Current Date

Search
Close this search box.
Search
Close this search box.

പുതിയ തലമുറക്ക് പുതിയ ഇന്‍തിഫാദ

പഴയ ജറുസലേം നഗരത്തില്‍വെച്ച് രണ്ട് ജൂതതീവ്രവാദികളെ കുത്തികൊലപ്പെടുത്തുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് മുഹന്നദ് ഹലബി ഫലസ്തീന്‍ പ്രസിഡന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് തന്റെ ഫേസ്ബുക് വാളില്‍ ഒരു പോസ്റ്റിട്ടു. നേരത്തെ,  ഐക്യരാഷ്ട്രസഭയില്‍ മഹ്മൂദ് അബ്ബാസ് നടത്തിയ പ്രസംഗത്തില്‍ അല്‍അഖ്‌സയുടെ വളപ്പിലേക്ക് തീവ്രവാദികളെ പ്രവേശിക്കാന്‍ അനുവദിച്ചതിനെതിരെ വിമര്‍ശനം രേഖപ്പെടുത്തിയിരുന്നു.
 പോസ്റ്റിങ്ങനെയാണ്:

‘നല്ല പ്രഭാഷണമായിരുന്നു അത്, മിസ്റ്റര്‍ പ്രസിഡന്റ്. പക്ഷെ പൂര്‍വ്വമെന്നോ, പശ്ചിമമോ എന്നുപറഞ്ഞ് രണ്ട് ജറൂസലേം ഞങ്ങള്‍ക്കില്ല. വിഭജിക്കപ്പെട്ടിട്ടില്ലാത്ത ഒറ്റ ജറൂസലേം മാത്രമേ ഞങ്ങള്‍ക്കറിയൂ. അതിന്റെ എല്ലാ ഭാഗവും പവിത്രമാണ്. മിസ്റ്റര്‍ പ്രസിഡന്റ്, താങ്കള്‍ ക്ഷമിക്കണം, അല്‍ അഖ്‌സക്കും അല്‍അഖ്‌സയിലെ സ്ത്രീകള്‍ക്കും സംഭവിച്ചുകൊണ്ടിരിക്കുന്നതിനൊന്നും സമാധാനശ്രമങ്ങളിലൂടെ അറുതിയുണ്ടാവില്ല. അവഹേളിക്കപ്പെടാനല്ല ഞങ്ങള്‍ വളര്‍ത്തപ്പെട്ടത്’

പത്തൊമ്പത് വയസ്സുള്ള മുഹന്നദി നല്‍കിയ സന്ദേശം വളരെ വ്യക്തമായിരുന്നു: വാക്കുകളുടെ കാലം കഴിഞ്ഞു. മൂന്നാമത്തെ ഇന്‍തിഫാദ ആരംഭിച്ചുകഴിഞ്ഞു.

തന്റെ തലമുറക്കുവേണ്ടിയാണ് മുഹന്നദി സംസാരിക്കുന്നത്. താബയില്‍ വെച്ച് ഒപ്പിട്ട രണ്ടാം ഓസ്‌ലോ കരാറിനുശേഷമാണ് അവന്‍ ജനിക്കുന്നത്. അതിലൂടെയാണ് വെസ്റ്റ് ബാങ്കിലും ഗസ്സയിലും അധികാരമുള്ള താല്‍ക്കാലിക ഫലസ്തീന്‍ സ്വയംഭരണാധികാരം നിലവില്‍വരുന്നത്. മുഹന്നദിക്ക് നാലുവയസ്സാകുമ്പോള്‍, സമാധാനത്തിനുപകരമായി ചില പ്രദേശങ്ങളുടെ നിയന്ത്രണം ഇസ്രായേലിന് വിട്ടുകൊടുക്കുന്ന സമഗ്രസമാധാന കരാര്‍ നിലവില്‍ വരുന്നത് കണ്ടിരിക്കും. അവന് ഏഴ് വയസാകുമ്പോള്‍, വെസ്റ്റ്ബാങ്കിനെ വിഭജിക്കുന്ന മതില്‍ ഇസ്രായേല്‍ പണിയുന്നത് കണ്ടിരിക്കണം. എട്ടാവുമ്പോള്‍, യാസര്‍ അറഫാത്ത് മരിക്കുന്നു. അദ്ദേഹത്തിന് രണ്ട് മുഖമുണ്ടെന്നാണ് ഇസ്രായേല്‍ പറഞ്ഞിരുന്നത്. അദ്ദേഹത്തിന് പകരംവന്നത് അക്രമരീതികളെ ഒട്ടും പൊറുപ്പിക്കാത്ത ഏകമുഖമുള്ള മഹ്മൂദ് അബ്ബാസായിരുന്നു.

