Current Date

Search
Close this search box.
Search
Close this search box.

പുതുവര്‍ഷം ട്രംപിന്റേതോ, ഐഎസിന്റേതോ?

trump-isis.jpg

ഐഎസ് സമാന സ്വഭാവമുള്ള സംഘടനകളില്‍ ഏറ്റവും ശക്തരും, റഷ്യയുടെയും ഇറാന്റെയും സഹായത്തോടെ സിറിയന്‍ സൈന്യം അലപ്പോ നഗരം വീണ്ടെടുത്തതിന്റെ ഗുണഭോക്താക്കളുമായി മാറിയിരിക്കുന്നു. അവിടെ അവര്‍ പരാജയപ്പെടുത്തപ്പെട്ടിട്ടില്ല. കാരണം നന്നെ ചുരുങ്ങിയ സാന്നിദ്ധ്യം മാത്രമാണ് അവര്‍ക്കവിടെ ഉണ്ടായിരുന്നത്. അവിടെ നിന്നും പരാജിതരായി പിന്‍വാങ്ങിയ ജബ്ഹത്തുന്നുസ്‌റ, ഫ്രീ സിറിയന്‍ ആര്‍മിക്ക് കീഴിലുള്ള സായുധ ഗ്രൂപ്പുകള്‍ പോലുള്ള ഐഎസിന്റിന്റെ എതിരാളികളുടെ ശക്തിയാണ് ക്ഷയിച്ചിരിക്കുന്നത്. സിറിയന്‍ വിമതരെ പിന്തുണച്ചിരുന്ന അമേരിക്കക്കും തുര്‍ക്കിക്കും മറ്റ് ഗള്‍ഫ് നാടുകള്‍ക്കുമെതിരെ ‘മാരകമായ’ പ്രചാരണങ്ങള്‍ നടത്താനുള്ള വകുപ്പും ഈ പരാജയത്തിലൂടെ ഐഎസിന് ലഭിച്ചിരിക്കുന്നു. ഉപരോധിക്കപ്പെട്ട തങ്ങളുടെ സഖ്യകക്ഷികളെ സംരക്ഷിക്കാന്‍ ഇവരാരും ഇടപെട്ടില്ലെന്ന് ഐഎസ് ആരോപിക്കും. പുതിയ പോരാളികളെ റിക്രൂട്ട് ചെയ്യുന്ന അവരുടെ പ്രവര്‍ത്തനം അത് എളുപ്പമാക്കും.

വരും വര്‍ഷം, അതായത് 2017 പ്രധാനമായും ഐഎസിന്റെതായിരിക്കും. അനുകൂലമായോ പ്രതികൂലമായോ ആയ വാര്‍ത്തകളാല്‍ പ്രധാന തലക്കെട്ടുകളില്‍ അവര്‍ ഇടംനേടും. അതിനെ ഉന്മൂലനം ചെയ്യല്‍ ലക്ഷ്യമാക്കി കൊണ്ട് മൂസിലിലും റഖയിലും അല്‍ബാബിലും നടക്കുന്ന ആക്രമണങ്ങളുടെ വിജയം പ്രധാന സംഭവങ്ങളായിരിക്കും. പ്രസ്തുത ആക്രമണങ്ങള്‍ പരാജയപ്പെടുകയോ ലക്ഷ്യത്തിലെത്താതിരിക്കുകയോ ചെയ്താല്‍ അതിജയിക്കല്‍ അത്ര എളുപ്പമല്ലാത്ത ഒരു പ്രാദേശിക ശക്തിയാക്കി അതിനെയത് മാറ്റുകയും ചെയ്യും. മധ്യപൗരസ്ത്യ ദേശത്തു നിന്നുള്ള സൂചനകള്‍ അതാണ് അറിയിക്കുന്നത്.

കുര്‍ദുകളുടെ പഷ്മര്‍ഗ പോരാളികളുടെയും ജനകീയ പോരാളികളുടെയും വ്യോമാക്രമണത്തിന്റെയും പിന്തുണയോടെ ഒന്നര ലക്ഷത്തോളം ഇറാഖി സൈനികര്‍ അഞ്ച് മാസം ആക്രമണം നടത്തിയിട്ടും ലക്ഷ്യം നേടാനായിട്ടില്ലെന്ന യാഥാര്‍ഥ്യം നാം അംഗീകരിക്കേണ്ടതുണ്ട്. മൂസില്‍ നഗരം വീണ്ടെടുക്കലും ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ഇറാഖിലെ ഐഎസിന്റെ അവസാന താവളവും ഇല്ലാതാക്കി അതിന്റെ കഥകഴിക്കലുമായിരുന്നു ആ ലക്ഷ്യം. കടുത്ത ചെറുത്തു നില്‍പും പോരാളികള്‍ക്കിടയിലെ കടുത്ത ആള്‍നാശവും കാരണം ഐഎസ് വിരുദ്ധ സംഖ്യത്തിന് ലക്ഷ്യത്തിലെത്താനായില്ല.

