലിം നവോത്ഥാനം

കഴിഞ്ഞ ആഴ്ച്ച പൊന്നാനിയില്‍ വെച്ച് മഖ്ദൂം കുടുംബത്തിലെ സൈനുദ്ദീന്‍ ഒന്നാമനെയും രണ്ടാമനെയും സംബന്ധിച്ച് ഒരു സെമിനാര്‍ നടന്നു. കേരള മുസ്‌ലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്. വരുന്ന ഡിസംബറില്‍ കോഴിക്കോട് ജെ.ഡി.റ്റി യില്‍ നടക്കാനിരിക്കുന്ന കേരള മുസ്‌ലിം പൈതൃക പഠന കോണ്‍ഫ്രന്‍സിന്റെ ഭാഗമായിരുന്നു സെമിനാര്‍.

കാലംകണ്ട എല്ലാ ഇസ്‌ലാമിക നവോത്ഥാന നായകന്‍മാരെയും പരിഷ്‌കര്‍ത്താക്കളെയും പോലെ മഖ്ദൂം കുടുംബം പ്രതിനിധാനം ചെയ്തതും രാഷ്ട്രീയ ഉള്ളടക്കമുള്ള ഇസ്‌ലാമിനെയായിരുന്നു. വിഗ്രഹാരാധകരായ ഹിന്ദുക്കളോടു സഹകരിച്ച് വിദേശികളായ വെള്ളക്കാര്‍ക്കെതിരെ പൊരുതാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണെന്ന് പ്രഖ്യാപിച്ച വിപ്ലവകാരിയാണ് സൈനുദ്ദീന്‍ മഖ്ദൂം.

ആചാരാനുഷ്ടാനങ്ങളില്‍ പരിഷ്‌കരണം വരുത്തുന്നവര്‍ മതപരിഷ്‌കര്‍ത്താക്കളാണ്. ഇസ്‌ലാമിന്റെ വ്യക്തിതല പ്രബോധനം നടത്തുന്നവര്‍ മതപ്രവര്‍ത്തകരാണ്. എന്നാല്‍ സാമൂഹ്യ, രാഷ്ട്രീയ ഉള്ളടക്കമുള്ള ഇസ്‌ലാമിനെ സമഗ്രമായി ഉള്‍ക്കൊണ്ട് അതിന്റെ പ്രയോഗവല്‍ക്കരണം ലക്ഷ്യം വെച്ച് പണിയെടുക്കുന്നവരാണ് യഥാര്‍ത്ഥ പരിഷ്‌കര്‍ത്താക്കളും നവോത്ഥാന നായകന്മാരും.

ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യത്തെ നവോത്ഥാന നായകന്‍ ഇസ്‌ലാമിക ഭരണം പുനഃസ്ഥാപിച്ച ഉമറുബ്‌നു അബ്ദുല്‍ അസീസ് (റ) ആണല്ലോ. ഇമാം അബൂ ഹനീഫ, മാലിക് ബ്‌നു അനസ്, ശാഫിഈ, അഹ്മദുബ്‌നു ഹമ്പല്‍, ഇബ്‌നുതൈമിയ്യ, ശൈഖ് അഹ്മദ് സര്‍ഹിന്ദി തുടങ്ങിയ പരിഷ്‌കര്‍ത്താക്കളും രാഷ്ട്രീയ ഉള്ളടക്കമുള്ള ഇസ്‌ലാമിനെയാണ് പ്രതിനിധീകരിച്ചത്. അതിനാലാണ് അവര്‍ക്കെല്ലാം ഭരണകൂടങ്ങളുമായി കയര്‍ക്കേണ്ടി വന്നത്. ഭരണകൂടം അവരെ അടിച്ചും ജയിലിലടച്ചുമൊക്കെ പീഢിപ്പിച്ചതും അതുകൊണ്ട് തന്നെ.

സയ്യിദ് അഹ്മദ് ശഹീദ്, ശാ ഇസ്മാഈല്‍ ശഹീദ്, ഉമറുല്‍ മുഖ്താര്‍, അബ്ദുല്‍ ഖാദര്‍ അല്‍ ജസാഇരി, അബ്ദുസ്സലാം ഖസ്സാം തുടങ്ങിയവരെല്ലാം ധീരരായ ഇസ്‌ലാമിക വിപ്ലവകാരികളും സ്വാതന്ത്ര പോരാളികളുമായിരുന്നു.

കേരള മുസ്‌ലിം നവോത്ഥാനത്തില്‍ പ്രധാനപങ്കുവഹിച്ച മഖ്ദൂം കുടുംബം, ഉമര്‍ ഖാദി, മമ്പുറം തങ്ങന്മാര്‍, ആലി മുസ്‌ലിയാര്‍, വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയവരെല്ലാം രാഷ്ട്രീയ ഉള്ളടക്കമുള്ള ഇസ്‌ലാമിനെ പ്രതിനിധീകരിച്ചവരും അതുകൊണ്ടുതന്നെ വൈദേശികാധിപത്യത്തിനെതിരെ ധീരമായി പൊരുതിയവരുമായിരുന്നു.

അതുകൊണ്ടുതന്നെ കേരള മുസ്‌ലിം നവോത്ഥാനം പുനര്‍വായന ആവശ്യപ്പെടുന്നു. മതപരിഷ്‌കരണത്തെ ഇസ്‌ലാമിക നവോത്ഥാനമായി വ്യവഹരിക്കുന്നത് വിശകലനമര്‍ഹിക്കുന്ന വിഷയമാണ്. ഹദീസ വിജ്ഞാന രംഗത്ത് വമ്പിച്ച സേവനമര്‍പ്പിക്കുകയും വലിയ പരിഷ്‌കരണങ്ങള്‍ വരുത്തുകയും ചെയ്ത ഇമാം ബുഖാരിയും മുസ്‌ലിമും തിര്‍മിദിയും ഇബ്‌നു മാജ (റ) യുമൊന്നും നവോത്ഥാരകരും പരിഷ്‌കര്‍ത്താക്കളുമായല്ല ചരിത്രത്തില്‍ ഇടം നേടിയതെന്ന വസ്തുത വിസ്മരിക്കാവതല്ല.

Related Articles