മുഹന്നദിയുടെ തലമുറ സമാധാനം കണ്ടിട്ടുണ്ടാകും. വെസ്റ്റ് ബാങ്കിന്റെ സാമ്പത്തികനില പുനരുജ്ജീവിപ്പിക്കാന്‍ ടോണി ബ്ലെയറും സലാം ഫയ്യാദും തയാറാക്കിയ പദ്ധതിയില്‍ നിന്ന് അവര്‍ക്ക് ഗുണം ലഭിക്കേണ്ടതായിരുന്നു. അതിനുപകരം, അവന്റെ തലമുറ കണ്ടത്, 6,00,000 ജൂതകുടിയേറ്റക്കാര്‍ വരുന്നതും, ഫലസ്തീനിലെ കിഴക്കന്‍ ജറുസലേമിന്റെ ക്രമാനുഗതമായ വീഴ്ചയും, ടൂറിസ്റ്റുകള്‍ എന്നപേരില്‍ നിത്യേനയെന്നോണം ജറുസലേമിലെത്തി ഒടുവില്‍ അനധികൃത കുടിയേറ്റം നടത്തുന്ന ജൂതന്മാര്‍ക്കെതിരില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന ഫലസ്തീന്‍ സുരക്ഷാസേനയെയും അവര്‍ കണ്ടു. ഒരു അന്തിമകരാറില്‍ എത്തുന്നതിന് പകരം, മുഹന്നദിയുടെ തലമുറക്ക് എല്ലാതരത്തിലുമുള്ള പ്രതീക്ഷകളും അസ്തമിക്കുന്നതാണ് കണ്ടത്.

മരണനിരക്കും പരിക്കേറ്റവരുടെ എണ്ണവുമല്ല കാര്യം, രാജ്യത്തെല്ലായിടത്തും നടക്കുന്ന ആക്രമണങ്ങളാണ് ഇതിനെ ഇന്‍തിഫാദയാക്കുന്നത്. ഇന്‍തിഫാദയെന്നാല്‍ അറബിയില്‍ കുടഞ്ഞുകളയുക എന്നാണര്‍ത്ഥം. പുതിയ തലമുറ അധിനിവേശകരെ കുലുക്കിയെറിയുകയാണ്. തങ്ങളുടെ മുന്‍ഗാമികളുടെ പോരാട്ടം പുതിയ തലമുറ വീണ്ടും ഏറ്റെടുത്തിരിക്കുന്നു. വരാനിരിക്കുന്ന ആഴ്ചകളില്‍, മാസങ്ങളില്‍, അതുമല്ലെങ്കില്‍ വര്‍ഷങ്ങളില്‍ അവിടെ സംഭവിക്കുന്നതായിരിക്കും അവരുടെ പോരാട്ടം.

അല്‍ അഖ്‌സയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ മര്‍മം. ടെമ്പിള്‍ മൗണ്ട് എന്നറിയപ്പെടുന്ന വളപ്പിലേക്ക് ജൂതന്മാര്‍ പ്രവേശിക്കരുതെന്ന് മുഖ്യ റബ്ബി കല്‍പ്പിച്ചിട്ടും, അല്‍ അഖ്‌സയിലെ സ്റ്റാറ്റസ്‌കോ മാറികൊണ്ടിരിക്കുകയാണ്. ഇസ്രയേല്‍ നിയന്ത്രിക്കുന്ന ഗേറ്റിലൂടെ ഇപ്പോള്‍ പ്രവേശനഫീസില്ലാതെ ആര്‍ക്കും പ്രവേശിക്കാം. എന്നുമാത്രമല്ല, മുസ്‌ലിംകളല്ലാത്തവര്‍ക്കും അവിടേക്ക് പ്രവേശനമുണ്ട്.