സിറിയന്‍ സൈന്യവും റഷ്യയും അലപ്പോ നഗരം വീണ്ടെടുക്കുന്ന പോരാട്ടത്തില്‍ വ്യാപൃതരായ സന്ദര്‍ഭം ഐഎസ് ശരിക്കും മുതലെടുത്തു എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. പാല്‍മിറ നഗരത്തിന് മേല്‍ അപ്രതീക്ഷിത ആക്രമണം നടത്തിയ അവര്‍ ഒരിക്കല്‍ കൂടി അത് തങ്ങളുടെ വരുതിയിലാക്കി. തന്ത്രപ്രധാനമായ അല്‍ബാബ് നഗരത്തിലെ തുര്‍ക്കിയുടെയും അവരുടെ സിറിയന്‍ പ്രതിപക്ഷത്തെ സഖ്യങ്ങളുടെയും മുന്നേറ്റത്തെ അവര്‍ പരാജയപ്പെടുത്തുകയും തുര്‍ക്കി സൈന്യത്തിന് കടുത്ത ആള്‍നാശം വരുത്തുകയും ചെയ്തു.

ഈ വര്‍ഷം ഐഎസ് നടത്തിയ ഭീകരാക്രമണങ്ങളില്‍ പ്രധാനം യൂറോപിലും ജോര്‍ദാനിലും ഈയടുത്ത് നടത്തിയതാണെന്നതും ശ്രദ്ധേയമാണ്. ജോര്‍ദാന്റെ ദക്ഷിണ ഭാഗത്തുള്ള അല്‍കറക് നഗരത്തില്‍ ഐഎസ് സംഘം ആക്രമണം നടത്തി. ജോര്‍ദാന്‍ സുരക്ഷാ സേനയുമായി നാല് ദിവസം അവര്‍ ഏറ്റുമുട്ടി. ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍ അതില്‍ കൊല്ലപ്പെടുകയും ചെയ്തു. അപ്രകാരം ബര്‍ലിന്‍ തുനീഷ്യന്‍ യുവാവ് ട്രക്കുപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രസ്തുത ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു കൊണ്ട് ഐഎസ് പ്രഖ്യാപനവും നടത്തി.

പടിഞ്ഞാറന്‍ മൂസിലില്‍ ഐഎസിന് കീഴിലുള്ള ഒരു മസ്ജിദിലെ ഖതീബ് വെള്ളിയാഴ്ച്ച ദിവസം നടത്തിയ ഭീഷണി ശരിയാണെങ്കില്‍ അറേബ്യന്‍ ഗള്‍ഫില്‍ പത്ത് പുതിയ യൂണിറ്റുകള്‍ തുടങ്ങാന്‍ ഐഎസിന് പദ്ധതിയുണ്ട്. പ്രദേശത്തിനും അവിടത്തെ ഭരണാധികാരികള്‍ക്കും ഒരു താക്കീതായിട്ടാണത്. അങ്ങേയറ്റം അപകടകരമായ ഒരു നീക്കമായിരിക്കും അത്. വരും മാസങ്ങളില്‍ പ്രദേശം അവരുടെ ആക്രമണ ലക്ഷ്യമായി മാറുമെന്ന് ചുരുക്കം.

മേല്‍പറഞ്ഞ ഖതീബ് ഇസ്തംബൂള്‍ ഭരണാധികാരി റജബ് തയ്യിബ് എര്‍ദോഗാന് നേരെയും ഭീഷണി മുഴക്കിയിട്ടുണ്ട്. അല്‍ബാബില്‍ മാത്രമല്ല, തുര്‍ക്കിയുടെ ഉള്ളിലും തുര്‍ക്കി സൈനികര്‍ക്ക് നരകം തീര്‍ക്കുമെന്നാണ് ഭീഷണി. തുര്‍ക്കിയുടെ വന്‍ നഗരങ്ങളില്‍ കൂടുതല്‍ ചാവേര്‍ സ്‌ഫോടനങ്ങളുണ്ടാകുമെന്നാണ് അതുകൊണ്ടര്‍ഥമാക്കുന്നത്.