നേരത്തെ സൈനിക യൂണിഫോമിലും, കൂട്ടത്തോടെയും, ജൂതന്മാര്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള അനുമതിയുമില്ലാതിരുന്ന വളപ്പിലേക്ക് ഇപ്പോള്‍ നിര്‍ബാധം പ്രവേശിക്കാം എന്ന് ഇന്റര്‍നാഷണല്‍ ക്രൈസിസ് ഗ്രൂപ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

2012ല്‍ പ്രദേശം ഒന്നാകെ ഇസ്രായേലിന്റെ പരമാധികാരത്തിനുകീഴിലാണെന്ന് ഇസ്രായേലിന്റെ പാര്‍ലമെന്റ് അംഗങ്ങള്‍ പ്രഖ്യാപിക്കുന്നതിന്റെ ചലച്ചിത്രങ്ങള്‍ കണ്ടിരുന്നു.

മുഹന്നദിയുടെ തലമുറയെ സംബന്ധിച്ചേടത്തോളം ഇതൊരു മതപരമായ വിഷയം മാത്രമല്ല. അല്‍ അഖ്‌സ എന്നത് അവരുടെ ദേശീയസ്വത്വത്തിന്റെ പ്രതീകമായിരുന്നു. തങ്ങളുടെ അവശേഷിക്കുന്ന ഏക അടയാളത്തെയാണ് ഇസ്രായേല്‍ ഭരണകൂടം നിരന്തരം ആക്രമിച്ചുകൊണ്ടിരുന്നത്. ഇക്കാര്യത്തില്‍ ഫലസ്തീനിലെ മതേതരും മതവിശ്വാസികളും തമ്മില്‍ ഭിന്നിപ്പില്ല. അല്‍അഖ്‌സയുടെ പേരില്‍ ജൂതവിശ്വാസികളെ ആക്രമിക്കുന്നതിന് ആദ്യം മുന്നോട്ടുവന്നത് അവിടുത്തെ മതേതരകക്ഷിയായ പോപുലര്‍ ഫ്രണ്ട് ഫോര്‍ ദ ലിബറേഷന്‍ ഓഫ് ഫലസ്തീനായിരുന്നു. അല്‍അഖ്‌സയെ ദേശീയ-മതകീയ ജൂതരുടെ അതിക്രമത്തില്‍ നിന്നും സംരക്ഷിക്കുകയെന്നത് അവരുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. അവര്‍ എല്ലാ ഫലസ്തീനികളോടും പറയുന്നു: ഇതിനുവേണ്ടി നാം പൊരുതുന്നില്ലെങ്കില്‍, നാം എല്ലാറ്റിലും തോല്‍വി സമ്മതിച്ചേക്കും.

മുഹന്നദി ആരുടെയും ആഹ്വാനം കേട്ടിരുന്നില്ല. ഫതഹിന്റെയോ ഹമാസിന്റെയോ ആഹ്വാനം അവന് ആവശ്യമായിരുന്നില്ല. വെസ്റ്റ് ബാങ്കിലെന്നോ, ഗസ്സയിലെന്നോ, ഇസ്രായേലിലെന്നോ വ്യത്യാസമില്ലാതെ, അവിടെയുള്ള ആയിരങ്ങള്‍ ചെയ്യുന്നത് തന്നെ ചെയ്യാന്‍ അവനും തീരുമാനിക്കുകയായിരുന്നു.

ഒന്നാമത്തെയും രണ്ടാമത്തെയും ഇന്‍തിഫാദ ഫലസ്തീന്‍ നേതൃത്വത്തെ അത്ഭുതപ്പെടുത്തിയിരുന്നു. ഫലസ്തീന്‍ തൊഴിലാളികളെയും കൊണ്ടുപോകുകയായിരുന്ന രണ്ട് വാനുകളെ ഇസ്രായേലിന്റെ ഒരു സൈനിക ലോറി ഇടിച്ചുകയറ്റി നാലാളുകളെ കൊന്നതായിരുന്നു ഒന്നാം ഇന്‍തിഫാദക്ക് കാരണമായത്. രണ്ടാമത്തെ ഇന്‍തിഫാദ സംഭവിച്ചത് ഏരിയല്‍ ഷാരോണ്‍ ആയിരക്കണക്കിന് സൈനികരുടെ സംരക്ഷണത്തില്‍ അല്‍അഖ്‌സയിലേക്ക് പ്രവേശിച്ചതോടെയാണ്.

ഫതഹിനും ഹമാസിനുമെല്ലാം അതീതമായി പുതിയ തലമുറ അവരുടേതായ തീരുമാനങ്ങളെടുക്കുകയാണ്. ജീന്‍സും കുഫിയ്യയും ധരിച്ച ഒരു പെണ്‍കുട്ടി ഹമാസിന്റെ ഹെഡ്ബാന്റ് കെട്ടിയ ആണ്‍കുട്ടിക്ക് കല്ലെടുത്തുകൊടുക്കുന്നതാണ് ഇന്‍തിഫാദയില്‍ നിന്നുള്ള ഒരു ചിത്രം. മതേതരും മതവിശ്വാസികളും പ്രതിഷേധത്തില്‍ ഒന്നിച്ചുനില്‍ക്കുന്നു. കത്തിയോ, കല്ലോ കയിലെടുത്തവരെല്ലാം സ്വയം നേതാക്കളാണ്.

സമാനതകളില്ലാത്ത ഭീതി ഇസ്രായേലിന് ഇതുണ്ടാക്കുന്നുണ്ട്. നേതാക്കളെ അറസ്റ്റ് ചെയ്‌തോ കൊന്നൊടുക്കിയോ ഒടുക്കം നേതാക്കളുമായി വെടിനിര്‍ത്തല്‍ കരാറിലെത്തിയോ സംഘടനകളെ ഇസ്രയേലിന് തടയാന്‍ കഴിയും. എന്നാല്‍ വ്യക്തികള്‍ ആയുധമെടുക്കാന്‍ തുടങ്ങിയാല്‍ നേരിടുക എളുപ്പമാവില്ല. കൂടുതല്‍ വിനാശകരമായ നടപടികളിലൂടെ അവരെ കൂടുതല്‍ പ്രകോപിപ്പിക്കുക മാത്രമേ ഇസ്രയേലിനാവൂ.

ഈ ഇന്‍തിഫാദ ഇനിയും സവിശേഷതകളുണ്ട്. വെസ്റ്റ് ബാങ്കില്‍ നിന്നും ഗസ്സയില്‍ നിന്നുമാണ് ആദ്യത്തെ രണ്ട് ഇന്‍തിഫാദകളുമുണ്ടായത്. ഇസ്രയേലിലെ ഫലസ്തീന്‍ പൗരന്മാര്‍ രണ്ടാമത്തെ ഇന്‍തിഫാദ മുതലാണ് പോരാട്ടത്തില്‍ പങ്കെടുക്കുന്നത്. എന്നാല്‍ അതിന് കുറഞ്ഞ ആയുസ്സേയുണ്ടായിരുന്നുള്ളൂ. പിന്നീട് അവര്‍ പ്രക്ഷോഭനിരയില്‍ എത്തുന്നത് ഫലസ്തീനിന്റെ വലിയൊരു ഭാഗം ജൂതവത്കരിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ അതിനെതിരില്‍ മാര്‍ച്ച് 30ന് നടത്തിയ പ്രതിഷേധത്തിലായിരുന്നു.