ഐഎസ് ഭീഷണിപ്പെടുത്തിയാല്‍ അതവര്‍ ചെയ്തിരിക്കുമെന്നതാണ് അവരുയര്‍ത്തുന്ന അപകടം. രണ്ട് തുര്‍ക്കി സൈനികരെ പച്ചക്ക് കത്തിച്ചത് അതിന്റെ തുടക്കമായിരിക്കാം. പൈലറ്റ് മുആദ് കസാസിബയുടെ ശിക്ഷ നടപ്പാക്കിയത് പോലെ അതിന്റെയും വീഡിയോ അവര്‍ പ്രചരിപ്പിച്ചു. അതിന്റെ മാധ്യമ പ്രചാരണ സംവിധാനം ദുര്‍ബലപ്പെട്ടിരിക്കുന്നു, അതല്ല അവസാനിച്ചിരിക്കുന്നു എന്ന് തന്നെ നാം വിശ്വസിച്ച ഒരു സന്ദര്‍ഭത്തിലാണിത്. തുര്‍ക്കി കടുത്ത സുരക്ഷാ പ്രശ്‌നങ്ങളും അസ്ഥിരതയും സാമ്പത്തിക തകര്‍ച്ചയും അഭിമുഖീകരിക്കുന്ന പശ്ചാത്തലത്തില്‍ തങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച അതിന്റെ പ്രസിഡന്റ് എര്‍ദോഗാന് രക്തം കൊണ്ട് ഒരു സന്ദേശം നല്‍കലാണ് അവരുദ്ദേശിച്ചത്.

ഗള്‍ഫ് രാഷ്ട്രങ്ങളെ ഭീഷണിപ്പെടുത്താന്‍ ഖതീബ് സ്വീകരിച്ച ശൈലി ഉത്കണ്ഠയുണ്ടാക്കേണ്ടതാണ്. ഐഎസ് വിദേശത്തും സാന്നിദ്ധ്യം ഉറപ്പിക്കുന്നു എന്നതാണ് അതിന്റെ ലളിതമായ കാരണം. പ്രത്യേകിച്ചും യമനില്‍. ഏദന്‍ നഗരത്തില്‍ ഒരാഴ്ച്ച മുമ്പ് അമ്പതോളം പേരുടെ മരണത്തിന് കാരണമായ ചാവേര്‍ ആക്രമണം അവര്‍ നടത്തിയിട്ടുണ്ടെന്നുള്ളത് ഗൗരവത്തിലെടുക്കണം. ഏത് സമയത്തും പ്രവര്‍ത്തിക്കാന്‍ സജ്ജമായി തങ്ങളുടെ സ്ലീപ്‌സെല്ലുകള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ അവര്‍ സംവിധാനിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അവരുടെ പത്ത് ഗള്‍ഫ് ഘടകങ്ങള്‍ എവിടെയായിരിക്കുമെന്നോ അത് എങ്ങനെയായിരിക്കുമെന്നോ നമുക്കറിയില്ല.

ഐഎസിനെതിരെയുള്ള യുദ്ധത്തില്‍ പലരും അവഗണിക്കുന്ന സൈനിക രാഷ്ട്രീയ തത്വം തന്നെയാണ് നേരിയ വ്യത്യാസങ്ങളോടെ യമന്‍ യുദ്ധത്തിലും ആവര്‍ത്തിച്ചത്. ഐഎസിനെ അതിന്റെ താവളത്തില്‍ വെച്ച് തന്നെ ഉന്മൂലനം ചെയ്യാനുള്ള ആക്രമണം നീണ്ടതിനനുസരിച്ച് ആ ദൗത്യം നിര്‍വഹിക്കുന്നതിനുള്ള പ്രയാസവും വര്‍ധിച്ചു. നിലനില്‍ക്കുന്നതിനുള്ള ആത്മവിശ്വാസം ഐഎസിന് അത് നല്‍കി. കാരണം ആക്രമണങ്ങളോടത് പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു. ചെറുത്തുനില്‍ക്കാനാകുമെന്ന അതിന്റെ വിശ്വാസവും വര്‍ധിച്ചിരിക്കുന്നു. തങ്ങളുടെ ശത്രുനിരയിലെ അനൈക്യത്തെയും ഐഎസ് ശരിയായി ഉപയോഗപ്പെടുത്തി. ഒരുകൂട്ടം അമേരിക്കക്ക് പിന്നിലാണെങ്കില്‍ മറ്റൊരു കൂട്ടം റഷ്യക്ക് പിന്നിലാണ്. പല പ്രാദേശിക സൈനിക ക്യാമ്പുകളിലും ശിയാ സുന്നി വേര്‍തിരിവ് നിലനില്‍ക്കുന്നുണ്ട്. അലപ്പോയില്‍ സംഭവിച്ചത് അത്തരത്തിലുള്ള ഒരു തെളിവാണ്.

വരും വര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വര്‍ഷമാണെന്നാണ് കൂടുതലാളുകളും കരുതുന്നത്. ഒരുപക്ഷേ അതങ്ങനെയായിരിക്കാം. എന്നാല്‍ പുതുവര്‍ഷം ഐഎസിന്റേതാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്തായിരിക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.

വിവ: നസീഫ്

Related Articles