എന്നാല്‍ ഇപ്പോഴത്തെ ഇന്‍തിഫാദയെ ചെറുക്കാന്‍ ഒരു മതിലിനും മുള്‍വേലികള്‍ക്കുമാവില്ല. പിഎല്‍ഒക്ക് യാതൊരു സ്വാധീനവുമില്ലാത്ത കിഴക്കന്‍ ജറുസലേമിലും, അഫൂലയിലും, തെല്‍അവീവിലുമാണ് കഴിഞ്ഞയാഴ്ച ആക്രമണം നടന്നത്. മറ്റൊരു പ്രത്യേകതകൂടിയുണ്ട് ഈ ഇന്‍തിഫാദക്ക്. അയല്‍രാജ്യങ്ങളായ അറബ് ഭരണകൂടങ്ങളുടെ പിന്തുണ തേടുന്നില്ലെന്നതാണത്.

ഇന്‍തിഫാദയോടുള്ള ഇസ്രായേലിന്റെ പ്രതികരണമെപ്പോഴും പ്രധാനമന്ത്രി നെതന്യാഹുവിനുള്ള സ്വീകാര്യത ഇടിയുകയും കൂടുതല്‍ വലതുപക്ഷാഭിമുഖ്യമുള്ള നേതാക്കള്‍ക്ക് പിന്തുണ വര്‍ധിക്കുകയും ചെയ്യുകയെന്നതാണ്. ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങള്‍ക്കുനേരെ നെതന്യാഹു സ്വീകരിച്ച രീതിയോട് 73 ശതമാനം പേര്‍ക്കും അതൃപ്തിയാണെന്ന് യെദിയോത് അഹ്രോണൊത് എന്ന ദിനപത്രം നടത്തിയ അഭിപ്രായ സര്‍വെ പറയുന്നു. ആക്രമണങ്ങളെ നേരിടാന്‍ കൂടുതല്‍ യോഗ്യത അവിഗ്‌ദോര്‍ ലിബര്‍മാനും നഫ്തലി ബെന്നറ്റിനുമാണെന്നാണ് സര്‍വേ പറയുന്നത്.

ഇസ്രയേലികള്‍ സ്വയം ആയുധമെടുക്കുന്നതിനെയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. 1,60,000 ആളുകള്‍ക്കും സംഘടനകള്‍ക്ക് 1,30,000ഉം ആയുധങ്ങള്‍ കൈവശം വെക്കാനുള്ള അനുവാദം ഇസ്രയേല്‍ നല്‍കിയിരിക്കുന്നു. ഇത് ഇനിയും വര്‍ധിച്ചേക്കും. ജറുസലേമിലെ മേയര്‍ നീര്‍ ബര്‍കത് ഇത്തരം വ്യക്തിഗത ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നു. അദ്ദേഹവും ബോഡിഗാര്‍ഡും ചേര്‍ന്ന് ബെയ്ത് ഹനീനയിലെ തെരുവില്‍ റൈഫിളുമായി ഇറങ്ങിയിരിക്കുന്നു. ഫലസ്തീനികളായ ശുചീകരണ തൊഴിലാളികള്‍ താമസിക്കുന്ന മേഖലകളില്‍ സായുധ ജാഗ്രതാസേനകള്‍ ഇപ്പോള്‍തന്നെ സന്നിഹിതരാണ്.

ദീര്‍ഘവും രൂഷിതവുമായ പോരാട്ടത്തിനാണ് ഇപ്പോള്‍ തുടക്കം കുറിക്കപ്പെട്ടിരിക്കുന്നതെന്ന് വ്യക്തം. ഇതിന്റെ അവസാനം രണ്ടുവഴിയിലൂടെയാണ്: അടിച്ചമര്‍ത്തലും പ്രതിരോധവും. കണ്ണാടിയില്‍ സ്വന്തം മുഖം നോക്കേണ്ടതും തങ്ങള്‍ രാജ്യം പങ്കിടുന്നവരെ തുല്യരായി പരിഗണിക്കേണ്ടതും ജൂത ഇസ്രായേലികള്‍ തന്നെയാണ്. അതിന് ഒരൊറ്റ കാരണമേയുള്ളൂ: തലമുറകളിലൂടെ ഫലസ്തീനികള്‍ അവിടെ നിലനില്‍ക്കുക തന്നെ ചെയ്യും.

Related Articles